Monday 9 March 2015

മാനഭംഗം : മാനക്കേടുമായി ഇന്ത്യ !



കൊച്ചി ; കൊട്ടും കുരവയുമായി എല്ലാ വര്‍ഷവും ഓരോ വനിതാ ദിനങ്ങള്‍ കടന്നു  പോകുന്നു .  അന്ന് മാത്രം പ്രഹസനമായി ഒരു സ്ത്രീപൂജ ! ഇന്ത്യന്‍ സ്ത്രീത്വത്തെ തെരുവുകളില്‍ പിച്ചി ചീന്തിയും വീടുകളില്‍ ചവിട്ടിയരച്ചും നിര്‍വൃതിയടയുകയാണ് പുരുഷ മേധാവിത്തം . അങ്ങ് ചന്ദ്രനില്‍ ചെന്ന് തൊട്ട സ്പേസ് ടെകനോളജിയുടെ വരെ ചുക്കാന്‍ പിടിക്കാന്‍ ഭാരത നാരിക്ക് കെല്‍പ്പുണ്ട് , എന്നിട്ടും ....
എന്തിനും ഏതിനും അവനു അവള്‍ വേണം . പക്ഷെ അതോരുപകരണം എന്നതില്‍ അപ്പുറം മജ്ജയും മാംസവും ശ്വാസവും സ്വപ്നവും ഉള്ള സഹയാത്രികയായല്ല എന്നത് വേദനാ ജനകം തന്നെയാണ് . നാള്‍ക്കു നാള്‍ ഏറി വരുന്ന മാനഭംഗക്കേസുകളില്‍ ഭയമാണ് പെണ് മക്കളുള്ള അമ്മമാര്‍ക്ക് . അച്ഛന്‍ മുതല്‍ ഊരും പേരും അറിയാത്ത ആരെല്ലാമോ എപ്പോള്‍ വേണമെങ്കിലും മകളെ ഉപയോഗപ്പെടുത്തിയെക്കും എന്ന് ഉറക്കം നഷ്ടപ്പെടുന്ന അമ്മമാര്‍ ..... ഇന്ത്യയുടെ ശാപം !
വനിതാ ദിനമായ ഇന്നലെ നേരം പുലര്‍ന്നത് തന്നെ പഞ്ചാപിലെ ഒരു പെണ്‍കുട്ടിയുടെ നിസഹായ രോദനം കേട്ടുകൊണ്ടാണ് എന്നത് പറയാതെ വയ്യ ..ഇന്ത്യയില്‍ എവിടെയും സ്ത്രീ സുരക്ഷിതയല്ല , പ്രത്യേകിച്ചും വടക്കേ ഇന്ത്യയില്‍ . ദില്ലിയാകട്ടെ ഏറെ നാളായി നാണക്കേടിന്റെ പുതപ്പണിഞ്ഞിരിക്കുകയാണ്.
ഇന്നലെ സൂര്യന്‍ ഉദിച്ചത് ശനിയാഴ്ച  രാത്രി പിച്ചി ചീന്തിയ ശരീരവുമായി സഹായമഭ്യര്‍ഥിച്ചു പോലിസ് സ്റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയുടെ കണ്ണീരിലാണ് .
ഓടുന്ന കാറില്‍ ബലമായി പിടിച്ചു കയറ്റി മാനഭംഗപ്പെടുത്തി വഴിയരികില്‍ ഉപേക്ഷിക്കുക... ജോലി സ്ഥലത്തും വീട്ടിലും ബസിലും കടകളിലും കവലകളിലും  സുരക്ഷിതയല്ലാത്ത അവസ്ഥ .... ഇരകളെ സഹായിക്കാനില്ലാതെ കുറ്റം പറയുന്ന ജനത , സഹായിക്കാന്‍ സന്നദ്ധത കാണിക്കുന്നവര്‍ക്ക് നേരെ മുഖം തിരിക്കുന്ന ജനങ്ങള്‍.... ഇന്ത്യ വളരുക തന്നെയാണ് ; താഴേക്ക് !
തലസ്ഥാന  നഗരിയായ ദില്ലി മാനഭംഗങ്ങളുടെ സ്വന്തം നാടായി മാറി . ഭരണ സിരാകേന്ദ്രമായ ദില്ലിയില്‍ ആരും സുരക്ഷിതരല്ല എന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു . ശീതീകരിച്ച മുറികളില്‍ ഇരുന്നു നിയമം പറഞ്ഞാല്‍ പോര , ജനങ്ങള്‍ക് സുരക്ഷ ഉറപ്പാക്കുക തന്നെയാണ് ഭരണാധികാരികള്‍ ചെയ്യേണ്ടത് .
നിര്‍ഭയ ! ഇന്ത്യയുടെ മകള്‍ ! ലോകം മുഴുവന്‍ പ്രാര്‍ത്ഥനയോടെ കാത്തിരുന്നിട്ടും കൈവിട്ടു പോയി ... ആര്‍ഷ ഭാരത സംസ്കാരം ചോദ്യം ചെയ്യപ്പെട്ട നിമിഷം ... ലോകം മുഴുവനും ഇന്ത്യയിലെ സുരക്ഷയില്‍ ആവലാതി പൂണ്ടു ... വിദേശ വനിതാ വിനോദ സഞ്ചാരികളുടെ ഒഴുക്കില്‍ ഗണ്യമായ കുറവുണ്ടായി ... എന്നിട്ടും അധികൃതര്‍ ഉണര്‍ന്നില്ല .
