Thursday 30 October 2014

"സ്ത്രീ ഒരിക്കലും ഇരയല്ല, ലാഭവിഹിതം പറ്റുന്നവളാണ്"


വിപ്ലവ പ്രസ്ഥാനങ്ങളും വിമോചന മുന്നണികളും സ്ത്രീ സ്വാതന്ത്ര്യം എന്ന് ആര്‍ത്തു വിളിച്ചു ചരിത്രം ഏറെക്കുറെ മാറ്റിയെഴുതിയിട്ടും അവളിന്നും സ്വതന്ത്രയായില്ല . അനേകം സ്ത്രീ പ്രസ്ഥാനങ്ങള്‍ പിറന്നെങ്കിലും നില നില്പില്ലാതെ മിക്കതും കുറ്റിയറ്റു പോയി . എത്രകണ്ട് സ്ത്രീ പ്രസ്ഥാനങ്ങള്‍ ഉണ്ടാകുന്നുവോ അത്ര കണ്ടു കൂടുകയാണ് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും. സ്ത്രീ നൊമ്പരങ്ങളെ അക്ഷരങ്ങളാക്കിയ ലളിതാംബിക അന്തര്‍ജ്ജനം എന്ന ഒരു മുത്തശ്ശി വെട്ടിയൊതുക്കിയ പാതയിലേക്ക് പിന്നെയും എത്രയോ പേര്‍ വന്നു പോയ.
തനതായ ശൈലിയിലൂടെ മലയാള പെണ്ണെഴുത്ത് പ്രസ്ഥാനത്തില്‍ സ്വന്തമായി ഒരിടം നേടാന്‍ ശ്രമിക്കുന്ന ഇന്ദു മേനോന്‍ ഹിന്ദുസ്ഥാന്‍ സമാചാറുമായി പങ്കു വച്ച വേറിട്ട ചില സ്ത്രീ ചിന്തകള്‍.
 ചോ : ഇന്ത്യയില്‍ സ്ത്രീകളോടുള്ള കാഴ്ചപ്പാട് ദിനം തോറും മോശമായി വരികയാണ് എന്ന് പരക്കെ ആക്ഷേപമുണ്ട്. ഒരു സാഹിത്യകാരി എന്നാ നിലയില്‍ ഇതിനെ എങ്ങിനെ കാണുന്നു?
 ഉ : ആരാണ് ഇന്ത്യയിൽ സ്ത്രീകളെ സ്നേഹിച്ചിരുന്നത്?ആരാണ് അവരെ ബഹുമാനിച്ചിരുന്നത്?ആർക്കാണ് ഇന്ത്യയിൽ സ്ത്രീകളെ ആദരിച്ചു വശമാവാൻ താത്പര്യം തോന്നിയിരുന്നത്?
ഒരു കാലത്തും സ്ത്രീ എന്നതിന്റെ പേരിൽ സ്നേഹമോ ബഹുമാനമോ ഒരാൾക്കും കിട്ടിയതായിട്ട് എനിക്കറിയില്ല.സ്ത്രീ എന്നാൽ കേവല ശരീരമോ സുഖസമൃദ്ധികളുടെ മാംസസുഷിരമോ വംശവർദ്ധനവിനുള്ള  പ്രസവയന്ത്രമോ വിശപ്പടക്കലിനുള്ള രുചികരമായ ആഹാരമോ രോഗകാലത്ത് ഉറക്കമിളക്കാനും കൂട്ടിരിക്കാനുമുള്ള യന്ത്രമോ ആണ് ...എക്കാലത്തും വിയർത്തു വിയർത്തു പണിയെടുക്കാനും കണ്ണുനീറിയടുപ്പിലൂതാനും പുരുഷന്റെ വിഴുപ്പുകള്‍ അലക്കി വെടിപ്പാക്കാനും ചൂടിട്ടു നിവർത്താനുമുള്ള ഒരുവെട്ടുവേലക്കാരി ..... അതാണ് സ്ത്രീ...ബഹുമാനിക്കയൊന്നും വേണ്ട ബലാത്സംഗം ചെയ്യാതിരുന്നാൽ മതി.

ചോ :  തങ്ങളുടെ ഇടപെടലുകള്‍ കൊണ്ട് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഏറെ കുറഞ്ഞിട്ടുണ്ട് എന്നു കേരളത്തിലെ സ്ത്രീ സംഘടനകള്‍ അവകാശപ്പെടുന്നു. ഇതില്‍ എത്രകണ്ട് സത്യം ഉണ്ട്?
  
ഉ : അധികാരത്തിന്റെയും പണത്തിന്റെയും ജാതികളുടെയും മേനിയില്‍ നിൽക്കുന്ന ഒരു സ്ത്രീക്ക് സമൂഹം ബഹുമാനം കൊടുത്തുകാണും..അത് അവൾക്കു മാത്രമുള്ള ബഹുമാനമല്ല.അവളെ സംരക്ഷിക്കുന്ന പുരുഷാധിപത്യാധികാരത്തിനുള്ള ബഹുമാനമാണ്. സാമ്പത്തികമായും സാമൂഹികമായും താണ തട്ടിൽ നിൽക്കുന്ന ഒരു സ്ത്രീക്ക് കയ്പ്പേറിയ അനുഭവങ്ങളാകും അധികവും കിട്ടുക. അത്തരക്കാര്‍ക്കിടയിലെക്ക് ആണ് ഇത്തരം സംഘടനകള്‍ ഇറങ്ങി ചെല്ലേണ്ടത് .


ചോ : കേരളത്തിലെ സ്ത്രീകള്‍ വിദ്യാ സമ്പന്നരാണ് ,സ്വന്തം കാലില്‍ നില്ക്കാന്‍ കെല്‍പ്പുള്ളവരാന് എന്നിട്ടും ചതിക്കപ്പെടുന്നു .. ?

ഉ : സ്ത്രീ അമ്മ ,ദേവി,ഭൂമി എന്നൊക്കെ കേൾക്കുമ്പോൾ ആ കള്ളത്തരത്തിനു പുറകിലെ അജെണ്ടകളെപറ്റിയോറ്ക്കുമ്പോൾ ആ‍ധിയാണ് അത് മാത്രമാണ് പെരുകുക. സ്ത്രീ എന്നത് മംസനിർമ്മിതമായ അഴകളവ് മാത്രമാണ്..പണിയെടുക്കനുള്ള ഉപകരണവും .പ്രിവിലേജ്ജ്ഡ് ആയ ഒരു വിഭാഗം സ്ത്രീകളെ മാറ്റി നിർത്തിയാൽ ഈ ലോകം ഒരു കാലത്തും ഒരു സ്ത്രീയെയും യഥാർത്ഥമായി സ്നേഹിച്ചിട്ടേ ഇല്ല.ചൂഷണത്തിനു പറ്റിയ ചരക്ക് മാത്രമായി കണ്ട ചരിത്രമേ നമുക്കുള്ളൂ.

ചോ : കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ ഏറെ വര്‍ധിച്ചിട്ടുണ്ട് ഈയിടെ . അധികം എതിര്‍ക്കാതെയും കഷ്ട്ടപ്പെടാതെയും ദുര്‍ബലരായ ഇവരില്‍ തന്റെ വെറികള്‍ ഇറക്കി വെക്കാം എന്നുള്ള വികലമായ ഒരു മാനസിക വ്യാപാരമാണോ ഇതിനു പിന്നില്‍ ?

ഉ :  സ്ത്രീകളൂം കുട്ടികളും മാത്രമല്ല ദളിതരും ന്യൂനപക്ഷങ്ങളും അവശരും ദുർബലരും നിരന്തരം പീഡിപ്പിക്കപ്പെടുക തന്നെയാണ്.. ദുർബലരാണ് എന്നതാണ് കാരണം..പക്ഷെ സ്ത്രീ കുട്ടികൾ എന്നത് ഒറ്റസംഘമല്ല..സ്ത്രീകൾ അവരേക്കാൾ ബലവാന്മാരാൽ പീഡിപ്പിക്കപ്പെടുന്നു.കുട്ടികൾ ബലവാന്മാരാൽ മാത്രമല്ല അവരേക്കാൾ കരുത്തരായ സ്ത്രീകളാലും പീഡിപ്പിക്കപ്പെടുന്നു..പീഡനം എന്നത് അധികാരം ചൂഷണം ചെയ്യാനുള്ള ഭംഗിയായ കഴിവ് എന്നിവയെയെല്ലാം ആശ്രയിച്ചാണ് ഇരിക്കുന്നത് ഹൈറാർക്കിക്കലായി താഴെ പൊസിഷനിൽ നിൽക്കുന്നവർ പീഡിപ്പിക്കപ്പെടുക തന്നെ ചെയ്യും,  ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ...ഈ ഹൈറാർക്കി സമൂഹികമാവാം സാമ്പത്തികപരമാവാം ആരോഗ്യപരമായാവാം ജാതീയമായാവാം.സൂഷ്മമായ തലത്തിൽ ഒരു വശത്ത് പീഡിപ്പിക്കപ്പെടുന്നവർ മറുവശത്ത് പീഡകരായി മാറുന്ന ഒരവസ്ത്ഥയുണ്ട്...ഒരു ചങ്ങലാക്രമത്തിലാണത് തുടരുന്നത്.
ചോ : പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നാളെ അവരുടെ ഭാവി ജീവിതത്തെ വരെ വല്ലാതെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്  എങ്ങനെ കാണുന്നു ഇത് ?
ഉ : പെൺകുട്ടിയെന്നാൽ നല്ല നാളേക്ക് വേണ്ടി ഭാവിക്ക് വേണ്ടി അടങ്ങിയും ഒതുങ്ങിയും  പാകപ്പെട്ടും വളരേണ്ടവളാണെന്ന പുരുഷാധിപത്യപരമായ പൊതുബോധത്തിന്റെ അനുരണനമായിട്ടാണ് ഞാനീ ചോദ്യത്തെ എടുക്കുന്നത്.ഈ ചോദ്യം അതുപ്രകാരം തന്നെ സ്ത്രീ വിരുദ്ധതയുടെ നിറമുള്ളതാണ്. ആക്രമിക്കപ്പെടുമ്പോൾ ഇരക്ക് ഭാവിജീവിതം മാത്രമാണോ നഷ്ടപ്പെടുന്നത്?മറ്റു നഷ്ടങ്ങൾ ഒന്നുമില്ലെ?ആക്രമിക്കപ്പെടുന്ന ഏതു ജീവിക്കും ഉണ്ടാകുന്ന എല്ലാ വേദ്നകളും വിഷമതകളൂം ഈ പെൺകുട്ടിക്കുമുണ്ടാകും.പുറത്തറിയപ്പെട്ടിട്ടില്ല എന്നത് കൊണ്ട് മാത്രം മുറിവുകൾ മൂറീവുകൾ അല്ലാതാകുമോ?

ചോ : പലപ്പോഴും അതിക്രമങ്ങള്‍ തുറന്നു പറയാനോ ശക്തമായി അരുത് എന്ന് പറയാനോ സ്ത്രീക്ക് കഴിയാറില്ല . ഇത് എന്ത് കൊണ്ട് ? എങ്ങനെ ഇതിനെ മറികടക്കാം ?
ഉ : പലപ്പോഴും അല്ല മിക്കപ്പോഴും അങ്ങനെയാണ്.ചെറുപ്പകാലത്തോ മറ്റോ ബസ്സിൽ വെച്ച് മോശമായി പെരുമാറിയ ഒരാളോട് അരുത് എന്നു പറഞ്ഞു തടയാൻ നോക്കിയതിന്റെ കയപ്പ് ഇന്നുമുണ്ട് മനസ്സിൽ...ആ ബസ്സിലെ സകല യാത്രക്കാരും എന്നോട് മോശമായി പെരുമാറിയവനെ നോക്കുന്നതിനേക്കാൾ മോശമായി എന്നെ നൊക്കി..വൃത്തിയായും മാന്യമായും വസ്ത്രം ധരിച്ച,ഷാൾ
പിന്നുകുത്തി സോ കോൾഡ് അച്ചടക്കത്തിൽ നിൽക്കുന്ന മേക്കപ്പ് ആയി ഒരു പൊട്ടുമാത്രം തൊട്ട ഒരു പതിനാറ് കാരിപ്പെൺകുട്ടിയെ ആ ബസ്സ് മുഴുവൻ തെറ്റുകാരി എന്ന നിലയിലാണ് നോക്കിയത്....തിരക്കിൽ വിശ്രമമില്ലാതെ പ്രവർത്തിച്ച അവന്റെ കൈകൾ പരിശുദ്ധമാകുന്നതും അരുതെന്നു വിലക്കിയവൾ ചീത്തയാകുന്നതുമായ ഒരനുഭവം..ഞാൻ എനിക്കിറങ്ങേണ്ടുന്ന സ്റ്റൊപ്പിനും മുമ്പേ ഇറങ്ങി..പിന്നീടൊരിക്കലും എന്നോട് ആരെങ്കിലും മോശമായി പെരുമാറീയാൽ ഓടി രക്ഷപ്പെടാനല്ലാതെ അവനെ നോക്കുവാൻ പോലും ഞാനെത്രയോ ഭയപ്പെട്ടു… ഈ അനുഭവത്തിലൂടെ കടന്നുപോവാത്ത സ്ത്രീകളില്ലെന്നാണ് എനിക്ക് തോന്നുന്നത്


ചോ : വിവാഹമോചനത്തില്‍  ഇന്ന് സ്ത്രീകളാണ് മുന്‍ കൈ എടുക്കുന്നത് . എന്താണ് പുതിയ ഈ പ്രവണതക്ക് കാരണം ?

