Monday 23 November 2015

മൂന്നക്ഷരത്തില്‍ എരിയുന്ന സ്വപ്‌നങ്ങള്‍ ; മോഡേന്‍ ആകുന്ന വിവാഹ മോചനങ്ങള്‍



തിരുവനന്തപുരം ; വേഗതയേറിയ പുത്തന്‍ ലോകത്ത് എല്ലാം വിരല്‍ തുമ്പില്‍ ലഭ്യമാകുമ്പോള്‍ വിവാഹവും വിവാഹ മോചനവും ഒരു ചുവടു മാത്രം വ്യത്യാസത്തില്‍ സംഭവിക്കുകയാണ് . ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ദേശീയമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത : എന്‍ ആര്‍ ഐ യുവാക്കള്‍ വ്യാപകമായി വിവാഹമോചനം നടത്തുന്നു അതും വാട്സ് അപ് വഴി ! 21 വയസുകാരിക്ക് ഭര്‍ത്താവ്തലാഖ് നല്‍കിയത് വാട്സ് അപ്പിലൂടെ . വിവാഹം കഴിഞ്ഞ് പത്തു ദിവസത്തിന്ശേഷം വധുവിന്റെ പഠനം തുടരുന്നതിന് നാട്ടില്‍ നിര്‍ത്തിയ ശേഷം വരന്‍ ദുബായിക്ക് പോയി . മൂന്നു ആഴ്ചക്ക് ശേഷം തലാഖ് മൊബൈല്‍ ഫോണ്‍ വഴി വന്നു .വാട്സ് അപ് ഗ്രൂപ്പ് സന്ദേശത്തില്‍ വരന്‍ പറയുന്നത് ഇങ്ങനെ അവള്‍
ഉപയോഗിക്കപ്പെട്ട ഒരു ആപ്പിള്‍ ആണ് എനിക്കിനി അവളെ വേണ്ട , ഇനി ആര്‍ക്കും വേണ്ടി വരികയും ഇല്ല” . സംഭവം  വനിതാ കമ്മിഷന്റെ മുന്നിലെത്തി .
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പത്തു ലക്ഷം രൂപയായും എണ്‍പത് പവന്‍ സ്വര്‍ണമായും നല്‍കിയാണ്‌ വിവാഹം കഴിച്ചു നല്‍കിയത് എന്ന് വനിതാ
കമ്മിഷനില്‍ അറിയിച്ചു . തലാഖിനു ശേഷം ഭര്‍തൃ വീട്ടുകാര്‍ ഒഴിവാക്കിയതിനാല്‍ കുട്ടി സ്വന്തം വീട്ടില്‍ എത്തി . ദന്തല്‍ കോളേജിലെ പഠനവും നിന്നു എന്ന് കാണിച്ചു കോട്ടയത്ത് പാലായില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ പരാതി നല്‍കി . വൈക്കം സ്വദേശിയായ 27 കാരന്റെ വാട്സ് അപ് തലാഖില്‍ തീരുമാനം എടുക്കാന്‍ അയാള്‍ വിദേശത്ത് നിന്നും നാട്ടില്‍ വരണം . അതിനായി പോലിസ് സഹായം തേടിയിരിക്കുകയാണ് ഇപ്പോള്‍ വനിതാകമ്മിഷന്‍ . ഇരുവരെയും വിളിച്ചിരുത്തി കാര്യങ്ങള്‍ അന്വേഷിച്ചാല്‍ മാത്രം
പോര ഇത്തരം കേസുകളില്‍ മത പണ്ഡിതന്‍മാരുടെയും നിയമജ്ഞാരുടെയും അഭിപ്രായം കൂടി കണക്കില്‍ എടുക്കേണ്ടതുണ്ട്‌ . സാധാരണ കേസുകളില്‍ കോടതി നിയമങ്ങള്‍ മാത്രം നോക്കേണ്ടി വരുമ്പോള്‍ ഇവിടെ ശരീഅത്ത് നിയമങ്ങള്‍ കൂടി കടന്നു
വരുന്നു . മുസ്ലീം വിവാഹ മോചനങ്ങള്‍ മറ്റൊരു തലത്തില്‍ തന്നെയാണ് നടന്നു വരുന്നത് . എന്നാല്‍ ഇവിടെ നിയമത്തിന്റെ പാതയാണ് നീതിക്കായി പെണ്‍കുട്ടിയും വീട്ടുകാരും തെരഞ്ഞെടുത്തിരിക്കുന്നത് . ഇത് ഒരു വാര്‍ത്ത . എന്നാല്‍ ഇത് പോലെ പുറം ലോകം അറിയാതെ ഒട്ടനവധി വാട്സ് അപ് , ഫെസ്ബുക്ക്‌ , ഇമെയില്‍ വിവാഹ മോചനങ്ങള്‍ കേരളത്തിലും ഇന്ത്യയിലും നടന്നിട്ടുണ്ട് .
 മുസ്ലീം വിവാഹ മോചനങ്ങള്‍ ഈ കാലത്ത് ഏറി വരികയാണ് എന്ന് മുസ്ലീം ട്രൈബ്യുന്‍ . ഒ ആര്‍ ജി എന്ന വെബ്സൈറ്റ് പറയുന്നു . വിദേശ രാജ്യങ്ങളായ അമേരിക്ക , കാനഡ , ആസ്ട്രേലിയ , യു കെ തുടങ്ങിയ ഇടങ്ങളില്‍ മുസ്ലീം വിവാഹ മോചനങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ട് എന്നും അവയില്‍ ഭൂരിഭാഗവും ഇത്തരം ഓണ്‍ ലൈന്‍ വിവാഹ മോചനങ്ങള്‍ ആണെന്നും വെബ് സൈറ്റ് പറയുന്നു . വടക്കേ അമേരിക്കയില്‍ മുസ്ലീം വിവാഹ മോചനങ്ങള്‍ 31 ശതമായി വര്‍ദ്ധിച്ചിരിക്കുന്നു . കാലിഫോര്‍ണിയയിലാണ് ഏറ്റവും കൂടുതല്‍ ഓണ്‍ ലൈന്‍ വിവാഹ മോചനങ്ങള്‍ നടക്കുന്നത് . എന്നാല്‍ ഇതിനെക്കാളും ഒക്കെ ഭയപ്പെടെണ്ടാത് ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന വിവാഹ മോചനങ്ങള്‍ ആണ് എന്നും ഓണ്‍ ലൈന്‍ സേവനങ്ങള്‍ ധാരാളമായി ഉപയോഗപ്പെടുത്തി വിവാഹ മോചനങ്ങള്‍ എളുപ്പം നേടിയെടുക്കുന്നതില്‍ ഇന്ത്യക്കാര്‍ മുന്നെറിക്കൊണ്ടിരിക്കുകയാണ് എന്നും വെബ്സൈറ്റില്‍ പറയുന്നു .ഇതോടെ ധാര്‍മികമായ പക്വത വിവാഹം എന്നാ സംസ്കാരത്തില്‍ നശിച്ചു കൊണ്ടിരിക്കുകയാണ് എന്നും ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ ഇന്നത്തെ യുവാക്കള്‍ മറ്റു പലതിനും അമിത പ്രാധാന്യം നല്‍കുകയാണ് എന്നും ന്യൂ യോര്‍ക്ക്‌ സ്റ്റേറ്റ് യുണിവേഴ്സിറ്റിയിലെ സോഷ്യോളജി പ്രൊഫസര്‍ ഡോ ഇല്യാസ് ബാ യുനുസ് നടത്തിയ പഠനങ്ങളില്‍ പറയുന്നു.
സാമൂഹികവും സാംസ്കാരികവുമായ അപചയത്തിലേക്ക് നയിക്കുന്നതില്‍ വിവാഹ മോചനങ്ങള്‍ ഏറിയ പങ്കു വഹിക്കുന്നുണ്ട് . ഏതാനും അക്ഷരങ്ങള്‍ പെറുക്കി വച്ച ഒരു കുറിപ്പിലോ ഒരു മൊഴിയിലോ അവസാനിക്കുന്നതാണോ ഇസ്ലാമിക വിവാഹ മോചനങ്ങള്‍ ? ഒരാള്‍ മാത്രം നിശ്ചയിച്ച് തീരുമാനിക്കുന്നതാണോ വിവാഹ മോചനം ? വിവാഹത്തിന് ആചാരങ്ങളും അനുഷ്ടാനങ്ങളും നിയമവും കൊടുക്കല്‍ വാങ്ങലുകളും നടത്തുമ്പോള്‍വിവാഹ മോചനത്തിന് ഇതൊന്നും ബാധകമല്ല എന്നുണ്ടോ ?
 ഇല്ല /അല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് , ഇത്തരം അനീതികള്‍ക്കെതിരെ പോരാടുകയാണ് ഇന്നത്തെ വനിതകള്‍ . മുസ്ലീം മഹിളാ ആന്തോളന്‍എന്ന എന്‍ ജി ഒ ഈ വിഷയത്തില്‍ രാജ്യത്ത് പത്ത് സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വെയില്‍ ഈ മുത്തലാക്കിനെ എതിര്‍ക്കുകയും നീതിക്കായി കോടതിയെ സമീപിക്കുകയും ചെയ്യുമെന്നാണ് 92.1 ശതമാനം യുവതികളും അഭിപ്രായം അറിയിച്ചത്.
“വിവാഹം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള അഗാധമായ സൌഹൃദമാണ് . അത് പണത്തിന്റെയോ സൌന്ദര്യതിന്റെയോ മറ്റെന്തിന്റെയെങ്കിലും അടിസ്ഥാനത്തില്‍ മാത്രമാകുമ്പോഴാണ് ബന്ധങ്ങള്‍ക്ക് എളുപ്പം പുതുമ നഷ്ടപ്പെടുന്നത് . ദിവസങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടിയെ മടുത്തു എന്നും വിവാഹമോചനം നല്‍കിയിരിക്കുന്നു എന്നും പറയുക . അതും യാതൊരു അടിസ്ഥാനവുമില്ലാതെ വാട്സ് ആപ് പോലുള്ള മാധ്യമങ്ങള്‍ വഴി ! യുവാക്കളുടെ ഇത്തരം പ്രവണതകള്‍ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല . ഒരു സാധാരണ മനുഷ്യന് ഇങ്ങനെ ഒക്കെ ചെയ്യാന്‍ സാധിക്കുമോ എന്നതാണ് ഇപ്പോള്‍ സംശയം . വനിതാ കമ്മിഷന് മുന്നില്‍ എത്തിയ കുട്ടിക്ക്  കമ്മിഷന്‍ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തു നല്‍കണം എന്ന് തന്നെയാണ് പറയാനുള്ളത് . ഇത്തരത്തില്‍ സ്ത്രീയെ ഉപഭോഗ വസ്തു എന്നതിനപ്പുറം കാണാന്‍ സാധിക്കാത്ത പുരുഷന് തക്കതായ ശിക്ഷ നല്‍കണം” ---
ആക്ടിവിസ്റ്റ്  ശാന്തി സതീഷ്‌ പറഞ്ഞു .
മുന്‍പ് മുഖദാവില്‍ പറഞ്ഞിരുന്ന തലാഖുകള്‍ ഇപ്പോള്‍ വാക്കുകള്‍ പോലും ഇല്ലാതെ പുത്തന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ ആയ സ്കൈപ് , വാട്സ് അപ്പ് , ഇമെയില്‍ , ഫെസ് ബുക്ക്‌ എന്നിവയിലൂടെയായി . ഇതിനു എന്ത് ഔപചാരികതയാണ് ഉള്ളത് എന്ന് തിട്ടപ്പെടുത്തിയിട്ടില്ല . ഇത്തരം വിവാഹ
മോചനങ്ങള്‍ കേരളത്തില്‍ വര്ഷം തോറും വര്‍ദ്ധിച്ചു വരുന്നു എന്നതാണ് ആശങ്കാ ജനകമായ വസ്തുത .
ഇല്ലാ , സിഹാര്‍ എന്നിവ തലാഖിന്റെ വക ഭേദങ്ങള്‍ ആണ് . ഭര്‍ത്താവിനു ഭാര്യയെ സ്വന്തം താല്പര്യം അനുസരിച്ച് തലാഖ് ചെയ്യാം എന്നുണ്ട് . എന്നാല്‍ ഭാര്യക് ആ സ്വാതന്ത്ര്യം ഇല്ല . ഖുല , മുബാരത്ത് തുടങ്ങിയ വിഭാഗങ്ങളില്‍ ഭാര്യക്ക് വിവാഹ മോചനം തേടാം എന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട് എങ്കിലും ഈ വിഭാഗത്തിലെ വിവാഹ മോചനങ്ങള്‍ തുലോം കുറവാണ് .1939 നു മുന്‍പ് സ്ത്രീകള്‍ക്ക് വിവാഹ മോചനം അനുവദിച്ചിരുന്നില്ല . പീഡനം , മൃഗീയത , ഷന്ധത്വം എന്നി അവസ്ഥകളില്‍  മാത്രമാണ് സ്ത്രീകള്‍ക് വിവാഹ മോചനം അനുവദിച്ചിരുന്നത് എങ്കില്‍ പുരുഷന് ഏതൊരു നിസാര കാര്യത്തിനും തലാഖ് ലഭിക്കുമായിരുന്നു എന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ വെബ് സൈറ്റില്‍ പറയുന്നു .
വാട്സ് അപ്പ് വഴി തലാഖ് ചൊല്ലുന്നതിനെ ഒരു വിഭാഗം മുസ്ലീം മത നേതാക്കള്‍ ശക്തമായി എതിര്‍ക്കുമ്പോള്‍ ഒരു വിഭാഗം അനുകൂലിക്കുന്നുമുണ്ട് . വിവാഹ മോചനം എങ്ങനെ , ഏതു മാധ്യമത്തില്‍ കൂടിയായാലും സാധുതയുള്ളതാണ് . പുരുഷനും സ്ത്രീയും അവരുടെ കുടുംബാംഗങ്ങളും തമ്മില്‍ സംസാരിച്ച ശേഷം നടത്തുന്ന വിവാഹ മോചനം ആണ് സാധാരണ നടക്കുന്നത്.
അത് ഏതു മാധ്യമത്തില്‍ കൂടി വന്നു എന്നത് വിഷയമല്ല .ഈ വിഷയത്തില്‍ സ്ത്രീക്ക് എന്ത് അഭിപ്രായം ഉണ്ടായാലും ഭര്‍ത്താവിനു ഭാര്യയെ വേണ്ട എന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയാണ് എങ്കില്‍ വിവാഹമോചനം അനുവദിക്കപ്പെടുക തന്നെ ചെയ്യും എന്ന് സമസ്ത കേരള ജമീയതുല്‍ ഉലമ അംഗം സയീദ്‌ ആറ്റക്കോയ തങ്ങള്‍ പറയുമ്പോള്‍ വാട്സ് അപ്പിലൂടെയുള്ള വിവാഹ മോചനം നിയമപരമാണ് എന്ന് തോന്നുന്നില്ല എന്നും ശരിയായ വിധത്തില്‍ വിവാഹ മോചനം നടത്തുന്നത് മുഖത്തോടു മുഖം നോക്കിയാണ്  എന്നാല്‍ എല്ലാ സമയത്തും ഇത് സാധ്യമാകില്ല . ആ അവസരങ്ങളില്‍ ശരിയായ ഡോക്യുമെന്റുകളില്‍ പുരുഷനും സ്ത്രീയും സ്വന്തം സമ്മതത്തോടെ ബന്ധപ്പെട്ടവരുടെ മുന്നില്‍ വച്ച് ഒപ്പിട്ടു നല്‍കിയ പ്രമാണം മുന്‍ നിര്‍ത്തിയും വിവാഹ മോചനം ആകാം എന്നും സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടമല ബാപ്പു മുസലിയാര്‍ പറയുന്നു.
വാട്സ് അപ്പിലൂടെ ആയാലും മുഖദാവില്‍ ആയാലും മൂന്നു വട്ടം ചൊല്ലുന്ന മൊഴിക്ക് മതപരമായ കണ്ണില്‍ തന്നെ സാധുതയുണ്ടോ എന്നത് ചിന്തിക്കേണ്ടതാണ് . മതഗ്രന്ഥമായ ഖുര്‍ ആനില്‍ കുടുംബം എന്ന വ്യവസ്ഥയെ കുറിച്ചാണ് ഏറിയ പങ്കും പറഞ്ഞിട്ടുള്ളത് .
" അല്ലയോ മനുഷ്യരേ,നിങ്ങളുടെ റബ്ബിനെ ഭയപ്പെടുവീന്‍ ഒരൊറ്റ ആത്മാവില്‍ നിന്ന്   നിങ്ങളെ സൃഷ്ടിക്കുകയും അതെ ആത്മാവില്‍  നിന്ന്‌അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്ത് സ്ത്രീപുരുഷന്മാരെ ലോകത്ത്‌  പരത്തുകയും ചെയ്തവനത്രേ അവന്‍ .ഏതൊരുവനെ മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത്‌ആ അല്ലാഹുവിനെ ഭയപ്പെടുവീന്‍. കുടുംബബന്ധങ്ങള്‍ശിഥിലമാകുന്നത് സൂക്ഷിക്കുകയും ചെയ്യുവീന്‍. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാനിരീക്ഷിക്കുന്നുവെന്നു കരുതിയിരിക്കുക."(4: 1) എന്ന് ഖുര്‍ ആന്വചനം.