ദില്ലി , യു പി , ആഗ്ര , ഗുര്ഗോന്‍ , പഞ്ചാബ് , തുടങ്ങി മിക്ക ഇടങ്ങളിലും വിനോദ സഞ്ചാരികള്‍ മാനഭംഗത്തിന് ഇരയായി . കേസുകള്‍ തീര്‍പ്പാക്കാനുള്ള കാലതാമസം ലജ്ജിപ്പിക്കുന്ന സാഹചര്യമാണ് . ഇത്തരം കേസുകള്‍ ഉടനടി കൈകാര്യം ചെയ്യാനുള്ള നിയമ നിര്‍മാണം എന്നാണു ഇന്ത്യയില്‍ വരിക ?
വനിതാ ദിനാഘോഷങ്ങള്‍ക്ക്‌ തൊട്ടു മുന്‍പ് കൊഹീമയില്‍ ഒരു ബോംബു പൊട്ടി ! കോളേജ് വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്തിയ പ്രതിയെ ജയില്‍ പൊളിച്ചു പുറത്തു കടത്തി , തെരുവിലൂടെ നഗ്നനായി വലിച്ചിഴച്ചു പട്ടിയെ തല്ലും പോലെ തള്ളി കൊന്നു ! അത്ഭുതപ്പെടാനില്ല .... ഇനിയും ഇതെല്ലാം സംഭാവിചില്ലെങ്കിലെ അത്ഭുതമുള്ളൂ ... മടുത്തിട്ടുണ്ട് ജനങ്ങള്‍ക്ക് .. ഭരണ വര്‍ഗത്തിനും നിയമത്തിനും ഒന്നും ... ഒന്നും ചെയ്യാനാകില്ല എന്ന് ജനങ്ങള്‍ക്ക്‌ തോന്നല്‍ ഉണ്ടായാല്‍ പിന്നെ കാട്ടുനീതി നടപ്പാകുക തന്നെ .
2൦15 പിറന്നിട്ടു രണ്ടു മാസം പിന്നിട്ടപ്പോള്‍ ദില്ലിയില്‍ രെജിസ്റ്റെര്‍ ചെയ്ത മാനഭംഗക്കേസുകള്‍ മുന്നൂറ് എന്ന് ദില്ലി പോലിസ് ! രണ്ടു ദിവസത്തില്‍ ഒരു കേസ് പോലിസ് സ്റ്റേഷനില്‍ എത്തുന്നു എന്ന് സാരം . എന്നാല്‍ കേസേടുക്കാത്ത , കൊടുക്കാത്ത , വാര്‍ത്തയാകാത്ത എത്രയോ നിശബ്ദ നിലവിളികള്‍ കൂടി ചേര്‍ത്ത് വെക്കുമ്പോള്‍ ഓരോ പന്ത്രണ്ടു മണിക്കൂറിലും ഒരു പെണ്‍കുട്ടി വീതം ക്രൂരതക്ക് വിധേയമാകുന്നു എന്ന് വേണം കരുതാന്‍ .  ദില്ലിയില്‍ വനിതകളെ ശല്യപ്പെടുത്തിയതുമായി ബന്ധപ്പെട്ട കേസുകള്‍ അഞ്ഞൂറില്‍ അധികമാണെന്നും കേസുകളെല്ലാം റജിസ്‌റ്റര്‍ ചെയ്യുന്നതിനാലാണ്‌ എണ്ണം വര്‍ധിക്കുന്നതെന്നും പൊലീസ്‌ കമ്മിഷണര്‍ ബി.എസ്‌. ബസി പറഞ്ഞു. 2012 ഡിസംബര്‍ 16ലെ കൂട്ടമാനഭംഗ-കൊലപാതകത്തിനു ശേഷമാണ്‌ ദില്ലിയില്‍ എല്ലാ കേസുകളും റജിസ്‌റ്റര്‍ ചെയ്‌തു തുടങ്ങിയത്‌. എന്നാല്‍ യു പി , ബീഹാര്‍ , ഒഡീഷ പോലുള്ള സ്ഥലങ്ങളില്‍ സ്ത്രീകള്‍ക്ക് വിദ്യാഭ്യാസത്തിന്റെ കുറവ് കൊണ്ടും മറ്റും കേസുകള്‍ എടുക്കാതെ പോകുന്നു . അവരുടെ നിസാഹയത കണ്ണീരില്‍ നിന്ന് കണ്ണീരിലേക്ക് അവരെ തള്ളിയിടുന്നു ... ആര്‍കും സഹായിക്കാന്‍ സാധിക്കാതെ എത്രയോ ജന്മങ്ങള്‍ !
യു പി യിലെ ഒരു ഗ്രാമത്തില്‍ സഹോദരിമാരായ രണ്ടു ദളിത്‌ പെണ്‍കുട്ടികളെ ക്രൂരമായി മാനഭംഗപ്പെടുത്തി കെട്ടി തൂക്കി കൊന്ന സംഭവം അധികം അകലെ അല്ല . അന്ന് യു പി മുന്‍ മുഖ്യമന്ത്രിയും നിലവിലെ മുഖ്യമന്ത്രിയുടെ പിതാവുമായ മുലായം സിംഗ് യാദവ് നടത്തിയ പരാമര്‍ശങ്ങള്‍ ഒരിക്കലും ഒരു ഭരണാധികാരിയോ പൌരനോ നടത്താന്‍ പാടില്ലാത്ത വിധം അധ:പതിച്ചതായിരുന്നു എന്ന് ഓര്‍ക്കുക . ഇന്നും പ്രതികള്‍ക് ഒന്നും സംഭവിച്ചിട്ടില്ല . കാലയവനികക്കുള്ളില്‍ മറഞ്ഞു , മായ്ഞ്ഞു , മറന്നു പോകേണ്ടതല്ല ഇത്തരം സംഭവങ്ങള്‍ .