ഉ : ആണെങ്കിൽ കണക്കായിപ്പോയി .എനിക്ക് തൊന്നുന്നത് ആരാണോ ദമ്പത്യത്തിൽ  ഏറെ അനുഭവിക്കുന്നത്,അല്ലെങ്കിൽ അതിനകത്തെ കശാപ്പ് മൃഗം സ്വാഭാവികമായും ജീവന്റെ പ്രശ്നമാകയാൽ കുതറലിന്റെ ആക്കം ആ ജീവിയിലായിരിക്കും എന്നതാണ്.പ്രശ്നങ്ങൾ സ്ത്രീക്ക് മാത്രമല്ല ഉള്ളത് എന്നും നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ചോ : ഉപഭോഗ സംസ്കാരം ഇത്തരം അതിക്രമങ്ങളെ സ്വാധീനിക്കുന്നുണ്ടോ ? സ്ത്രീ സ്വയം ഉപഭോഗ സംസ്കാരത്തിന്റെ അടിമയാകാന്‍ ശ്രമിക്കുന്നുണ്ടോ ?

 ഉ : ഒരു വലിയ വിഭാ‍ഗമെങ്കിലും തന്റെ ലൈംഗിക മൂലധനത്തെ വിപണിയിൽ ഇന്വെസ്റ്റ് ചെയ്ത് ജീവിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സ്വന്തം സെക്ഷ്വൽ കാപിറ്റലിനെ തന്ത്രപൂർവ്വം കമ്പോളത്തിൽ വിറ്റ് ഉപഭോകതാവിനെ സംതൃപ്തരാക്കുന്ന ഉപഭോഗത്തിന്റെ സംസ്കാരം പുതിയതാണെന്നു തോന്നുന്നില്ല. സ്ത്രീ ഇവിടെ ഇരയൊന്നുമല്ല ബോധപൂർവ്വം തന്നെത്തന്നെ വിപണിയിൽ മൂലധനമായി ഇറക്കുന്ന കമ്പോളത്തിന്റെ തന്നെ പ്രതിനിധിയും പ്രയോകതാവും ലാഭവിഹിതം പറ്റുന്നവളാണ്.

Monday 27 October 2014

മലയാളിയുടെ സദാചാരബോധം !


