Tuesday 27 October 2015

അമ്പതു ശതമാനം വനിതാ സംവരണം ലോകസഭ യിലും വേണം – ദാഗുപതി പുരന്തെശ്വരി



തിരുവനന്തപുരം; ആന്ധ്ര പ്രദേശിലെ ആദ്യത്തെ കോണ്‍ഗ്രസ്സേതര  മുഖ്യ മന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടിയുടെ സ്ഥാപക നേതാവുമായ എന്‍ ടി രാമറാവുവിന്റെ മകള്‍.  യു പി ഏ യുടെ രണ്ടാം ഊഴത്തില്‍  മാനവ വിഭവ ശേഷി സഹമന്ത്രി.  കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍  വിശാഖപട്ടണം മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയില്‍ ചേക്കേറി . നിലവില്‍ ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്ച്ചയുടെ ചുമതലയുള്ള പാര്‍ട്ടിയുടെ ദേശീയ  നിര്‍വാഹക സമിതി അംഗം . അതാണ്‌ പുരന്തെശ്വരി.  ഹിന്ദുസ്ഥാന്‍ സമാചാര്‍ ലേഖിക ശാലിനി ടി എസ്സ്  നടത്തിയ  അഭിമുഖത്തില്‍ നിന്ന് ...
 ചോ : ദക്ഷിണേന്ത്യയിലെ  ഒരു പ്രബല രാഷ്ട്രീയ കുടുംബത്തില്‍ ജനനം . തെലുങ്ക് ദേശം പാര്‍ട്ടിയുടെ സ്ഥാപക നേതാവ് എന്‍ ടി രാമറാവുവിന്റെ മകള്‍ . കൊണ്ഗ്രെസ് ടിക്കറ്റില്‍ നിന്ന് ജയിച്ചു മന്‍മോഹന്‍ മന്ത്രിസഭയില്‍ അംഗം .  ഇപ്പോള്‍ ബിജെപി നേതാവ്. ഈ മൂന്നു പാര്‍ട്ടി  കളെയും എങ്ങിനെ വിലയിരുത്തുന്നു ?
ഉ :  ഭാരതീയ ജനതാപാര്‍ട്ടി  മറ്റു രാഷ്ട്രിയ പാര്‍ട്ടികളില്‍  നിന്നും തികച്ചും വ്യത്യസ്തമാണ്. ഒരുപക്ഷേ  മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്  ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ നില അത്ര മെച്ചമായിരിക്കില്ല. എന്നാല്‍ മറ്റു പാര്‍ട്ടികളുടെ പൊള്ളത്തരങ്ങളില്‍ മനംമടുത്ത ജനം ഇപ്പോള്‍  ബിജെപിയിലേക്ക്  അടുത്തുകൊണ്ടിരിക്കുന്നു. . ഇന്ത്യ മാറ്റതിന്റെയും മുന്നേറ്റത്തിന്റെയും പാതയിലാണ് . ആ മാറ്റത്തില്‍ , ആ പുരോഗതിയില്‍ ഒരു ഭാഗമാകാന്‍ ബിജെപി തന്നെയാണ് മികച്ച മാര്‍ഗം . ആന്ധ്രയിലെ ജനങ്ങളുടെ  മനംമാറ്റം മനസിലാക്കാന്‍ കൊണ്ഗ്രെസിനായില്ല .
ചോ : ആന്ധ്രാ വിഭജനത്തെ എങ്ങനെ നോക്കി കാണുന്നു?
ഉ : കൊണ്ഗ്രെസ് ആന്ധ്രാ പ്രദേശിനെ രണ്ടായി  പകുത്തു . അവര്‍ ഒരിക്കലും പൊതുജന ജന വികാരം മാനിച്ചില്ല . ഇപ്പോഴും ആ മുറിവ് അവിടത്തെ ഭൂരിഭാഗം ജനങ്ങളുടെയും മനസ്സില്‍ ഉണ്ട് . അധികാര തിമര്‍പ്പ് കൊണ്ഗ്രെസിനെ കൊണ്ട് തെറ്റ് ചെയ്യിക്കുകയായിരുന്നു . തെലങ്കാന സംസ്ഥാനം ഉണ്ടായാല്‍  കുറെ വോട്ടു തങ്ങള്‍ക്കു ചോര്‍ന്നു കിട്ടുമെന്നും  അതുവഴി അധികാരത്തില്‍ വരാമെന്നും കൊണ്ഗ്രെസ് വ്യാമോഹിച്ചു . ഈ അതിമോഹത്തിനു തക്കതായ തിരിച്ചടിയാണ് കൊണ്ഗ്രെസിനു  കിട്ടിയത് .ബിജെപിക്ക് അധികാരത്തെക്കാള്‍  രാജ്യത്തിന്‍റെ പുരോഗതിയാണ് മുഖ്യം.

ചോ :  സ്ത്രീ ശാക്തീകരണത്തിനു ബിജെ പി എ യുടെ അജെണ്ടയില്‍ എത്ര പ്രാധാന്യം ഉണ്ട്?  
ഉ : ബിജെപി വനിതകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി വരുന്നു . വനിതകളെ തരം തിരിച്ചു നിര്‍ത്താന്‍ ഒരിക്കലും ബിജെപി തയാറല്ല. നാള്‍ക്കു നാള്‍ ഏറി വരുന്ന സ്ത്രീ പീഡനങ്ങള്‍ , പെണ് ഭ്രൂണ ഹത്യകള്‍ തുടങ്ങിയവ ഇന്ത്യയുടെ ശാപമാണ് . ഇത് തിരിച്ചറിഞ്ഞു പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ ഉള്ളിലെ ആത്മ സ്തൈര്യം ഉണര്‍ത്താനും ഉയര്‍ച്ചയിലേക്ക് അവരെ നയിക്കാനും ബിജെപി പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട് . ബേട്ടി ബച്ചാവോ ബേട്ടി പഠവോ പദ്ധതി ഇതിനുദാഹരണമാണ്. കുട്ടികള്‍ പഠിക്കണം . ആണ്‍ പെണ് വ്യത്യാസമില്ലാതെ , പറയത്തക്ക ലിംഗപരമായ വേര്‍തിരിവുകള്‍ ഇല്ലാതെ സമൂഹ പുരോഗതിയുടെ ഭാഗമാകാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്‌ എന്ന് ലോകത്തിനു കാണിച്ചു കൊടുക്കാന്‍ ആകും . സാധുക്കളായ അമ്മമാര്‍ക്ക് പെണ്‍കുട്ടികള്‍ ഉണ്ടാകുമ്പോള്‍ ധനപരമായ സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട് .വിദ്യ നല്‍കിയതുകൊണ്ട് മാത്രം ഒരു പെണ്‍കുട്ടി ഉയരങ്ങള്‍ കീഴടക്കുന്നില്ല . ജീവിത വിജയം കൈവരിക്കാനും സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കാനും തനിക്കെതിരെ ഉള്ള അനീതികള്‍ക്കെതിരെ പോരാടാനും അവളെ പ്രാപ്തയാക്കണം. മോദി സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു . അവരുടെ വിവാഹത്തിനും പഠനത്തിനും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നു. സുകന്യ സമൃദ്ധി യോജന ഇതിനുദാഹരനമാണ് . ചുരുങ്ങിയ തുക മകളുടെ പേരില്‍ നിക്ഷേപിച്ചു പ്രായപൂര്‍ത്തിയായ മകള്‍ക് ആറു ലക്ഷം വരെ തുക ലഭിക്കുന്ന പദ്ധതി ബിജെപി സര്‍ക്കാരിന്റെ സമ്മാനമാണ് .
ചോ :  പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന  പ്രാതിനിധ്യം  ലഭിക്കുന്നില്ല   എന്ന് ആരോപണം ഉണ്ടല്ലോ ?
ഉ : സ്ത്രീകള്‍ക്ക് ഭരണത്തില്‍ പ്രാതിനിധ്യം നല്‍കുന്നതില്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് ബിജെപി വളരെയേറെ മുന്നിലാണ്  . മികച്ച നേതാക്കള്‍ ബിജെപിയില്‍ ഉണ്ട് . അവരെ മാറ്റി നിര്‍ത്തുക അസാധ്യമായ സംഭവമാണ് . നോക്കൂ മറ്റു പാര്‍ട്ടികളില്‍ സ്ത്രീകളുടെ പ്രാധാന്യം എന്താണ് ? കൊണ്ഗ്രെസില്‍ ആകട്ടെ ഇന്ദിരാഗാന്ധി മാത്രമാണ് എടുത്തു പറയത്തക്കതായ ഒരു നേതാവുള്ളത് . ഇപ്പോള്‍ സോണിയാ ഗാന്ധിയുണ്ട് എന്നാല്‍ ബിജെപിയുടെ സ്ഥിതി അതല്ല . ഇപ്പോഴെത്തെ മന്ത്രിസഭാ പരിശോധിക്കൂ . സുഷമ സ്വരാജ് , സ്മൃതി ഇറാനി , നജ്മ ഹെപ്ത്തുള്ള , നിര്‍മല സീതാരാമന്‍, മനേക ഗാന്ധി  തുടങ്ങിയ പ്രഗത്ഭകള്‍ തന്ത്ര പ്രധാനമായ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്  . സുഷമ സ്വരാജ് വിദേശ മന്ത്രിയായും നിര്‍മല സീതാരാമന്‍ വാണിജ്യ വ്യവസായ മന്ത്രിയായും നേട്ടങ്ങള്‍ ഉണ്ടാക്കിയില്ലേ ? അപ്പോള്‍ ബിജെപിയില്‍ എവിടെയാണ് സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന ഒരു അവസ്ഥ ഉള്ളത് ?