ദില്ലി പെണ്‍കുട്ടി എന്ന് വിളിക്കുന്ന നിര്ഭയയുടെ  പേരില്‍ ഡോക്യുമെന്‍റി ചെയ്ത ബിബിസിയാണ് ഇത്തവണ മറ്റൊരു പടക്കവുമായി വനിതാ ദിനത്തെ വരവേറ്റത് . പ്രതികളിലെ മുഖ്യനായ മുകേഷിന്‍റെ വിവാദ അഭിമുഖവും അദ്ദേഹത്തിന്റെ അഭിഭാഷകന്റെ പരാമര്‍ശവും ലോകം കേട്ടത് അന്ധാളിച്ചാണ് .. ഇത്രയേ ഉള്ളൂ ഇന്ത്യയില്‍ സ്ത്രീയുടെ വില എന്ന് ലോകത്തിനു കാണിച്ചു കൊടുത്ത പരിപാടി . ലജ്ജിക്കാതെ എന്ത് ചെയ്യും ?
ദില്ലി കൂട്ടമാനഭംഗത്തേക്കുറിച്ചുള്ള വിവാദ ഡോക്യുമെന്‍ററിയുടെ നിരോധനം നീക്കണമെന്ന് ആവശ്യപ്പെട്ടു പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയുടെ അമ്മ രംഗത്ത്‌ വന്നു .എന്താണ് തന്‍റെ മകള്‍ക്ക് സംഭവിച്ചതെന്ന് ലോകം അറിയണമെന്നും നിര്‍ഭയയുടെ അമ്മ പറഞ്ഞു. ഡോക്യുമെന്‍ററിയില്‍ പ്രതികളുട അഭിഭാഷകര്‍ നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളെക്കുറിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മൂന്നംഗ സമിതി അന്വേഷിക്കും.
അതിനിടെ ഡോക്യുമെന്ററി ഇന്ത്യൻ ജനത കാണട്ടെയെന്ന് പ്രശസ്ത സാമൂഹിക പ്രവർത്തക സുനിത കൃഷ്ണൻ. “ഡോക്യുമെന്റ് പ്രദർശിപ്പിക്കുന്നതിനെതിരെ ഇത്രയധികം പ്രതിഷേധവും പ്രതികരണങ്ങളും ഉണ്ടാകുന്നതിന് പിന്നിൽ നമ്മുടെ ഉള്ളിലെ മോശം ചിന്താഗതിയാണ്. പീഡനം നടത്തിയവരുടെ മാനസിക നിലയെക്കുറിച്ചു മാത്രമാണ് നമ്മൾ സംസാരിക്കുന്നത്. മുന്‍പ് യു പി യില്‍ മുലായം സിംഗ് യാദവും മറ്റു ചില സമാജ് വാദി പാര്‍ട്ടി നേതാക്കളും സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ പരാമര്‍ശം നടത്തിയിരുന്നു .  ആന്ധ്രാപ്രദേശിലെ ഒരു മുൻ ഡിജിപി പറഞ്ഞത് വസ്ത്രധാരണമാണ് പീഡനത്തിന് ഇടയാക്കുന്നതെന്നാണ്. പീഡനം നടത്തിയവരുടെ അതേ മാനസിക നില തന്നെയാണ് ഇവരും പ്രകടിപ്പിച്ചത്. മുകേഷ് സിങ്ങിന്റെ പരാമർശം പീഡനം നടത്തിയതിനെ കുറിച്ചുള്ള അയാളുടെ അഭിപ്രായം മാത്രമല്ല, ചെയ്ത തെറ്റിനെ ന്യായീകരിക്കുക കൂടിയാണ്” സുനിതാ കൃഷ്ണൻ പറഞ്ഞു.
ബിബിസിയുടെ ഡോക്യുമെന്ററി ഇന്ത്യന്‍ യുവത്വത്തിന് നേരെ പിടിച്ച കണ്ണാടിയാണ് . ഒന്ന് ഉറക്കെ നിലവിളിച്ചിരുന്നെങ്കിൽ അല്ലെങ്കിൽ ഒന്ന് എതിർത്തിരുന്നുവെങ്കിൽ ഞാൻ ഉണർന്നേനെ എന്ന് പീഡനത്തിന് ശേഷം കുറ്റസമ്മതം നടത്തിയിരുന്ന പുരുഷന്മാർ ഇന്നില്ലെന്നാണ് മുകേഷ് സിങ്ങിന്റെ പ്രതികരണം വ്യക്തമാക്കുന്നത്. നിർഭയ പീഡനത്തോട് സഹകരിച്ചിരുന്നെങ്കിൽ അവൾ കൊല്ലപ്പെടില്ലായിരുന്നുവെന്ന് എന്ന് മുകേഷ് . തെരുവില്‍ മധുരം സൂക്ഷിച്ചാല്‍ അത് നായ്ക്കള്‍ വന്നു തിന്നുമെന്ന് അയാളുടെ അഭിഭാഷകനും . വീട്ടില്‍ ഇരുത്താതെ മകളെ മറ്റൊരാള്‍ക്കൊപ്പം പറഞ്ഞയച്ച അവളുടെ മാതാ പിതാക്കള്‍ മകളുടെ  സുരക്ഷ കാര്യമായി എടുത്തില്ല എന്നാണു അഭിഭാഷകന്റെ പക്ഷം . എന്നാല്‍ ഓരോ പെണ്‍കുട്ടിയോടും സമൂഹത്തിനു ചില കടമകള്‍ ഉണ്ടെന്നു ഓര്‍ക്കാതെ പോകുകയാണ് ഇവിടെ . സ്വന്തം സഹോദരിയുടെയോ മകളുടെയോ മുഖം ഒരു പെണ്‍കുട്ടിയിലും കാണാന്‍ സാധിക്കാത്ത വിധം ഇടുങ്ങിപ്പോയി ഇന്ത്യയുടെ മനസ് .