കൊച്ചി 27 ഒക്ടോബര്‍ ; സാക്ഷരതയിലും ജീവിത സാഹചര്യങ്ങളിലും ഏറ്റവും മുന്നില്‍ നില്‍ക്കുന്ന കേരളത്തിലെ ജനങ്ങള്‍ക്ക്‌ എന്തിന്റെയും  നിര്‍വചനം പൊളിചെഴുതാം ! കപട സദാചാര മൂല്യങ്ങളുo  അന്ധ വിശ്വാസങ്ങളുo ചീഞ്ഞു നാറുന്ന ഈ നാട്ടില്‍ നിന്ന് എന്നേ സ്നേഹവും വാത്സല്യവും സൌഹൃദവും പ്രണയവും പടിയിറങ്ങിപ്പോയി . ആകെ ഇപ്പോള്‍ മലയാളിക്ക് അറിയാവുന്നത് കാമം മാത്രമാണ് . എന്നാല്‍ എന്താണ് ലൈംഗികത എന്ന് സദാചാര പോലീസിന്റെ പണിയെടുക്കുന്നവന് അറിയുകയുമില്ല ! പണ്ട് മകളെ , സഹോദരിയെ ഒക്കെ വാത്സല്യത്തോടെ ചേര്‍ത്ത് നിര്‍ത്തി മതിയാവോളം ഉമ്മ വെക്കുന്ന അച്ഛന്മാരും ഏട്ടന്മാരും ഉണ്ടായിരുന്ന കേരളത്തില്‍ ഇപ്പോള്‍ മകളെ പീഡിപ്പിക്കുന്ന അച്ഛനെയും സാഹോദരിയെ പീഡിപ്പിക്കാന്‍ കൂട്ട് നില്‍ക്കുന്ന സഹോദരനെയും കാണാന്‍ സാധിക്കുന്നത് ഇത്തരം പൊളിചെഴുതുകള്‍ മൂലമാണ് . ഒരു സ്ത്രീയും പുരുഷനും ഒരുമിച്ചു യാത്ര ചെയ്‌താല്‍ , ഷോപ്പിംഗിന് പോയാല്‍ , സിനിമക്ക് പോയാല്‍ , ഭക്ഷണം കഴിച്ചാല്‍ ... ഒക്കെ ഇല്ലാതാകുന്നതാണോ അവളുടെ പരിശുദ്ധി ?
വാട്സ് ആപ്പും ഫെസ് ബുക്കും ട്വിട്ടരും ബ്ലോഗുകളും ഒക്കെ ലോകം ഭരിക്കുമ്പോള്‍ എന്തും തുറന്നു പറയാനും എഴുതാനും മടിയില്ലാതെ ആണ്‍ പെണ് വ്യത്യാസമില്ലാതെ ഇന്നത്തെ ചെറുപ്പം തയാറാണ് . ലൈംഗികതയെ കുറിച്ച് ഉറക്കെ സംസാരിച്ചാലോ ശക്തമായി എഴുതിയാലോ ഒന്നും ആകാശം പൊട്ടി വീഴില്ല എന്ന് അവര്ക്കറിയാം .
മനുഷ്യന്റെ അടിസ്ഥാനമായ ആവശ്യമാണ് സ്നേഹം .. അതിന്റെ പലവിധ വക ഭേദങ്ങളും .. എന്നു മുതലോ ലൈംഗികത ഒരു കൊടുംപാപമായി മലയാളി കണ്ടു തുടങ്ങി . പക്ഷെ സദാചാരത്തിന്റെ പേരില്‍ ഉപദ്രവിക്കപ്പെടുന്നത് എല്ലാം നിഷ്കളങ്കരാണ് എന്നതാണ് വാസ്തവം . നീല വലകള്‍ നെയ്തു കൊതിയന്‍ കണ്ണുകളുമായി കാത്തിരിക്കുന്ന കുറെ പേരെ സമൂഹത്തിലെ ഇത്തരം പോലീസുകാര്‍ കാണുന്നില്ല , ഇനി കണ്ടാലും ഒന്നും നടക്കില്ല . നാം എന്തിനു വയ്യാ വേലികള്‍ എടുത്തു തലയില്‍ വെക്കണം എന്നാണു അപ്പോള്‍ തോന്നുക . പിന്നെ എന്തിനാണ് പാര്‍ക്കിലോ ബീച്ചിലോ ക്യാംപസിലോ സംസാരിച്ചിരിക്കുന്ന രണ്ടു വ്യക്തികളെ ജീവിതം തകരുമാര് ഉപദ്രവിക്കുന്നത് ?
വിവാഹിതയാകുന്ന പെണ്‍കുട്ടിക്ക് പരിശുദ്ധി വേണമെന്നുള്ള നിര്‍ബന്ധം ഒക്കെ എന്നെ മാറികഴിഞ്ഞു . ഇപ്പോള്‍ ആണ് കുട്ടികള്‍ക്ക് പരിശുധിയുണ്ടോ എന്ന് തുറന്നടിക്കുന്ന പെണ്‍കുട്ടികളുടെ മുന്‍പില്‍ നാണംകെട്ട് പോകും എന്നുള്ളത് കൊണ്ടും കൂടിയാണ് ഈ കടും പിടുത്തം അയഞ്ഞത് . കേരളത്തില്‍ നല്ല സൌഹൃദങ്ങളും ബന്ധങ്ങളും നില നിന്നിരുന്ന അടുത്ത കാലം വരെ ദാമ്പത്യ അസ്വാരസ്യങ്ങള്‍ തുലോം കുറവായിരുന്നു എന്നത് ഒര്കേണ്ട വസ്തുതയാണ് . എപ്പോഴോ ഒരിക്കല്‍ ദാമ്പത്യമൊഴിച്ചുള്ള എല്ലാ ബന്ധങ്ങളും പാമാമാണെന്ന ചിന്ത മലയാളിയിലേക്ക് കടന്നു കൂടി .. ഇതോടെ ദാമ്പത്യബന്ധങ്ങള്‍ തകര്ന്നടിയാനും കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വീഴാനും തുടങ്ങി . എന്തിനും എപ്പോഴും എല്ലായിടത്തും മലയാളിക്ക് സംശയമാണ് . കുറെ തളത്തില്‍ ദിനെശന്മാരെയും ദിനെശികളെയും നാം സൃഷ്ട്ടിച്ചു . ഒരു തരം മാനസിക വൈകല്യമാണ് ഇവിടെ കാണാന്‍ ആകുന്നതു .
അയല്‍പക്കത്തെ കിടപ്പറയിലും കാറിലും സദാചാര കണ്ണ് പായുന്ന മലയാളി സ്വന്തം വീട് മറന്നു പോകുകയാണ് . അവരുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും മറക്കുകയാണ് അപ്പോള്‍ അവിടെ മറ്റൊരു സദാചാര പോലിസ് ദൌത്യം ഏറ്റെടുക്കും . ഇങ്ങനെ നീറി പുകഞ്ഞു ചീഞ്ഞു നാറുകയാണ് നമ്മുടെ സമൂഹം . ഈ വിഷപ്പുക ശ്വസിച്ചു പിറന്നു വീഴുന്ന കുഞ്ഞിനു അച്ഛന്‍ നല്‍കുന്ന ഉമ്മകള്‍ അരോചകവും ഏട്ടന്‍ നല്‍കുന്ന സ്നേഹം അവിഹിതവുമായി തോന്നാം .
മാധ്യമങ്ങള്‍ സമൂഹത്തെ ആണോ സമൂഹം മാധ്യമങ്ങളെ ആണോ അനുകരിക്കുന്നത് എന്നത് ഒരുത്തരം കിട്ടാ ചോദ്യമാണ് . മലയാള  പത്രങ്ങളുടെ ക്ലാസിഫൈഡ് പേജുകള്‍ കണ്ടാല്‍ ഞെട്ടിപ്പോകും . അവിടെ സ്തന വലിപം കൂട്ടാനും മാറിടം ദൃഡമാക്കാനും സമയം നീട്ടാനും കിടപ്പറയില്‍ തീ പിടിച്ച കുതിരയാകാനും എന്തിനു ലിംഗ വലിപ്പം കൂടാനും ഒക്കെയുള്ള ഉട്ടോപ്യന്‍ ആശയങ്ങളുടെ മഹാ പ്രവാഹമാണ് . വ്യാജന്മാരുടെ ലൈംഗിക രോഗ ചികിത്സാ ക്ലിനിക്കുകള്‍ കൂണ്‍ പോലെ മുളച്ചു പൊന്തുകയാണ് . ഒരു പ്രശ്നവും കൂടാതെ കഴിഞ്ഞിരുന്ന മലയാളിയുടെ ജീവിതത്തില്‍ ഇവരാണ് വില്ലന്മാരായത് . എന്റെ സ്തനവും അരക്കെട്ടും സൗന്ദര്യവും മറ്റുള്ളവനെ തൃപ്തിപ്പെടുത്താന്‍ മാത്രമുള്ളതാണെന്ന് പെണ്‍കുട്ടികളും ധരിച്ചു . സ്വയം അറിഞ്ഞും അറിയാതെയും അവര്‍ ഉഭാഭോഗ സംസ്കാരത്തിന്റെ അംബാസഡര്‍മാരാകുകയാണ് .
അധ്യാപകനും വിദ്യാര്‍ഥിയും , അച്ഛനും മകളും , സഹപ്രവര്ത്തകയും സഹപ്രവര്‍ത്തകനും , ഒന്നും ഇന്നില്ല ! ഗുരുവിനെ ദൈവത്തിനും മീതെ കാണുന്ന സംസ്കാരം ഇപ്പോള്‍ ഇല്ലാതായതു എങ്ങനെയാണ് ?  കാമുകീകാമുകന്മാര്‍ എന്നതിനപ്പുറമൊരു സ്ത്രീപുരുഷബന്ധം ഉണ്ടാകുന്നില്ല എന്നത് തന്നെ കാരണം . കേരളത്തില്‍ അരങ്ങേറുന്ന പീഡനക്കെസുകളില്‍ മിക്കതിലും പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് അച്ഛനോ അമ്മാവനോ ആകാന്‍ പ്രായമുള്ളവരാണ് . വറ്റി പോകുന്ന പ്രണയങ്ങളും ഇല്ലാതാകുന്ന സൌഹൃദങ്ങളും ദരിദ്രമാകുന്ന, വെറും ചടങ്ങാകുന്ന ദാമ്പത്യ ബന്ധങ്ങളും കെട്ട ബന്ധങ്ങള്‍ കെട്ടിപ്പടുക്കുകയാണ് .
ഒരുമിച്ചു പുറത്തു പോയാലോ കാറില്‍ യാത്ര ചെയ്താലോ എന്തിനു കെട്ടിപ്പിടിചാലോ ഉമ്മവചാലോ എന്താണ് കുഴപ്പം എന്ന് ഇന്നത്തെ തലമുറ ചോദിച്ചു തുടങ്ങിയിരിക്കുന്നു . സദാചാര പോലീസ് ചമയുന്ന വീട്ടു കാര്‍ക്കും നാട്ടുകാര്‍ക്കും തലയ്ക്കു മേലെ സീസറുടെ വാള് പോലെ ആണ് ഈ ചോദ്യങ്ങള്‍ . പുതു തലമുറ ഇത്തരം അനാവശ്യ അതിര്‍വരമ്പുകളെ വെറുത്ത് പോയി . എന്നാല്‍ ഇവര്‍ക്ക് പക്വതയില്ലെന്നോ അതിര്‍വരമ്പുകള്‍ അറിയില്ലെന്നോ ധരിക്കരുത് . ലൈംഗികത എന്നതിനെ കുറിച്ച് പാകമായ ബോധവും നല്ല ഉള്‍ക്കാഴ്ചയും വരും വരായ്കകളും ബന്ധങ്ങളുടെ മൂല്യവും ഇവര്‍ക്ക് നന്നായറിയാം . ആരെ എവിടെ നിര്‍ത്തണം എന്ന് പുതു തലമുറ പറഞ്ഞു തരും . അടുത്ത ദിവസം കൊച്ചിയില്‍ അരങ്ങേറാന്‍ പോകുന്ന ‘കിസ് ഓഫ ലൌവ്‌’ ഇത്തരം അനാവശ്യ അതിര്‍വരമ്പുകളോടുള്ള ശക്തവും പരസ്യവുമായ പ്രതിഷേധമാണ് . കുടുംബ ബന്ധങ്ങള്‍ അനുദിനം വഷളാകുന്ന ഇക്കാലത്ത് സൌഹൃദങ്ങളുടെ ബലം, അവയുടെ മൂല്യങ്ങള്‍, അവ നല്‍കുന്ന സുരക്ഷിതത്വം എല്ലാം പുതിയ തലമുറയ്ക്ക് വലുതാണ്‌ . ഒരു പക്ഷെ സ്വന്തം അച്ഛനെക്കാള്‍ ആണ്‍ സുഹൃത്തിനെ വിശ്വാസവും അവനില്‍ സുരക്ഷിതത്വവും തോന്നുന്ന അവസ്ഥ മകള്‍ക്ക് ഉണ്ടാകുമ്പോഴും ഭാര്താവിനെക്കാള്‍ ആശ്രയിക്കാവുന്ന നല്ല ആണ്‍ സുഹൃത്ത്‌ ഭാര്യക്കുണ്ടാകുംപോഴും ഒക്കെ അവനില്‍ ഉണ്ടാകുന്ന ഈഗോ.... തനിക് ഇല്ലാത്തത് മറ്റാര്‍ക്കും വേണ്ടെന്നും തന്നെ കൊണ്ടാകാത്തത് അവനു വേണ്ടെന്നും ഒക്കെയുള്ള വൃത്തികെട്ട മാനസികാവസ്ഥയില്‍ നിന്ന് ഉടലെടുക്കുന്നതാണ് സദാചാര പോലീസെന്ന ആശയം . ഇവിടെ പിഴച്ചത് തനിക്കു തന്നെ ആണെന്ന് പുരുഷന്‍ തിരിച്ചറിയേണ്ടത് ആവശ്യമാണ്‌ . താന്‍ ഒരു നല്ല അച്ഛനോ ഭര്‍ത്താവോ ആണെങ്കില്‍ മകളും ഭര്യയും തന്നെകാള്‍ മറ്റൊരാളെ ആശ്രയിക്കില്ല എന്നാ ബോധം സ്വയം ആണ് ഉണ്ടാകേണ്ടത് .
പെരുകി വരുന്ന പുരുഷ മനസിന്റെ ഈ ഇഗോ പുറത്തു വരുനത്‌ മറ്റൊരു രൂപത്തില്‍ ആണ് . ഓഫീസിലും ആണുങ്ങളും പെണ്ണുങ്ങളും തമ്മില്‍ സൗഹൃദം അനുവദിക്കില്ല. ഉണ്ടായാല്‍ രണ്ടാളുകളുടെയും കുടുംബം അതോടെ തകര്‍ന്നു തരിപണമാകും . സ്ത്രീ ആയാലും പുരുഷനായാലും മജ്ജയും മാംസവും ചോരയും നീരുമുണ്ടെന്നു മനസിലാക്കുകയാണ് ആദ്യം വേണ്ടത് . മറയില്ലാതെ സ്നേഹിക്കാനും സ്നേഹിക്കപ്പെടാനും ആഗാഹിക്കാത്ത മനുഷ്യര്‍ ഉണ്ടാകില്ല . ഭാര്യയും കാമുകിയും സുഹൃത്തും ഒക്കെ ഒരാള്‍ക്ക്‌ ഉണ്ടായിരിക്കാം . അപൂര്‍വ്വം ചിലര്‍ക് മാത്രമാണ് ഇവയെല്ലാം ഒന്നായ ബന്ധങ്ങള്‍ കാണൂ . ഭാര്യയും ഭര്‍ത്താവും തമ്മിലുള്ളതൊഴിച്ചുള്ള എല്ലാ ബന്ധങ്ങളേയും അനാശാസ്യമായി കാണുകയാണ് നാം.
കേരളത്തിന്റെ ചരിത്രത്തില്‍ സംബന്ധങ്ങളും വിവാഹേതര ബന്ധങ്ങളും പ്രണയങ്ങളും ഒക്കെ ഉണ്ടായിരുന്നു . എന്നാല്‍ അന്നൊന്നും ഇല്ലാത്ത എന്തോ ഒന്ന് എല്ലാ ബന്ധങ്ങളെയും അതിന്റെ വഴിയില്‍ നിന്ന് അകറ്റി. ഇവക്കു മറ്റൊരു നിറവും ഭാവവും നല്‍കാന്‍ കെല്‍പ്പുള്ള എന്തോ ഒന്ന് നമ്മെ വഷളാക്കി .
ആള്‍ക്കൂട്ടത്തിനു ഭാന്തു പടിച്ചു സദാചാരപോലിസിന്റെ കുപ്പായം അണിയുന്നവരോട് പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ എന്ന് പറഞ്ഞാല്‍ ആരെങ്കിലും ബാക്കി കാണുമോ ? ഇന്നും പുരുഷ മേധാവിത്തത്തില്‍ അധിഷ്ട്ടിതമായ ഈ സമൂഹത്തില്‍ അവനു എവിടെയും കയറി എന്തുമാകാം  എന്നാ അലിഖിത നിയമം ഉണ്ട് . ഒരു സ്ത്രീ തന്റെ ആഗ്രഹങ്ങളെ തുറന്നു പറഞ്ഞാല്‍ , പ്രകടിപ്പിച്ചാല്‍ അതിലും വലിയൊരു അപരാധം വേറെയില്ല . എന്തിനു ഒരു വിഭാര്യന് എളുപ്പം കേരളത്തില്‍ പെണ്ണ് കിട്ടും പക്ഷെ ഒരു വിധവ പുനര്‍ വിവാഹം ചെയ്യുമ്പോള്‍ ഇവള്ക്കെന്തിന്റെ സൂക്കെടാണ് എന്നാണു മലയാളി പറയുക . ഇന്ന് കേരളത്തില്‍ സഹിക്ക വയ്യാതെ വിവാഹമോചനം തേടി കോടതികളില്‍ ആദ്യമെത്തുന്നത് പെണ്‍കുട്ടികള്‍ ആണ് . അവരെ സമൂഹം ഇത്രകണ്ട് വെറുക്കുന്നില്ല എന്ന് തോന്നുന്നു . അതവന്റെ കുറ്റം കൊണ്ടാണ് അവള്‍ക്കും കാണില്ലേ .... അതുകൊണ്ട് പുനര്‍ വിവാഹം വിഷയമല്ല . പക്ഷെ ഇപ്പോഴും വിധവകളെ എന്ത് കൊണ്ടോ മലയാളിക്ക് കണ്ടുകൂടാ  , എല്ലാം അവളുടെ കുഴപ്പമാണ് !
പ്രണയം രണ്ടു വ്യക്തികളുടെയും വിവാഹം രണ്ടു കുടുംബങ്ങളുടെയും കാര്യമായിരുന്ന അവസ്ഥയില്‍ നിന്ന് അത് സമൂഹത്തിന്റെയും അതിലുപരി സമുദായത്തിന്റെയും പ്രശ്നമായി മാറുമ്പോള്‍ പരസ്പരം സ്നേഹിക്കാനും ഒന്ന് ചെരാനുമുള്ള വ്യക്ത്കളുടെ അവകാശത്തെ ഇല്ലാതാക്കുകയാണ് . ഇവിടെ ഉദയം ചെയ്ത ലൌ ജിഹാദുകള്‍ ഇത്രയും രൂക്ഷമായതും ഹിന്ദു ഹിന്ദുവിനെയും മുസ്ലീം മുസ്ലീമിനെയും മാത്രം വിവാഹം കഴിക്കുക എന്നതും സ്നേഹിക്കുന്നവരോടുള്ള ക്രൂരത മാത്രമാണ് .  
കേരളത്തിലെ പെണ്‍കുട്ടികള്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച്, കുഞ്ഞുങ്ങളെക്കുറിച്ച്, മാനാഭിമാനത്തെക്കുറിച്ച് വേവലാതിയില്ലാതെ സ്വയം ഒരു തീരുമാനമെടുക്കാന്‍ കഴിയുകയാണെങ്കില്‍ കേരളത്തിലെ ദാമ്പത്യങ്ങളില്‍ 90 ശതമാനവും 48 മണിക്കൂറിനുള്ളില്‍ തകര്‍ന്നുപോകുമെന്നായിരുന്നു എന്ന് നിത്യ ചൈതന്യ യതി പറഞ്ഞത് ഇവിടെ പ്രസക്തമാണ് .
ഫെമിനിസം ഉറവു പൊട്ടിയത് പുരുഷന്റെ കൊള്ളരുതായ്മയില്‍ നിന്നാണ് . എങ്ങനെ മകളോടും സഹോദരിയോടും കാമുകിയോടും ഭാര്യയോടും പെരുമാറണം എന്ന് ഉള്ള അവന്റെ അറിവില്ലായ്മയില്‍ നിന്ന് ആണ് സ്ത്രീകള്‍ സഹനത്തിന്റെ നെല്ലിപ്പലക പൊട്ടിച്ചു പുറത്തു ചാടിയത് . അവന്റെ ഈഗോ , അജ്ഞാത , അഹന്ത എല്ലാമാണു സദാചാര പോലിസാകാന്‍ , എന്തിനെയും സംശയിക്കാന്‍ അവനെ പ്രേരിപ്പിക്കുന്നത് . ഫെമിനിസം സ്ത്രീകളെ മൂല്യത്തിലേക്ക് ഉയര്‍ത്തിയത്‌ പോലെ നമ്മുടെ സമൂഹത്തില്‍ പുരുഷന്മാര്‍ക്ക് ഒരു പ്രസ്ഥാനം ഉണ്ടായാല്‍ ഈ പ്രശ്നങ്ങള്‍ അവിടം കൊണ്ടാവസാനിക്കും . നമുക്ക് നഷ്ടമായ സൌഹൃദവും സ്നേഹവും വാത്സല്യവും മൂല്യവും ഒക്കെ തിരികെ എടുക്കാം . എന്തിനെയും അതിന്റേതായ അര്‍ത്ഥത്തില്‍ മലയാളി സ്വീകരിക്കെണ്ടിയിരിക്കുന്നു . സ്നേഹം എല്ലാവരും ആഗ്രഹിക്കുന്നുണ്ട് . അതിനെ നിഷേധിക്കുമ്പോള്‍ ആണ് മാനസികമായി നാം വികലമാകുന്നതു . എന്നാല്‍സ്നേഹിക്കാന്‍ എവിടെ വരെയും പോകാം എന്തും ആകാം എന്നല്ല . എന്തിനും പരിധികള്‍ ഉണ്ട്. ആരോഗ്യകരമായ ബന്ധങ്ങള്‍ എങ്ങനെ ഉണ്ടാക്കാം എന്നും നമുക്ക് ഒരു ശരീരം ഉണ്ടെന്നും മനസുന്ടെന്നും വികാര വിചാരങ്ങള്‍ ഉണ്ടെന്നും അവ ആര്‍ക്കൊപ്പം എവിടെയെല്ലാം ഏതെല്ലാം തരത്തില്‍ ഉപയോഗിക്കണം എന്നും ഇണയുമായി പെരുമാറുമ്പോള്‍ എടുക്കേണ്ട ജാഗ്രതകള്‍ എന്തൊക്കെയാണ് എന്നും കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ അടിയന്തിരമായി എന്തെങ്കിലും ചെയ്യേണ്ടതുണ്ട് . ഒരു പെണ്‍കുട്ടിയെ കാണുമ്പോള്‍ അവളുടെ മുഖത്തും കണ്ണിലും നോക്കി സംസാരിക്കാനും നിവര്‍ന്നു നിന്ന് ആവശ്യങ്ങള്‍ പറയാനും ആണ്‍കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട് . ഇന്നവന്‍ ശ്രദ്ധിക്കുന്നതും നോക്കുന്നതും സ്ത്രീയുടെ ശരീരത്തിലേക്ക് മാത്രമാണ് . അവളുടെ മുഖം ഓര്‍ത്തെടുക്കാന്‍ വിഷമിക്കുന്ന ഒരാന്കുട്ടിക്കു എല്ലാ പെണ്‍കുട്ടികളും മാംസ നിര്‍മിത ഉപകരണങ്ങള്‍ മാത്രമാണ് . കേരളത്തെ അപേക്ഷിച്ച് കല്‍ക്കത്തയും ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും സ്ഥിതി എല്ലാം ഏറെ വ്യത്യസ്തമാണ് . അവിടെ കുട്ടികള്‍ അവരുടെ ലോകത്താണ് . സദാചാര ടോര്‍ച്ചുമായി ആരും അവരുടെ പിറകെ നടക്കാറില്ല . ഇഷ്ട്ടം പോലെ സംസാരിക്കാനും അടുത്തിടപഴകാനും ഒക്കെ അവസരമുണ്ട് . എന്നാല്‍ ഈ ചെറുപ്പമെന്ന പട്ടത്തിന്റെ നൂലുകള്‍ എപ്പോഴും രക്ഷിതാക്കളുടെ കൈവശം തന്നെ ആണ് . വീടിനു പുറത്തുള്ള ബന്ധങ്ങള്‍ മികവെരിയതിനാല്‍ ഇവിടെ വീടിനകത്തെ ബന്ധങ്ങളും ദാമ്പത്യ ബന്ധങ്ങളും ഉറപ്പുള്ളതാണ് . വിവാഹ മോചനങ്ങളും മറ്റും കേരളത്തേക്കാള്‍ ഏറെ കുറവാണിവിടെ . മലയാളി കെട്ടി നിര്‍ത്തിയ ലൈംഗിക ദാരിദ്ര്യവും കാലത്തിനു യോജിക്കാത്ത സദാചാര മൂല്യങ്ങലുമാണ് സംഗതികളെ ഇത്രകണ്ട് വഷളാക്കിയത് . എത്ര അസന്മാര്‍ഗികത കൊട്ടി ഘോഷിചാലും സ്വവര്‍ഗ രതിയെ അംഗീകരിക്കാന്‍ കോടതി വിധി വന്നു . അടുത്തിടെ കത്തോലിക്കാ സഭയിലെ വിശുദ്ധ പോപ്പ് സ്വവര്‍ഗ രതിയെ അംഗീകരിക്കണം എന്നും സ്വവര്‍ഗ വിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കണം എന്നും ആവശ്യപ്പെട്ടത് ശ്രദ്ധിക്കുക  - സ്വവര്‍ഗാനുയായികളെ അംഗീകരിക്കാനുള്ള ഫ്രാന്‍സിസ്‌ പാപ്പായുടെ നിര്‍ദേശം തള്ളിക്കളഞ്ഞ ബിഷപ്പുമാരുടെ നടപടി നിരാശപ്പെടുത്തുന്നതായി സ്വര്‍ഗാനുയായികളുടെ സംഘടനകള്‍. വത്തിക്കാനില്‍ നടക്കുന്ന അസാധാരണ സിനഡില്‍ സ്വവര്‍ഗാനുരാഗികളെ അംഗീകരിക്കല്‍, വിവാഹമോചനം നേടി പുനര്‍വിവാഹം ചെയ്‌ത കത്തോലിക്ക വിശ്വാസികളെ അംഗീകരിക്കല്‍ തുടങ്ങിയവയെക്കുറിച്ചുള്ള കരട്‌ അവതരിപ്പിച്ചതാണ്‌ മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷം നേടാതെ തള്ളിപ്പോയത്‌. 