ചോ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അമ്പതു ശതമാനം പ്രാതിനിധ്യം ഉണ്ട് . ലോക്സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് അമ്പതു ശതമാനം സംവരണം എന്ന ആവശ്യത്തിനായി നിലകൊള്ളുമോ ?
ഉ : എന്റെ അച്ഛന്‍ എന്‍ ടി രാമറാവു ആണ് ആദ്യം ദക്ഷിണേന്ത്യയില്‍  തദ്ദേശ സ്ഥാപനങ്ങളില്‍  പത്ത് ശതമാനം സ്ത്രീ സംവരണം നടപ്പാക്കിയത് . അതിപ്പോള്‍ രാജ്യത്താകമാനം അമ്പതു ശതമാനമായി. ഇതൊരു ശുഭ സൂചനയാണ് . സ്ത്രീകള്‍ക്കും പുരുഷന്മാരുക്കും തുല്യ പദവി . രാജ്യ പുരോഗതിയില്‍ അവരും പങ്കാളികള്‍ ആകുന്ന അവസര സമത്വം . എന്നാല്‍ ദേശീയ തലത്തില്‍ ഈ തുല്യത നടപ്പായിട്ടില്ല എന്നത് ദുഖകരം തന്നെ . വനിതാ സംവരണ ബില്‍ പാസാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും കൂട്ടായ ഇടപെടല്‍ ആവശ്യമാണ്‌ . ബിജെപിക്ക് ഈ തുല്യത നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ല . മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ നല്‍കി മറ്റു പാര്‍ട്ടികളെ അപേക്ഷിച്ച് കൂടുതല്‍ വനിതാ പ്രാതിനിധ്യം നല്‍കിയ ബിജെപിക്ക് എന്ത് എതിര്‍പ്പാണ് ഈ കാര്യത്തില്‍ ഉണ്ടാകാന്‍ ഇടയുള്ളത് ? എല്ലാ പാര്‍ട്ടികളും ഒന്നിച്ചു ശ്രമിച്ചാല്‍ നടക്കും . അവിടെയും തുല്യത വരണം എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത് .രാജ്യസഭയില്‍ ഒരു വട്ടം പാസായ വനിതാ സംവരണ ബില്‍ ലാപ്സാകില്ല . ഇനി അത് അവിടെ നില നില്‍ക്കും ലോക്സഭയില്‍ കൂടി പാസാക്കുക എന്ന കടമ്പ മാത്രമാണ് ബാക്കിയുള്ളത് .
ചോ : ദേശീയ തലത്തില്‍ വനിതാ സംവരണം അമ്പതു ശതമാനം ആക്കാന്‍ തടസമെന്താണ് ?
ഉ : രാഷ്ട്രീയത്തിനതീതമായി പുരുഷാധിപത്യം തന്നെയാണ് ഇതിനു പിന്നില്‍ രാഷ്ട്രീയ ജീവികളായ ഒരു പാട് പുരുഷന്മാരുടെ സ്ഥാനം ഇതോടെ തുലാസിലാകും . ഇപ്പോള്‍ തന്നെ പഴയ അവസ്ഥയെ അപേക്ഷിച്ച് കൂടുതല്‍ സ്ത്രീകള്‍ രംഗതിരങ്ങുന്നുണ്ട് . ഇവിടെ തിരുവനന്തപുരത്ത് വന്നപ്പോള്‍ നിറയെ സ്ത്രീകളുടെ പോസ്റ്ററുകള്‍ ആണ് . കണ്ടപ്പോള്‍ സന്തോഷം തോന്നി എല്ലാ നാടുകളിലും സ്ത്രീ എന്നാ സങ്കല്പത്തില്‍ അമ്മയും ഭാര്യയും സഹോദരിയും ഒക്കെയുണ്ട് എന്നാല്‍ അതിനുമപ്പുറം അവള്‍ പുരുഷന്റെ കൂട്ടാളിയാണ് . സഹായാത്രികയാണ് . എല്ലാ മേഖലകളിലും അവളെ കൂടി ഉള്‍പ്പെടുത്തണം എന്ന ചിന്ത പുരുഷന്മാര്‍ക്ക് വരേണ്ടതുണ്ട് . ഇക്കാര്യത്തില്‍ രാഷ്ട്രീയത്തിന് രണ്ടാം സ്ഥാനം മാത്രമാണ് ഉള്ളത് .
ചോ : തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജിതമായി നടക്കുകയാണ് . ഇടതു വലതു മുന്നണികളും മൂന്നാം മുന്നണിയും ഒരു പോലെ പ്രതീക്ഷയര്‍പ്പിക്കുന്നു . കേരളത്തിലെ ഈ തെരഞ്ഞെടുപ്പു സമയത്തെ എങ്ങനെ നോക്കി കാണുന്നു ?
ഉ : എല്ലാ സീറ്റിലും നമ്മള്‍ തന്നെ വിജയിക്കണം എന്ന് ഓരോ പാര്‍ട്ടിക്കാരും ആഗ്രഹിക്കും . ബിജെപിക്കും അത് തന്നെയാണ് ആഗ്രഹം . പക്ഷെ എല്ലാം തീരുമാനിക്കുന്നത് ജനങ്ങള്‍ ആണ് . നാം നന്നായി പരിശ്രമിക്കുക . ആന്ധ്ര പ്രദേശ്‌ വെട്ടി മുറിക്കുമ്പോള്‍ കൊണ്ഗ്രെസിന്റെ മനസ്സില്‍ ഉണ്ടായിരുന്ന കാര്യങ്ങള്‍ അല്ല തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ അവിടെ കണ്ടത് അത് പോലെ ജനം എന്ത് വിലയിരുത്തും എങ്ങനെ വിലയിരുത്തും എന്ന് പറയാനാകില്ല . ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് നന്നായി വേരുറപ്പിക്കാന്‍ ആയിട്ടില്ല  എന്നാല്‍ ഒരു നാള്‍ ഉണ്ടാകും.
ചോ : മാധ്യമങ്ങളുടെ ഇടപെടലുകളെ എങ്ങനെ വിലയിരുത്തുന്നു ?
ഉ : മാധ്യമങ്ങള്‍ക് ഇവിടെ നല്ലൊരു പങ്കുണ്ട് . ആന്ധ്രയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങള്‍ രണ്ടും ടി ഡി പിയെയും കൊണ്ഗ്രെസിനെയും ആണ് പിന്തുണക്കുന്നത് . ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് നന്നായി വേരുറപ്പിക്കാന്‍ ആയിട്ടില്ല  എന്നാല്‍ ഒരു നാള്‍ ഉണ്ടാകും . ഞങ്ങളുടെ ഭാഗം ഉയര്‍ത്തിക്കാണിക്കാന്‍ ഞങ്ങള്‍ക്ക് വലിയ സര്‍ക്കുലേഷന്‍ ഉള്ള മാധ്യമങ്ങള്‍ ഇല്ല എന്നാല്‍ ജനങ്ങള്‍ ഉണ്ട്. കൂടുതല്‍ കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങി സാധാരണക്കാരന്റെ ശബ്ദമാകാന്‍ പാര്‍ട്ടി ശ്രമിക്കുന്നു . സാധാരണക്കാരനോട് ഒപ്പം നില്‍ക്കാന്‍ ബിജെപി ആഗ്രഹിക്കുന്നതിനാല്‍ ആണ് മോദിജി മന്‍ കി ബാത്ത് പരിപാടി റേഡിയോയിലൂടെ ആരംഭിച്ചത് . ഇത് ഫലം കണ്ടു .
ചോ: ഇടതു വലതു കക്ഷികള്‍ ബിജെപിക്കെതിരെ അണി നിരക്കുകയാണ് എന്ന് പറയുന്നു , എന്ത് തോന്നുന്നു ?