ഇന്ത്യന്‍ സ്ത്രീകള്‍ അടുക്കള മാത്രം ഭരിച്ചാല്‍ മതിയെന്നും കുഞ്ഞിനെ ഉൽപാദനമാണ് അവളുടെ ജോലിയെന്നും വിലയിരുത്തുന്ന ഒരു സമൂഹമാണ് ഇന്നുള്ളത് . വിദ്യാഭ്യാസ നിലവാരം ഏറിയിട്ടു കാര്യമില്ല . നല്‍കേണ്ടത് മൂല്യാധിഷ്ടിത വിദ്യാഭ്യാസമാണ് എന്ന് രാഷ്ട്രീയ പ്രവര്‍ത്തക ശോഭാ സുരേന്ദ്രന്‍ .
വീട് വൃത്തിയാക്കിയും രുചികരമായ ഭക്ഷണം ഒരുക്കിയും തന്‍റെ ലോകം നാല് ചുവരുകള്‍ നിര്‍ണയിക്കുമെന്നു സമാധാനിച്ചും കാലം കഴിക്കുന്ന സ്ത്രീകള്‍ അക്ഷരങ്ങളും സ്കൂളും പ്രതികരണ ശേഷിയും എല്ലാം തനിക്കും കൂടി വേണ്ടിയാണ് സൃഷ്ട്ടിക്ക പ്പെട്ടത് എന്ന് തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു . പാതി ഭൂമിക്കും പാതി ആകാശത്തിനും അവനോടൊപ്പം അവളും അവകാശിയാണ് എന്ന് സമൂഹം അംഗീകരിക്കുന്ന കാലം എന്നുണ്ടാകും ?
സ്കൂളിലും കോളേജിലും വിട്ടു പഠിപ്പിക്കുന്നുണ്ടെങ്കിലും ഒരു അന്യഥാ ബോധം പെണ്‍കുട്ടികളില്‍ നിറയ്ക്കുന്ന മാതാ പിതാക്കള്‍ ആണ് അധികവും . അനീതികള്‍ക്കെതിരെ ശക്തമായി അരുതെന്ന് പറയാന്‍ ആര്‍ജവം കാണിക്കണം എന്ന് പറഞ്ഞു പഠിപ്പിക്കുന്ന രക്ഷിതാക്കള്‍ ഏറെ കുറവാണ് ഇന്ന് .
പണം .. പദവി .. അതിനു വേണ്ടി എന്തും ചെയ്യാം എന്ന് ചിന്തിക്കുന്ന ഒരു വിഭാഗം കൂടി ഇന്നുണ്ട് എന്ന് പറയാതെ വയ്യ . അവിടെ ഉപഭോഗ സംസ്കാരത്തിന്റെ ബ്രാന്‍ഡ്‌ അംബാസഡര്‍ മാരായി കുറെ പെണ്‍കുട്ടികള്‍ ഉണ്ട് . അവരൊന്നും ഈ സംസ്കാരത്തിന്റെ അടിമയോ ഇരയോ ഒന്നുമല്ല , അതിന്റെ ലാഭ വിഹിതം കൈപറ്റുന്നവള്‍ ആണെന്ന് പ്രമുഖ എഴുത്തുകാരി ഇന്ദു മേനോന്‍ .
പണവും സ്വാധീനവും ഉള്ള സ്ത്രീകള്‍ മാത്രമേ ശബ്ദിക്കാവൂ എന്ന അവസ്ഥ മാറണം . പാവപ്പെട്ടവനെ ചവിട്ടി അരക്കുന്ന അവസ്ഥ ഇല്ലാതാകണം . നിയമം എല്ലാവര്‍ക്കും ഒരു പോലെ ആണ് എന്നും എല്ലാ സ്ത്രീകളുടെയും മാനത്തിന് വിലയുണ്ടെന്നും സമൂഹം ഉദ്ഘോഷിക്കുക തന്നെ വേണം .
മുകേഷ് സിങ്ങിനെയും നിഥാരി കൊലപാതക കേസിലെ പ്രതി സുരീന്ദർ കോലിയെയും പോലുള്ളവർ തിരികെ സമൂഹത്തിലേക്കിറങ്ങുന്ന സാഹചര്യമുണ്ടായാൽ സമൂഹത്തിന്റെ സുരക്ഷ എന്താവുമെന്ന് നമ്മൾ ചിന്തിക്കണം. ദില്ലി  കൂട്ടമാനഭംഗവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി എന്നു കേൾക്കുമ്പോഴെ ഇത്രയധികം പ്രതിഷേധം എന്തിനെന്നു മനസിലാകുന്നില്ല. പെൺകുട്ടിയെ പീഡിപ്പിച്ചവരുടെ വിഡിയോ അടുത്തിടെ താൻ പുറത്തുവിട്ടപ്പോൾ ഇപ്പോൾ ഇത്രയധികം അഭിപ്രായ പ്രകടനങ്ങൾ നടത്തുന്നവരുടെ പ്രതികരണങ്ങൾ കേൾക്കാനില്ലായിരുന്നു.
ഡോക്യുമെന്ററി കാണാതെ, പീഡനം നടത്തിയ ആളുമായുള്ള അഭിമുഖത്തിലെ ഒരു ഭാഗം മാത്രം കണ്ടാണ് പലരും അഭിപ്രായം പറയുന്നത്. ആഭ്യന്തര മന്ത്രി കൂടി ഉൾപ്പെട്ട ഒരു പാർലമെന്ററി കമ്മിറ്റി ഈ വിഡിയോ കണ്ട ശേഷം, അവർ പ്രതീക്ഷിച്ചിരുന്ന കാര്യങ്ങൾ തന്നെയാണോ ഡോക്യുമെന്ററിയുടെ ഉള്ളടക്കമെന്ന് മനസിലാക്കണം. മൂന്നും അ‍ഞ്ചും വയസുള്ള പെൺകുഞ്ഞുങ്ങൾ രാജ്യത്ത് പീഡനത്തിന് ഇരയാകുകയും കേസ് 16 ഉം 17ഉം വർഷം തുടരുകയും ഇവർക്ക് നീതി ലഭിക്കാതിരിക്കുകയും ചെയ്യുമ്പോൾ അത് അപകീർത്തിയാണെന്ന് തിരിച്ചറിയണം. പ്രശ്നങ്ങൾ എവിടെയാണെന്ന് മനസിലാക്കി അത് തിരുത്താൻ ശ്രമങ്ങൾ നടത്തിയില്ലെങ്കിൽ ഒന്നിനും മാറ്റം ഉണ്ടാകില്ല”  സുനിത കൃഷ്ണൻ പറഞ്ഞു.