 മത ഗ്രന്ഥം പരിശോധിക്കുകയാണ് എങ്കില്‍ ഇസ്ലാം സ്ത്രീക്ക് ഇണയെ തെരഞ്ഞെടുക്കാനുള്ള അവകാശം നല്‍കിയിരുന്നു എന്നും  കാണാന്‍ സാധിക്കും . “വിധവയോട് അനുവാദം ചോദിക്കാതെ  അവളെ വിവാഹംചെയ്തു കൊടുക്കരുത്. കന്യകയോട്‌ സമ്മതം  ആവശ്യപ്പെടാതെ അവളുടെ വിവാഹം നടത്തരുത്” എന്ന് നബി പറഞ്ഞിട്ടുണ്ട് . തനിക്കു വേണ്ടി കണ്ടെത്തിയ പുരുഷനെ ഇഷ്ടമായില്ലെങ്കില്‍ തുറന്നു പറയാനുള്ള അവകാശം മതം സ്ത്രീക്ക് നല്‍കിയിട്ടുണ്ട് എന്നത് ഇവിടെ സ്പഷ്ടമാണ് . അപ്പോള്‍ ഇന്നത്തെ മുസ്‌ലിം സമൂഹത്തില്‍ നടക്കുന്ന വിവാഹ മോചനങ്ങള്‍ പലതും മതത്തിന്റെ കണ്ണിലും നിയമത്തിന്റെ കണ്ണിലും സാധുതയില്ലാത്തതാണ് എന്നെ സമര്‍ഥിക്കാന്‍ സാധിക്കൂ .
“വിവാഹം എന്നത് കളിയല്ല . പരിശുദ്ധനായ ദൈവം കൂട്ടിയോജിപ്പിച്ച ബന്ധങ്ങള്‍ അറുത്തു മാറ്റുക എന്നത് അത്യന്തം ചിന്തിക്കേണ്ട വിഷയമാണ് . ഖുര്‍ ആനില്‍
തന്നെ വിവാഹ മോചനം എന്നത് ഏറ്റവും മോശപ്പെട്ട ഒരു കാര്യമായി പറയുന്നുണ്ട് . എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ വിവാഹ മോചനം എന്തിനെങ്കിലും
പരിഹാരം ആകും എന്നുണ്ടെങ്കില്‍ അത് ആകാമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട് . പക്ഷെ തീര്‍ത്തും ഒത്തു പോകാന്‍ സാധിക്കാത്ത സാഹചര്യം വരുമ്പോള്‍ മാത്രമാണ് ഒരു വിവാഹ മോചനത്തെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കൂ . വാട്സ് അപ്പ് വഴിയുള്ള വിവാഹ മോചനങ്ങളില്‍ വിവാഹ മോചനത്തിന് മുന്‍പ് ചെയ്യേണ്ട
ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നില്ല. ഇത് ഒരു വശത്ത് നിന്ന് മാത്രമുള്ള ഒരു നീക്കമാണ് . മറു വശത്ത് ഉണ്ടാകുന്ന അവസ്ഥയെ കുറിച്ച ചിന്തിക്കേണ്ട ധാര്‍മിക ഉത്തരവാദിത്തം ഇവിടെ കാണുന്നില്ല . പരസ്പര ധാരണയോടും സമ്മതത്തോടും കൂടിയല്ലാത്ത ഒരു വിവാഹ മോചനം ശരിയല്ല” സാമൂഹ്യ പ്രവര്‍ത്തകന്‍ ലബീബ് മുഹമ്മദ്‌ പറഞ്ഞു .
തലാഖ് എന്ന മൂന്നു അക്ഷരം കൊണ്ട് നിഷേധിക്കാവുന്നതല്ല ഒരു സ്ത്രീയുടെയും ജീവിതം . വിവാഹത്തിന് മുന്‍പ് പത്തും നൂറും വട്ടം നിയമവും അന്തസും യോഗ്യതയും ആറ്റിക്കുറുക്കി കിട്ടാനും വാങ്ങാനും ഉള്ളതെല്ലാം കണിശമായി വാങ്ങിയാണ് വധുവിനെ സ്വീകരിക്കുന്നത് . അതെ മര്യാദ എന്തുകൊണ്ട് വേണ്ടെന്നു വെക്കുമ്പോള്‍ ഉണ്ടാകുന്നില്ല എന്നതും പുരുഷന് സ്ത്രീയെ വേണ്ടെന്നു
വെക്കാന്‍ പ്രത്യേകിച്ച് കാരണമൊന്നും കാണിക്കാതെ തലാഖ് ചൊല്ലാം എന്ന് പറയുന്ന പണ്ഡിത സമൂഹം സ്ത്രീക് അസഹനീയനായ ഭര്‍ത്താവിനെ തലാഖ് ചൊല്ലാന്‍ എന്തുകൊണ്ട് ഇത്രയും  ആവേശം നല്‍കുന്നില്ല എന്നതും ഇന്നത്തെ സ്ത്രീ ചോദിക്കുന്നു . തലാഖിനപ്പുറം നിയമപരമായ സംരക്ഷണം തേടുന്നതില്‍ ഇന്ന് മുസ്ലീം സ്ത്രീകള്‍ മുന്നിട്ടു നില്‍ക്കുന്നു . തലാഖിനെക്കാള്‍ നിയമപരമായ വിവാഹ മോചനങ്ങളില്‍ സ്ത്രീകള്‍ക്ക് കുറെ കൂടി ആശ്വാസകരമായ അവസ്ഥ ലഭിക്കുന്നുണ്ട് എന്നാണു പൊതുവില്‍ അഭിപ്രായമുള്ളത് . ഒരു സുപ്രഭാതത്തില്‍ മൂന്നക്ഷരം കൊണ്ട് വിവാഹ ബന്ധം ഇവിടെ ഇല്ലാതാകുന്നില്ല  എന്നത് തന്നെയാണ് പ്രധാനകാരണം .
‘ ഭാര്യ വിരൂപിയും കിഴവിയും സഹവാസം കൊണ്ട് ആനന്ദം നല്കാത്തവളും ആണെങ്കില്‍ പോലും അവളുടെ കൂടെ തന്റെ ആയുസ് ചെലവഴിക്കാന്‍ ഭര്‍ത്താവ് പിശുക്ക് കാണിക്കരുത്’ എന്ന് ഇമാം റംസി പറയുന്നുണ്ട് . ഒറ്റയടിക്ക് മൂന്നും ചൊല്ലുന്ന മൊഴി ഇസ്ലാമികമല്ല എന്ന് മത ഗ്രന്ഥം തന്നെ അനുശാസിക്കുംപോഴും മതത്തെ മറയാക്കി തന്നെയാണ്  മൂന്നു വട്ടം മൊഴി ചൊല്ലി ബന്ധം ഒഴിയുന്നത് .
“വിവാഹ മോചനങ്ങള്‍ എത്രകണ്ട് കേരളത്തില്‍ നടക്കുന്നുണ്ട് എന്ന് അറിയണമെങ്കില്‍ കോടതികളിലെ റെക്കോര്ഡ് നോക്കിയാല്‍ മതി എന്നാല്‍ അതെല്ലാം നിയമപ്രമായതും കോടതി ഇടപെടലുകള്‍ കൊണ്ട് സാധ്യമായവയുമാകും . ഇതിലും എത്രയോ ഇരട്ടിയാണ്
കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന തലാഖുകള്‍ . അപൂര്‍വ്വം ചില കേസുകള്‍ ഇത്തരം തലാഖുകള്‍ക്കെതിരെ കോടതിയില്‍ എത്തുന്നുണ്ട് . വിദ്യാഭ്യാസ പരമായും സാമൂഹിക പരമായും മുന്നില്‍ നില്‍ക്കുന്ന ചിലരെങ്കിലും യാഥാസ്ഥിതികമായ തലാഖുകള്‍ അല്ലാതെ വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കുന്നുണ്ട് . എന്നാല്‍ ഈ കണക്കുകള്‍ എടുത്തു കേരളത്തിലെ വിവാഹ മോചനങ്ങള്‍ എത്രയെന്നു പറയുക സാധ്യമല്ല” എന്ന് അഭിഭാഷകയായ ജയന്തി പറയുന്നു
തലാഖിനെതിരെ കോടതിയെ സമീപിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്‌ ഉണ്ടായ സാഹചര്യത്തില്‍ തലാഖുകള്‍ നിരോധിക്കണം എന്നും സ്ത്രീപുരുഷ വിവേചനവും അനീതിയും നിറഞ്ഞതാണ്‌ തലാഖുകള്‍ എന്നും ചൂണ്ടിക്കാട്ടി അടുത്തിടെ കേന്ദ്ര വനിതാ ശിശു ക്ഷേമ കമ്മിഷന്‍ നിയോഗിച്ച നിയമ പരിഷ്കരണ സമിതി ശുപാര്‍ശ ചെയ്തിരുന്നു . തലാഖുകള്‍ ഏക പക്ഷീയമായ നടപടിയാണ് എന്നും സ്ത്രീയുടെ സുരക്ഷയ്ക്ക് ഇത്തരം വിവാഹ മോചനങ്ങള്‍ ഭീഷണിയാണ് എന്നും സമിതി നിരീക്ഷിച്ചു .മുസ്ലീം കൃസ്ത്യന്‍ വിവാഹ നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ സമിതി ശുപാര്‍ശ ചെയ്തിരുന്നു . വിവാഹം പുരുഷനും സ്ത്രീക്കും തുല്യത ഉറപ്പു വരുത്തേണ്ട ഒന്നാണ് എന്ന് സമിതി നിഷ്കര്‍ഷിക്കുന്നുണ്ട് അതിനാല്‍ തന്നെ പുരുഷന്റെ വിവാഹപ്രായം 18 ആക്കണം എന്നും ശുപാര്‍ശ ചെയ്യുന്നു .