ഉ : ഇടതു വലതു പക്ഷങ്ങള്‍ ബിജെപിക്കെതിരെ കൂട്ട ആക്രമണം നടത്തുന്നതില്‍ അത്ഭുതമില്ല . ബീഹാറില്‍ എന്താണ് സംഭവിച്ചത് ? രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങള്‍ വ്യത്യസ്തമായ മൂന്നു പാര്‍ട്ടികള്‍ കൂട്ട് കൂടിയത് ബിജെപിക്കെതിരായാണ് . ഇത്തരം അവിശുദ്ധ കൂട്ട് കെട്ടുകള്‍ ജനം ഒരു നാള്‍ തിരിച്ചറിയും . മറ്റൊരു ശക്തിയെ നശിപ്പിക്കാന്‍ തങ്ങളുടെ പ്രത്യയ ശാസ്ത്രങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്തവരുമായി കൂട്ട് കൂടുന്നതിന്റെ തിക്തഫലം പിന്നീട് അനുഭവിക്കും . ബിജെപിക്ക് ഇത്തരം അവിശുദ്ധ കൂട്ട് കെട്ടില്‍ വിശ്വാസം ഇല്ല . ഇവിടെ രാജ്യ പുരോഗതിയാണ് പ്രധാനം .
ചോ : കേരളത്തില്‍ നില നില്‍ക്കുന്ന ബിജെപി എസ എന്‍ ഡി പി കൂട്ട് കെട്ടിനെ കുറിച്ച് എന്ത് പറയുന്നു ?
ഉ : ഇടതു വലതു മുന്നണികളുടെ ഭരണം മൂലം ജനം മറിച്ചു ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാകണം . ബിജെപിക്ക് കേരളത്തില്‍ വേണ്ടത്ര പ്രാധാന്യം ഇപ്പോഴും ലഭിച്ചിട്ടില്ല, എന്നാല്‍ ലഭിക്കും എന്നത് തീര്‍ച്ചയാണ് . ശ്രീ നാരായണ സംഘവുമായുള്ള കൂട്ട് കെട്ടിനെ കുറിച്ച് എനിക്ക്  അത്രകണ്ട് ധാരണയില്ല .
ചോ : കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്ര വിജയം നേടി .എന്നാല്‍ ഒരു സീറ്റ് പോലും കേരളത്തില്‍നിന്ന്  ലഭിച്ചില്ല . വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍  ബിജെപി കേരളത്തില്‍ അക്കൌണ്ട് തുറക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ ?
ഉ : ബിജെപിക്ക് കേരളത്തില്‍ നിന്ന് ഒരു എം പി യോ എം എല്‍ എ യോ ഇല്ല എന്നത് ശരിയാണ് . കേരളത്തില്‍ മാത്രമല്ല ദക്ഷിനെന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് കാര്യമായ പ്രാധാന്യം ഉണ്ടായിരുന്നില്ല .എന്നാല്‍ പാര്‍ട്ടി അധികം വൈകാതെ കേരളത്തിലും താമര വിരിയും . ഒരു എം പി യോ എം എല്‍ എ യോ ഇല്ലാഞ്ഞിട്ടും കേരളത്തിന്‌ മോദി സര്‍ക്കാര്‍ എന്തെല്ലാം നല്‍കി കരമന കഴക്കൂട്ടം ബൈപാസ് , വിഴിഞ്ഞം പദ്ധതി , കേന്ദ്ര സര്‍വകലാശാലകള്‍ , വിമാന താവളങ്ങള്‍ , റോഡ്‌ വികസനത്തിന്‌ തന്നെ 34000 കോടി രൂപ ഐ ഐ ടി എന്തെല്ലാം കേരളത്തിന്‌ എന്‍ ഡി എ സര്‍ക്കാര്‍ നല്‍കി അപ്പോള്‍ ഒരു എം എല്‍ എ യോ എം പി യോ ഉണ്ടെങ്കില്‍ ഉള്ള അവസ്ഥ എന്താണെന്ന് ആലോചിച്ചു നോക്കിയാല്‍ മനസിലാകും . ഇത് ജനങ്ങള്‍ മനസിലാക്കുകയാണ് വേണ്ടത് . ബിജെപി വിരുദ്ധ സമീപനം കൊണ്ട് ഒന്നും നടക്കില്ല എന്ന് തിരിച്ചറിയുകയാണ് വേണ്ടത് . ഞാന്‍ മാനവ വിഭവ ശേഷിമന്ത്രിയായിരുന്ന കാലത്ത് കൊണ്ഗ്രെസ് സര്‍ക്കാരിനോട് കേരളത്തില്‍ ഒരു ഐ ഐ ടി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു . രണ്ടു തവണ യു പി എ സര്‍ക്കാര്‍ ഭരിച്ചു . നടപ്പായില്ല . ഇപ്പോള്‍ ബിജെപിയാണ്‌ ഐ ഐ ടി കൊണ്ട് വന്നത് . ഇനിയും ഏറെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രം തയാറാണ് എന്നാല്‍ അതിനു ഇവിടെ ഭരിക്കുന്നവര കൂടി സഹകരിക്കേണ്ടതുണ്ട് . കേരളത്തില്‍ എയിംസ് നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ തയാരാണ് എന്നാല്‍ അതിനുള്ള സാഹചര്യം ഇവിടെയാണ്‌ ഒരുക്കേണ്ടത് .വിഴിഞ്ഞം എത്രകാലമായി ആവശ്യപ്പെടുന്നതാണ് എന്നാല്‍ എന്തുണ്ടായി ? കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതിക്ക് ഒടുവില്‍ ബിജെപി സര്‍ക്കാര്‍ ആണ് പുതുജീവന്‍ നല്‍കിയത് .
ചോ : മോദി സര്‍ക്കാരിന്റെ ഒരു വര്ഷം കടന്നു പോയി . ആരോപണങ്ങളും പ്രത്യാരോപണങ്ങളും ധാരാളമുണ്ട് . എങ്ങനെ വിലയിരുത്തുന്നു
ഉ : മോദിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ സ്വയം എന്തെല്ലാം ചെയ്തു എന്ന് വിലയിരുത്തണം . എത്രഏറെ കാര്യങ്ങള്‍ ആണ് അദ്ദേഹം നടപ്പാക്കുന്നത് . പ്രവര്തിക്കുന്നവര്‍ക്ക് നേരെ മാത്രമേ വിമര്‍ശനങ്ങള്‍ ഉണ്ടാകൂ . സാധുക്കളായ ആളുകള്‍ക്ക് ഒരു ബാങ്കില്‍ പോകുക എന്നത് സ്വപ്നം മാത്രമായിരുന്നു എന്നാല്‍ ഇന്ന് അതല്ല എല്ലാവര്ക്കും ബാങ്ക് അക്കൌണ്ടുകള്‍ നല്‍കി . പന്ത്രണ്ടു രൂപയ്ക്കു ലക്ഷക്കണക്കിന്‌ രൂപയുടെ ഇന്ഷുറന്സ് സംവിധാനം ഉണ്ടാക്കി . സാധാരണക്കാരെ കൂടി കണ്ടെന്നു നടിച്ചുള്ള വികസനമാണ് എന്‍ ഡി എ ലക്‌ഷ്യം വെക്കുന്നത് . മേക് ഇന്‍ ഇന്ത്യ പദ്ധതിയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയും ലോക ശ്രദ്ധ പിടിച്ചു പറ്റി. പെന്ഷനുകള്‍ കാലാനുസൃതമായി പരിഷ്കരിക്കുകയും കൃതമായി വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട് . ക്ലീന്‍ ഇന്ത്യ പദ്ധതിയും ഗ്രാമങ്ങളുടെ വികസനത്തിന് പ്രധാനമന്ത്രി സന്സാദ് ആദര്‍ശ് ഗ്രാം യോജനയും നടപ്പാക്കി . മറ്റൊരാളും സഞ്ചരിക്കാത്ത വഴികളിലൂടെ അതിശയകരമായ ഫലങ്ങള്‍ തേടിയാണ് അദ്ദേഹം യാത്ര ചെയ്യുന്നത് .
ചോ : കള്ളപ്പണം തിരികെ കൊണ്ട് വരുമെന്ന വാഗ്ദാനം നല്‍കിയാണ്‌ മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്. അത് വിജയം കണ്ടില്ല എന്ന ആരോപണമാണ് ഏറ്റവും മുഴച്ചു നില്‍ക്കുന്നത് . ഇതെക്കുറിച്ച് എന്താണ് പറയാനുള്ളത് .
ഉ : വിദേശരാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ട്‌ എന്നത് തീര്‍ച്ചയാണ് . അവ തിരികെ കൊണ്ട് വരാന്‍ സാധ്യമായതെല്ലാം കേന്ദ്രസര്ക്കാര്‍ ചെയ്യുന്നുണ്ട് . 638 അക്കൌണ്ടുകളില്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു ഇനിയൊരു രൂപ പോലും വിദേശരാജ്യത്തെക്ക് ഒഴുകാതെ സൂക്ഷിച്ചു ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കെട്ടുറപ്പുള്ളതാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും . സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ വികസനവും നിക്ഷേപവും മാത്രം പോര , നമ്മുടെ ധനം നമ്മുടെ കൈയില്‍ നിന്ന് ചോരാതെ സംരക്ഷിക്കുക കൂടി വേണം
ചോ : വികസനം എന്നത് കൊണ്ട് മോദി വ്യവസായ വികസനം ആണ് ലക്ഷ്യമിടുനത് എന്നും വിമര്‍ശനം ഉണ്ട് .