അടുത്ത വര്‍ഷം നടക്കുന്ന സാധാരണ സിനഡില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ്‌ പ്രതീക്ഷിക്കുന്നതെന്ന്‌ യുഎസിലെ കത്തോലിക്ക സ്വവര്‍ഗാനുരാഗികളുടെ സംഘടനയായ ദി ന്യൂ വേസ്‌ മിനിസ്‌ട്രി പറഞ്ഞു. എന്നാല്‍ തുറന്ന ചര്‍ച്ച നടന്നത്‌ വിഷയം ഇനിയും ചര്‍ച്ച ചെയ്യാനും തീരുമാനം ഉണ്ടാകാനുമുള്ള സാധ്യത മുന്‍നിര്‍ത്തുന്ന കാര്യവും സംഘടന അംഗീകരിച്ചു. 

ഫ്രാന്‍സിസ്‌ പാപ്പായുടെ നിര്‍ദേശങ്ങള്‍ തള്ളിക്കളഞ്ഞെങ്കിലും അവയ്‌ക്ക്‌ 50 ശതമാനത്തിലേറെ വോട്ടു നേടാനായി. യാഥാസ്‌ഥിതികരാണ്‌ ഈ നിര്‍ദേശത്തെ ഏറ്റവും അധികം എതിര്‍ത്തത്‌. ഇതുള്‍പ്പടെ സമര്‍പ്പിച്ച കരടിന്റെ ബാക്കിയുള്ള ഭാഗങ്ങള്‍ സിനഡ്‌ അംഗീകരിച്ചു എന്നായിരുന്നു വാര്‍ത്ത .

നമ്മുടെ അസാന്മാര്‍ഗികപ്രവൃത്തി നിയമം (ഇമ്മോറല്‍ ട്രാഫിക് ആക്ട്) അടിസ്ഥാനപരമായി പൊളിച്ചെഴുത്തേണ്ടതും എന്താണ് ലൈംഗികത എന്ന് ആരോഗ്യകരമായ രീതിയില്‍ പുതു തലമുറയ്ക്ക് പറഞ്ഞു കൊടുക്കേണ്ടതും അത്യാവശ്യമാണ്  .സ്‌നേഹിക്കലും സ്‌നേഹിക്കപ്പെടലും അവകാശമാണ് എന്ന സദാചാരമാണ് മലയാളി അംഗീകരിക്കേണ്ടത്.

Friday 17 October 2014

ലോകത്തെ ഊട്ടാന്‍ ഒന്നിക്കാം ................

കൊച്ചി 17 ഒക്ടോബര്‍ ; കൊഴുക്കുന്ന ആഘോഷ വേളകളും അമിതാര്ഭാടങ്ങളും  ബാക്കിയാക്കി കളയുന്ന ഭക്ഷണവും ഇന്നെങ്കിലും അകറ്റി നിര്‍ത്താം ... ഇന്ന്‌ ദാരിദ്ര്യ നിര്‍മാര്‍ജന ദിനം. 1993 ഒക്‌ടോബര്‍ 17 ദാരിദ്ര്യനിര്‍മാര്‍ജന ദിനമായി ഐക്യരാഷ്‌ട്രസംഘടന പ്രഖ്യാപിച്ചു . “ആരെയും ഒഴിവാക്കരുത്‌ : കൊടിയ ദാരിദ്രത്തിനെതിരെ ചിന്തിക്കൂ , പ്രവര്‍ത്തിക്കൂ , ഒന്നിക്കൂ” എന്നതാണ് ഈ വര്‍ഷത്തെ സന്ദേശം .
ദാരിദ്രം എന്നാല്‍ ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം എന്നി അടിസ്ഥാന ആവശ്യങ്ങള്‍ പോലും തൃപ്തികരമായി നിറവേറ്റാന്‍ പറ്റാത്ത അവസ്ഥയാണ് . മൂന്നാം ലോക രാജ്യങ്ങളില്‍ ആണ് ഈ പട്ടിണിപ്പാവങ്ങളില്‍ സിംഹ ഭാഗവും . കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ദാരിദ്ര്യത്തില്‍ നിന്നു പത്തുകോടി ജനങ്ങള്‍ കരകയറിയെന്നു ഐക്യ രാഷ്ട്ര സംഘടന പറയുമ്പോള്‍ ലോകബാങ്കിന്റെ കണക്കുകള്‍ പ്രകാരം 13൦ കോടിയിലധികം ജനങ്ങള്‍ കടുത്ത ദാരിദ്ര്യം അനുഭവിക്കുന്നുണ്ട് . ഒരു നേരത്തെ ആഹാരം വയറു നിറച്ചും കഴിക്കാന്‍ സാധിക്കാത്തവരില്‍ കൂടുതലും ഏഷ്യ ആഫ്രിക്ക ഭൂഖണ്ഡങ്ങളില്‍ ആണ്  . അല്പം കൂടി വിശദമാക്കിയാല്‍ ഇന്ത്യ, ചൈന, മധ്യ പശ്ചിമാഫ്രിക്ക എന്നിവിടങ്ങളില്‍ ഒക്കെ 47 ശതമാനത്തോളവും കടുത്ത ദാരിദ്രത്തില്‍ ആണ് . ആഫ്രികന്‍ രാജ്യമായ കോംഗോയില്‍ 88 ശതമാനവും ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ടുന്നവര്‍ ആണ് . ഇരുപതാം നൂറ്റാണ്ടോടു കൂടി ലോകമെങ്ങുo  20 കോടി ജനങ്ങള്‍ പട്ടിണിയുടെ പിടിയില്‍ നിന്നു മോചിതരായെന്നു ഫുഡ്‌ ആന്‍ഡ്‌ അഗ്രികള്‍ചര്‍ ഓര്‍ഗനൈസേഷന്‍ വ്യക്‌തമാക്കുന്നു.
ദരിദ്ര നിര്‍മാര്‍ജനം അടുത്ത വര്‍ഷമാകുംപോഴെക്ക് പകുതിയായി കുറക്കാനുള്ള ശ്രമത്തിലാണ് ഐക്യ രാഷ്ട്ര സംഘടന . ഈ ശ്രമം ഇത് വരെ 63 വികസ്വര രാജ്യങ്ങള്‍ ലക്ഷ്യം കണ്ടെന്നുo ആറു രാജ്യങ്ങള്‍ കൂടി അടുത്ത വര്‍ഷം ലക്ഷ്യത്തിലെത്തുമെന്നും വാര്‍ഷിക റിപ്പോര്‍ട്ടില്‍ യു എന്‍ അവകാശപ്പെടുന്നു .