Friday 13 November 2015

ചിതറാല്‍ - ചിതലരിക്കാത്ത ജൈന സംസ്കൃതി !




തിരുവനനതപുരം ; ദൂരെ പൊട്ട് പോലെ കാണുന്ന പട്ടണങ്ങള്‍ , പള്ളിമേടകള്‍ , ആശുപത്രികള്‍ , അങ്ങിങ്ങ് പാദസരം പോലെ നീരുറവകള്‍ , താഴെ പച്ചപ്പുതപ്പില്‍ തഴുകുന്ന മഞ്ഞലകള്‍ , നീണ്ടു നേര്‍ത്ത നീര്ച്ചാല് പോലെ താമ്രപര്‍ണി നദിയും കുഴിത്തുറ പുഴയും മറ്റു ചെറിയ നദികളും അവയുടെ കൈവഴികളും അങ്ങകലെ പശ്ചിമഘട്ട മലനിരകളും .... എല്ലാം ചേര്‍ത്തൊരു അവിസ്മരണീയ കാഴ്ചയാണ് ചിതറാല്‍ മല സമ്മാനിക്കുന്നത് .തിരുവനന്തപുരം കന്യാകുമാരി റൂട്ടില്‍ മാര്‍ത്താണ്ഡത്ത് നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് ചിതറാല്‍ ജൈന ക്ഷേത്രം . ഈ സ്ഥലം ചരിത്രപരമായി അറിയപ്പെടുന്നത്‌ തിരുച്ചരണാത്തുപള്ളി എന്നാണ് .  ചിതറാല്‍ മല തദ്ദേശീയരുടെ ഭാഷയില്‍ മലൈ കൊവിലാണ് .മലമുകളില്‍ ഒന്‍പതാം നൂറ്റാണ്ടിലെതെന്ന് കരുതപ്പെടുന്ന കല്‍ നിര്‍മിതമായ ഈ ക്ഷേത്രം കോട്ടം തട്ടാതെ ഇന്ന് ഭാരത സര്‍ക്കാരിന്റെ പുരാവസ്തു വകുപ്പ് സംരക്ഷിച്ചു വരുന്നു . നൂറ്റമ്പതു ഏക്കറോളം വരുന്ന ഈ മലമ്പ്രദേശം വേലികള്‍ കെട്ടി തിരിച്ചിട്ടുണ്ട് .മലയുടെ താഴ്വാരത്ത് വരെ മാത്രമേ വാഹനങ്ങള്‍ കയറൂ . ഇവിടെ നിന്ന് ഒന്നര കിലോമീറ്റര്‍ കയറി വേണം ക്ഷേത്രത്തില്‍ എത്താന്‍ . കരിങ്കല്ലുകള്‍ പാകി മനോഹരമാക്കിയ വീഥിയില്‍ ഇടയ്ക്കിടയ്ക്ക് നിരപ്പായ സ്ഥലങ്ങളും ഇടയ്ക്കിടയ്ക്ക് പടികളും ഉണ്ട് . മല കയറി ക്ഷീണിതരായവര്‍ക്ക് ഇരിക്കാന്‍ വീഥിയുടെ ഇരു വശവും കരിങ്കല്ല് കൊണ്ട് ഇരിപ്പിടങ്ങള്‍ നിര്‍മിച്ചും തണലിനായി ബദാം പോലുള്ള മരങ്ങള്‍ നട്ടും സൌകര്യം ഒരുക്കിയിട്ടുണ്ട് .കുന്നിന്റെ മുകള്‍ഭാഗം വരേക്കും കരിങ്കല്ലു പാകിയ വഴിയുണ്ട്‌. വലിയ പാറക്കെട്ടുകള്‍ നിറഞ്ഞതാണ്‌ ചിതറാല്‍ മല .ഈ പാറക്കെട്ടുകള്‍ പലതും യാത്രികരില്‍ അത്ഭുതം നിറയ്ക്കും . എത്രയെത്ര രൂപ ഭാവങ്ങള്‍ ഓരോ പാറക്കും സങ്കല്പിച്ചു നല്‍കാനാകുമെന്നോ ! മലയുടെ മുകള്‍ ഭാഗത്ത് ക്ഷേത്രത്തിലേക്ക് ഉള്ള വഴിയില്‍ ചെറിയൊരു പൂന്തോട്ടവും കല്‍ ബഞ്ചുകളും ഉണ്ടാക്കിയിട്ടുണ്ട് . മരത്തിന്റെ കുറ്റികളും മറ്റും ഇരിക്കുന്നതിനുതകുന്ന രീതിയില്‍ നിര്മിചെടുതിട്ടുണ്ട് . ക്ഷേത്രത്തിലേക്കുള്ള വീഥി ആദ്യകാലത്ത് കരിങ്കല്ല് പാകിയതായിരുന്നില്ല . ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇവിടെ കരിങ്കല്ല് പാകി മനോഹരമാക്കിയത് . ഇവിടെയുള്ള വലിയ പാറകള്‍ പൊട്ടിച്ചെടുത്ത് ആണ് വീഥിയുടെ നിര്‍മിതി . വീഥിയുടെ ഇരു വശത്തും പ്രകൃതി രമണീയമായ ദൃശ്യങ്ങള്‍ ആണ് .ദൂരെ പൊട്ട് പോലെ കാണുന്ന സമീപ പട്ടണങ്ങള്‍ , അകലെ ഒഴുകുന്ന താമ്രപര്‍ണി നദിയും കുഴിത്തുറ പുഴയും   എല്ലാം വിസ്മയത്തോടെ കാണാം . മല കയറി മുകളില്‍ എത്തുമ്പോള്‍ നിറയെ ശിഖരങ്ങള്‍ ഉള്ള ഒരു പേരാല്‍ കാണാം . രണ്ടു വലിയ പാറകള്‍ക്കരികെ നില്‍ക്കുന്ന പേരാല്‍ മരത്തിന്റെ തണലില്‍ കല്‍ബഞ്ചുകള്‍ ക്രമീകരിച്ചിരിക്കുനു. പേരാല്‍ ചുവട്ടില്‍ നിന്ന് കുറച്ചു പടികള്‍ കയറിയാല്‍ ജൈനമാതൃകയില്‍ കല്ലില്‍ നിര്‍മിച്ചു ചുണ്ണാമ്പുകൂട്ടുകൊണ്ടു പൊതിഞ്ഞ ക്ഷേത്ര ഗോപുരമാണ് ആദ്യം കാണാനാകുക. എന്നാല്‍ ഇതിന്റെ കവാടത്തില്‍ എത്താന്‍ രണ്ടു വലിയ പാറകള്‍ക്കിടയിലെ വലിയ വിടവിലൂടെ അപ്പുറത്തേക്ക് കടക്കണം .ഈ വഴിയുടെ ആദ്യഭാഗത്തു കല്ലുകൊണ്ടുള്ള ഒരു കവാടം ഉണ്ട്‌. ഈ കവാടം കടന്ന്, പാറകളുടെ വിടവിലൂടെ നടന്ന് അപ്പുറത്ത് എത്താം . ഇതില്‍ ഒരു പാറയുടെ മുകളില്‍ പണി പൂര്‍ത്തിയാവാത്ത ഒരു ചെറിയ മണ്ഡപം ഉണ്ട്‌. ഇത് വഴി ക്ഷേത്രത്തിന്റെ മുന്‍ വശത്ത് എത്തിച്ചേരാം . ധ്യാനിച്ചിരിക്കുന്ന ജൈന സന്യാസിമാരുടെ വിവിധ രൂപങ്ങള്‍ പാറയുടെ ഒരു വശത്ത് കൊത്തി വച്ചിരുന്നു . ഇത് കൂടാതെ വിവിധ  സ്ത്രീ പുരുഷ സന്യാസിമാരുടെ ശില്പങ്ങളും സിംഹത്തിന്റെ സമീപത്തു നില്‍ക്കുന്ന ഒരു ദേവിയുടെ ശില്‍പവും ഉണ്ട് . നൂറ്റാണ്ടുകളായി നില്‍ക്കുന്ന ഈ പ്രതിമകള്‍ വെയിലും മഴയും ഏറ്റിട്ടും കേടുപാടുകള്‍ ഇല്ലാതെ നില നില്‍ക്കുമ്പോള്‍ അന്നത്തെ കൊത്ത് പണികളുടെ  പരിപൂര്‍ണത എടുത്തു പറയേണ്ടതാണ്. മുഴുവനായും കല്ലില്‍ തീര്‍ത്ത ഒരു ക്ഷേത്രവും, ബലിപീഠവും ഇവിടെ ഉണ്ട്‌. ക്ഷേത്രത്തിന്റെ ഇടതു വശത്തായി ചെറിയ ഒരു നാഗരാജ പ്രതിഷ്ഠയും കാണാം. ഒരു വലിയ പാറയെ ശിരസില്‍ വഹിക്കുന്ന രീതിയില്‍ ആണ് നാഗ ക്ഷേത്രം നില്‍ക്കുന്നത് എന്ന് തോന്നും. മഞ്ഞള്‍ പൊടിയില്‍ ആറാടി നില്‍ക്കുന്ന നാഗ വിഗ്രഹങ്ങള്‍ ! ഇനി ഇടത്തോട്ടു തിരിഞ്ഞാല്‍ ക്ഷേത്രത്തിന്റെ മുന്‍ വശമായി . തറയ്ക്ക് ഏകദേശം ഏഴടി ഉയരമുണ്ട് . പടികള്‍ കയറിയാല്‍ കൊത്തുപണികള്‍ ഉള്ള കൂറ്റന്‍ കരിങ്കല്‍ തൂണുകള്‍ കാണാം . പ്രധാന ക്ഷേത്രത്തിന്റെ ഉള്ളിലുള്ള മണ്ഡപത്തില്‍ പതിനാറു കല്‍ത്തൂണുകളുണ്ട്. അതില്‍ 8 കല്‍ത്തൂണുകള്‍ ചിത്രാലംകൃതമാണ്. അവിടെ മൂന്നു മുനികളുടെ ഗുഹകള്‍ ഒന്നിനൊന്നായി ചേര്‍ന്നിരിക്കുന്നു.നടുവില്‍ മഹാവീരതീര്‍ത്ഥങ്കരന്റേയും,വലത് ഭാഗത്ത് പത്മാവതിദേവിയുടേയും,ഇടത് ഭാഗത്ത് പാര്‍ശ്വനാഥന്റേയും ശ്രീകൊവിലുകള്‍ ആണ് . മൂന്നു ശ്രീകൊവിലുകള്‍ക്ക് മുന്നിലും ചെന്നാലാണ് പ്രതിഷ്ഠകള്‍ ബഹുദൂരം അകത്താണ് എന്ന് മനസിലാകുക.ആയിരത്തോളം വര്‍ഷം പഴക്കം കല്‍പ്പിക്കപ്പെടുന്ന ഈ ക്ഷേത്രം ഒരിക്കല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ പുനരുദ്ധരിച്ചു. പ്രാചീനകാലം തൊട്ടേ തിരുച്ചാരണത്ത് മല ഭാരതത്തിലെ സുപ്രധാന ജൈന സങ്കേതങ്ങളിലൊന്നായി പ്രസിദ്ധി നേടിയിരുന്നു.1913 ല്‍ തിരുവിതാംകൂര്‍ രാജാവായ ശ്രീമൂലം തിരുനാള്‍ പദ്മാവതി ദേവിയെ മാറ്റി ഭഗവതിയെ കുടിയിരുത്തി. അന്നു മുതല്‍ ഈ സ്ഥലം ഭക്തരുടെ പ്രിയപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ്‌. നിത്യേന വൈകിട്ട് അഞ്ച് മണിവരെ പൂജകള്‍ ഉണ്ടെന്നും ഈ നേരം വരെ നട തുറന്നിരിക്കും എന്നും വീണ്ടും വൈകിട്ട് എട്ടരക്ക് തുറക്കുമെനും  ഒരു പ്രദേശ വാസി പറഞ്ഞു .