ഉ : വ്യാവസായിക വളര്‍ച്ച കൊണ്ട് മാത്രം  ഒരു രാജ്യവും സുസ്ഥിര വികസനം പ്രാപ്തമാക്കില്ല എന്നതിനാല്‍ തന്നെ ബിജെപി സര്‍ക്കാര്‍ ഒരിക്കലും കര്‍ഷക വിരുദ്ധ നിലപാട് സ്വീകരിക്കില്ല . കൃഷിയുടെയും വ്യവസായത്തിന്റെയും വികസനം രാജ്യത്തിന് ആവശ്യമാണ്‌ . എത്ര വിദേശ നിക്ഷേപങ്ങളാന് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിയത് ? കാര്‍ഷിക വൃത്തിയെ ബിജെപി ഒരിക്കലും കൈവിടില്ല . കൃഷിക്കാരെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്
ചോ : കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ കര്‍ഷക വിരുദ്ധമാണ് എന്ന്  ഉയര്‍ത്തിക്കാട്ടിയാണ് ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ സമര പരിപാടികള്‍ നടന്നത് . ലോകസഭ ഇന്നോളം കണ്ടിട്ടില്ലാത്ത വിധം പ്രമുഖ നേതാക്കള്‍ പ്രതികരിച്ചതിനെ കുറിച്ച് .....
ഉ : ഭൂമി ഏറ്റെടുക്കല്‍ ബില്‍ കര്‍ഷക വിരുദ്ധമല്ല  . അത് പ്രധാനമന്ത്രി അടക്കം മുതിര്‍ന്ന നേതാക്കള്‍ എല്ലാം തന്നെ ആവര്‍ത്തിച്ചു അറിയിച്ച കാര്യമാണ് . തുറന്ന ചര്‍ച്ചക്ക് പ്രതിപക്ഷം ഇതുവരെ തയാറായില്ല .
ചോ : വിദേശ നിക്ഷേപങ്ങളെ കുറിച്ചും മോദിയുടെ വിദേശ സന്ദര്‍ശനങ്ങളെ കുറിച്ചും ഉയര്‍ന്നു വരുന്ന ആരോപണങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത് ?
ഉ : വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഓരോ രാജ്യവുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് . ഒപ്പം തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് മുന്‍ തൂക്കം നല്‍കി ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കുക എന്നത് കൂടിയാണ് ലക്‌ഷ്യം . ഇതില്‍ ഇത്ര ആരോപണത്തിന്റെ കാര്യമെന്താണ് ? ഇപ്പോള്‍ എത്ര അധികം രാജ്യങ്ങള്‍ ആണ് ഇന്ത്യന്‍ പുരോഗതിയെ, ഇന്ത്യയുടെ ചുവടുകളെ സശ്രദ്ധം വീക്ഷിക്കുന്നത് ? മുന്‍പ് ഈ അവസ്ഥ ഇല്ലായിരുന്നു എങ്കില്‍ ഇപ്പോഴത്തെ അവസ്ഥയെ മാനിക്കുകയാണ് വേണ്ടത് വിമര്‍ശിക്കുകയല്ല 
ചോ : ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയില്‍ തിരികെ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് എന്താണ് പറയുന്നത് ?
ഉ : ഇപ്പോള്‍ നാം ചോട്ടാ  രാജനെ പിടികൂടിയില്ലേ ? ഇതു സ്വപ്നമൊന്നുമല്ല . ദാവൂദിനെ പിടി കൂടാവുന്നതെയുള്ളൂ. ഇത് വരെ അധികാരം കൈയാളിയിരുന്ന ആരും ഇതിനായി ശ്രമിച്ചില്ല എന്നത് തന്നെയാണ് സത്യം . ഇപ്പോള്‍ വിദേശ രാജ്യങ്ങളുമായി മോദിജി ഉണ്ടാക്കിയ ബന്ധം പ്രയോജനപ്പെട്ടത്‌ എങ്ങനെ ആണ് എന്ന് ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ടാകും . ദാവൂദ് ഇബ്രാഹിമിനെയും ഒരുനാള്‍ ഇന്ത്യയില്‍ എത്തിക്കാനാകും .
ചോ : പാക് സംഘടനയായ ഈദി ഫൌണ്ടേഷന്റെ  നേതൃത്വത്തില്‍ ഗീതയെ ഇന്ത്യയില്‍ തിരികെ എത്തിച്ചത് ഇന്ത്യ പാക് ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായി കണക്കാക്കാമോ ?
ഉ : ഗീത ഇതുവരെ പാക്കിസ്ഥാനില്‍ ഒരു അനാഥയെ പോലെ ജീവിച്ചു എന്നാല്‍ ഇന്ന് അവള്‍ ഇന്ത്യന്‍ മണ്ണില്‍ കുടുംബത്തിന്റെ സംരക്ഷണയിലേക്കും സ്നേഹത്തിലേക്കും മടങ്ങിയെത്തി . ഇതിനെ മനുഷ്യത്വപരമായ ഒരു ഇടപെടല്‍ ആയി കണ്ടാല്‍ മതി . രാഷ്ട്രീയവുമായി കൂട്ടി കുഴക്കേണ്ട കാര്യമില്ല . വിദേശ രാജ്യങ്ങളുമായി ഉണ്ടാകുന്ന മികച്ച ആശയ വിനിമയം ഇത്തരം ചില നന്മകള്‍ക്ക് വഴിവെക്കും എന്ന് മാത്രമേ ഇതേ കുറിച്ച് പറയാനുള്ളൂ .




Saturday 24 October 2015

നന്മയിലെക്കൊരു നടത്തം.....



തിരുവനന്തപുരം ; ഒരു സ്കൂളിന്റെ പ്രശ്നം നില നില്പിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെയും അതിജീവനത്തിന്റെയും ഒക്കെ ആകുമ്പോള്‍  പ്രതിഷേധങ്ങളും പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും എല്ലാം വ്യത്യസ്തമായ ഒരു മാനം കൈവരിക്കും . തിരുവനന്തപുരം നഗരത്തിലെ കിഴക്കേ കോട്ട അപകടങ്ങള്‍ക്കും അലക്ഷ്യമായ വാഹന പാര്‍ക്കിങ്ങിനും പൊട്ടിപൊളിഞ്ഞ റോഡുകള്‍ക്കും അശാസ്ത്രീയമായ വികസന രൂപ രേഖക്കും ഉദാഹരണമാണ് . ആദ്യമായി കിഴക്കേ കോട്ടയില്‍ കാലു കുത്തുന്ന ആര്‍ക്കും തനിക്കു പോകേണ്ടയിടതെക്കുള്ള ബസ് എവിടെയാണ് എന്നും എവിടെ നിര്‍ത്തുമെന്നും ഒന്നും മനസിലാകില്ല . തലങ്ങും വിലങ്ങും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ് . അത് പോലെ തന്നെയാണ് വാഹനങ്ങളുടെ മരണപ്പാച്ചിലും . റോഡുകളാകട്ടെ പാതാളത്തെ അനുസ്മരിപ്പിക്കും . നല്ല ഒരു ബസ് സ്റ്റാന്ഡ് ഇവിടെ അത്യാവശ്യം തന്നെ , ആരും അത് സമ്മതിക്കുകയും ചെയ്യും എന്നാല്‍ അത് നിലവിലെ സ്റ്റാന്റ് എന്ന് പറയുന്ന സംവിധാനതിനടുത്തുള്ള അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂള്‍ തകര്‍ക്കുന്ന തരത്തില്‍ ആകുമ്പോള്‍ ആണ് പ്രശ്നം . ട്രിവാന്‍ഡ്രം ഡവലപ്മെന്റ്റ് അതോറിറ്റി (ട്രിഡ) കെ എസ ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനായി കണ്ടെത്തിയത് വളരെ പഴക്കം ചെന്ന ഈ സ്കൂളിന്റെ മുറ്റമാണ് . കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വൃക്ഷങ്ങള്‍ ഉള്ള ഒരു സ്കൂള്‍ അങ്കണം ഇതാണ് . അപൂര്‍വയിനം മരങ്ങളും ഔഷധ സസ്യങ്ങളും ശലഭങ്ങളും പക്ഷികളും ഒക്കെ ഇവിടെയുണ്ട് . ഈ സ്കൂള്‍ അങ്കണത്തില്‍ കടക്കുമ്പോള്‍ തന്നെ ഒരു തരം നനുനനുത്ത തണുപ്പാണ് സ്വാഗതം ചെയ്യുക . സീമാറ്റിന്റെ ഒരു കേന്ദ്രം ഈ സ്കൂള്‍ അങ്കണത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് . അന്‍പതിലേറെ വര്ഷം പഴക്കമുള്ള പൈതൃക കെട്ടിടങ്ങള്‍ ഇവിടെയുണ്ട് . വളരെ സാധാരണക്കാരായ ആളുകളുടെ കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കുന്നത് കേരളത്തില്‍ തമിഴ് മീഡിയം ഉള്ള സ്കൂളുകളില്‍ ഒന്നാണ് .