ഇന്ത്യയുടെ നിര്‍ദേശം ലംഘിച്ച് ദില്ലി കൂട്ടമാനംഭത്തെക്കുറിച്ചുള്ള ഡോക്യുമെന്‍ററി സംപ്രേക്ഷണം ചെയ്തതിന് ബിബിസിക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. പ്രതിയുടെ അഭിമുഖം അടങ്ങിയ വിവാദ ഡോക്യുമെന്‍ററി കൂടുതല്‍ പേര്‍ കാണുന്നത് തടയാനുള്ള ശ്രമങ്ങളും കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചു. എന്നാല്‍ പൂര്‍ണ്ണ ഉത്തവാദിത്വത്തോടെയാണ് ഡോക്യുമെന്‍ററി സംപ്രേക്ഷണം ചെയ്തതെന്നും ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യില്ലെന്നും ബിബിസി അറിയിച്ചു.
അതിനിടെ ഡോക്യുമെന്‍റി സംപേഷണം ചെയ്യാന്‍ അനുവദിക്കാഞ്ഞതില്‍ പ്രതിഷേധിച്ചു എന്‍ ഡി ടി വി ഒരു മണിക്കൂര്‍ സംപ്രേഷണം നിര്‍ത്തി വച്ച് പ്രതിഷേധിച്ചു . വെറും 8 മിനുട്ട് നീളുന്ന ഡോക്യുമെന്‍റിയെ ഇത്ര ഭയപ്പെടാന്‍ എന്തിരിക്കുന്നു എന്നും അത് ജനത്തെ കാണിക്കാം എന്നും അഭിപ്രായ സര്‍വേ . പ്രതികളെ കൈകാര്യം ചെയ്യാന്‍ ജനങ്ങള്‍ തയാറെന്ന് സോഷ്യല്‍ മീഡിയ വഴി അഭിപ്രായ വര്‍ഷങ്ങള്‍ . എന്നാല്‍ മോദി സര്‍ക്കാരിനെ കൊണ്ഗ്രെസ്സും യു പി എ സര്‍ക്കാരിനെ ബിജെപിയും ഇക്കാര്യത്തില്‍ പരസ്പരം പഴിചാരി മുഖം രക്ഷിക്കാന്‍ ശ്രമിക്കുന്നു . കൂട്ടമാനഭംഗക്കേസ് പ്രതിയുടെ വിവാദ അഭിമുഖത്തിന് അനുമതി നല്‍കിയത് യു.പി.എ സര്‍ക്കാരിന്‍റെ കാലത്താണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ഏതു സാഹചര്യത്തിലാണ് അഭിമുഖം അനുവദിച്ചതെന്ന് പരിശോധിച്ച് വരികയാണ്. വിവാദ അഭിമുഖത്തിന്‍റെ സംപ്രേഷണം തടയുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചതായും ആഭ്യന്തരമന്ത്രി പാര്‍ലമെന്‍റില്‍ അറിയിച്ചു. അഭിമുഖത്തെ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളും അപലപിച്ചു
ബി ബി സി രാജ്യന്തര വനിതാ ദിനമായ എട്ടിന് ഇന്ത്യയിലടക്കം ഏഴുരാജ്യങ്ങളില്‍ ഡോക്യുമെന്‍ററി സംപ്രേക്ഷണം ചെയ്യാനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. വിവാദങ്ങളുടെയും ഇന്ത്യയിലെ നിരോധനത്തിന്‍റെയും പശ്ചാത്തലത്തില്‍ ഇത് നേരത്തെയാക്കുകയായിരുന്നു.
ഡോക്യുമെന്‍ററിയുടെ സംപ്രേക്ഷണം തടയുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് കഴിഞ്ഞ ദിവസം പാര്‍ലമെന്‍റില്‍ അറിയിച്ചിരുന്നു. ഇന്ത്യയുടെ നിര്‍ദേശം മറികടന്നുള്ള ബിബിസിയുടെ നടപടിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങി. യുട്യൂബിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും ഡോക്യുമെന്‍ററി കൂടുതല്‍ ആളുകളിലേക്ക് എത്തുന്നത് തടയും. മുകേഷ് സിങ്ങിന്‍റെ പരാമര്‍ശത്തെ ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ ബാന്‍ കിമൂണ്‍ അപലപിച്ചു.
എന്നാല്‍ പൂര്‍ണ്ണ ഉത്തരവാദിത്വത്തോടെയും മാനദണ്ഡങ്ങള്‍ അനുസരിച്ചുമാണ് ഡോക്യുമെന്‍ററി തയ്യാറാക്കി സംപ്രേക്ഷണം ചെയ്തതെന്ന് ബി.ബി.സി പ്രതികരിച്ചു. രണ്ടു ദിവസത്തിനുള്ളില്‍ ന്യൂയോര്‍ക്കില്‍ ഡോക്യുമെന്‍ററിയുടെ പ്രദര്‍ശനം നടത്താനാണ് നിര്‍മ്മാതാക്കളുടെ നീക്കം.