ക്ഷേത്രത്തിനു മുന്നില്‍ ചില പൂച്ചെടികളും  ചെറിയ മരങ്ങളും വച്ച് പിടിപ്പിച്ചിട്ടുണ്ട് . ബലിക്കല്ലിനു സമീപം ഒരു വേപ്പ് മരം തണല്‍ വിരിച്ചു നില്‍ക്കുന്നു .അവിടെ നിന്ന് കുറച്ചു പടികള്‍ ഇറങ്ങിയാല്‍ വലിയൊരു പാറയും അവിടെ പ്രകൃത്യാ തന്നെ രൂപപ്പെട്ട ഒരു കുളവും കാണാം . ഇതിലെ വെള്ളം ഒരിക്കലും വറ്റാരില്ലത്രേ ! കുളത്തിലെ വെള്ളം കണ്ണീരു പോലെ തെളിഞ്ഞതും ശുദ്ധവുമാണ് . ഒരു വലിയ ശംഖില്‍ നിന്ന് ധാര യൊഴുകുന്ന പോലെ കുളത്തില്‍ നിന്ന് വെള്ളം ഒരു ഭാഗത്ത് കൂടി ഒലിച്ചിരങ്ങുന്നത് കാണാം .കുളം കഴിഞ്ഞാല്‍, ഒരു വലിയ പാറയുടെ അപ്പുറം ചെങ്കുത്തായ താഴ്‌വരയാണ്‌. ക്ഷേത്ര പരിസരം വളരെ വൃത്തിയായി സംരക്ഷിച്ചിരിക്കുനതു കണ്ടപ്പൊള്‍ സന്തോഷം തോന്നി . ക്ഷേത്രത്തിന്റെ പരിസരം മാത്രമല്ല ഒന്നര കിലോമീറ്റര്‍ നടന്നു കയറുന്ന ഇടമെല്ലാം അത്യധികം വൃത്തിയായി സംരക്ഷിച്ചിട്ടുണ്ട് .ക്ഷേത്രത്തിന്റെ  വലതു ഭാഗത്തായി ഒരു മടപ്പള്ളി ഉണ്ട്. ഇവിടെയാണ്‌ ഭക്തര്‍ നിവേദ്യം ഉണ്ടാക്കുന്നത്‌. ചെറിയ അടുപ്പുകള്‍ ഇവിടെ കാണാം . ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എത്തി ദേവിക്ക് പൊങ്കാലയിടാം എന്ന് പ്രദേശ വാസികള്‍ പറഞ്ഞു. ഇതിനടുത്തായി ഒരു പാറയില്‍ പ്രാചീന ലിപിയില്‍ ശിലാ ശാസനങ്ങള്‍ എഴുതിയിരിക്കുന്നു . ഇപ്പോള്‍ ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തിയായി തീര്‍ന്നിരിക്കുന്ന തിരുച്ചാരണത്ത് ഭഗവതി കൊല്ലവര്‍ഷം അഞ്ചാം ശതകാരംഭം വരെ തിരുച്ചാരണത്ത് ഭട്ടാരിയാര്‍ എന്ന പേരില്‍ പ്രസിദ്ധമായിരുന്ന പത്മാവതീദേവിയാണെന്ന് പാറയില്‍ കാണപ്പെടുന്ന ഒരു ലിഖിതത്തില്‍ നിന്നും മനസ്സിലാക്കാം.ആയ് രാജാവായിരുന്ന വിക്രമാദിത്യവരഗുണന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട ഒരു ശാസനത്തില്‍ ഭട്ടാരിയാര്‍ക്ക്ചില വഴിപാടുകള്‍ നടത്താന്‍ വ്യവസ്ഥ ചെയ്തിരുന്നതായി കാണിച്ചിരിക്കുന്നു.വട്ടെഴുത്തിലാണീ ശാസനം. ക്രിസ്തു വര്ഷം  എട്ടാം നൂറ്റാണ്ടു മുതല്‍ 12-ആം നൂറ്റാണ്ടുവരെ ജൈനരുടെ പ്രമുഖ കേന്ദ്രമായിരുന്നു കന്യാകുമാരി. ക്രിസ്തുവിനു മുന്‍പു  പതിമൂന്നാം നൂറ്റാണ്ടുവരെ ചിതറാല്‍  ക്ഷേത്രം ജൈന ക്ഷേത്രമായിത്തന്നെ നിലനിന്നിരുന്നു. ക്രിസ്തു വര്ഷം  889ലെ ശാസനത്തില്‍ ഒരു ജൈന സന്യാസിനി ഈ സ്ഥലം സന്ദര്‍ശിക്കുകയും ഒരു ഗുഹയില്‍ പത്മാവതി യക്ഷി വിഗ്രഹത്തെ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പത്മാവതി യക്ഷി വിഗ്രഹമായിരിക്കാം പിന്നീട് ഭഗവതിയായി അറിയപ്പെടാന്‍ തുടങ്ങിയത്. ഇവിടെയുള്ള ഒരു പാറയുടെ മുകളില്‍ യക്ഷ-യക്ഷികളുടേയും തീര്‍ത്ഥങ്കരരുടേയും വിഗ്രഹങ്ങള്‍ കടഞ്ഞെടുത്ത് ക്ഷേത്രത്തിലേക്ക് ദാനം ചെയ്ത വിവരം പ്രാചീന മലയാളം ലിപിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ ഭാരതത്തിലെ ജൈനരുടെ ശിലാന്യാസങ്ങള്‍ പ്രാചീന മലയാളം ലിപിയിലും, തമിഴ്, കന്നട ഭാഷകളിലുമായിരുന്നു. ശ്വേതാംബരന്മാരും ദിഗംബരന്മാരും എന്ന് രണ്ടു വിഭാഗം ജൈനര്‍ ഉണ്ടെങ്കിലും ദിഗംബരന്മാരുടെ പ്രധാന സ്ഥലമാണ് ഇവിടം . ഇപ്പോഴും വല്ലപ്പോഴുമൊക്കെ ജൈന സന്യാസിമാര്‍ ഇവിടെ വരാറുണ്ട് എന്നും വലിയൊരു തുണികൊണ്ട് വായ മൂടിക്കെട്ടി വഴിനീളെ തൂത്തു വൃത്തിയാക്കിയുമാണ്‌ ജൈന സന്യാസിമാര്‍ പോകുന്നതെന്നും പ്രായം ചെന്ന ഒരു പ്രദേശവാസി പറഞ്ഞു . ജൈന സന്യാസിമാര്‍ വന്നാല്‍ പച്ച അരി, പൂവ് , ജലം , മുന്തിരിപ്പഴം എന്നിവയൊക്കെ  വച്ച് പൂജ കഴിച്ച് ഏറെ നേരം ധ്യാനിച്ചിരുന്നു മടങ്ങിപ്പോകും എന്നും ഇയാള്‍ പറഞ്ഞു .പണ്ടുകാലത്തു ജൈനന്മാരുടെ പാഠശാലയായ ഇവിടെ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വിദ്യാഭ്യാസം നടത്തിയിരുന്നുവത്രേ . തമിഴ്‌ നാടിന്റെ ഈ ഭാഗത്തു ജൈന സ്വാധീനം ഉണ്ടാവാന്‍ ജൈന രാജാവ് മഹേന്ദ്ര വര്‍മന്‍ ആണെന്നും ഇയാള്‍ പറഞ്ഞു . ഏറെ പണ്ട് ആദിവാസി വിഭാഗങ്ങള്‍ ഇവിടെ ഉത്സവം കൊണ്ടാടുമായിരുന്നു എന്നും പതിനൊന്നു ദിവസം നീളുന്ന ഉത്സവത്തില്‍ അവരുടെ തനതു നൃത്തവും പാട്ടും ആട്ടവും രാവേറെ ചെല്ലും വരെ ഉണ്ടായിരുന്നു എന്നും ഇയാളില്‍ നിന്ന് അറിയാനായി എന്നാല്‍ എന്തുകൊണ്ടോ ഒരു വ്യാഴവട്ട കാലമായി ഈ ഉത്സവം നടന്നിട്ട് എന്നും അയാള്‍ നെടുവീര്‍പ്പിട്ടു . ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറക്കെട്ടുകള്‍ക്ക് താഴെയായി ഉറിഞ്ചിപ്പാറ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പാറയുണ്ട്. ഈ പാറയിലെ ഒരു ചെറിയ ദ്വാരത്തില്‍ വാകൊണ്ട് ഉറിഞ്ചിയാല്‍ പാറയ്ക്കുള്ളില്‍ നിന്ന് ജലം പുറത്തുവരും എന്നും ഇയാള്‍ പറഞ്ഞു . ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങി നടക്കുമ്പോള്‍ പടിക്കെട്ടുകള്‍ക്ക് സമീപം ഉള്ള വലിയ പാറകളില്‍ കയറി നോക്കിയാല്‍ ആണ് നാം എത്രമാത്രം ഉയരെയാണ് എന്ന് മനസിലാകുക ഇത്രയേറെ മനോഹരമായി സംരക്ഷിക്കപ്പെടുന്ന ഈ ക്ഷേത്ര പരിസരത്തും സുന്ദരമായ പാറക്കെട്ടുകളിലും വരച്ചും എഴുതിയും വച്ചത് കണ്ടാല്‍ വിഷമം തോന്നും ശത്രു സ്വന്തം ഉള്ളില്‍ തന്നെയാണ് എന്നും ആ ശത്രുവിനെ കീഴടക്കിയവന്‍ ലോകത്തെ ജയിച്ചവനാണ് എന്നും ജൈന സന്യാസിമാര്‍ വിശ്വസിക്കുന്നു . രാഗ – ദ്വേഷ – മോഹങ്ങളേ ; കര്മങ്ങളെ ജയിച്ചവനാണ് ജൈനന്‍ . പാറക്കെട്ടുകള്‍ക്കു നടുവില്‍ ധ്യാനത്തിലിരിക്കുന്ന ഒരു കരിങ്കല്‍ ക്ഷേത്രവും ചുറ്റും തലം കെട്ടുന്ന നിശബ്ദതയും വീശിയടിക്കുന്ന കുളിരുള്ള കാറ്റും കാലം നമിക്കുന്ന ശില്പഭംഗിയും എല്ലാമാണ് ചിതറാല്‍ എന്ന ജൈന ക്ഷേത്രം .