അടച്ചു പൂട്ടാന്‍ നിവൃത്തിയില്ലാത്തതിനാല്‍ സര്‍ക്കാര്‍ സ്കൂളിനെ നില നിര്‍ത്തി കൊണ്ട് പോകുകയാണ് . എല്ലാവര്‍ഷവും നൂറു മേനി വിജയം കൊയ്യുന്ന സ്കൂള്‍ പത്ത് വര്‍ഷമായി ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ തുടങ്ങണം എന്നാ ആവശ്യവുമായി വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കുന്നു എന്നാല്‍ ഇതുവരെ അക്കാര്യത്തില്‍ ഒരു നീക്ക് പോക്കും ഉണ്ടായില്ല . ഒരു വര്ഷം മാത്രം വിദ്യാര്തികളുടെ എണ്ണത്തില്‍ കുറവുണ്ടായ സാഹചര്യം വന്നപ്പോള്‍ സ്കൂള്‍ പൂട്ടാമെന്ന സര്‍ക്കാര്‍ തീരുമാനം പൂര്‍വ വിദ്യാര്തികളെയും നാട്ടുകാരെയും ഒന്നടങ്കം രംഗത്തിറക്കി . അശ്രാന്ത പരിശ്രമത്തിനൊടുവില്‍ സ്കൂള്‍ സംരക്ഷണ സമിതിയും സന്നദ്ധ സംഘടനകളും ഇരട്ടി കുട്ടികളെ സ്കൂളില്‍ എത്തിച്ചു ഇതോടെ വീണ്ടും സ്കൂള്‍ പൂട്ടുക എന്ന പദ്ധതി ഇല്ലാതായി . വിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള ഭൂമി ഏകദേശം അഞ്ചു ഏക്കറിന് മുകളില്‍ വരും . ഈ ഭൂമിയില്‍ ഏതെങ്കിലും തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വന്നാല്‍ അത് കുട്ടികള്‍ക്കും സ്കൂളിനും ഗുണകരമാകും . ഒറ്റ മരം പോലും ഇതിനായി വെട്ടി മാറ്റുകയും വേണ്ട . എനാല്‍ ബസ് സ്റ്റാന്ഡ് എന്ന ആവശ്യത്തിനു മറ്റൊരിടം ഇല്ലെന്ന ട്രിഡയുടെ നിലപാടിനെതിരെ സന്നദ്ധ സംഘടനകള്‍ രംഗത്തിറങ്ങി . തിരുവനന്തപുരത്ത് കിഴക്കേ കൊട്ടയോടു ചേര്‍ന്ന് അഞ്ചിടങ്ങളില്‍ ഇതിനായി വിവിധസര്‍ക്കാര്‍ ഭൂമികള്‍ നിര്‍ദേശിച്ചു എന്നാല്‍ പിന്നീട് കോടതി ഇടപെടേണ്ട അവസ്ഥയിലായി കാര്യങ്ങള്‍ .വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം റവന്യു വകുപ്പിനും അത് വ്യാവസായിക വകുപ്പിനും അത് കെ എസ ആര്‍ ടി സിക്കും കൈമാറി സര്‍ക്കാര്‍ ബസ് സ്റ്റാന്ഡ് എന്ന ആവശ്യവുമായി മുന്നോട്ടു പോകുകയാണ് . സ്കൂളിന്റെ മുന്‍ ഭാഗത്ത് കൂറ്റന്‍ ബസ് സ്റ്റാണ്ടും ഷോപ്പിംഗ്‌ കൊമ്പ്ലെക്സുകളും വരുമ്പോള്‍ മരങ്ങള്‍ മുഴുവന്‍ വെട്ടി മാറ്റുകയും കുട്ടികളുടെ സുരക്ഷ ത്രാസിലാകുകയും ചെയ്യും . ഒടുവില്‍ മൂന്നു ഏക്കര്‍ സ്ഥലം സ്കൂളിനനുവദിച്ചു കോടതി ഉത്തരവായി . അമ്പതു ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന രൂപത്തില്‍ സ്റ്റാന്ഡ് രൂപ കല്പന ചെയ്യണം എങ്കില്‍ ഇപ്പോള്‍ പദ്ധതിക്ക് ലഭിച്ചിരിക്കുന്ന ഒന്നര ഏക്കര്‍ സ്ഥലം പോര . നിലവില്‍ എങ്ങനെ പദ്ധതി നടപ്പാക്കണം എന്ന് ട്രിഡക്ക് ഒരു രൂപവും ഇല്ല . കൊമ്പ്ലെക്സിന്റെയോ സ്റ്റാണ്ടിന്റെയോ പദ്ധതി സംബന്ധിച്ച് ഒരു രൂപ രേഖയോ പ്ലാനോ ട്രിഡ ഇതുവരെ ഉണ്ടാക്കിയിട്ടില്ല . കുട്ടികള്‍ക്ക് സുരക്ഷിതത്വം നഷ്ടമാകാതെയും കളികള്‍ക്കും അസംബ്ലിക്കും ആവശ്യമായ സ്ഥലം വിട്ടു നല്‍കിയും പത്ത് മരം മുറിക്കുമ്പോള്‍ പച്ചപ്പ്‌ വിടാതെ മുപ്പതു മരങ്ങള്‍ നട്ടു പരിപാലിച്ചും പൊളിക്കുന്ന സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് പകരം പുത്തന്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കിയും പദ്ധതിയുമായി മുന്നോട്ടു പോകാം എന്നാണു കോടതി കഴിഞ്ഞ ദിവസം വിധിച്ചത് . ഇപ്പോഴത്തെ സ്കൂളിന്റെ ഒരു കെട്ടിടം അല്പം കൂടി നീട്ടി പണിഞ്ഞു നല്‍കാമെന്നു ട്രിഡ സ്കൂള്‍ അധികൃതരെ അറിയിച്ചു അപ്പോഴും മരങ്ങള്‍ മുറിക്കേണ്ടി വരും . ഔഷധ സസ്യങ്ങള്‍ നഷ്ടമാകും . കുട്ടികളുടെ സ്വകാര്യത ഇല്ലാതാകും സ്റ്റാണ്ടും ഷോപ്പിംഗ്‌ കൊമ്പ്ലെക്സും വരുമ്പോള്‍ വെട്ടുണ്ണ്‍ മരങ്ങളുടെ മൂന്നിരട്ടി വച്ച് പിടിപ്പിക്കുക എന്നത് പ്രായോഗികമല്ല താനും . “ എന്തായാലും ട്രീവാക് എന്ന സംഘടന സ്കൂളിനായി പോരാട്ടം തുടരുക തന്നെ ചെയ്യും . സ്കൂള്‍ കെട്ടിടം ആവശ്യത്തിനു സ്ഥലം വിട്ടു നല്‍കി നില നിര്‍ത്താന്‍ സഹായിക്കുന്ന പുതിയ വിധി അല്പമെങ്കിലും ഞങ്ങളുടെ പോരാട്ടത്തിന്റെ ശ്രമ ഫലമായാണ് . പൂര്‍വ വിദ്യാര്തികളുടെ കൂട്ടായ്മ സ്കൂള്‍ സംരക്ഷണ സമിതി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട് . ഇനിയും കൂടുതല്‍ കുട്ടികളെ സ്കൂളിലേക്ക് എത്തിക്കും . ടാറ്റ ഇന്സ്ട്ടിട്ട്യുട്ടു ഓഫ് സോഷ്യല്‍ സയന്‍സ് (ടിസ്) ലെ അധ്യാപകരും ഗവേഷണ വിദ്യാര്തികളും വിവിധ സന്നദ്ധ സംഘടനകളും ഒറ്റയാള്‍ പോരാളിമാരും എല്ലാം ഞങ്ങളോടോപ്പമുണ്ട്.” – ട്രീവാക് സംഘടനയുടെ അധ്യക്ഷ അനിത പറഞ്ഞു . സ്കൂള്‍ സംരക്ഷിക്കപ്പെടണം . അതാണ്‌ ലക്‌ഷ്യം . ഇതിനെ ഒരു പരിസ്ഥിതി പ്രശ്നമായോ വികസനത്തിന്‌ എതിരെ ഉള്ള പോരാട്ടമായോ അല്ല കാണേണ്ടത് . സ്കൂള്‍ പ്രധാനാധ്യാപകന്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഇന്ന് സ്കൂള്‍ മുറ്റത്ത് ഒരു ചിത്രശലഭ ഉദ്യാനം ഉണ്ടാക്കുകയാണ് . അടുത്ത ദിവസങ്ങളില്‍ പൂന്തോട്ടവും ജന്മദിന തോട്ടവും ഉണ്ടാക്കും . സ്കൂളിലെ ഓരോ കുട്ടിയുടെയും ജന്മ ദിനത്തില്‍ ഓരോ മരം നാടുക . അത് സംരക്ഷിക്കുക ഇതാണ് ലക്‌ഷ്യം .കിഴക്കേ കോട്ടയുടെ തണലും പച്ചപ്പും തണുപ്പും മുഴുവന്‍ ഈ സ്കൂളിലെ മരങ്ങള്‍ ആണ് ഇപ്പോഴും ശാസ്ത്രീയമായ ഒരു രൂപ രേഖപോലും ഇല്ലാതെ പദ്ധതിക്ക് ആവശ്യമായ സ്ഥലം തികച്ചു ലഭിക്കാതെ ട്രിഡ എന്താണ് നിര്‍മിക്കാന്‍ പോകുന്നത് എന്ന് കാത്തിരുന്നു കാണണം .മാധ്യമ പ്രവര്‍ത്തകരുടെയും സ്കൂള്‍ അധികൃതരുടെയും സ്കൂള്‍ സംരക്ഷണ സമിതിയുടെയും ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ ട്രിഡ അധികൃതര്‍ക്ക് ഇനിയുമാകുന്നില്ല. ചോദ്യങ്ങളില്‍ നിന്നുള്ള ഒഴിഞ്ഞു മാറല്‍ പ്രതിഷേധത്തിനും  സ്കൂള്‍ സംരക്ഷണവുമായി മുന്നോട്ടു പോകുവാനും ഇവര്‍ക്ക് ഊര്‍ജം പകരുകയാണ് .സ്ഥലം എം എല്‍ എ ശിവകുമാറോ വകുപ്പ് മന്ത്രിമാരോ ഒന്നും ഈ  ആവശ്യങ്ങളും വാക്കുകളും ചെവിക്കൊള്ളുന്നില്ല എന്ന് പൂര്‍വ വിദ്യാര്‍ഥിയും സ്കൂള്‍ സംരക്ഷണ സമിതിയുടെ സജീവ പ്രവര്‍ത്തകയുമായ ഗോമതി പറഞ്ഞു .സമരമുറകളും പ്രതിഷേധ പ്രകടനങ്ങളും കരുനീക്കങ്ങളും തുടരും . ഇതൊരു പരിസ്ഥിതി പ്രശ്നം മാത്രമല്ല വരും തലമുറയുടെ ഭാവിയുടെ പ്രശ്നമാണ് . വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് സ്വന്തം സ്കൂളും അമൂല്യ സമ്പത്തും സംരക്ഷിച്ചു നിര്‍ത്താനുള്ള ഇവരുടെ നടത്തം നന്മയുടെ പാതയിലാണ് .