അതിനിടെ , ദില്ലി  കൂട്ടമാനഭംഗക്കേസ് പ്രതിയുമായുള്ള അഭിമുഖം ഇന്ത്യയിൽ സംപ്രേഷണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയതിനു പിന്നാലെ ഡോക്യുമെന്ററി യൂട്യൂബിൽ പ്രത്യക്ഷപ്പെട്ടു. 59:53 മിനിറ്റ് ദൈർഘമുള്ള വിഡിയോയാണ് യൂട്യൂബിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
2013 ജൂലൈയിലാണ് കൂട്ടമാനഭംഗക്കേസിലെ പ്രതിയായ മുകേഷ് സിങ്ങിന്‍റെ അഭിമുഖത്തിന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അനുമതി നല്‍കിയത്. അഭിമുഖത്തിന്‍റെ എഡിറ്റ് ചെയ്യാത്ത പകര്‍പ്പ് സര്‍ക്കാരിന് കൈമാറുക, വാണിജ്യാവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുത് തുടങ്ങിയ നിബന്ധനകളോടെയായിരുന്നു അനുമതി. ഏതു സാഹചര്യത്തിലാണ് അഭിമുഖത്തിന് അനുമതി നല്‍കിയതെന്ന് സര്‍ക്കാര്‍ പരിശോധിച്ച് വരികയാണ്. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ മുന്നോട്ട് വച്ച നിബന്ധനകള്‍ പാലിക്കപ്പെട്ടോയെന്നും പരിശോധിക്കുന്നുണ്ട്. ഇനിമുതല്‍ മാനഭംഗം അടക്കമുള്ള ഗൗരവകുറ്റകൃത്യങ്ങള്‍ ചെയ്ത് ജയിലില്‍ കഴിയുന്ന പ്രതികളുടെ അഭിമുഖത്തിന് അനുമതി നല്‍കില്ലെന്നും രാജ്നാഥ് സിങ് അറിയിച്ചു.
അഭിമുഖത്തിന്‍റെ സംപ്രേഷണം കേന്ദ്രസര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്. അഭിമുഖം സംപ്രേഷണം ചെയ്താല്‍ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്ന ആഭ്യന്തരമന്ത്രാലയത്തിന്‍റെ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ദില്ലി  മെട്രോ പൊളിറ്റന്‍ മജിസ്ട്രേറ്റ് കോടതിയും അഭിമുഖം സപ്രേഷണം ചെയ്യുന്നത് തടഞ്ഞിട്ടുണ്ട്..

എന്നാല്‍ ദില്ലി  കൂട്ടമാനഭംഗത്തെക്കുറിച്ചുള്ള വിവാദ ഡോക്യുമെന്ററിയുടെ നിരോധനം നീക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്ന്‌ നിര്‍മാതാക്കള്‍ അറിയിച്ചു. പ്രതികളിലൊരാളായ മുകേഷ്‌ സിങ്ങിന്‌ യാതൊരു കുറ്റബോധവുമുണ്ടായിരുന്നില്ലെന്നും അഭിമുഖത്തിന്‌ പണം നല്‍കിയെന്ന ആരോപണം തെറ്റാണെന്നും ഡോക്യുമെന്ററിക്കായി മുകേഷ്‌ സിങിനെ അഭിമുഖം ചെയ്‌ത സഹനിര്‍മാതാവ്‌ ദിബാങ്‌ പറഞ്ഞു. 

“അഭിമുഖത്തിനായി മുകേഷിന്‌ പണം നല്‍കിയെന്ന ആരോപണം തെറ്റാണ്‌. പെണ്‍കുട്ടിയുടെ പേര്‌ പുറത്തുവിടാന്‍ മാതാപിതാക്കള്‍ അനുദിച്ചിരുന്നു. സുപ്രീംകോടതിയിലെ മുന്‍ ജഡ്‌ജുമാരുടെ രേഖാമൂലമുള്ള നിര്‍ദേശപ്രകാരമാണ്‌ അഭിമുഖം ഉള്‍പ്പെടുത്തിയത്‌. ഇന്ത്യയിലെ നിരോധനം നീക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം വിദേശ രാജ്യങ്ങളില്‍ ‘ഇന്ത്യയുടെ മകള്‍’  പ്രദര്‍ശിപ്പിക്കാനുള്ള നടപടികളിലാണ്‌ നിര്‍മാതാക്കള്‍” ദിബാങ്‌ പറഞ്ഞു. 
പീഡനം നടത്തുന്ന പ്രതികളുടെ ദൃശ്യങ്ങള്‍ നല്ല ഉദ്ദേശത്തോടെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത സാമൂഹ്യ പ്രവര്‍ത്തക സുനിത കൃഷ്ണനെതിരെ ഐ ടി നിയമ പ്രകാരം കേസ് എടുത്തേക്കും എന്ന അവസ്ഥ ഇന്ത്യയില്‍ പ്രതികരിക്കുന്നവരെ പിന്നോട്ടടിപ്പിക്കുകയാണ് .

പരസ്പരം ഉള്ള പഴി ചാരലുകള്‍ക്കോ , ദൂരെ എങ്ങാണ്ടിരുന്നു അപലപിച്ചത് കൊണ്ടോ , നിയമങ്ങള്‍ കടലാസില്‍ എഴുതിയത് കൊണ്ടോ പ്രമേയങ്ങള്‍ പാസാക്കിയത് കൊണ്ടോ എന്നും ആയില്ല . സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കാന്‍ എന്തെല്ലാം ചെയ്യണോ അതെല്ലാം സര്‍ക്കാരുകള്‍ ചെയ്യുക തന്നെ വേണം . ഒരു മേധാവിയെ അല്ല സഹയാത്രികനെ ആണ് അവള്‍ക്കാവശ്യം ... പാതി ഭുമിയും പാതി ആകാശവും നല്‍കിയില്ലെങ്കിലും ഭുമിയിലും ആകാശത്തും ഒരു കുഞ്ഞിടമെങ്കിലും അവള്‍ക്കു നല്‍കുക ...