Thursday 12 November 2015

ബീഹാര്‍ തെരഞ്ഞെടുപ്പ് : പണക്കൊഴുപ്പും കൈക്കരുത്തും തീരുമാനിച്ച വിജയം



പട്ന ; ബീഹാര്‍ തെരഞ്ഞെടുപ്പില്‍ വിശാല സഖ്യം ബിജെപിയെ മൂലയിലോതുക്കി . ലാലുവിന്റെ ശക്തമായ തിരിച്ചു വരവിനും കൊണ്ഗ്രെസ്സിന്റെ മുഖം രക്ഷിക്കുന്നതിനും ഹാട്രിക് വിജയം നേടാന്‍ നിതീഷ് കുമാറിനെ സഹായിക്കുകയും ചെയ്ത തെരഞ്ഞെടുപ്പായിരുന്നു ഇത് . അഞ്ചു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ ആയിരത്തില്‍ അധികം സ്ഥാനര്തികളും വ്യക്തമായ ക്രിമിനല്‍ പ്ശ്ചാതലം ഉള്ളവര്‍ ആയിരുന്നു എന്ന് എ ഡി ആര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു . മുപ്പതു ശതമാനം സ്ഥാനര്തികളും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ തന്നെ . ആകെയുള്ള 243  സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പു നടക്കുമ്പോള്‍ വിശാല സഖ്യത്തില്‍ നിന്നും എന്‍ ഡി എ യില്‍ നിന്നും ചെറു പാര്‍ട്ടികളില്‍ നിന്നും സ്ഥാനാര്‍ഥികള്‍ ആയവരില്‍ ആകെ 1038 പേര്‍  ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ ഉണ്ടാകുമ്പോള്‍ അവയില്‍ മിക്കവാറും പേര്‍ പണക്കൊഴുപ്പും കൈക്കരുത്തും ഉള്ളവരും രാഷ്ട്രീയത്തില്‍ നേരത്തെ ചുവടുരപ്പിച്ചവരും ആകുമ്പോള്‍ ജനാധിപത്യം എത്രകണ്ട് വിജയിക്കും എന്നത് ചിന്തിക്കേണ്ട വസ്തുതയാണ് . മത്സരിക്കുന്ന എല്ലാ സിറ്റിംഗ് എം എല്‍ എ മാരുടെയും ആസ്തി മൂന്നിരട്ടിയായി അഞ്ചു കൊല്ലം കൊണ്ട് വര്‍ധിച്ചു എന്ന് പറയുമ്പോഴും അഞ്ചു കൊല്ലം കൊണ്ട് ഓരോ എം എല്‍ എ യുടെയും ആസ്തി ഏകദേശം 2100 ഇരട്ടി വര്‍ദ്ധിച്ചു എന്ന് പറയുമ്പോഴും ബീമാര് സംസ്ഥാനം എങ്ങോട്ടാണ് പോകുന്നത് എന്ന് വ്യക്തമാണ് . ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്തികളുടെ ആസ്തി വെളിപ്പെടുത്തിയപ്പോള്‍ കഴിഞ്ഞ പ്രാവശ്യതെതില്‍ നിന്ന് 39 കോടി രൂപയുടെ വര്‍ദ്ധനവ്‌ ആണ് കണ്ടത്  . അഞ്ചു വര്ഷം കൊണ്ട് ഇന്ത്യന്‍ സമ്പദ് ഘടന അത്രയൊന്നും വര്‍ദ്ധിചിട്ടില്ല .ആളോഹരി  ആസ്തിയില്‍ അഭൂത പൂര്‍വമായ വളര്‍ച്ചയാണ് ഇവിടെ കാണാന്‍ സാധിക്കുന്നത് . മാത്രമല്ല ഇപ്പോള്‍ മത്സരിക്കുന്നവരില്‍ ഭൂരിഭാഗവും സിറ്റിംഗ് എം എല്‍ എ മാര്‍ തന്നെയാണ് എന്ന് ഓര്‍ക്കേണ്ടതാണ് . അഞ്ചു ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ചാം ഘട്ടത്തില്‍ 58 ശതമാനം കൊണ്ഗ്രെസ് സ്ഥാനാര്തികളും 55 ശതമാനം ബിജെപി സ്ഥാനാര്തികളും 52 ശതമാനം ആര്‍ ജെ ഡി സ്ഥാനാര്തികളും 50 ശതമാനം ജെ ഡി യു സ്ഥാനാര്തികളും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവരായിരുന്നു  ആ ഘട്ടത്തിലെ  സ്ഥാനാര്‍ഥികളുടെ ശരാശരി ആസ്തി 85.82 ലക്ഷം രൂപയായിരുന്നു . അഞ്ചാം ഘട്ടത്തില്‍ മത്സരിച്ച സ്ഥാനാര്തികളില്‍ 30 ശതമാനം പേര്‍ക്കും ക്രിമിനല്‍ കേസുകളില്‍ പെണ്ടിംഗ് ഉണ്ട് .നാലാം ഘട്ടത്തില്‍ മത്സരിച്ച 5 എല്‍ ജെ പി (ലോക ജനശക്തി പാര്‍ട്ടി രാം വിലാസ് പാസ്വാന്‍ ) സ്ഥാനാര്തികള്‍ക്ക് 42 ബിജെപി സ്ഥാനാര്തികളുടെ ആസ്തിയെക്കാള്‍ കൂടുതല്‍ ആസ്തി ഉണ്ടായിരുന്നു എന്നും എ ഡി ആര്‍ വെളിപ്പെടുത്തുന്നു . നാലാം ഘട്ടത്തില്‍ മത്സരിച്ചവരില്‍ 253 പേര്‍ക്കും ക്രിമിനല്‍ കേസുകള്‍ പെണ്ടിംഗ് ഉണ്ട് . 71 ശതമാനം ജെ ഡി യു സ്ഥാനാര്തികളും 67 ശതമാനം ബിജെപി സ്ഥാനാര്തികളും 65 ശതമാനം ആര്‍ ജെ ഡി സ്ഥാനാര്തികളും വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ തന്നെ . നാലാം ഘട്ടത്തില്‍ മത്സരിച്ച സ്ഥാനാര്തികളുടെ ആസ്തികള്‍ തമ്മിലുള്ള അന്തരം 22 കോടിയും 2000 രൂപയും ആയിരുന്നു . മൂന്നാം ഘട്ടത്തില്‍ മത്സരിച്ചവരില്‍ 27 ശതമാനം പേരാണ് ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ .808 സ്ഥാനാര്‍ഥികളില്‍ 215 പേര്‍ക്ക് വ്യക്തമായ ക്രിമിനാല്‍ പശ്ചാത്തലം ഉണ്ടായിരുന്നു . ഇവരില്‍ ബിജെപി ആര്‍ ജെ ഡി അംഗങ്ങള്‍ മുന്നിട്ടു നില്‍ക്കുന്നു . ഈ ഘട്ടത്തില്‍ മത്സരിച്ചിരുന്ന 68 ശതമാനം ആര്‍ ജെ ഡി അംഗങ്ങളും 56 ശതമാനം ജെ ഡി യു അംഗങ്ങളും 62 ശതമാനം ബിജെപി അംഗങ്ങളും ക്രിമിനല്‍ കേസുകളില്‍ അകപ്പെട്ടിട്ടുണ്ട് . ഇത്തവണത്തെ മത്സരങ്ങള്‍ പനക്കൊഴുപ്പിനെ ആശ്രയിച്ചാണ് എന്നും കൈക്കരുത്തിനു  രണ്ടാം സ്ഥാനമാണ് ഉള്ളതെന്നും എ ഡി ആര്‍ റിപ്പോര്‍ട്ടില്‍ വ്യക്തം . രണ്ടാം ഘട്ടഹില്‍ മത്സരിച്ച 23 ശതമാനം പേരും കോര്പരെറ്റ് കള്‍ ആയിരുന്നു 69 ശതമാനം ബിജെപി , ആര്‍ ജെ ഡി , ജെ ഡി യു സ്ഥാനാര്‍ഥികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നു .രണ്ടാം ഘട്ടത്തിലെ 142 സ്ഥാനാര്തികള്‍ക്ക് വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നു . 23 ശതമാനം സ്ഥാനാര്‍ഥികളും കോടിപതികള്‍ ആയിരുന്നു . ഈ ഘട്ടത്തിലും മൂന്നിലൊന്നു സ്ഥാനാര്‍ഥികള്‍ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ ആയിരുന്നു . ആദ്യമായാണ്‌ ഒരു ഘട്ടത്തില്‍ മത്സരിക്കുന്ന മൂന്നില്‍ ഒന്ന് പേര്‍ക്കും വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടാകുന്നത് .ഒന്നാം ഘട്ടത്തില്‍ 22 ശതാമാനം സ്ഥാനാര്‍ഥികളും ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍  ആയിരുന്നു എങ്കില്‍ 25 ശതമാനം പേരും കോടിപതികള്‍ ആയിരുന്നു 130 സ്ഥാനാര്തികള്‍ക്ക് ക്രിമിനല്‍ കേസുകള്‍ പെണ്ടിംഗ് ഉണ്ടായിരുന്നു 22 ശതമാനം സ്ഥാനാര്‍ഥികള്‍ക്കും ഗുരുതരമായ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നു 52 ശതമാനം ബിജെപി സ്ഥാനാര്തികളും 47 ശതമാനം ആര്‍ ജെ ഡി സ്ഥാനാര്‍ഥികളും 46 ശതമാനം ആര്‍ ജെ ഡി സ്ഥാനാര്തികളും വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം ഉള്ളവര്‍ തന്നെ . ആകെ 174 സ്ഥാനാര്തികള്‍ക്ക് ക്രിമിനല്‍ പശ്ചാത്തലം ഉണ്ടായിരുന്നു . വോട്ടെണ്ണി കഴിഞ്ഞു വിജയം ആഘോഷിക്കുന്ന ആദ്യ മൂന്നു സ്ഥാനങ്ങളില്‍ ഉള്ളവരുടെ ക്രിമിനല്‍ പശ്ചാത്തലം നോക്കുമ്പോള്‍ പണക്കൊഴുപ്പും കൈക്കരുത്തും തന്നെയാണ് ബീഹാര്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചതു എന്ന് പറയാതെ വയ്യ .

കേരള രാഷ്ട്രീയത്തില്‍ ശക്തമായ ത്രികോണ മത്സരത്തിനു കളമൊരുങ്ങുന്നു ; ബിജെപി അഞ്ചു വര്‍ഷത്തിനിടെ കൈവരിച്ചത് ഉജ്വല നേട്ടം



തിരുവനനതപുരം ; കേരളത്തില്‍ ഇടതു വലതു മുന്നണികളെ മാറി മാറി അധികാരത്തില്‍ ഏറ്റി എല്ലാ തെരഞ്ഞെടുപ്പുകളും ഇരു മുന്നണികളും തമ്മിലുള്ള  പോരാട്ടമാക്കി തീര്‍ത്ത ജനങ്ങള്‍ തന്നെ ബിജെപിയെ ഒരു പ്രമുഖ ശക്തിയായി അംഗീകരിച്ചു കഴിഞ്ഞു. ഇക്കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ബിജെപി കൈവരിച്ച നേട്ടം ഇടതു വലതു മുന്നണികളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചതായിരുന്നു . ഇടതു വോട്ടാണ് ബിജെപിക്ക് ചോര്ന്നതെന്ന് യു ഡി എഫും അല്ല വലതു വോട്ടാണ് ബിജെപിക്ക് ചോര്ന്നതെന്ന് എല്‍ ഡി എഫും പറയുന്നു . തെരഞ്ഞെടുപ്പില്‍ മുന്നിലെത്തിയിട്ടും ബിജെപിയുടെ കുതിപ്പില്‍ ഇടതിന് ചങ്കിടിപ്പ് മാറിയിട്ടില്ല എന്ന് പ്രമുഖ നേതാക്കളുടെ പ്രസ്താവനകള്‍ സൂചിപ്പിക്കുന്നു . ബിജെപിയില്‍ നിന്ന് കനത്ത പ്രഹരം കിട്ടിയതോടെ യു ഡി എഫിനും സ്വസ്ഥതയില്ലാതായി . തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മുന്‍പ് വരെ ബിജെപി ചിത്രത്തിലെ ഇല്ലെന്ന പോലെയായിരുന്നു ഇടതു വലതു നേതാക്കള്‍ പ്രചാരണം നയിച്ചത് . എന്നാല്‍ ഫലം വന്നപ്പോള്‍ ആണ് കേരള ജനത മാറി ചിന്തിച്ചു തുടങ്ങി എന്ന് ഈ നേതാക്കള്‍ക്ക് ബോധ്യം വന്നത് . ലോകസഭ തെരഞ്ഞെടുപ്പില്‍ മോദി തരംഗത്തിന്റെ ചിറകില്‍ ഏറി ബിജെപി മിന്നുന്ന വിജയം നേടിയപ്പോള്‍ കേരളത്തില്‍ മാത്രമായിരുന്നു താമര വിടരാതിരുന്നത് . അത് ഈ അടുത്ത കാലത്തൊന്നും സംഭവിക്കാനും പോകുന്നില്ല എന്നായിരുന്നു ഇരു മുന്നണികളും അവകാശപ്പെട്ടത് എന്നാല്‍ കാര്യങ്ങള്‍ ആകെ തല കീഴായി മറിഞ്ഞിരിക്കുകയാണ് ഇപ്പോള്‍. തലസ്ഥാന നഗരമായ തിരുവനന്തപുരത്താണ് ബിജെപിയുടെ വളര്ച്ചകണ്ട് ഇരു മുന്നണികളും ശരിക്കും അന്തം വിട്ടത് .ഇത്തവണ ബിജെപി എല്ലായിടത്തും സ്ഥാനര്തികളെ നിര്ത്തുന്നു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ചിരിച്ചു തള്ളിയ രണ്ടു മുന്നനികളിലെയും നേതാക്കള്‍ക്ക് ഇപ്പോഴും ശരിക്കും ശ്വാസം വീണിട്ടില്ല .ബിജെപി പിന്തുണയുള്ള സ്വതന്ത്രരും ബിജെപി സഖ്യകക്ഷികളും ചേര്‍ന്ന് സീറ്റുകള്‍ വാരിക്കൂട്ടി . ആകെ 941 ഗ്രാമാപഞ്ചായത്തുകളിലായി 15962 വാര്‍ഡുകളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ 988 വാര്‍ഡുകളിലും  152 ബ്ലോക്ക് പഞ്ചായത്തുകളില്‍ 2080 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 21 സീറ്റുകളിലും ബിജെപിയും സഖ്യവും  വിജയിച്ചു  .പതിനാലു ജില്ലാ പഞ്ചായത്തുകളിലെ 331 സീറ്റുകളില്‍ മൂന്നു സീറ്റുകളും   87  മുനിസിപ്പാലിറ്റികളില്‍ 3078 സീറ്റുകളില്‍  250 സീറ്റുകള്‍ ബിജെപിയും സഖ്യവും  നേടി .ആറു കോര്പരെഷനുകളിലെ 414 സീറ്റുകളില്‍ 52 എണ്ണവും ബിജെപിക്കും സഖ്യത്തിനും  ലഭിച്ചു .2010 ല്‍ നടന്ന തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പില്‍ ഗ്രാമപഞ്ചായത്തുകളിലെ 384 വാര്‍ഡുകളില്‍ വിജയിച്ച ബിജെപി അഞ്ചു വര്‍ഷത്തിനു ശേഷം ഇത് 220 സീറ്റുകള്‍ വര്‍ദ്ധിപ്പിച്ച് ഗ്രാമ പ്രദേശങ്ങളിലെ ഇടതു കോട്ടയ്ക്കു ഭീഷണിയായി  . നാളിതുവരെ ഗ്രാമപ്രദേശങ്ങളില്‍ ഇടതിനായിരുന്നു ആധിപത്യം . ബ്ലോക്ക് പഞ്ചായത്തുകളിലും ജില്ലാ പഞ്ചായത്തുകളിലും സീറ്റുകള്‍ ഇരട്ടിയാക്കി . മുനിസിപ്പാലിറ്റികളില്‍ 92 സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചും കോര്പരെഷനില്‍ 34 സീറ്റുകള്‍ വര്‍ദ്ധിപ്പിച്ചും ബിജെപി ശ്രദ്ധേയ നേട്ടം കൈവരിച്ചു . എല്ലാ വിഭാഗങ്ങളില്‍ നിന്നുമായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നിന്ന് 354 അധിക സീറ്റുകള്‍ ആണ് ബിജെപി ഒറ്റയ്ക്ക് നേടിയെടുത്തത് . അരുവിക്കരയില്‍ ബിജെപിയുടെ വളര്‍ച്ചയില്‍ ഇടതു ശരിക്ക് വിയര്ത്തതാണ് . വിജയകുമാറിനെ പോലെ കരുത്തനായ സ്ഥാനാര്‍ഥി മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടത് കനത്ത പ്രഹരമായിരുന്നു പാര്‍ട്ടിക്ക് . അന്ന് വിജയിച്ച യു ഡി എഫ് അരുവിക്കര ആവര്‍ത്തിക്കുമെന്ന് ഉറച്ചു വിശ്വസിച്ചാണ് ഇത്തവണ ഗോദയില്‍ ഇറങ്ങിയത്‌ . ഒ രാജഗോപാല്‍ സ്ഥാനാര്തിയായതിനാല്‍ മാത്രമാണ് ബിജെപി രണ്ടാം സ്ഥാനത്തെത്തിയത് എന്നും  തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ വിജയം കാണില്ലെന്നും പരസ്യമായി പറഞ്ഞ ഇടതു വലതു നേതാക്കളുടെ വായടച്ച മട്ടാണ് ഇപ്പോള്‍ . തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പു സെമി ഫൈനല്‍ ആണെന്ന് നേതാക്കള്‍ പലവുരു പറഞ്ഞു കഴിഞ്ഞു . ഇതില്‍ ഉജ്വല വിജയം നേടിയ ബിജെപി വരുന്ന നിയമ സഭ തെരഞ്ഞെടുപ്പില്‍ ശ്രദ്ധേയമായ മത്സരം കാഴ്ച വെക്കുമെന്നതില്‍ തര്‍ക്കമില്ല . എന്തായാലും ഇരു വിഭാഗങ്ങള്‍ തമ്മിലുള്ള മത്സരം എന്ന അവസ്ഥ കേരളത്തില്‍ മാറി . ഇനി എല്ലാ അസംബ്ലി മണ്ഡലങ്ങളും ശക്തമായ ത്രികോണ മത്സരങ്ങള്‍ക്ക് സാക്ഷ്യം വഹിക്കും .