പോകാം , പാവങ്ങളുടെ ഊട്ടിയിലേക്ക് ...


പാലക്കാട് ; ഊട്ടി എന്നും സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ് എന്നാല്‍ പാലക്കാട് ജില്ലയില്‍ ഒരു മിനി ഊട്ടിയുണ്ട് . ഊട്ടിക്കു നെല്ലിയാമ്പതിയോ നെല്ലിയാമ്പതിക്ക് ഊട്ടിയോ ആകാനാകില്ല എങ്കിലും  നെല്ലിയാമ്പതി സഞ്ചാരികളുടെ ഇഷ്ട സ്ഥലം തന്നെ . സുഖകരമായ കാലാവസ്ഥയും ഹരിതാഭയും തേയില , കാപ്പി തോട്ടങ്ങളും , ഓറഞ്ചു മരങ്ങളും ഒക്കെ നെല്ലിയാമ്പതിയിലെ കാഴ്ചകള്‍ ആണ് . പാലക്കാട് ടൗണില്‍ നിന്ന് 60 കിലോമീറ്റര്‍ മാറിയാണ് നെല്ലിയാമ്പതി . ഭാരതപ്പുഴ , ചാലക്കുടി പുഴ എന്നിവയുടെയും കാവേരി നദിയുടെയും വൃഷ്ടി പ്രദേശമാണ് ഇത് . ഊട്ടിയുമായി ഏറെ സാമ്യം ഉള്ളതിനാല്‍ പാവങ്ങളുടെ ഊട്ടി എന്നും അറിയപ്പെടുന്നുണ്ട് .ചോലക്കാടുകളും പുല്‍മേടുകളും ഒക്കെയായി 82 കിലോമീറ്റര്‍ വിസ്തൃതിയുണ്ട് നെല്ലിയാമ്പതിക്ക് .  കൃഷിയും സംസ്കാരവും മണ്ണിനോടും പ്രകൃതിയോടുമുള്ള ആദരവും എല്ലാം ഈ നാടുമായി ബന്ധപ്പെട്ടു പറയാനുണ്ട് . ആദിമ മനുഷ്യര്‍ പ്രകൃതിയെ തന്നെ ആരാധിച്ചിരുന്നു . കാര്‍ഷിക വൃത്തിയും മൃഗ പരിപാലനവുമായിരുന്നു മുഖ്യ മേഖലകള്‍ . അമ്മ ദൈവങ്ങളെ വിവിധ പേരുകളില്‍ ആരാധിച്ചതിനാല്‍ ആകണം നെല്ലി ദേവതയുടെ ഊര് എന്ന രീതിയില്‍ നെല്ലിയാമ്പതി എന്ന പേര് വന്നത് . പോത്തുണ്ടി ഡാം , കൈകാട്ടി പട്ടണം , കേശവന്‍ പാറ തുടങ്ങിയ സ്ഥലങ്ങള്‍ നെല്ലിയാമ്പതിക്കു സമീപം യാത്രികരെ കാത്തിരിക്കുന്നുണ്ട് . കൈകാട്ടി പട്ടണത്തില്‍ നിന്ന് ഒന്‍പതു കിലോമീറ്റര്‍ അകലെ നെല്ലിയാമ്പതി മലയിടുക്കുകളുടെ താഴ്വരയിലാണ് പോത്തുണ്ടി ഡാം . ഇവിടത്തെ വയലുകളില്‍ എല്ലാം ജല സേചനത്തിന് ഉപയോഗിക്കുന്നത് പോതുണ്ടിയിലെ ജലമാണ് . ഡാം കഴിഞ്ഞു നെല്ലിയാമ്പതിയിലേക്ക് കയറുമ്പോള്‍ ധാരാളം ഹെയര്‍ പിന്‍ വളവുകളും തേക്കിന്‍ കാടുകളും ഇടുങ്ങിയ വഴികളും ഒക്കെ കാണാം .മഴക്കാലത്ത് ഇവിടെ ചെറിയ വെള്ളച്ചാട്ടങ്ങളും കാണാം .കൈകാട്ടിക്ക് അടുത്തായി കേശവന്‍ പാറ എന്ന സ്ഥലം ഉണ്ട് . എ വി ടി യുടെ തേയില തോട്ടം ഇവിടെയാണ്‌ . കേരള സര്‍ക്കാരിന്റെ ഓറഞ്ചു തോട്ടങ്ങളും പച്ചക്കറി തോട്ടങ്ങളും ഓഫീസുകളും ഒക്കെ ഇവിടെയുണ്ട് .സീതാര്‍കുണ്ട് ആണ് മറ്റൊരു ആകര്‍ഷണം . സീതയും രാമനും ലക്ഷ്മണനും വനവാസ സമയത്ത് ഇവിടെയാണ്‌ താമസിച്ചത് എന്ന് ഐതിഹ്യം ഉണ്ട് . സീതാര്‍കുണ്ടില്‍ നിന്ന് നോക്കിയാല്‍ ചുള്ളിയാര്‍ , മീങ്കാര അണക്കെട്ടുകളും കൊല്ലങ്കോട്‌ പട്ടണവും കാണാം . കേരളത്തില്‍ ഓറഞ്ചു തോട്ടങ്ങള്‍ ഉള്ള ഒരേ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് നെല്ലിയാമ്പതി .ബോട്ടിംഗ് സൌകര്യത്തോടുകൂടിയ പോത്തുണ്ടി ഡാം ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കുള്ള മറ്റൊരു വരദാനമാണ്. പ്രകൃതി സൌന്ദര്യം ആവോളം ആസ്വദിച്ച് ഓളപ്പരപ്പിലൂടെയുടെയുള്ള യാത്ര ഒരിക്കലും മറക്കാനാവില്ല. അനേകായിരം പക്ഷികളും വൈവിധ്യമാര്‍ന്ന പൂക്കളും ഔഷധ സസ്യങ്ങളും നെല്ലിയാമ്പതിയുടെ പ്രത്യേകതയാണ്. നെല്ലിയാമ്പതിയിലെ സീതക്കുണ്ടില്‍ നിന്നുള്ള നെല്‍‌വയലുകള്‍ പച്ചപ്പരവതാനി വിരിച്ചു കാണാം . നെല്ലിയാമ്പതിയിലെ പാദഗിരി മലകളാണ് ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്നത് . നൂറു കണക്കിന് മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള വെള്ളച്ചാട്ടങ്ങള്‍ കണ്ണിനു ആനന്ദമാണ് . മലകള്‍ക്ക് മേലാപ്പ് കെട്ടുന്ന കോടമഞ്ഞും നനുനുത്ത തണുപ്പും സഞ്ചാരികള്‍ക്ക് പ്രിയങ്കരം തന്നെ .പൂക്കളുടെയും ചിത്രശലഭങ്ങളുടെയും ഭംഗി മാത്രമല്ല വന്യ ജീവികളുടെ സൗന്ദര്യവും ഇവിടെ കാണാനാകും . ഏലം , കാപ്പി , തേയില തോട്ടങ്ങളുടെ  വശ്യത പറയാനാകില്ല . കാപ്പി പൂക്കുമ്പോള്‍ ഇളം നിറത്തിലുള്ള പൂക്കളുടെ താഴ്വരയാകും . മാദകമായ ഗന്ധം ഒഴുകിപരക്കും .