Monday 2 March 2015

വീരസ്മൃതികള്‍ ഉറങ്ങുന്ന പാലക്കാട് കോട്ട ....

പാലക്കാട് ; ഇന്ത്യയിലെ കോട്ടകളില്‍ ഏറ്റവും ഭംഗിയായി സംരക്ഷിക്കപ്പെടുന്ന കോട്ടകളില്‍ ഒന്നാണ് പാലക്കാട് കോട്ട അഥവാ ടിപ്പുവിന്റെ കോട്ട . കേരളത്തിന്റെ ഏറ്റവും മധ്യഭാഗത്ത്‌ സ്ഥിതിചെയ്യുന്ന പാലക്കാടിന്റെ  നഗര ഹൃദയത്തിലാണ് ഈ സുന്ദരന്‍ കോട്ട . കൂറ്റന്‍ കരിങ്കല്‍ കഷ്ണങ്ങളാലുള്ള കരുത്തുറ്റ നിര്‍മ്മിതിയാണ് കോട്ടക്ക്
ഇതിന് ചുറ്റുമുള്ള കിടങ്ങുകളും കോട്ടയുടെ ഉയരവും ബലവും രൂപ ഘടനയും എല്ലാം നിര്മിതിക്ക് പിന്നിലെ സൈനിക വക്രബുദ്ധി വിളിച്ചോതുന്നു . ഗ്രാനൈറ്റ് കല്ലുകള്‍ കൊണ്ട് നിര്‍മിച്ച കരുത്തുറ്റ ഈ കോട്ട അനേകം രക്ത രൂക്ഷിത വിപ്ലവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്‌ .
1900 ത്തിന്റെ തുടക്കത്തിൽ കോട്ട ഒരു താലൂക്ക് ഓഫീസായി രൂപാന്തരപ്പെടുത്തി. നിർമ്മിച്ചിട്ടു നൂറ്റാണ്ടുകൾ കഴിഞ്ഞു എങ്കിലും,കരിങ്കല്ലുകൾ കൊണ്ട് പടുത്തുയർത്തിയ വീക്ഷണ ഗോപുരങ്ങളും കൂറ്റൻ മതിൽക്കെട്ടുകളും ഇപ്പോഴും ഒരു പോറൽ പോലും ഏല്‍ക്കാതെ നിൽക്കുന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്നു . ഇപ്പോൾ പാലക്കാട് സ്പെഷൽ സബ് ജെയിൽ പ്രവർത്തിക്കുന്നത് ഈ കോട്ടയ്ക്കുള്ളിലാണ്. കോട്ടയുടെ ചുറ്റിലും പത്തു മീറ്ററോളം വീതിയുള്ള, വെള്ളം നിറഞ്ഞു നിൽക്കുന്ന കൂറ്റൻ കിടങ്ങാണുള്ളത്. കോട്ടയിലേക്ക് പ്രവേശിക്കാൻ ഒരു കവാടം മാത്രമാണുള്ളത്. ഇതിനകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ കവാടത്തിനടുത്തായി ഒരു ചെറിയ ഹനുമാൻക്ഷേത്രമുണ്ട്. ദിനം പ്രതി ധാരാളം സന്ദർശകരും ചരിത്രാന്വേഷികളും എത്തിച്ചേരുന്നു. കോട്ടയുടെ കിടങ്ങിനു ചുറ്റിലുമായി സന്ദേശകർക്ക് നടക്കാനുള്ള ട്രാക്കും, അതിനിരുവശത്തുമായി പുൽത്തകിടികളും ഒരുക്കിയിരിക്കുന്നു. കൂടാതെ കോട്ടയുടെ പടിഞ്ഞാറ് വശത്തായി കലാ സാംസ്കാരിക പരിപാടികൾ നടത്തുന്നതിനുള്ള 'രാപ്പാടി'എന്ന ഓപ്പൺ എയർ തീയേറ്ററും, കോട്ടയ്ക്കു സമീപമായി വാടിക എന്ന ഒരു പാർക്കും സജ്ജമാക്കിയിരിക്കുന്നു.
ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പിന്റെ (ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ) സംരക്ഷണയിലാണ്. കോട്ടയുടെ പുറത്തു പ്രധാന റോഡിനപ്പുറത്താണ് കോട്ട മൈതാനം സ്ഥിതി ചെയ്യുന്നത്. പ്രതാപ കാലത്ത് ഇവിടെയായിരുന്നത്രേ ആനകളെയും കുതിരകളെയും സൂക്ഷിച്ചിരുന്ന ലായങ്ങൾ സ്ഥിതി ചെയ്തിരുന്നത്. ഇപ്പോൾ കോട്ടമൈതാനം,പ്രസിദ്ധമായ പലവിധ മത്സരങ്ങൾക്കും വിവിധ പൊതു പരിപാടികള്‍ക്കും വേദിയാകുന്നു.
1766 ല്‍ ടിപ്പു സുല്‍ത്താന്റെ പിതാവ് ഹൈദര്‍ അലി നിര്‍മിച്ചതാണ് ഈ കോട്ട .പശ്ചിമ ഘട്ടത്തിന്‍റെ ഇരു വശങ്ങളിലും ആശയ വിനിമയ സൌകര്യം ഒരുക്കുക എന്നതായിരുന്നു ഈ കോട്ട നിര്‍മ്മിച്ചതിലൂടെ ഹൈദരാലി ലക്‌ഷ്യമിട്ടിരുന്നതു . പിന്നീട് ഹൈദരാലിയുടെ പിന്‍ഗാമിയായി രാജ്യഭാരമേറ്റ മകന്‍ ടിപ്പുവിന്‍റെയും പ്രധാന സൈനിക താവളങ്ങളില്‍ ഒന്നായിരുന്നു ഈ കോട്ട. ബ്രിട്ടീഷ് സൈന്യത്തിന് നേരെയുള്ള തന്‍റെ യുദ്ധങ്ങളില്‍ പലതിനും ടിപ്പു ഇവിടെ നിന്ന് നേതൃത്വം നല്‍കിയിരുന്നു. 1799ല്‍ മൈസൂറില്‍ വെച്ച് ബ്രിട്ടീഷ് പടയുമായുള്ള ഏറ്റുമുട്ടലിനിടയില്‍ ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെട്ടതോടെയാണ് ഈ കോട്ട ടിപ്പുവിന്‍റെ പേരില്‍ അറിയപ്പെട്ട് തുടങ്ങിയത്.