Tuesday 3 November 2015

സാഹസികയാത്രയുടെ ഹരമായി ധോണി വെള്ളച്ചാട്ടം


പാലക്കാട് ; വാട്ടര്‍ തീം പാര്‍ക്കുകളും കൃത്രിമ തടാകങ്ങളും അധികമില്ലാതെ
പ്രകൃതി രമണീയമായ പാലക്കാട് സാഹസികയാത്രയുടെ ഹരമായി ധോണി വെള്ളച്ചാട്ടം .
ധോണി വന മേഖല ട്രക്കിങ്ങിനുപറ്റിയതുമാണ്‌ , ഇവിടം സംരക്ഷിത വനമേഖലയാണ് .
പാലക്കാട് ടൗണില്‍ നിന്ന് 15 കിലോമീറ്റര്‍ ദൂരെ സ്ഥിതിചെയ്യുന്ന
ധോണിയില്‍ കടുവ ചിലന്തി ഉള്‍പ്പെടെ അപൂര്‍വ ജന്തുക്കളും ഉണ്ട് .ധോണി മല
നിരകളിലേക്ക് ട്രാക്കിംഗ് നടത്തി വെള്ളച്ചാട്ടത്തിനു അടുത്തെത്താം .
ഹരിതാഭമായ കാനന ഭംഗിയും കുളിര് കോരുന്ന വെള്ളചാട്ടതിനും പുറമേ നീലിപ്പാറ
ബംഗ്ലാവും ധോണിയിലുണ്ട് . പാലക്കാട് നഗരത്തില്‍ നിന്ന് ഏറ്റവും അടുത്ത്
ഉള്ള വെള്ളച്ചാട്ടമാണ് ധോണി . ഒലവക്കോട് ഫോറസ്റ്റ് ഡിവിഷന്‍ പരിധിയിലാണ്
ഇത് . വടക്കേ അതിര്‍ത്തി പശ്ചിമ ഘട്ടമാണ് . വെള്ളച്ചാട്ടത്തിനു സമീപത്തെ
ഓറഞ്ചും ഏലവും കൃഷിക്കാര്യങ്ങള്‍ നോക്കി നടത്താന്‍ ബ്രിട്ടിഷുകാര്‍
സ്ഥാപിച്ചതാണ് നീലിപ്പാറബംഗ്ലാവ് എന്ന് പറയപ്പെടുന്നു . അപൂര്‍വയിനം
ചെറിയ സസ്യങ്ങളും ഷഡ്പദങ്ങളും ഒക്കെ ഇവിടെയുണ്ട് . കാട്ടരുവികളും ചോലകളും
മനം മയക്കുന്ന ഇവിടെ പാലരുവി പോലെ ഒരു വെള്ളച്ചാട്ടം . എന്നാല്‍ ശക്തമായി
വഴുക്കുള്ള ഇവിടെ അപകടങ്ങളും പതിവാണ് . കുളിക്കാനും ഉള്ളസിക്കുവാനും
വേണ്ടി ഇറങ്ങുന്നവര്‍ ജാഗ്രതപാലിചില്ലെങ്കില്‍ അപകടം സുനിശ്ചിതമാണ് . ഓരോ
തവണയും ഒരാളെങ്കിലും ഇവിടെ ഒഴുക്കില്‍ പെട്ടു കാണാതാകുന്നത് വാര്‍ത്തയാണ്
. അപകട സൂചനാ ബോര്‍ഡുകളും മറ്റും സര്‍ക്കാര്‍ സ്ഥാപിച്ചിട്ടുണ്ട്
എങ്കില്‍ കൂടി ജനങ്ങള്‍ ജാഗ്രത പാലിക്കുന്നില്ല എന്ന ആക്ഷേപമുണ്ട് .

കുളിരണിയിച്ചു കുന്തിപ്പുഴ ...


പാലക്കാട് ; കുന്തിപ്പുഴയില്ലാതെ പാലക്കാട് പൂര്‍ണമല്ല . ഇന്ത്യയില്‍ ഇന്നിപ്പോള്‍ കുന്തിപ്പുഴ പോലൊരു പുഴ വേറെയില്ല . ഭാരതപ്പുഴയിലേക്ക് നീരെത്തിക്കുന്നതില്‍ പ്രധാനിയാണ്‌ കുന്തിപ്പുഴ . ഇന്ത്യയുടെ അഹങ്കാരമായ സൈലന്റ് വാലിയുടെ ജീവാത്മാവും പരമാത്മാവും കുന്തിപ്പുഴയാണ് . ഈ പുഴക്കുണ്ടാകുന്ന ക്ഷീണം പറമ്പിക്കുളതിന്റെയും സൈലന്റ് വാലിയുടെയും എന്തിനു പാലക്കാടിന്റെ മൊത്തം ക്ഷീണമാണ് . സൈലന്റ് വാലിയുടെ മടിത്തട്ടില്‍ നിന്നുള്ള കുളിരുറവകള്‍ ആണ് കുന്തിപ്പുഴയായി പരിണമിക്കുന്നത് . കുറെ നീരുറവകള്‍ കൂടിച്ചേര്‍ന്നു സൈലന്റ് വാലിയുടെ വനാന്തരങ്ങളില്‍ ഒരിടത് വച്ച് പുഴയായി മാറുന്നു . അവിടെ ഒരു ബോര്‍ഡ് ഉണ്ട് “കാട്ടു ചോലകളില്‍ ഒന്നിച്ച കുന്തിപ്പുഴ ഈ മലന്താഴ്വാരത്തിലൂടെ ഒഴുകി , കാടിന്റെ തണുപ്പില്‍ നിന്ന് , മല മുകളില്‍ നിന്ന് പുറത്ത് കടക്കുന്ന യാത്ര ഇവിടെ നിന്ന് തുടങ്ങുന്നു . ഈ ഗര്ത്തത്തിനൊടുവില്‍ പാത്രക്കടവും കടന്നു മണ്ണാര്‍ക്കാട് സമതലങ്ങളിലേക്ക് കുത്തിയോഴുകുന്നു .ഇവിടെ വച്ച് ഈ ഒഴുക്ക് എന്നെന്നേക്കുമായി നിലക്കുമായിരുന്നു . സൈലന്റ് വാലി അണക്കെട്ട് നിര്‍മിക്കാന്‍ ഉദ്ദേശിച്ച സ്ഥലം ഇതായിരുന്നു” എന്ന് ആ ബോര്‍ഡില്‍ ഏഴുതിയിരിക്കുന്നു . സൈലന്റ് വാലി അണക്കെട്ട് കുന്തിപ്പുഴയുടെ നൈസര്‍ഗികമായ ഒഴുക്കിനെ തടയുമായിരുന്നു . ഒരു കൂട്ടം പരിസ്ഥിതി പ്രവര്‍ത്തകരുടെ ഒറ്റക്കും കൂട്ടായുമുള്ള സമര മുറകളുടെ ഭാഗമായി കുന്തി വീണ്ടും ഒഴുകുന്നു . മഴക്കാടുകളെ രണ്ടു ഭാഗമായി പകുത്ത് വന്മാരങ്ങള്‍ക്ക് ഇടയിലൂടെ അടിക്കാടുകളെ വകഞ്ഞു മാറ്റി പുഴയങ്ങനെ അനുഭൂതി ദായിനിയായി ഒഴുകുകയാണ് . കണ്ണീരു പോലെ തെളിഞ്ഞ വെള്ളമാണ് കുന്തിപ്പുഴയുടെ പ്രത്യേകത . സൈലന്റ് വാലി താഴ്വരയുടെ കിഴക്കന്‍ ചരിവില്‍ നിന്ന് ഉത്ഭവിക്കുന്ന കുന്തന്‍ ചോല പുഴ , കരിങ്ങാതോട് ചോല , മദ്രിമാരന്‍ ചോല , വലിയപറത്തോട് , കുംമാന്തന്‍ തോട് തുടങ്ങിയ ചോലകള്‍ പുഴയ്ക്കു ജീവനേകുന്നു . പശ്ചിമ ഘട്ടത്തില്‍ വിഷമോ കീടനാഷിനിയോ കലരാത്ത ജലം കുന്തിപ്പുഴക്ക്‌ സ്വന്തം .


മയില്‍ ഭംഗിയെകി ചൂലനൂര്‍



പാലക്കാട് ; ദേശീയ പക്ഷിയായ മയിലിനു ഒരു സംരക്ഷണ കേന്ദ്രം കേരളത്തിലെ ഒരേ ഒരു മയില്‍ സംരക്ഷണ കേന്ദ്രം പാലക്കാട് ജില്ലയിലാണ് . ആലത്തൂര്‍ താലൂക്കിലെ കുഴല്‍ മന്ദം ബ്ലോക്കിലെ പെരിങ്ങോട്ടു കുരിശ്ശി ഗ്രാമപഞ്ചായതിലാണ് മയില്‍ സംരക്ഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത് . പാലക്കാട് ജില്ലയിലും തൃശൂര്‍ ജില്ലയിലുമായി പരന്നു കിടക്കുന്ന ഗ്രാമമാണ് ചൂലനൂര്‍ .ഇവിടത്തെ മയില്‍ സംരക്ഷണ കേന്ദ്രം കേരളത്തിലെ പ്രിയപ്പെട്ട വന്യ ജീവി സംരക്ഷണ കേന്ദ്രമാണ് . ജില്ല സിരാ കേന്ദ്രത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് ചൂലനൂര്‍ മയില്‍ സംരക്ഷണ കേന്ദ്രം . 500 ഹെക്ടറോളം നിബിഡ വനങ്ങളില്‍ ആണ് ഇത് . മയിലുകള്‍ക്ക് പുറമേ അനേകം പക്ഷികളുടെ വിഹാര കേന്ദ്രമാണ് ഇവിടം . ഇപ്പോള്‍ 200 ല്‍ അധികം മയിലുകള്‍ ഇവിടെയുണ്ട് . നൂറുകണക്കിന് ജനുസുകളില്‍ പെട്ട മറ്റു പക്ഷികളും ഇവിടെയുണ്ട് . കാടിനേയും പക്ഷികളെയും അറിയാനാഗ്രഹിക്കുന്നവര്‍ക്ക് ഈ യാത്ര വളരെ ഹൃദ്യമാണ് . ഇന്ത്യയിലെ പ്രശസ്ത പക്ഷി നിരീക്ഷകനായ ഇന്ദുചൂഡന്‍ എന്ന കെ കെ നീലകണ്‌ഠന്റെ ഓര്‍മ്മക്കായി 2008 ലാണ് മയില്‍ സങ്കെതമാക്കി ചൂലനൂരിനെ ഉയര്‍ത്തിയത്‌ . മണ്‍സൂണ്‍ മഴ കഴിഞ്ഞ ശേഷമുള്ള സമയത്ത് ഈ മയില്‍ സങ്കേതം സന്ദര്‍ശിച്ചാല്‍ മയിലുകളെയും അനേകം പക്ഷികളെയും ഇവക്കു പുറമേ ചിത്ര ശലഭങ്ങളെയും ധാരാളം കാണുവാന്‍ സാധിക്കും . പക്ഷികള്‍ക്കൊപ്പം തന്നെ അനേകം ഔഷധ ചെടികളും ഇവിടെയുണ്ട് . ഇപ്പോള്‍ ഇവിടത്തെ 200 ഹെക്ടര്‍ സ്ഥലം കുഞ്ചന്‍ നമ്പ്യാരുടെ ഓര്‍മ്മക്കായി കുഞ്ചന്‍ സ്മൃതിവനം എന്ന പേരില്‍ നാമകരണം ചെയ്തിരിക്കുന്നു . ചൂലനൂര്‍ പക്ഷി സംരക്ഷണ കേന്ദ്രത്തിനു സമീപം മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് സ്ഥിരം പരിപാടിയായി മാറിയതിനാല്‍ ഇവിടത്തെ പക്ഷികള്‍ക്ക് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യമുണ്ട് . ഇത് കണക്കിലെടുത്ത് സര്‍ക്കാര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ ആരോഗ്യ പ്രവര്ത്തകരെ നിയോഗിച്ചു ഇവിടെ വൃത്തിയായി സംരക്ഷിക്കാനുള്ള നടപടികള്‍ കൈക്കൊണ്ടിട്ടുണ്ട് . ദേശീയ പക്ഷിയായ മയിലിനെതിരെ ഒരു തരത്തിലുമുള്ള അധിക്രമങ്ങള്‍ അനുവദിച്ചിട്ടില്ല . ഇങ്ങനെ ചെയ്യുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുകയും ചെയ്യും . പൊതുവേ ചൂട് കൂടിയ പാലക്കാട് ജില്ലയില്‍ ജലക്ഷാമം നേരിട്ട് മയിലുകള്‍ക്ക് ജീവഹാനി സംഭാവിക്കാതിരിക്കാന്‍ തടയണകള്‍ നിര്‍മിച്ചു നല്‍കിയിട്ടുണ്ട് . വേനല്‍ മഴകള്‍ തടഞ്ഞു നിര്‍ത്തി മയിലുകള്‍ക്കും മറ്റു പക്ഷികള്‍ക്കും ആശ്വാസം പകരുന്നുണ്ട് . അറ്റ വേനലില്‍ ദാഹജലം തേടി മയിലുകള്‍ കാടിറങ്ങും .ഇവക്കു തെരുവുനായ്ക്കളും മനുഷ്യരും ഭീഷണിയാകും . പക്ഷികള്‍ക്കൊപ്പം തന്നെ കുരങ്ങുകളെയും ഇവിടെ സംരക്ഷിട്ടുണ്ട് . തൊട്ടടുത്ത കൃഷിയിടങ്ങളിലെ നെല്ല് , മുളക് , പച്ചക്കറികള്‍ എന്നിവ മയിലുകളും കുരങ്ങുകളും ആഹാരമാക്കുന്നു. ഇവയെ ആട്ടിയോടിക്കാന്‍ തകര പാത്രങ്ങള്‍ കൊട്ടി ഒച്ചയുണ്ടാക്കുന്നത് പതിവുകാഴ്ചയാണ് . വിനോദ സഞ്ചാരികള്‍ക്ക് കണ്ണിനു ആനന്ദം പകരാന്‍ ഇവിടെ ഒരു ശലഭോദ്യാനവും നിര്‍മിച്ചിട്ടുണ്ട് .


പാലക്കാടിന്റെ സ്വന്തം അട്ടപ്പാടി

പാലക്കാട് ; പാലക്കാട് ജില്ലയെ കുറിച്ച് പറയുമ്പോള്‍ അട്ടപ്പാടിയെ കുറിച്ച് പറഞ്ഞില്ലെങ്കില്‍ അത് അപൂര്‍ണമാണ് . സഹ്യ പര്‍വതത്തിന് അടുത്തുള്ള ഒരു മലയോര പ്രദേശമാണ് അട്ടപ്പാടി . മണ്ണാര്‍ക്കാട് താലൂക്കില്‍ അഗളി , പുത്തൂര്‍ , ഷോലയൂര്‍ എന്നി ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നാണ് അട്ടപ്പാടി . എന്നാല്‍ ഇവിടെ പാലക്കയം എന്ന പ്രദേശം ഉണ്ടെങ്കിലും അത് അട്ടപ്പാടിയില്‍ പെടുന്നില്ല . സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ഇടമാണ് ഇത് . ഭാവാനിപ്പുഴയുടെ ഉത്ഭവ സ്ഥാനം അട്ടപ്പാടി മല നിരകള്‍ ആണ് . തമിഴ് നാട്ടിലെ ഏറ്റവും വലിയ രണ്ടാമത്തെ നദിയാണ് ഭവാനിപ്പുഴ .കുന്തിപ്പുഴ , നെല്ലിപ്പുഴ , എന്നിവയും ഇവിടെ നിന്നാണ് ഉത്ഭവിക്കുന്നത് .അട്ടപ്പാടി തുടങ്ങുന്നത് ആനമൂളിയില്‍ നിന്നാണ് . അട്ടപ്പാടി ബ്ലാക്ക് എന്നാ ആടുകളെ കുറിച്ച് കേട്ടിട്ടുണ്ടോ . ഇവിടത്തെ ആദിവാസികള്‍ വളര്‍ത്തുന്ന കുന്നിന്‍ പ്രദേശങ്ങളില്‍ മാത്രം കണ്ടു വരുന്ന ഒരിനം ആടുകള്‍ ആണ് അവ . ഇപ്പോള്‍ എണ്ണം തീരെ കുറഞ്ഞു വംശനാശ ഭീഷണി നേരിടുകയാണ് .രോഗ പ്രതിരോധ ശേഷി വളരെ കൂടിയ ഇവക്കു കറുത്ത നിറവും ചെമ്പന്‍ കണ്ണുകളും നീണ്ട കാലുകളും ഉണ്ട് . ഇവിടെ വസിക്കുന്നവര്‍  ഭൂരിഭാഗവും കുടിയേറ്റ കര്‍ഷകര്‍ ആണ് . കൃഷിയാണ് പ്രധാന വരുമാന മാര്‍ഗം . റബര്‍ , കമുക് , വാഴ , കുരുമുളക് , കാപ്പി , തുവര , കപ്പ , തേയില , പച്ചക്കറികള്‍ തുടങ്ങി എല്ലാം കൃഷി ചെയ്യുന്നുണ്ട് . ആനമൂളി , മുക്കാലി , സൈലന്റ് വാലി , ചിണ്ടാക്കി , കക്കുപ്പടി , കല്‍ക്കണ്ടി , കള്ളമല , ജെല്ലിപ്പാറ, ഒമ്മല , മുണ്ടന്‍ പാറ , താവളം , കൂക്കം പാളയം , കോട്ടത്തറ , ഗൂളിക്കടവ് , ചാവടിയൂര്‍ , മുള്ളി , ആനക്കട്ടി , ഷോലയൂര്‍ , പാലയൂര്‍ , പുത്തൂര്‍ തുടങ്ങിയവയാണ് പ്രധാന സ്ഥലങ്ങള്‍ . ആനക്കട്ടി സംസ്ഥാന അതിര്‍ത്തിയാണ് . നിരവധി ആദിവാസികളും അവരുടെ ഉത്സവങ്ങളും ഇവിടെ കൊണ്ടാടാറുണ്ട്‌ . ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ പ്രശസ്തമായ മല്ലീശ്വരന്‍ ക്ഷേത്രത്തില്‍ ഉത്സവക്കാലമാണ് . ആദിവാസി ഗോത്ര പൂജാരിമാര്‍ മല്ലീശ്വര മലയില്‍ രാത്രി വിളക്കുകള്‍ തെളിയിക്കുകായും പൂജകള്‍ നടത്തുകയും ചെയ്യും . പ്രകൃതിയുടെയും മനുഷ്യ ജീവിതത്തിന്റെയും തനിമ നില നിര്‍ത്തി ജീവിക്കുന്ന അട്ടപ്പാടിയിലെ ആദിവാസികള്‍ക്ക് പരിഷ്കൃത മനുഷ്യന്‍ ഭീഷണിയാണ് . പ്രകൃതി രമണീയമായ അട്ടപ്പാടി മലനിരകള്‍ പാലക്കാടിന്റെ വടക്ക് കിഴക്കായി 827 ചതുരശ്ര കിലോമീറ്റര്‍ ആയി വിസ്തൃത പെട്ടിരിക്കുന്നു . കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആദിവാസി ഊരുകള്‍ ഉള്ളത് ഇവിടെയാണ്‌ . ഇരുളര്‍ , മദുകള്‍ തുടങ്ങിയവയാണ് പ്രധാന ആദിവാസി ഗോത്ര വിഭാഗങ്ങള്‍ . മല്ലീശ്വര ക്ഷേത്രത്തിലെ ശിവരാത്രിയും കൊയ്തുത്സവങ്ങളുമാണ് പ്രധാന ആഘോഷങ്ങള്‍ . മല്ലീശ്വരന്‍ എന്നാ കൊടുമുടിയെ ശിവലിംഗമാക്കിയാണ് ഇവിടെ ആരാധിക്കുന്നത് . അട്ടപ്പാടിയുടെ വികസനത്തിനായി സര്‍ക്കാര്‍ രൂപികരിച്ച ആഹാഡസ് മെച്ചപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തുന്നത് . ശിശുമരണവും കൃഷി നാശവും അവിവാഹിതരായ ആദിവാസി അമ്മമാരുടെ എണ്ണം കുറക്കാനുള്ള നടപടികളും വിദ്യാഭ്യാസ ആരോഗ്യ രംഗങ്ങളിലെ മികവും എല്ലാം സര്‍ക്കാര്‍ ലക്ഷ്യമിടുന്നു .

കുമ്മാട്ടി വിശേഷങ്ങള്‍ !