യുദ്ധവും രോഗങ്ങളും പോലെ ദാരിദ്രവും ഏറ്റവും കൂടുതല്‍ ക്രൂരത് കാണിക്കുന്നത് കുട്ടികളോട് തന്നെ . ലോകത്തെ 11൦ കോടിയിലധികം കുട്ടികള്‍ കൊടും ദാരിദ്രത്തിന്റെ ഇരകളാണെന്ന് യുനിസെഫ്‌ വ്യക്തമാക്കുന്നു .
ദാരിദ്രത്തെ  തുടച്ചു നീക്കാന്‍ സ്ത്രീ ശാക്തീകരണം വേണമെന്നും സ്ത്രീകളുടെ ഉന്നമനവും കൂട്ടായ്മയും ലോകത്തെ പട്ടിണിയില്‍ നിന്ന് രക്ഷിക്കാന്‍ ഉതകുമെന്നും ഇന്നലെ യു എന്‍ ആസ്ഥാനത്ത് ചേര്‍ന്ന യോഗത്തില്‍ വിലയിരുത്തിയത് ശ്രദ്ധേയമാണ് .
നല്ല ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവും ഓരോ മനുഷ്യന്റെയും അവകാശമാണ് . എല്ലാ രാജ്യങ്ങളിലെയും ഭരണാധികാരികള്‍ താഴെ തട്ടിലുള്ളവരിലേക്ക് കൂടി ഇറങ്ങിച്ചെന് അവര്‍ക്ക് ഇത്തരം സൌകര്യങ്ങള്‍ ലഭ്യമാക്കേണ്ടതുണ്ട് , അത് അവരുടെ കടമയായി കാണേണ്ടതുണ്ട് .
ഇന്ത്യയിലെ ദരിദ്ര രേഖാ നിര്‍ണയം വളരെ വിചിത്രമാണ് ഗ്രാമപ്രദേശങ്ങളില്‍ ഒരു ദിവസം 32 രൂപയും നഗരതില്‍ 47 രൂപയും ഒരു ദിവസം ഒരു വ്യക്തിക്ക് ചെലവഴിക്കാന്‍ ആയില്ലെങ്കില്‍ മാത്രമാണ് അയാള്‍ ദാരിദ്രനാകുന്നത് ! അവശ്യ സാധനങ്ങളുടെ വിലക്കയറ്റം ഒരിക്കല്‍ പോലും പിടിച്ചു നിര്‍ത്താന്‍ മാറി മാറി വരുന്ന ഒരു സര്‍ക്കരുകള്‍ക്കും ഏറെ കാലമായി സാധിച്ചിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഇവിടെ വിസ്മരിച്ചു കൂടാ . കേവലം 32 രൂപയ്ക്കു ഒരു മനുഷ്യന്‍ മികച്ച രീതിയിലുള്ള ഭക്ഷണവും വസ്ത്രവും മറ്റു പ്രാഥമികാവശ്യങ്ങളും നിറവേറ്റാന്‍ സാധിക്കുമോ എന്നത് മനസിരുത്തി ഒന്ന് ചിന്തിച്ചു നോക്കേണ്ടതുണ്ട് . മുന്‍ ആര്‍ ബി ഐ ഗവര്‍ണര്‍ രംഗരാജന്‍ അധ്യക്ഷനായ കമ്മിറ്റിയുടെ ഈ റിപ്പോര്‍ട്ട് കഴിഞ്ഞയാഴ്ച സര്‍ക്കാരിനു സമര്‍പ്പിചിരിക്കുകയാണ്  . 2൦11-12 കാലയളവില്‍ സുരേഷ് ടെണ്ടുല്‍ക്കര്‍ കമ്മിറ്റിയുടെ  ശുപാര്‍ശ പ്രകാരം ദരിദ്ര രേഖ ഗ്രാമങ്ങളില്‍ പ്രതിദിനം 27 രൂപയും നഗരങ്ങളില്‍ 33 രൂപയും ആയിരുന്നു .
ഇന്ത്യയില്‍ ദാരിദ്രം കൂടി വരികയാണ് ; പ്രത്യേകിച്ച് ഗ്രാമങ്ങളില്‍ . മുക്കാല്‍ ഭാഗം ജനങ്ങളും - ഏതാണ്ട് 77 ശതമാനം പേര്‍ ഇന്ത്യന്‍ ഗ്രാമങ്ങളില്‍ രണ്ടു നേരം വയറു നിറക്കാന്‍ ആകാതെ കഷ്ട്ടപ്പെടുന്നുണ്ട് . ക്രമാതീതമായി ഉയരുന്ന ജനസംഖ്യ ആണ് പട്ടിണിയുടെ ശരിയായ കാരണം . 1994 മുതല്‍ 5 വര്ഷം കൊണ്ട് 312 മില്യനില്‍ നിന്നും ഇത് 2൦൦ മില്യനായി ഉയര്‍ന്നു. ഇന്ത്യയില്‍ ഇപ്പോള്‍ കുറഞ്ഞത്‌  24൦ മില്യന്‍ ജനങ്ങള്‍ ഗ്രാമങ്ങളിലും 72 മില്യന്‍ ജനങ്ങള്‍ പട്ടണങ്ങളിലും ദാരിദ്ര്യം അനുഭവിക്കുന്നു എന്നത് വ്യക്തം.
ദരിദ്ര നിര്‍മാര്‍ജനത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ആരംഭിച്ച വിവിധ പദ്ധതികള്‍ ബഹുദൂരം മുന്നെറിയിടുണ്ട് എന്ന് പറയാതെ വയ്യ ; പ്രത്യേകിച്ച് കേരളത്തില്‍ . കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തനം ലോക ശ്രദ്ധ നേടുകയും ഐക്യ രാഷ്ട്ര സംഘടനയുടെ അംഗീകാരം നേടുകയും ചെയ്തത് വലിയൊരു നേട്ടം തന്നെയാണ് . പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേറ്റ ആദ്യ നാളില്‍ തന്നെ ഇന്ത്യയിലെ ദാരിദ്ര നിര്മാര്‍ജനന്തിനു വേണ്ടി കേരളത്തിലെ കുടുംബശ്രീ മാതൃക രാജ്യം മുഴുവന്‍ വ്യാപിപ്പിക്കുമെന്ന് പ്രതിജ്ഞ ചെയ്തതും കേരളത്തിന്‌ അഭിമാനമായി .
ലോകത്തിലെ മിക്ക രാജ്യങ്ങളിലെയും അവസ്ഥയുമായി  തട്ടിച്ചു നോക്കുമ്പോള്‍ ഇന്ത്യ എത്രയോ മെച്ചമാണ് എന്ന് വേണം കരുതാന്‍ . ഒരു നേരമെങ്കിലും ആഹാരം ലഭിക്കാതെ , രോഗങ്ങള്‍ ചികിത്സിക്കാനാകാതെ , വൃത്തിഹീനമായ അന്തരീക്ഷതില്‍ വീണു കിടക്കുന്നവരുടെ അവസ്ഥ മിക്ക രാജ്യങ്ങളെക്കാളും ഇന്ത്യയില്‍ ഭേദമാണ് . ധാതുക്കലലും പ്രകൃതി വിഭവങ്ങളാലും മറ്റും സമ്പന്നമായ മധ്യ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആണ് പട്ടിണി അതിന്റെ ഏറ്റവും ഭീകര മുഖം കാണിച്ചിരിക്കുന്നത് . പട്ടാള ഭരണങ്ങളും, ആഭ്യന്തര കലാപങ്ങളും എല്ലാത്തിലും മീതെ  മാരക രോഗങ്ങളും ഈ രാജ്യങ്ങങ്ങളെ കാര്‍ന്നു തിന്നു കൊണ്ടിരിക്കുകയാണ് .

പട്ടിണി കണക്കുകളേക്കാള്‍  വിചിത്രമാണ് പാഴായി പോകുന്ന ഭക്ഷണത്തിന്റെ കണക്കുകള്‍ . ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിന്റെ മൂന്നിലൊരു ഭാഗം പഴായിപ്പോകുകയാണ് . ഏതാണ്ട് 4൦൦ ടന്‍ ഭക്ഷണം പാഴായി പോകുമ്പോള്‍ ദരിദ്ര രാജ്യങ്ങളിലെ വിശപ്പ്‌ മാറ്റാന്‍ ഇത് ധാരാളമാണ് എന്ന തിരിച്ചറിവ് ഉണ്ടാകേണ്ടതാണ് . ലോകത്തെ ഊട്ടാന്‍ കൂട്ടായ ശ്രമമാണ് ആവശ്യം ; അതിനായി ഒന്നിക്കാം .  

Thursday 16 October 2014

ലോകത്തിനു അന്നം നല്കി ഭുമിയെ സംരക്ഷിക്കാം .....


കൊച്ചി 16 ഒക്ടോബര്‍ ; വിശപ്പിനു മുന്നില്‍ മനുഷ്യന്‍ ഭ്രാന്തനാകും ... സകല മൂല്യങ്ങളും ഉടഞ്ഞു തകരും .... അന്നന്നത്തെ അന്നത്തിനു വേണ്ടിയാണ് നാം ഇക്കാനുന്നതെല്ലാം കാട്ടി കൂട്ടുന്നത്‌ എന്നത് ഒരു യാധാര്ത്യമാണ് . ലോകത്ത് വികസിത , വികസ്വര , ദരിദ്ര രാജ്യങ്ങള്‍ എല്ലാം ഒരു പോലെ അനുഭവിക്കുന്ന ശാപമാണ് പട്ടിണി.
ദൈനംദിന ചിലവിന് രണ്ടു ഡോളര്‍ പോലുമില്ലാതെ കഷ്ടപ്പെടുന്ന ഒരു കോടിയിലധികം ആള്‍ക്കാര്‍ അമേരിക്കയിലുണ്ടെന്ന് ബ്രൂക്കിങ്ങ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ അടുത്തിടെ പുറത്തു വിട്ട ഒരു സര്‍വെ വെളിപ്പെടുത്തുന്നു . സര്‍ക്കാരിന്റെ സൗജന്യ ഭക്ഷണ പദ്ധതി, മറ്റു ക്ഷേമപദ്ധതികള്‍, ചാരിറ്റി സൊസൈറ്റികളുടെ സഹായം എന്നിവയൊക്കെ ആശ്രയിച്ചാണ് ഇവരില്‍ ബഹുഭൂരിപക്ഷവും ജീവന്‍ നിലനിര്‍ത്തുന്നത്. 
അങ്ങ് ചന്ദ്രനിലും ചൊവ്വയിലും ചെന്ന് തൊട്ട സ്പേസ് ടെകനോളജിയും അനുദിനം വികസിക്കുന്ന വ്യവസായ സംരംഭങ്ങളും മാത്രമല്ല അമേരികയില്‍ ഉള്ളത് .