ചരിത്ര രേഖകള്‍ പരിശോധിച്ചാല്‍ ഈ കോട്ട എത്രയോ കാലങ്ങള്‍ക് മുന്‍പേ ഉണ്ടായിരുന്നു എന്ന് കാണാം എന്നാല്‍ ഇന്ന് കാണുന്ന രീതിയില്‍ ഇത് നിര്‍മിക്കുന്നത് 1766 ലാണ് . സാമൂതിരി വംശത്തിലെ പാലക്കാട് അച്ഛന്‍ എന്നറിയപ്പെടുന്ന ഒരു നാട്ടു രാജാവാണ് കോട്ട നിര്‍മിച്ചതെന്ന് ഐതിഹ്യം .1757ൽ അദ്ദേഹം സാമൂതിരിയുടെ ആക്രമണഭീഷണിയെ ചെറുക്കാൻ മൈസൂർ രാജാവായിരുന്ന ഹൈദരലിയുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഒരു സംഘം ആളുകളെ അയച്ചു. ഹൈദരലി ഈ അവസരം ഉപയോഗിച്ച് തന്ത്രപ്രധാനമായ പാലക്കാടിന്റെ ഭരണം പിടിച്ചെടുത്തു. അന്നു മുതല്‍1790 വരെ പാലക്കാട് കോട്ട തുടർച്ചയായി മൈസൂർ സുൽത്താന്മാരുടെയോ ബ്രിട്ടീഷുകാരുടെയോ ഭരണത്തിൻ കീഴിലായിരുന്നു.

ബ്രിട്ടീഷുകാർ ഈ കോട്ട ആദ്യമായി പിടിച്ചടക്കിയത്1768 ൽ കേണൽ വുഡ്,ഹൈദരലിയുടെ കോട്ടകൾ ആക്രമിച്ചപ്പോഴാണ്.  എങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ഹൈദരാലി കോട്ടയുടെ ഭരണം തിരിച്ചു പിടിച്ചു. 1783 ൽ കേണൽ ഫുള്ളർട്ടൺ വീണ്ടും ഈ കോട്ട പിടിച്ചടക്കിയെങ്കിലും അതിനടുത്ത വർഷം അവർ കോട്ടയുടെ നിയന്ത്രണം ഉപേക്ഷിച്ചു. പിന്നീട് കോട്ട സാമൂതിരിയുടെ സൈന്യത്തിനു കീഴിലായി. 1790 ൽ അവസാനമായി ബ്രിട്ടീഷുകാർ കേണൽ സ്റ്റുവാർട്ടിന്റെ നേതൃത്വത്തിൽ ഈ കോട്ട പിടിച്ചടക്കി. ഈ കോട്ട പുനരുദ്ധരിച്ച ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം ആക്രമിക്കുവാൻ ഒരു താവളമായി ഈ കോട്ടയെ ഉപയോഗിച്ചു. 19-ആം നൂറ്റാണ്ടിന്റെ പകുതിവരെ ഈ കോട്ട ബ്രിട്ടീഷ് സൈന്യത്തിന്റെ സംരക്ഷണത്തിലായിരുന്നു.


കോട്ടക്ക് ചുറ്റും ടാറിട്ട നടപ്പാതയും അതിനു ഇരുവശവും പുല്‍ത്തകിടികളും നടപ്പാതയുടെ ഇരു വശങ്ങളിലും വിളക്കുകളും ശോഭ നല്‍കുന്നു. അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ജലസേചന ജോലികള്‍ ഏറ്റെടുത്ത് ഹരിതാഭ സംരക്ഷിച്ചു വരുന്നു .ഹൈദരലിയുടെയുംടിപ്പുസുല്ത്താന്റെയുംസൈനികര്ഉപയോഗിച്ചിരുന്നനടപ്പാതപുരാവസ്തുവകുപ്പ്നേരത്തെവെട്ടുക്കല്ല്പാകിപുനര്നിര്മിച്ചിരുന്നു.കോട്ടയ്ക്കകത്ത്ഒരുഇന്ഫര്മേഷന്ഗാലറിസ്ഥാപിച്ചിട്ടുണ്ട്. ധന വകുപ്പും വിനോദ സഞ്ചാര വകുപ്പുമാണ് കോട്ടയുടെ അറ്റകുറ്റ പണികള്‍ക്കും  മോടിപിടിപ്പിക്കല്‍  പ്രവര്‍ത്തികള്‍ക്കും ധന സഹായം നല്‍കുന്നത് . ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്‌ ജില്ല ടൂറിസം പ്രമോഷന്‍ കൌണ്‍സിലാണ് .ഉല്ലാസയാത്ര സംഘങ്ങളെ എന്ന പോലെ ചരിത്രാന്വേഷികളെയും കോട്ട ആകര്‍ഷിക്കുന്നു. കോയമ്പത്തൂര്‍ വഴി ഊട്ടിയിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ പാലക്കാടിനെ തങ്ങളുടെ ഇടത്താവളം ആക്കുകയും കോട്ട സന്ദര്‍ശിക്കുകയും ചെയ്യുന്നു .