പാലക്കാട് ; ദേവ പ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ഓണത്തപ്പനെ വരവേല്‍ക്കാനും കാലടോഷങ്ങള്‍ തീര്‍ക്കാനും കുട്ടികള്‍ക്ക് നന്മ നേരാനും എത്തുന്ന നാടന്‍ കലാരൂപമാണ്  കുമ്മാട്ടി . ഇത് പാലക്കാട് ജില്ലയിലെ ഒട്ടു മിക്ക ഭാഗങ്ങളിലും തൃശൂര്‍ വയനാട് ജില്ലകളിലെ ചില ഭാഗങ്ങളിലും പ്രചാരത്തിലുണ്ട് . നന്മ നേരാന്‍ എത്തുന്ന കുമ്മാട്ടിക്കു പുരാണവുമായി ബന്ധമുണ്ടെന്നു പറയപ്പെടുന്നു . പാന്ധവരുടെ വനവാസസമായത് ശത്രു നിഗ്രഹത്തിനായി ശക്തി ലഭിക്കാന്‍ തപസു ചെയ്ത അര്‍ജുനന്റെ മുന്നില്‍ പരമശിവന്‍ കാട്ടാള രൂപത്തില്‍ കിരാത മൂര്തിയായി അവതരിച്ചു എന്നും ഇരുവരും ഒരു കാട്ട് പന്നിയെ നിഗ്രഹികാന്‍ തുനിയുകയും ചെയ്തു എന്നാല്‍ പന്നിയെ ആര് കൊന്നു എന്നതിന് വാഗ്വാദം ഉണ്ടാകുകയും അത് യുദ്ധത്തില്‍ കലാശിക്കുകയും ചെയ്തു . ഒടുവില്‍ കാട്ടാളനോട് അര്‍ജുനന്‍ അടിയറവു പറഞ്ഞു . ഉടന്‍ ശിവന്‍ താനെ സ്വരൂപം കാണിച്ചു ദിവ്യമായ പാശുപതാസ്ത്രം നല്‍കി എന്നാണു കഥ . കുമ്മാട്ടിക്കളി തൃശൂരിലെത്തുമ്പോള്‍ പ്രശസ്തമായ വടക്കുന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഐതിഹ്യം . ഇവിടെ ശ്രീ പാര്‍വതിക്ക് ഭൂതഗണങ്ങളുടെ നൃത്തവും പാട്ടും കാണണം എന്നാ ആഗ്രഹം ശിവനോട് പറയുകയും അത് പ്രകാരം കുമ്മാട്ടി അവതരിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു . കുനിശേരിയില്‍ എത്തുമ്പോള്‍ അവിടത്തെ പൂക്കുളങ്ങര ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഐതിഹ്യം .കോഴിക്കോട് സാമൂതിരി രാജാവ് നാടുകള്‍ കീഴടക്കി മുന്നോട്ടു പോയ്ക്കൊണ്ടിരുന്നപ്പോള്‍ കുനിശ്ശേരിയും പിടിച്ചടക്കാന്‍ ആഗ്രഹിച്ചു . കുനിശേരിയിലെ രാജാവ് നാട്ടുകാരുടെ സഹായത്തോടെയാണ് പോരിനിരങ്ങിയത് . നാല് നാള്‍ കഴിഞ്ഞിട്ടും പരിചയ സമ്പന്നരായ സാമൂതിരിയുടെ പടയാളികള്‍ക്ക് കുനിശേരിയുടെ മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ ആയില്ല . ഉടന്‍ സാമൂതിരി ദേവിയെ ശരണം പ്രാപിച്ചു . സാമൂതിരിയുടെ പ്രാര്‍ഥനയില്‍ സഹതാപം തോന്നിയ പൂക്കുളത്തമ്മ സമൂതിരിപ്പടക്ക് രക്ഷയായി . ഒടുവില്‍ സാമൂതിരി സൈന്യം വിജയം കണ്ടു . ഇതോടനുബന്ധിച്ച് സാമൂതിരി രാജാക്കന്മാര്‍ നടത്തുന്ന പൂക്കുളത്തമ്മയുടെ പിറന്നാള്‍ ആഘോഷം പിന്നീട് കുമ്മാട്ടി മാമാങ്കം എന്ന് അറിയപ്പെട്ട് തുടങ്ങി . കുമ്മാട്ടിയെ ഏറ്റവും മനോഹരമാക്കുന്നത് അതിന്റെ വേഷം തന്നെ . പുല്ലു കൊണ്ട് നെയ്ത വസ്ത്രങ്ങളാണ് കുമ്മാട്ടി ഉപയോഗിക്കുന്നത് . തകില്‍ , ചെണ്ട , നാദസ്വരം ,ചേങ്ങില തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടെ ചോടുവച്ചു കളിച്ച് വീടുകള്‍ കയറി ഇറങ്ങുന്ന കുമ്മാട്ടി വീട്ടുകാരെ അനുഗ്രഹിച്ചു ആശീര്‍ വദിച്ചു ഉപഹാരങ്ങള്‍ സ്വീകരിച്ചു മടങ്ങും . കുമ്മാട്ടിയുടെ വേഷം പോലെ തന്നെ ആകര്‍ഷകമായ മുഖം മൂടികളും ഉണ്ട് . കമുകിന്‍ പാളകള്‍ ഉപയോഗിച്ചും കനം കുറഞ്ഞ മരത്തടികള്‍ ഉപയോഗിച്ചുമാണ് മുഖം മൂടികള്‍ ഉണ്ടാക്കുന്നത് . ശിവന്‍ , സുഗ്രീവന്‍ , ബാലി , കാളി തെയ്യം , മുത്തശന്‍ , മുത്തശ്ശി , കാട്ടാളന്‍ , കാലന്‍ , ഗരുഡന്‍ , ഗണപതി , കൃഷ്ണന്‍ , ബ്രഹ്മാവ്‌ , ഹനുമാന്‍ , തുടങ്ങിയവയാണ് സാധാരണ കുമ്മാട്ടി രൂപങ്ങള്‍ . പ്ലാവിന്റെ വേര് നെല്ലിലും എണ്ണയിലും ഇട്ട് പുഴുങ്ങി പാകപ്പെടുത്തിയാണ് മുഖം മൂടികള്‍ ഉണ്ടാക്കുന്നത്‌ . പ്രകൃതി ദത്ത നിറങ്ങള്‍ ഉപയോഗിച്ച് ചിത്രപ്പണികള്‍ നടത്തി മ്നോഹരമാക്കും .  പര്‍പ്പടക പുല്ലു വാഴ നാരു വച്ച് കെട്ടിയാണ് വസ്ത്രങ്ങള്‍ തയാറാക്കുന്നത് . ഓണത്തിന് മലബാറിലും വള്ളുവനാടിലും തൃശൂരിന്റെ ചില ഭാഗങ്ങളിലും കുമ്മാട്ടി വരാറുണ്ട് . കുട്ടി കുമ്മാട്ടികളും ഈ സമയത്ത് ധാരാളമായി എത്തുന്നു . കുമ്മാട്ടി കെട്ടുന്ന പുല്ലു ഔഷധ ഗുണമുള്ളതാണ് . സുഗന്ധമുള്ള ഈ പുല്ലു ശരീരത്തില്‍ വച്ച് കെട്ടുമ്പോള്‍ ഓക്സിജന്‍ പ്രവഹിക്കും മറ്റു പുല്ലുകള്‍ ശരീരത്തില്‍ ചൊറിച്ചില്‍ ഉണ്ടാക്കും . ഓണക്കാലത്ത് കുട്ടിക്കുമ്മാട്ടികള്‍ക്ക് വരുത്തുപ്പെരികള്‍ ആണ് ധാരാളമായി നല്‍കുന്നത് . തൃശൂരില്‍ കിഴക്കുംപാട്ട് കര കുമ്മാട്ടിയും പാലക്കാട് കുനിശ്ശേരി പൂക്കുളങ്ങര കുമ്മാട്ടിയുമാണ് പ്രശസ്തം . ഓണനാളുകളില്‍ ഇവിടെ നടക്കുന്ന കുമ്മാട്ടി കളിയില്‍ അന്‍പതോളം കുമ്മാട്ടികള്‍ ആണ് പങ്കെടുക്കുക . കുനിശേരിയില്‍ ഉത്സവ കാലത്ത് നടക്കുന്ന കുമ്മാട്ടിക്കു പത്ത് ഗജ വീരന്മാരുടെ അകമ്പടിയുണ്ടാകും തലേ ദിവസം കണ്യാര്‍ കളിയും ഉണ്ടാകും .
“കുണ്ടന്‍ കിണറ്റില്‍ കുറുവടി പോയാല്‍
കുമ്പിട്ടെടുക്കും കുമ്മാട്ടി
പൊക്കത്തിലുള്ളോരു വാളന്‍ പുളിങ്ങ
എത്തിച്ചു പൊട്ടിക്കും കുമ്മാട്ടി .. എന്ന് തുടങ്ങുന്ന പാട്ട് കുമ്മാട്ടിയെ വരവേല്‍ക്കാന്‍ തകര പാട്ടയും കിണ്ണവും കൊട്ടി കുട്ടികള്‍ പാടുന്നതാണ് . കുട്ടികള്‍ക്ക് എന്നും ഹരവും രസവുമാണ്‌ കുമ്മാട്ടി . അസാധ്യമെന്നു തോന്നുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ അവര്‍ക്ക് സാധിച്ചു കൊടുക്കുന്ന ഒരു സൂപ്പര്‍ ഹീറോ പരിവേഷം കുമ്മാട്ടിക്കു ഉണ്ണികള്‍ അനുവദിച്ചു നല്‍കുന്നു .

ആവേശ കാഴ്ചയൊരുക്കുന്ന നെന്മാറ വല്ലങ്ങി വേല

പാലക്കാട് ; പാലക്കാട് എന്ന് പറയുമ്പോള്‍ തന്നെ വേലകളുടെയും
പൂരങ്ങളുടെയും ആവേശ കാഴ്ചകള്‍ ആണ് നമ്മെ ഉണര്‍ത്തുക . പാലക്കാട്
ജില്ലയിലെ ഏറ്റവും പ്രശസ്തമായ വേലയാണ് നെന്മാറ വല്ലങ്ങി വേല . നെന്മാറയും
വല്ലങ്ങിയും രണ്ടു ഗ്രാമങ്ങള്‍ ആണ് . ഇരു വിഭാഗവും ഒത്തു ചേര്‍ന്ന്
നടത്തുന്ന നെല്ലിക്കുളങ്ങര ഭഗവതിയുടെ ഉത്സവം കൂട്ടായ്മയുടെ ഉത്സവം
കൂടിയാണ് . മറ്റു ഉത്സവങ്ങളെ അപേക്ഷിച്ച് ആനക്കും അംബാരിക്കും പുറമേ
കുമ്മാട്ടി , കരിവേല , ആണ്ടി വേല തുടങ്ങിയ നാടന്‍ കലാരൂപങ്ങളും അനുഷ്ടാനം
പോലെ അരങ്ങേറും .വേല ദിവസം മുപ്പതോളം ആനകള്‍ നെറ്റിപ്പട്ടം കെട്ടി അണി
നിരക്കുന്നത് ഒരു ഉജ്വല കാഴ്ച തന്നെയാണ് . കേരളത്തില്‍ തൃശൂര്‍ പൂരം
കഴിഞ്ഞാല്‍ നെന്മാറ വല്ലങ്ങി വേലയാണ് പ്രശസ്തം . വെടിക്കെട്ട്‌ ,
കുടമാറ്റം തുടങ്ങിയ വര്ണ ശബളമായ ദൃശ്യങ്ങളും വേലയുടെ ഭാഗമാണ് .
വര്‍ണങ്ങളും ശബ്ദങ്ങളും വേലയ്ക്കു കൊഴുപ്പേകുന്നു .പഞ്ചവാദ്യം , പഞ്ചാരി
മേളം എന്നിവ വേലയ്ക്കു ആവേശം പകരുന്നു . ശബ്ദ ഘോഷങ്ങള്‍ക്കും വര്ണങ്ങളുടെ
സമ്മേളനങ്ങളും ഗജ വീരന്മാരുടെ എഴുന്നള്ളത്തും എല്ലാം വല്ലങ്ങി പാടത്ത്
സമ്മേളിക്കുമ്പോള്‍ ഇതൊരു ദൃശ്യ വിസ്മയം തന്നെയാണ് . തൃശൂര്‍ പൂരം
മാത്രമല്ല നെന്മാറ വല്ലങ്ങി വേല കാണാനും വിദേശികള്‍ ധാരാളം എത്തുന്നു .
വേലയ്ക്കു രാവിലെ വിവിധ അനുഷ്ടാന ചടങ്ങുകള്‍ നടക്കും  തിടമ്പ് പൂജ ,
വരിയോല വായന , നിറപറ എഴുന്നള്ളിപ്പ് , പറയെടുപ്പ് , ഈടു വെടി
എന്നിവയ്ക്ക് ശേഷമാണ് പഞ്ച വാദ്യവും പഞ്ചാരി മേളവും ഗജ വീരന്മാരുടെ
എഴുന്നള്ളിപ്പും . ഇരു ദേശങ്ങളും ഒരിടത്ത് സന്ധിച്ചു പരസ്പരം വാശിയോടെ
കുടമാറ്റം നടത്തും വര്ണ കാഴ്ചകള്‍ മാനത്ത് കുടയായി വിരിയും . സന്ധ്യക്ക്‌
വെടികെട്ട് ആരംഭിക്കും . വൈകിട്ട് ആറോടെ ഇരു ദേശക്കാരുടെയും
എഴുന്നള്ളിപ്പുകള്‍ കാവ് കയറും . രാവേലകാണാനും പകല്‍ വേല കാണാനും ധാരാളം
ആളുകള്‍ എത്തും . വേല ദിവസം സ്ഥലത്ത് ശക്തമായ പോലിസ് സന്നാഹവും ഗതാഗത
നിയന്ത്രണവും ഉണ്ടാകും . പകലും രാത്രിയും കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍
ഇരു വിഭാഗവും വാശിയോടെ വെടിക്കെട്ട്‌ നടത്തും . ഓരോ വിസ്മയങ്ങള്‍ മാനത്ത്
വിരിയുംപോഴും ഭൂമിയില്‍ ആര്‍പ്പു വിളികള്‍ ഉയരും . പള്ളിവാള്‍ കടയല്‍,
പാണ്ടി മേളം എന്നിവയും വേലയോട് അനുബന്ധിച്ച് ഉണ്ടാകും . ആന ചമയ
പ്രദര്‍ശനങ്ങളും ഇരു വിഭാഗവും നടത്തുന്നത് വാശിയോടെ തന്നെ . താലപ്പൊലി ,
താലപ്പൊലി എഴുന്നള്ളത്ത്‌ , ദീപാലങ്ക്രുതമായ ബഹുനില ആനപ്പന്തലുകള്‍
പറയെടുപ്പ് എന്നിവയും വേലയ്ക്കു മിഴിവേകുന്നു .