എട്ട് ഡോളറില്‍ താഴെ മാത്രം പ്രതിദിന ചിലവുള്ളവരുടെ എണ്ണം രണ്ടു കോടിയാണ്. പതിനാറ് ഡോളറിന് താഴെയുള്ളവര്‍ 4.6 കോടിയും. യൂറോപ്പിലെ പലരാജ്യങ്ങളിലെയും ദരിദ്രരുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. ഈ കണക്കുകള്‍ നോക്കുമ്പോള്‍ അമേരിക്കയില്‍ മൂന്നിലൊരാള്‍ കൊടും ദാരിദ്രം അനുഭവിക്കുന്നു . കടുത്ത സാമ്പത്തിക അസമത്വമാണ് ഇവിടെ നിലനില്‍ക്കുന്നത് . ധനികന്‍ അത്യധികം ധനികനും ദരിദ്രന്‍ കൊടും ദരിദ്രനും ആകുന്ന അവസ്ഥ . അമേരിക്കന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമപദ്ധതികളൊന്നും തന്നെ വേണ്ടത്ര താഴേത്തട്ടിലേക്ക് എത്തുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട് .
ഇന്ന് ലോക ഭക്ഷ്യ ദിനം . `സകുടുംബം കൃഷി: ലോകത്തിന്‌ അന്നം, ഭൂമിക്കു സംരക്ഷണം` എന്നതാണ്‌ ഇത്തവണത്തെ വിഷയം. വാനം മുട്ടുന്ന വികസനങ്ങളും കുമിഞ്ഞു കൂടുന്ന സമ്പത്തും ദിനം പ്രതി വാര്‍ത്തയാകുമ്പോള്‍ ഏറി വരുന്ന പട്ടിണി മരണങ്ങളും വാര്‍ത്തയാണ് പക്ഷെ ഇന്ത്യയിലടക്കം ലോകത്തെവിടെയും ആ വാര്‍ത്തകള്‍ ആരും ശ്രദ്ധിക്കാറില്ല എന്നതും വസ്തുതയാണ് .
പെരുകി വരുന്ന ജനസംഖ്യയും , തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വങ്ങളും കാരണം വിശന്നു കരയുകയാണ് ലോകം . പണം മുഴുവന്‍ ചില പ്രത്യേക വിഭാഗങ്ങളുടെ കൈവശം അമരുമ്പോള്‍ , കാര്‍ഷിക വൃത്തിക്ക് കാര്യമായ കോട്ടം തട്ടുമ്പോള്‍ , വികസനം എന്നാല്‍ വ്യാപാരവും വ്യവസായവും അടിസ്ഥാനമാക്കി മാത്രം ഉള്ളതാണെന്ന് വരുമ്പോള്‍ എങ്ങനെ ജനങ്ങള്‍ വിശപ്പകറ്റും?
ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാകുക ഭക്ഷണത്തിനും വെള്ളത്തിനും ശുദ്ധവായുവിനും വേണ്ടിയാകുമെന്നു പറഞ്ഞാല്‍ അതിശയോക്തിയകില്ല. 
ആളു കൂടുംതോറും അന്നം കുറയുകയും ഭക്ഷ്യോത്പാദന മേഖല പൂര്‍ണമായും അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു എന്ന്  യുഎന്നിന്റെ വേള്‍ഡ്‌ ഹംഗര്‍ റിപ്പോര്‍ട്ട്‌.
ഭക്ഷ്യ ഇറക്കുമതിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ അവസ്ഥ ഇപ്പോള്‍ തന്നെ ദയനീയമാണ് . സോമാലിയയിലെ കുഞ്ഞുങ്ങളുടെ വിശന്ന നിലവിളികള്‍ ലോകത്തിന്റെ കണ്ണ് നനക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി . കൊടും ദാരിദ്രത്തിനു പുറമേ രോഗങ്ങളും കൂടി ആഫ്രിക്കന്‍ രാജ്യങ്ങളെ പിടി മുറുക്കുകയാണ് . ഇപ്പോള്‍ എബോളയും ഉറക്കം കെടുത്തുന്നു .
ലോകജനസംഖ്യയില്‍ ആറിലൊന്നോളം കടുത്ത വിശപ്പിന്റെ നിഴലിലാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ജനപ്പെരുപ്പത്തിന്റെ ഫലമായി ഓരോ വര്‍ഷവും എട്ടു കോടി പേര്‍ക്കാണു കൂടുതലായി ഭക്ഷണം വേണ്ടിവരുന്നത്‌. വികസ്വര രാജ്യങ്ങളില്‍ ഈ നൂറ്റാണ്ടു പകുതിയോടെ പട്ടിണിയിലേക്ക്‌ നീങ്ങും .
ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ കണക്കനുസരിച്ച്‌ പട്ടിണിയിലേക്ക്‌ നീങ്ങുന്ന  മനുഷ്യരുടെ എണ്ണം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്‌. 2008ല്‍ ഇത്‌ 8.5 കോടി ആയിരുന്നെങ്കില്‍ 2010 ഓടെ 9.25 കോടിയായി ഉയര്‍ന്നു.
2015 ഓടെ ലോകത്തില്‍ പട്ടിണിയനുഭവിക്കുന്ന ജനങ്ങളുടെ അനുപാതം പകുതിയായി കുറയ്‌ക്കുക എന്നതാണ്‌ ഐക്യരാഷ്‌ട്രസംഘടനയുടെ ഒരു ലക്ഷ്യം. എന്നാല്‍ ഭക്ഷ്യപ്രതിസന്ധിയും പോഷകാഹാരക്കുറവും ഇതിനു വിലങ്ങുതടിയകുന്നു .
ലോകത്തില്‍ ഉദ്പാദിപ്പിക്കപ്പെടുന്ന പോഷകാഹാരങ്ങളുടെ അറുപതു ശതമാനത്തില്‍ ഏറെയും ഉപയോഗിക്കുന്നത് വികസിത രാജ്യങ്ങള്‍ ആണ് . അവയിലെ ജനസംഖ്യയാകട്ടെ വെറും മുപ്പതു ശതമാനവും . ഏറ്റവും കൂടുതല്‍ പേര്‍ ദാരിദ്രം അനുഭവിക്കുന്ന അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ഭക്ഷണം വലിചെറിയപ്പെടുന്നതും. സമ്പന്നരും സര്‍ക്കാരും സാധാരണക്കാരനില്‍ നിന്ന് ഏറെ അകലത്തില്‍ ജീവിക്കുന്ന അവസ്ഥയാണു ഇവിടെ .
ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിന്റെ മൂന്നില്‍ ഒരു ഭാഗം പാഴായി പോകുന്നു . ലോകത്ത് ഓരോ വര്‍ഷവും ഉത്പാദിപ്പികപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ 25-33 ശതമാനം, അതായത് ഏതാണ്ട് 4൦൦ കോടി ടന്‍ ഭക്ഷണം പഴാവുന്നു എന്ന് ലോകബാങ്ക് നടത്തിയ പഠനത്തില്‍  വ്യക്തമാണ്  . ആകെ പാഴാവുന്ന ഭക്ഷണത്തിന്റെ 56 ശതമാനവുo വികസിത് രാജ്യങ്ങളിലാണ് . അമേരിക്കയും കാനഡയുമാണ് ഇകാര്യത്തില്‍ മുന്നില്‍ . 2൦5൦ ആകുമ്പോള്‍ ലോക ജനസംഖ്യ ആയിരം കോടി തികയുമെന്നാണ് കണക്കുകള്‍ . ഇത്രയും ജനങ്ങളുടെ വിശപ്പകറ്റാന്‍ ലോകത്തിന്റെ കൂട്ടായ ശ്രമമാണ് ആവശ്യം .
കുടുംബ കൃഷി അല്പമെങ്കിലും പ്രാബല്യത്തില്‍ വരുത്തിയ റഷ്യ , ക്യുബ , ബ്രസീല്‍ , ഉക്രൈന്‍ തുടങ്ങി ചില രാജ്യങ്ങളില്‍ ദാരിദ്രവും താരതമ്യേന കുറവാണ് .
റഷ്യയിലെ മൊത്തം കാര്‍ഷിക ഉത്പാദനത്തിന്റെ 56 ശതമാനവും കുടുംബ കൃഷിയില്‍ അധിഷ്ട്ടിതമാണ്‌ . മൊത്തം കൃഷിയില്‍ ഭുരിഭാഗവും പച്ചക്കറികളാണ് , 55 ശതമാനം പാലും 39 ശതമാനം മാസവും ആണ് .
ബ്രസീലിലും  ഭുരിഭാഗവും പച്ചക്കറി – പഴവര്‍ഗ ഉത്പാദനമാണ് . 67 ശതമാനം ആട്ടിന്‍ പാലും  58 ശതമാനം പശുവിന്‍ പാലും  ഉത്പാദിപ്പിക്കുന്നു  . 59 ശതമാനം പന്നിയിറച്ചി , 5൦ ശതമാനം കോഴിയിറച്ചി 46 ശതമാനം ധാന്യങ്ങള്‍ 38 ശതമാനം കാപ്പി 33.8 ശതമാനം അരി എന്നിങ്ങനെ ആണ് ഉത്പാദനം .
ക്യുബയിലാകട്ടെ ഉത്പാദനത്തിന്റെ സിംഹഭാഗവും പഴങ്ങളാണ് .8൦ ശതമാനം ധാന്യങ്ങള്‍ ആണ്. 75 ശതമാനം ഇറച്ചിക്കും 65 ശതമാനം പച്ചക്കറിക്കും 55 ശതമാനം പാലിനും 35 ശതമാനം അരിക്കും നീക്കി വച്ചിരിക്കുന്നു .
ഉക്രൈനിലും ഭുരിഭാഗവും നീക്കി വച്ചിരിക്കുന്നത് പച്ചക്കറി കൃഷിക്ക് തന്നെയാണ് , തേന്‍ , പഴവര്‍ഗങ്ങള്‍ , പാല്‍ എന്നിവയാണ് പ്രധാന ഉത്പാദനങ്ങള്‍ .
ഇത്തരം രാജ്യങ്ങളില്‍ എല്ലാ തരം ഭക്ഷ്യ വസ്തുക്കളും ഒരു പ്രത്യേകാനുപാദത്തില്‍ വികസിപ്പിചെടുക്കുന്നു . എന്നാല്‍ ഇന്ത്യയടക്കം പല രാജ്യങ്ങലിലെയും കൃഷി രീതികള്‍ അങ്ങനെയല്ല . ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് കുടുംബസമേതം കൃഷി എന്നാ ആശയം ലോകത്തിനു അന്നം നല്‍കുന്നതില്‍ എത്രത്തോളം പങ്കു വഹിക്കും എന്നത് തന്നെയാണ് .
ഗ്രൈന്‍ (GRAIN) ന്റെ റിപ്പോര്‍ട്ട് പ്രകാരം മണ്ണിനെ സ്നേഹിച്ചു, മനസിലാക്കി കൂടുതല്‍ ഗുണകരമായി കൃഷി ചെയുന്നത് ചെറുകിട കര്ഷകര്‍ ആണ്  . ഇക്കാര്യത്തില്‍ വലിയ കോര്പരെറ്റ് കാര്‍ഷകാര്‍ ഏറെ പിന്നിലാണ്. ലാഭം മാത്രമാണ് ഇവരുടെ ലക്‌ഷ്യം . എന്നാല്‍ ഇത്തരം വന്‍ കിട കര്‍ഷകരുടെ പക്കല്‍ നൂതന ടെകനോളജികള്‍ ഉണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ് .
കെനിയയുടെ മൊത്തം കൃഷി ഭുമി ഇത്തരത്തില്‍ ചെറുകിട കര്‍ഷകരുടെ കൈവശം എത്തിച്ചാല്‍ രാജ്യത്തെ  ഭക്ഷ്യോത്പാദനം ഇരട്ടിയാക്കാം , മധ്യ അമേരിക്കയില്‍ ഇത് മൂന്നിരട്ടിയും റഷ്യയില്‍ ഇത് ആരിരട്ടിയും ആക്കാം എന്ന് ഗ്രൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു . പക്ഷെ നിര്‍ഭാഗ്യകരമായ  വസ്തുത ഓരോ രാജ്യത്തെയും കൃഷി ഭുമിയില്‍ മുക്കാല്‍ ഭാഗവും ഇത്തരം കോര്പരെട്ടുകളുടെ കൈവശമാണ് എന്നതാണു . കഴിഞ്ഞ അമ്പതു വര്‍ഷമായി ചൈനയിലെ കൃഷി ഭുമിയില്‍ ഭുരിഭാഗവും സോയാബീന്‍ , പാം ഓയില്‍, കരിമ്പ് എന്നിവ മാത്രമാണ്  എന്ന് ഗ്രൈന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു . 842 മില്ല്യന്‍ ജനങ്ങള്‍ കൊടും വിശപ്പും പോഷകാഹാര കുറവും അനുഭവിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട് .

കാര്‍ഷികരാജ്യമായ ഇന്ത്യയുടെ അവസ്‌ഥയും വ്യത്യസ്‌തമല്ല. ഇതിനു പുറമെയാണ് ആഗോളതാപനവും കാലാവസ്‌ഥാ വ്യതിയാനങ്ങളും കൊടുംവരള്‍ച്ചയുമൊക്കെ സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങള്‍. താപനിലയിലുണ്ടാവുന്ന ചെറിയ വര്‍ധനപോലും നെല്ല്‌, ഗോതമ്പ്‌ തുടങ്ങിയവയുടെ ഉല്‍പാദനത്തെ ബാധിക്കും.
ജൈവ വൈവിധ്യ നാശം , ജൈവ സമ്പത്തിന്റെ മോഷണവും ചൂഷണവും എല്ലാം കാര്‍ഷിക രംഗത്തെ ഉലക്കുന്നുണ്ട്‌ . നമ്മുടെ പരമ്പരാഗത കൃഷി വിത്തുകളുടെ പെറ്റന്റുകള്‍ വരെ സ്വന്തമാക്കാന്‍ പല വന്‍കിട കമ്പനികളും നടത്തുന്ന മത്സരങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത് . ബസ്‌മതി അരിക്ക്‌ റൈസ്‌ടെക്‌ എന്ന വിദേശ കമ്പനി പേറ്റന്റ്‌ എടുത്തതു വിവാദമായത് അടുത്തിടെയാണ് .

ഭക്ഷ്യപ്രതിസന്ധിയും ഭക്ഷ്യവിലസൂചികയിലെ ചാഞ്ചാട്ടങ്ങളും വികസ്വരരാജ്യങ്ങളിലെ പാവങ്ങളെയാണ്‌ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌. ലോകബാങ്ക്‌ റിപ്പോര്‍ട്ടനുസരിച്ച്‌ 2010-2011 കാലത്തുണ്ടായ ഭക്ഷ്യവിലവര്‍ധന ഏതാണ്ട്‌ ഏഴു കോടിയോളം ജനങ്ങളെയാണ്‌ കൊടുംപട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടത്‌.
ഭക്ഷ്യോത്പാദനം കൂട്ടണം എന്നത് പച്ചയായ സത്യമാണ് , ആവശ്യവുമാണ് എന്നാല്‍ അതിനായി ജനിതക മാറ്റം വരുത്തിയ വിത്തുകളും രാസ വസ്തുക്കളും കണക്കറ്റ് ഉപയോഗിക്കുകയും അതിലൂടെ ലാഭം മാത്രം നേടാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ നാളെയെ കുറിച്ച് ഒട്ടും ബോധാമില്ലാതതവരാന് . ഇത്തരം പ്രവര്തികളിലൂടെ ഉണ്ടായ ദുരതങ്ങളും ദുരിതങ്ങളും ലോകം കണ്ടുകൊണ്ടിരിക്കുകയാണ്  .
ഇന്ത്യയില്‍ അനുദിനം കുറഞ്ഞു വരികയാണ് കൃഷി ഭുമികള്‍ , ലാഭം ലഭിക്കുന്ന കാര്‍ഷിക വിളകളുടെ ഉത്പാദനം , കയറ്റുമതി എന്നിവക്ക്പുറമെ ആവശ്യമുള്ള വസ്തുക്കള്‍ ഉത്പാദിപ്പിക്കെണ്ടതുണ്ട് . റബര്‍ സംഭരിക്കുന്ന മികവില്‍ , അതിനു നല്‍കുന്ന പ്രാധാന്യത്തില്‍ നെല്ലോ ഗോതമ്പോ സംഭരിചിരുന്നെങ്കില്‍ അന്യം നിന്ന് പോകുന്ന പാടശേഖരങ്ങള്‍  ഉണ്ടാകില്ലായിരുന്നു  . കേരളത്തില്‍ കൃഷിഭുമിയെ ഇല്ലെന്നു പറയാം . ഇന്ത്യയില്‍ ഒരു ഭക്ഷ്യ ക്ഷാമം വന്നാല്‍  ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തെ ആയിരിക്കും . സ്വന്തമായി അധ്വാനിക്കാതെ , വിശപ്പറിയാതെ ഇത്രയും അലക്ഷ്യവും അനാദരവുമായി ഭക്ഷണം പാഴാക്കുന്ന മാറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ല . തൊഴിലില്ലായ്മയില്‍ നിന്ന് കരകയറാന്‍ പ്രവാസിയാകാന്‍ ഒരുങ്ങുന്നവര്‍ അക്കര പച്ച കണ്ടു ഭ്രമിക്കുകയാണ് . പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഞാന്‍ ഉണ്ണും എന്നതാണു മലയാളിയുടെ നിലവിലെ അവസ്ഥ . അത് മാറേണ്ടത് അനിവാര്യമാണു .
ഭക്ഷ്യ കാര്‍ഷികസംഘടന
യുഎന്നിന്റെ ഫുഡ്‌ ആന്‍ഡ്‌ അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്‌എഒ) ആണ്‌ ലോകഭക്ഷ്യദിനാചരണത്തിനു നേതൃത്വം നല്‍കുന്നത്‌. 1945 ഒക്‌ടോബര്‍ 16നാണ്‌ ഭക്ഷ്യ കാര്‍ഷികസംഘടന നിലവില്‍ വന്നത്‌. അതുകൊണ്ട് 1979ല്‍ ചേര്‍ന്ന എഫ്‌എഒ യോഗത്തില്‍ ഒക്‌ടോബര്‍ 16 ലോകഭക്ഷ്യദിനമായി ആചരിക്കാനുള്ള തീരുമാനമുണ്ടായി . റോം ആണ്‌ സംഘടനയുടെ ആസ്‌ഥാനം. ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിക്കാനായി രാജ്യാന്തരതലത്തില്‍ കാര്‍ഷികരംഗത്തിനു പ്രോല്‍സാഹനം നല്‍കുക, വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ ഭക്ഷ്യരംഗവുമായി ബന്ധപ്പെട്ട സാമ്പത്തിക, സാങ്കേതിക സഹകരണം ഉറപ്പുവരുത്തുക, ഭക്ഷ്യസുരക്ഷ കൈവരിക്കാനുള്ള ശ്രമങ്ങളില്‍ സ്‌ത്രീകളുടെയും മൂന്നാം ലോകരാജ്യങ്ങളിലെ താഴെത്തട്ടിലുള്ള ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക, വികസ്വര രാജ്യങ്ങള്‍ക്കു സാങ്കേതികവിദ്യ കൈമാറുന്നതു പ്രോല്‍സാഹിപ്പിക്കുക, പട്ടിണിയും പോഷകാഹാരക്കുറവും ദാരിദ്ര്യവും നിര്‍മാര്‍ജനം ചെയ്യാനുള്ള യജ്‌ഞങ്ങളില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക, ഭക്ഷ്യകാര്‍ഷിക മേഖലയിലെ നേട്ടങ്ങള്‍ക്കു കൂടുതല്‍ ഊന്നല്‍ നല്‍കുക എന്നിവയൊക്കെയാണ്‌ ഭക്ഷ്യദിനത്തിന്റെ ലക്ഷ്യങ്ങള്‍.

ഭക്ഷ്യകാര്‍ഷിക രംഗത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന്‌ സര്‍ക്കാരുകള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്‌. എല്ലാ പ്രകൃതി വിഭവങ്ങളും നമ്മുടെ വരും തല മുറക്ക് കൂടി അവകാശപ്പെട്ടതാണ് എന്നാ ബോധമാണ് ആദ്യം ഉണ്ടാകേണ്ടത് .
ഭക്ഷ്യരംഗത്തെ ഇത്തരം പ്രതിസന്ധികളെക്കുറിച്ച്‌ ആഗോളതലത്തില്‍ അവബോധമുണ്ടാക്കുകയും ഭക്ഷ്യസുരക്ഷിതത്വത്തിലേക്ക്‌ ലോകത്തെ എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ രൂപപ്പെടുത്തുക എന്നിവയാണ്  ഈ ദിനാചരണവിഷയം ലക്‌ഷ്യം വെക്കുന്നത് .

Saturday 11 October 2014

ഒരു ജന്മദിനാശംസ .................

എന്റെ ,

ഇണക്കത്തിന്റെ ,
പിണക്കത്തിന്റെ ,
താന്തോന്നിതരങ്ങളുടെ ,
വികൃതിയുടെ ,
കുറുമ്പിന്റെ,
കുശുമ്പിന്റെ ,
പൊട്ടിത്തെറികളുടെ,
പരിഭവങ്ങളുടെ ,
പരാതികളുടെ  ,
അനുമതികളുടെ ,
അംഗീകാരത്തിന്റെ ,
ഊഷ്മളതയുടെ,
സ്നേഹത്തിന്റെ ,
സര്‍വോപരി സാഹോദര്യത്തിന്റെ അവസാനവാക്കായ .....
സ്വകാര്യ  അഹങ്കാരമായ .......
എന്റെ എട്ടച്ചാരുടെ പിറന്നാളാണ് ഇന്ന് ..... എന്നും എന്നും എന്റെ കൂടെ ഉണ്ടാകാന്‍ ,...........(എന്നെ സഹിക്കാന്‍, സന്തോഷിപ്പിക്കാന്‍ , ഉപദേശിക്കാന്‍ , ശാസിക്കാന്‍ , കൈപിടിച്ച് നടത്താന്‍ , കണ്ണ് തുടക്കാന്‍ ) കൂടെയുണ്ടാകട്ടെ ...... ആയുരാരോഗ്യ സൌഖ്യം നേരുന്നു ..................












………………………….കാരണം ഞാന്‍ ഒരു പെണ്‍കുട്ടിയാണ്



കൊച്ചി 11 ഒക്ടോബര്‍ ;  “........ അന്ന് എന്നെ കൊന്നു കളയാന്‍ അമ്മയോട് ഒരു ബന്ധു ആവശ്യപ്പെട്ടു  , കാരണം ഞാന്‍ ഒരു പെണ്‍കുട്ടിയാണ് . പക്ഷെ കടുത്ത എതിര്‍പ്പുകളെ അവഗണിച്ചു അമ്മ എന്നെ ജീവനും സംരക്ഷണവും പ്രോത്സാഹനവും നല്‍കി വളര്‍ത്തി. അതിനാല്‍ ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നു” കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിയും അഭിനേത്രിയുമായ സ്മൃതി ഇറാനി.
രാജ്യാന്തരതലത്തില്‍ പെണ്‍കുട്ടികളുടെ അവകാശസംരക്ഷണത്തെക്കുറിച്ച്‌ ഒര്‍മപ്പെടുത്തുന്നതിനാണ്‌ ഐക്യരാഷ്‌ട്ര സംഘടന ഒക്‌ടോബര്‍ 11 പെണ്‍കുട്ടികളുടെ ദിനമായി പ്രഖ്യാപിച്ചിട്ടുള്ളത്‌. കൗമാരക്കാരുടെ ശാക്‌തീകരണവും പീഡനചക്രത്തിന്റെ അവസാനവും എന്നതാണ്‌ ഈ വര്‍ഷത്തെ പ്രമേയം
സ്ത്രീ മാനിക്കപ്പെടണമെന്ന് വിളിച്ചോതുന്ന ആര്‍ഷ ഭാരത സംസ്കാരo നഷ്ട്ടമായിട്ടു കാലങ്ങളായി . ഇന്ത്യയില്‍ ഒരു പെണ്‍കുട്ടിയെങ്കിലും ക്രൂരമായി പീഡിപ്പിക്കപെടാത്ത ഒരു ദിവസം പോലും ഇല്ലെന്നതു പച്ചയായ യാഥാര്‍ത്ഥ്യം ! 
ഭ്രുനഹത്യയും , ശിശു മരണവും , വിദ്യാഭ്യാസ നിഷേധവും , ശൈശവ വിവാഹവും ലൈംഗിക ചൂഷണവും വരെ എത്തി നില്‍ക്കുന്നു അവളോടുള്ള ക്രൂരത .
വളയിട്ട കൈകള്‍ ഭരണ ചക്രം തിരിച്ചിട്ടുണ്ട് , രാഷ്ട്രപതിയും പ്രധാനാമാന്ത്രിയുമായി ഭാരതത്തില്‍ ... ഭാരത സ്ത്രീകള്‍ എത്തിപ്പിടിക്കാത്ത മേഖലകള്‍ ഇല്ല, എന്നാല്‍ വിരിയും മുന്‍പേ കൊഴിഞ്ഞടിയുന്ന പൂവുകളാണ് ഇന്നെറെയും .

കുറെ അരുതുകള്‍ കേട്ടാണ് ഓരോ പെണ്‍കുട്ടിയും ഭുമിയിലേക്ക് പിറന്നു വീഴുന്നത് തന്നെ . ആഹാരo , വസ്ത്രo  തുടങ്ങി പ്രാഥമിക ആവശ്യങ്ങള്‍  മുതല്‍ ജീവിക്കാനുള്ള അവകാശം വരെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ് ഇവിടെ പെണ്‍കുട്ടികള്‍ .  സഞ്ചാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന തെരുവുകള്‍ .. ഇരുളിലും പകലിലും വിടാതെ പിന്തുടരുന്ന കഴുകന്‍ കണ്ണുകള്‍ .. പെണ്‍കുട്ടികളുടെ പേടി സ്വപ്നമാവുകയാണ് ഇന്ത്യ ...
ദില്ലിയിലെ നിര്‍ഭയ കൊടും പീഡനതിനു ഇരയായി കൊല്ലപ്പെട്ടതു  ലോകം മുഴുവന്‍ ഞെട്ടലോടെയാണ് കേട്ടത് എന്നാല്‍ രണ്ടു വയസുകാരി നാടോടി ബാലികയെ ക്രൂരമായി പീഡിപ്പിച്ചത് അഭ്യസ്ത വിദ്യരെന്നു ഊറ്റം കൊള്ളുന്ന കേരളതിലാണ് .
പെണ്‍കുട്ടികളെ ഉപഭോഗ വസ്തുവായി മാത്രം  കാണുന്ന അവസ്ഥയിലേക്ക് തരം  താഴ്തപ്പെട്ടിരിക്കുന്നു സമൂഹം  . ഗുരുവിനെ ദൈവതിലുപരിയായി കാണുന്ന ഭാരതത്തില്‍  അടുത്തിടെയാണ് ബാംഗ്ലൂരില്‍ ആര് വയസുകാരി അധ്യാപകരുടെ  ക്രൂരമായ ലൈംഗിക പീഡനത്തിനിരയകുനത് . സ്കൂളുകളില്‍ വര്‍ധിച്ചു വരുന്ന ലൈംഗിക പീഡനങ്ങള്‍ , പീഡന ശ്രമങ്ങള്‍ എല്ലാം എങ്ങോട്ടാണ് വിരല്‍ ചൂണ്ടുന്നത് ?
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായുള്ള മലാല യൂസഫ്‌സായ്‌യുടെ പോരാട്ടം നൊബേല്‍ സമ്മാനത്തിന്‌ അര്‍ഹമായതിന്റെ പിറ്റേന്നാണ്‌ ഇക്കുറി പെണ്‍കുട്ടികളുടെ ദിനം.
സ്വന്തം അച്ഛനാലും ഗുരുവിനാലും സഹോദരനാലും ബന്ധുവിനാലും ഒക്കെയാണ് പെണ്‍കുട്ടികള്‍ ഏറ്റവും അധികം പീഡിപ്പിക്കപ്പെടുന്നത് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്  .
ഇന്ത്യയില്‍ അമ്മമാരും രണ്ടാനമ്മമാരുമാണ് പെണ്‍കുട്ടികളെ ഏറ്റവും കൂടുതല്‍ ശാരീരികമായി ഉപദ്രവിക്കുന്നത് എന്ന് കഴിഞ്ഞ മാസം യുനിസെഫ്‌ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു . മര്യാദ പഠിപ്പിക്കാന്‍ ക്രൂരമായ ശിക്ഷകള്‍ വരെ കൊടുക്കുന്നു . 15 നും 19 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 41 ശതമാനം പേരും അമ്മമാരുടെയും രണ്ടാനമ്മമാര്ടെയും  കൈയില്‍ നിന്ന് ശാരീരിക ഉപദ്രവങ്ങള്‍ ഏറ്റു വാങ്ങുന്നു . എന്നാല്‍ അച്ഛന്മാരാലോ  രണ്ടാനച്ചന്മാരാലോ  ഉപദ്രവിക്കപ്പെടുന്നവര്‍  വെറും 18 ശതമാനo  മാത്രമാണ് . 19൦ രാജ്യങ്ങളില്‍ യുനിസെഫ്‌ നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്  . 25 ശതമാനം പേര്‍ സഹോദരങ്ങളില്‍ നിന്നും ദേഹോപദ്രവം സഹിക്കുംപോള്‍  വിവാഹിതരായ പെണ്‍കുട്ടികളില്‍ 33 ശതമാനം പേര്‍ ഭര്‍ത്താവില്‍ നിന്നും പീഡനം എല്ക്കുന്നു . എന്നാല്‍  ഒരു ശതമാനത്തിന്  മാത്രമാണ് അമ്മായിഅമ്മയുടെ അടുത്ത് നിന്ന് ദേഹോപദ്രവം ഏല്‍ക്കേണ്ടി വരുന്നവര്‍ .
ഇന്ത്യയില്‍ 77 ശതമാനം പെണ്‍കുട്ടികളെയും ഭര്‍ത്താവോ   അച്ഛനോ  ബന്ധുക്കളോ അധ്യാപകനോ  ലൈംഗികമായി  ചൂഷണം ചെയ്യുന്നു .  3 ശതാമാനം പെണ്‍കുട്ടികള്‍ കാമുകന്മാരാലും 3 ശതമാനം അപരിചിതരാലും ഉപദ്രവിക്കപ്പെടുന്നു ..
സര്‍ക്കാരുകള്‍ക്കോ മാതാപിതാക്കള്‍ക്കോ ഈ അസുഖകരമായ വസ്തുത അറിയാന്‍ വലിയ താല്പര്യമില്ലെന്ന് യുനിസേഫ് ഡയരക്ടര്‍ ആന്റണി ലേക്ക് അന്ന് പറഞ്ഞിരുന്നു . പക്ഷെ ഈ കണക്കുകള്‍ ഞെട്ടിക്കുന്ന സത്യങ്ങള്‍ ആണെന്നും ഒരു കുഞ്ഞിന്റെ ജീവിതം സുരക്ഷിതവും സംരക്ഷിതവും ആകേണ്ടത് അവളുടെ അവകാശമാണെന്നും അദ്ദേഹം പറയുന്നു .  
“അപരിചിതരാല്‍ ലൈംഗിക ചൂഷണം നേരിടേണ്ടി വരുന്നവയാണ് കൂടുതലായും മാധ്യമങ്ങളില്‍ വരുന്നത് . ആ കണക്കുകള്‍ തന്നെ ഞെട്ടിക്കുന്നതാന് . അപ്പോള്‍ അടുപ്പമുള്ളവരാല്‍ ചൂഷണം ചെയ്യപ്പെടുന്നവരുടെ കണക്കുകള്‍ എത്രയായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും ആകില്ല . അവയില്‍ മിക്കതും കോടതികളില്‍ പോലും എത്തുന്നില്ല . പുറത്തു പറയാനുള്ള ഭയവും ജാള്യതയും ഭാവിയെ കരുതിയുള്ള ആശങ്കയും എല്ലാം ഇതിനൊരു കാരണമാണ് . കുടുംബത്തിന്റെ കേട്ടുരപ്പുകള്‍ തകരാതിരിക്കാന്‍ , സമൂഹത്തില്‍ ഇതുവരെ ഉണ്ടായിരുന്ന മാന്യത കത്ത് സൂക്ഷിക്കാന്‍ , ചേച്ചിയുടെയോ അമ്മയുടെയോ ബന്ധുവിന്റെയോ ഒക്കെ കുടുംബ ജീവിതം തകര്‍ന്നു പോകാതിരിക്കാന്‍ ഒക്കെ നിശബ്ദമായി സഹിക്കുന്ന എത്രയോ ആയിരം പെണ്‍കുട്ടികള്‍ ഉണ്ട് .. നിശബ്ദമായ നിലവിളികള്‍ ആരും കേള്‍ക്കുന്നില്ലെന്നു മാത്രം” ഹൈക്കോടതി അഭിഭാഷകയായ അനില

ഇന്ത്യയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും അവര്‍ക്ക് വേണ്ടി ശബ്ദമുയര്ത്താനും നിരവധി സംഘടനകള്‍ ഉണ്ടെങ്കിലും പെണ് കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരുമില്ലെന്നു തന്നെ പറയാം . ഇന്ത്യയില്‍ നിലവില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ എന്നതു  വൈവാഹിക ഗാര്‍ഹിക പീഡനങ്ങളും ലൈംഗികാധിക്രമങ്ങളും മാത്രമായി ചുരുങ്ങിയിരിക്കുകയാണ് . എന്നാല്‍ അതിലും ദയനീയമായ ഒട്ടനവധി ശാരീരിക മാനസിക ലൈംഗിക ചൂഷണങ്ങള്‍ കൊച്ചു കുട്ടികള്‍ അനുഭവിക്കുന്നു എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചു കൂട.
കേരളത്തിലെ അവസ്ഥയും മറിച്ചല്ല , വയനാട്ടിലും  നിലമ്പൂരിലും  അട്ടപ്പാടിയിലും  ഉയരുന്ന അവിവാഹിതരായ ആദിവാസി അമ്മമാരുടെ നിശ്വാസങ്ങള്‍ക്ക് ആര് സമാധാനം പറയും ? അമ്മയും മക്കളും തമ്മില്‍ പത്തോ പതിനച്ചോ വയസില്‍ കൂടുതല്‍ വ്യത്യാസമില്ലാത്ത ദയനീയാവസ്ഥ .. മിക്കവാറും അച്ഛനെ കണ്ടിട്ടില്ല .. അച്ഛനാരെന്നു അറിയില്ല .... അമ്മമാര്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കാന്‍ സാധ്യമല്ലാത്ത നിസായത....
“വിദ്യാഭ്യാസമോ വൃത്തിയോ നല്ല ജീവിത സാഹചര്യമോ , മരുന്നോ ഭക്ഷണമോ ഒന്നും  ഇല്ലാത്ത ഒരു വല്ലാത്ത ജീവിതമാണ് മിക്ക പെണ്‍കുട്ടികള്‍ക്കും ആദിവാസി ഊരുകളില്‍ .. സര്‍ക്കാരിന്റെ ധാരാളം പദ്ധതികള്‍ ഉണ്ടെങ്കിലും ഇതേ കുറിച്ച് അവബോധം ഇല്ല.  വിദ്യാഭ്യാസമില്ലത്ത്തത് മൂലം ചൂഷണം ചെയ്തിടത്ത് നിന്ന് വീണ്ടും വീണ്ടും  ചൂഷണം ചെയ്യപ്പെടുന്നു . പല പദ്ധതികളും ഊരുകാണാതെ മടങ്ങും” സാമൂഹ്യ പ്രവര്‍ത്തകയും അധ്യാപികയുമായ ശാന്തി ജോസ് .
ആചാരതിന്റെയോ നാട്ടുനടപ്പിന്റെയോ എന്തിന്റെ പേരിലായാലും ശൈശവവിവാഹം മാനഭംഗത്തിന്‌ തുല്യമാണെന്ന്‌ സുപ്രീംകോടതി . രണ്ടു കോടി നാല്‍പത്‌ ലക്ഷത്തിലധികം ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുള്ള ഇന്ത്യയാണ്‌ ലോകത്ത്‌ ഏറ്റവുമധികം ശൈശവവിവാഹം നടക്കുന്ന രാജ്യങ്ങളില്‍ ഒന്ന് . ശൈശവ വിവാഹത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമെന്ന്   യു.എൻ റിപ്പോർട്ട്. ആദ്യ സ്ഥാനം ബംഗ്ലാദേശിനാണ്. അവിടെ മൂന്നിൽ രണ്ട് വിവാഹങ്ങളിലും പെൺകുട്ടികൾ 18 വയസ്സിനു താഴെയുള്ളവരായിരിക്കും. ഇന്ത്യയ്ക്ക് പിന്നിലാണ്  നേപ്പാളിന്റെയും അഫ്ഗാനിസ്ഥാന്റെയും സ്ഥാനം. ഇന്ത്യയിൽ  2000 മുതൽ 2012 വരെയുള്ള കാലയളവിൽ  ജനനം രജിസ്റ്റർ ചെയ്യാത്ത അഞ്ച് വയസിൽ താഴെയുള്ള ലക്ഷക്കണക്കിന് കുട്ടികൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്. ജനനം രജിസ്റ്റർ ചെയ്യുന്നതിൽ ഇന്ത്യയിൽ മതവും ഒരു പ്രധാന ഘടകമാകമാണ്. മുസ്ലീങ്ങൾ 39 ശതമാനം ജനനം രജിസ്റ്റർ ചെയ്യുമ്പോർ ഹിന്ദുക്കളിൽ അത് 40 ശതമാനമാണ്.ജൈനർ  87 ശതമാനം ജനനവും  രജിസ്റ്റർ ചെയ്യുന്നുണ്ട്.
ലോകത്ത് പത്തിൽ ഒരു പെൺകുട്ടി വീതം ലൈംഗിക പീഡനത്തിന് ഇരയാവുന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.   2012ൽ മാത്രം ലാറ്റിൻ അമേരിക്കയിലും കരീബിയൻ രാജ്യങ്ങളിലും 95,000 കുട്ടികൾ കൊല്ലപ്പെട്ടതായും ആഗോള തലത്തിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇരുപത് വയസിൽ താഴെയുള്ള പെൺകുട്ടികളാണ് കൂടുതലായും പീഡനത്തിന് ഇരയാകുന്നത്. ഇരുപത് വയസ്സിന് താഴെയുള്ള പന്ത്രണ്ട് കോടി കുട്ടികൾ നിർബന്ധിത ലൈംഗികവേഴ്ചയ്ക്ക് വിധേയരാകുന്നു. സ്വിറ്റ്‌സർലണ്ടിൽ മാത്രം  പതിനഞ്ചിനും 17നും ഇടയിൽ പ്രായമുള്ള 22 ശതമാനം പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയാവുന്നു.  രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ, പത്തിൽ ആറു പേരും  സംരക്ഷിക്കുന്നവരിൽ നിന്ന്  കടുത്ത ശാരീരിക പീഡനങ്ങൾ ഏൽക്കുന്നുണ്ട്. വലിയ തോതിൽ  ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ പലതും പുറത്ത് അറിയാതെ പോവുന്നതായും യുണിസെഫിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ്ങളും  പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇനിയും ഏറെ മുന്നോട്ട്‌ പോകേണ്ടിയിരിക്കുന്നു എന്ന്‌ ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു .
പെണ്‍കുട്ടികളെ ശാക്തീകരിക്കെണ്ടതു ആദ്യം വീട്ടില്‍ നിന്നും പിന്നെ വിദ്യാലയത്തില്‍ നിന്നും ആണ് . തങ്ങള്‍ക്കു ആവശ്യമുള്ളത് ചോദിക്കാനും അവകാശമുള്ളത് നേടിയെടുക്കാനും ആവശ്യ ഘട്ടങ്ങളില്‍ ശക്തമായി അരുതെന്ന് പറയാനും ആദ്യം അവരെ ശീലിപ്പിക്കണം . കുറെ അരുത് ഉപദേശങ്ങള്‍ക്കൊടുവില്‍ ... കാരണം നീ ഒരു പെണ് കുട്ടിയാണെന്ന് കൂടി ചെര്‍ക്കുന്ന അവസ്ഥയില്‍ നിന്ന് എന്നാണു എനിക്കിത് സാധിച്ചു കാരണം ഞാന്‍ ഒരു പെണ്‍കുട്ടിയാണെന്ന് അഭിമാനത്തോടെ അവള്‍ക്ക് പറയാനാകുക ?