ട്രക്കിങ്ങിനും മറ്റും യാത്രികര്‍ ഇവിടെയെത്തുന്നുണ്ട് കാരശൂരി , മിന്നാംപാറ എന്നിവ പ്രധാന ട്രാക്കിംഗ് പോയിന്റുകള്‍ ആണ് . കാര ശൂരിയില്‍ നിന്ന് മിന്നാം പാറയിലേക്കുള്ള യാത്രയില്‍ മഴ മേഘങ്ങളുടെയും ആകാശ നീലിമയുടെയും സൌന്ദര്യം നുകരാം . സാഹസിക യാത്രികര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഇവിടെ നിന്ന് നോക്കിയാല്‍ ആളിയാര്‍ ഡാമിന്റെയും പറമ്പിക്കുളം ഫോറെസ്റ്റ് ഡിവിഷന്റെയും ചില ഭാഗങ്ങള്‍ കാണാം . വരയാടുകള്‍ , കാട്ടു പോത്തുകള്‍ തുടങ്ങിയ മൃഗങ്ങളെ ഇവിടെ കാണാം . ഫോട്ടോ ഗ്രാഫിക്കും സസ്യ ജന്തു ശാസ്ത്ര ഗവേഷകരും  കാലാവസ്ഥ പരിസ്ഥിതി പ്രവര്‍ത്തകരും കുട്ടികളും വിദ്യാര്തികളും സാഹസിക യാത്രികരും എല്ലാം ദിനം പ്രതി നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നുണ്ട് . കൊല്ലങ്കോട് ഫോറസ്റ്റ് ഡിവിഷനും കര്യാശ്ശുരിയും കാണേണ്ട കാഴ്ച തന്നെയാണ് . മലകള്‍ താഴ്വാരങ്ങള്‍ കര്യാശ്ശൂരി അമ്മന്‍ എന്ന മല ദൈവത്തിന്റെ പ്രതിഷ്ഠ , ശക്തമായ കാറ്റ് തുടങ്ങി നല്ലൊരു അനുഭൂതിയാണ് ഇവിടെ . ഏപ്രില്‍ മാസങ്ങളില്‍ ഇവിടെ ഉത്സവമാണ് . ആദിവാസി വിഭാഗങ്ങളുടെ ഉത്സവമാണ് ഇത് . പലതരം പൂജകള്‍ , ആചാരങ്ങള്‍ , പാട്ട് , നൃത്തം , മല വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണം , കള്ള് എല്ലാം അതിലും വലിയൊരു അനുഭൂതിയാകും .നെന്മാറയില്‍ നിന്ന് 34 കിലോമീറ്ററോളം മുകളിലാണ് നെല്ലിയാമ്പതി എന്ന ഈ ഊട്ടി .



Tuesday 20 October 2015

സംസ്കാരം കൈവഴികളില്‍ ഒഴുകി നിള ...



പാലക്കാട് ; എല്ലാ ദേശങ്ങളിലും സംസ്കാരം തഴച്ചു വളര്‍ന്നത്‌ ഓരോ നദീ തീരങ്ങളിലാണ് . ഹാരപ്പയും സിന്ധു നദിതട സംസ്കാരവും നൈല്‍ നദീതടങ്ങളും എല്ലാം മകുടോദാഹരണമാകുമ്പോള്‍ അത്ര തന്നെ വലുതല്ലെങ്കിലും നിളക്കും ഉണ്ട് അവകാശപ്പെടാന്‍ ഏറെ . വള്ളുവനാടന്‍ സംസ്കാരത്തെ കുറിച്ച് പറയുമ്പോള്‍ ഭാരതപ്പുഴ എന്ന നിളയാണ്  മലയാളികളുടെ മനസിലേക്ക് ഓടിയെത്തും . പുഴകളും മലകളും വയലേലകളും ചന്തമോരുക്കിയ പാലക്കാടിന്റെ നട്ടെല്ല് കൂടിയാണ് നിള . പുഴകള്‍ എല്ലാം തന്നെ ജീവനാഡിയും ആവേശവും ആണ് . പഴയപോലെ ആരവങ്ങളും കാല്‍പന്തു കളിയും സാഹിത്യ ചര്‍ച്ചകളും പരദൂഷണം പറഞ്ഞുള്ള അലക്കലും കുളിയും ഒന്നുമില്ലെങ്കിലും തീവണ്ടിയിലോ ബസിലോ നിളക്ക് കുറുകെ പായുമ്പോള്‍ കണ്ണും മനസും നദിയിലുടക്കുമെന്നത് തീര്‍ച്ച. മെലിഞ്ഞ് ശോഷിച്ച് കാലം മായ്ച്ചു കൊണ്ടിരിക്കുന്ന പുഴയ്ക്ക് നിവര്‍ത്തികേടിന്റെ ഒരു നിശ്വാസം മാത്രമാണ് മലയാളികള്‍ ഇന്ന് നല്‍കുന്നത് . ഓരോ ദേശത്തിനും സ്വന്തമായ ജീവനും ഓജസും വിലാസവും സംസ്കാരവും നല്‍കിയ ഒട്ടേറെ ഗ്രാമാമങ്ങളും മഹാമഹങ്ങളും പ്രസ്ഥാനങ്ങളും ജീവാത്മാക്കളും ഒക്കെ ഇവിടെ  ഉണ്ടായിരുന്നു . അനേകായിരം ജനി  മൃതികള്‍ ഏറ്റു വാങ്ങി നിളയങ്ങനെ കാലങ്ങളായി ഒഴുകുകയാണ് . ഈ പുഴയുടെ വെള്ളവും ഓജസും വളരാനുള്ള വഴിയായി കണ്ടാണത്രേ കര്‍ണാടകയിലെ ദേവാംഗ വംശം ഈ തീരങ്ങളില്‍ താമസമാക്കിയത് . അങനെ ആണ് കുത്താമ്പുള്ളി ഗ്രാമവും ദേവാങ്കപുറം ഗ്രാമവും ഒക്കെ ഉണ്ടാകുന്നത് . കുത്താമ്പുള്ളിയോട് ചേര്‍ന്നാണ് ഗായത്രി പുഴ ഭാരതപ്പുഴയോട് ചേരുന്നത് . ഉത്ഭവം തമിഴ് നാട്ടില്‍ ആണെങ്കിലും ഭൂരിഭാഗവും ഒഴുകി തീര്‍ക്കുന്നത് കേരളത്തിലെ പാലക്കാട് ജില്ലയിലൂടെയാണ് . വില്വാദ്രി നാഥന്‍റെ തിരുനടയില്‍ ജന്മ ജന്മാന്തരങ്ങളുടെ കര്‍മ ബന്ധത്തിന് സാക്ഷിയായാവളാണ് നിള. ഇന്ന് ഐവര്‍മഠത്തിനു ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം അത് വെറും കണ്ണീര്‍ ചാല് മാത്രം . മഹാഭാരത യുദ്ധത്തിനു ശേഷം പഞ്ച പാന്ധവന്മാര്‍ പിതൃക്കള്‍ക്ക് ബലിയിടാന്‍ എത്തിയത് ഈ തീരങ്ങളില്‍ ആണെന്ന് ഐതിഹ്യം . ആ കണ്ണീര്‍ ചാലില്‍ പൂക്കളും അരിയും എള്ളും വാഴയിലയും ദിശയറിയാതെ വിഷമിച്ചു കൊണ്ടിരുന്നു . ഇത് ഇന്ന്, എന്നാല്‍ ഒരു മുപ്പതു കൊല്ലം മുന്‍പ് അങ്ങേക്കര കാണാന്‍ പറ്റാത്ത വിധം നിറഞ്ഞു കവിഞ്ഞ സമൃദ്ധമായ നിളയെ പലര്‍ക്കും ഓര്‍മയുണ്ട് . ലക്കിടിയിലെത്തുമ്പോഴും പുഴയുടെ ആരോഗ്യത്തിനു മാറ്റമൊന്നുമില്ല . കവിയുടെ കാല്പാടുകള്‍ പതിഞ്ഞ മണല്‍ പരപ്പുകള്‍ , കവിയുടെ ജീവനും പ്രാണനും സഹയാത്രികയും എല്ലാമായ പുഴ . പുഴയുടെ കുളിരും കാറ്റും എത്ര ഏറ്റു വാങ്ങിയിട്ടുണ്ട് പി കുഞ്ഞിരാമന്‍ എന്ന പി യുടെ നിശ്വാസങ്ങള്‍ . നിലാവ് വീണ നിളയുടെ മടിത്തട്ടും വില്വാദ്രി നാഥന്റെ തിരുനടയിലെ വിശ്രാന്തിയും ആണ് പി എന്നും ആഗ്രഹിച്ചിരുന്നത് . ഒരു കൂട്ടം മഹദജനങ്ങളുടെ ജനനത്തിനും സര്‍ഗ ശക്തിക്കും പ്രചോദനമാണ്  ഈ പുഴ . കിള്ളിക്കുരിശിയില്‍  കുഞ്ചന്‍ നമ്പ്യാര്‍ മുതല്‍  ഇങ്ങോട്ട് ഒട്ടനവധി പേര്‍ . മഹാകവി വള്ളതോളിനും പ്രിയങ്കരിയിവള്‍ . അശ്രാന്ത പരിശ്രമത്തിനൊടുവില്‍ കലാമണ്ഡലം എന്ന വന്‍ പ്രസ്ഥാനം ഉണ്ടാക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്തത് ഭാരതപ്പുഴയുടെ തീരം തന്നെ . അദ്ദേഹം ഉറങ്ങിയതും ഉണര്‍ന്നതും ജനിച്ചതും മരിച്ചതും സമാധി സ്ഥലവും എല്ലാം ഈ തീരങ്ങളില്‍ തന്നെ . നിളാ തീരത്തെ ഏറ്റവും ഭംഗിയാര്‍ന്ന ഗ്രാമം തൃത്താലയാണ് . കലയുടെയും കാവ്യത്തിന്റെയും എന്നാ പോലെ ആയുര്‍വേദവും സംസ്കൃതവും ഇവിടെ പരന്നോഴുകുകയാണ് . വൈദ്യ മഠം മാത്രമല്ല ചെറുതും വലുതുമായ പാരമ്പര്യ ചികിത്സകര്‍ , കഥകളി ആചാര്യന്മാര്‍ , എഴുത്തുകാര്‍ തുടങ്ങി ഒട്ടനേകം പേര്‍ ഇവളെ ആവാഹിച്ചു ജീവിച്ചു . പുരാതന ക്ഷേത്രങ്ങള്‍ , പാടങ്ങള്‍ എല്ലാം ചന്തമോരുക്കുന്ന കാഴ്ചകള്‍ തന്നെ . മലയാളിക്ക് എന്നും നിളയെ അറിയാന്‍ ഏറെ ആഗ്രഹം എം ടി യിലൂടെയാണ് . ജനനം ഇവളുടെ തീരങ്ങളില്‍ എങ്കില്‍ മരണവും ഇവിടെ തന്നെ എന്ന് അദ്ദേഹം പറയും . അവാഹിച്ചും കണ്ടും കേട്ടും മതി വന്നിട്ടില്ല അദ്ദേഹത്തിന് നിളയെ . എന്നും ആവേശവും അതില്‍ കൂടുതല്‍ അഹങ്കാരവുമായിരുന്നു ഈ പുഴ അദ്ദേഹത്തിന് . അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാള്‍ കൂടുതല്‍ അറിയുന്ന നിളാനദിയെ ആണ് എനിക്കിഷം എന്ന് അദ്ദേഹം  പറഞ്ഞതും അതിനാലാണ് . മലപ്പുറം , തൃശൂര്‍ , പാലക്കാട് ജില്ലകളിലൂടെ ഒഴുകി പരക്കുന്ന പുഴ മൂന്നു ദേശക്കാര്‍ക്കും സ്വകാര്യ അഹങ്കാരമാണ് .പിത്രുമോക്ഷത്തിന്റെ ശാന്തതയും മാമാങ്കത്തിന്റെ ഹുങ്കാരവും തിരുനാവായ നാവാമുകുന്ദന്റെ സമക്ഷം നിളയില്‍ അലിഞ്ഞ വികാരങ്ങളാണ് . മാമാങ്ക സ്മാരകങ്ങള്‍ , നിലപാട് തറകള്‍ , മൃതദേഹങ്ങള്‍ ആനകളെ കൊണ്ട് ചവിട്ടി താഴ്ത്തിയിരുന്ന മണിക്കിണര്‍ , മരുന്നരകള്‍ എല്ലാം വീര സ്മൃതികളെ ഉണര്‍ത്തുന്നു . ഓത്തും വേദവും അന്യോന്യവും എല്ലാം അന്യം നില്‍ക്കുന്ന ഈ വേളയിലും ഈ തീരങ്ങളില്‍ അതിഥികളായി എങ്കിലും ഇത്തരം പഴയ ആചാരങ്ങള്‍ വന്നും പോയുമിരിക്കുന്നു . വെള്ളി നൂല് പോലെ നേര്‍ത്ത്‌ പോയെങ്കിലും നിളാ സംസ്കാരം സ്വര്‍ണ ലിപികളില്‍ ഇപ്പോഴുമുണ്ട് . നിളയെ അറിയാനും കാണാനും പഠിക്കാനും അടുത്തറിയാനും സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികള്‍ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത് ? നിളാ സംസ്കാരം അടുത്തറിയാന്‍ യാത്രകള്‍ വിവിധ പാക്കേജുകള്‍ , കഥകളി , പുള്ളുവന്‍ പാട്ട് , കളരികള്‍ , ഓട്ട് പാത്ര നിര്‍മാണവും മണ്‍പാത്ര നിര്‍മാണവും വാദ്യോപകരണ നിര്‍മാണവും നെയ്തും ആയുര്‍വേദവും എല്ലാം ചേര്‍ന്ന് സഞ്ചാരികളെ ആകര്‍ഷിക്കുന്നു . കെ ടി ഡി സി യുടെയും സ്വകാര്യ സംഘടനകളുടെയും ഇത്തരം വിനോദ സഞ്ചാര പാക്കേജുകളുടെ ഭാഗമായാണ് എങ്കിലും നിളയെ സ്നേഹിക്കാനും അറിയാനും ആളുകള്‍ എത്തുന്നുണ്ട് .


Tuesday 13 October 2015

വന്യതയുടെ വിശേഷണവുമായി പറമ്പിക്കുളം



പാലക്കാട് ; പാലക്കാട് ജില്ലയില്‍ വന്യതയുടെ വിശേഷണം എന്ന് പറയാവുന്നത് പറമ്പിക്കുളം തന്നെയാണ് . ചിറ്റൂര്‍ താലൂക്കിലെ സംരക്ഷിത മേഖലയാണ് ഇത് . പശ്ചിമഘട്ടത്തിലെ ആനമലക്കും    നെല്ലിയാമ്പതിക്കും ഇടയിലാണ് ഈ വന്യജീവി സങ്കേതം സ്ഥിതിചെയ്യുന്നത് . പറമ്പിക്കുളം വന്യമൃഗസംരക്ഷണ കേന്ദ്രം 2010 ഫെബ്രുവരി 19 നാണ് കടുവാ സംരക്ഷണ കേന്ദ്രമായി പ്രഖ്യാപിച്ചത് .  ഈ വര്ഷം തന്നെ യുനെസ്കോ ഇവിടം പൈതൃക കേന്ദ്രമാക്കി പ്രഖ്യാപിക്കുകയും ചെയ്തു . പറമ്പിക്കുളത്ത് കാദര്‍ , മലസര്‍ , മുദുവര്‍ , മല മലസര്‍ എന്നിങ്ങനെയുള്ള ആദിവാസി വിഭാഗങ്ങള്‍ ആറു കോളനികളില്‍ ആയി വസിക്കുനുണ്ട് . പാര്ട്ടിസിപ്പെട്ടരി ഫോറെസ്റ്റ് മാനെജ്മെന്റ് സ്കീം അഥവാ പി എഫ് എം എസ്ന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് . ട്രക്കുകള്‍ക്കും സഫാരികള്‍ക്കും വിനോദസഞ്ചാരികള്‍ക്കും എല്ലാം ഇവിടത്തെ ആദിവാസികള്‍ ആണ് വഴികാട്ടികള്‍ . നെന്മാറ ഫോറെസ്റ്റ് ഡിവിഷനും വാഴച്ചാല്‍ ഫോറെസ്റ്റ് ഡിവിഷനും ചാലക്കുടി ഫോറെസ്റ്റ് ഡിവിഷനും കൊണ്ട് ചുറ്റപ്പെട്ടു കിടക്കുകയാണ് പറമ്പിക്കുളം . തൂതപ്പാറ, കരിമല , നെല്ലിയാമ്പതി , പണ്ടാരവാരി , കുചിമുടി , വെങ്ങോലി മല , പുളിയരപ്പാടം തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളും നാല് ദിക്കിലുമായി പറന്നു കിടക്കുന്നുണ്ട് . അതിനാല്‍ തന്നെ പറമ്പിക്കുളം കാണാന്‍ എത്തുന്ന സഞ്ചാരികള്‍ക്ക് ഒന്നില്‍ കൂടുതല്‍ സാഹസിക യാത്രകള്‍ നടത്താം . തൂവയാര്‍ വെള്ളച്ചാട്ടവും പറമ്പിക്കുളം , ഷോളയാര്‍ , തേക്കടി , കാരപ്പാര ,കുരിയാക്കുട്ടി നദികളും ഈ വന്യ സൌന്ദര്യത്തെ ചുറ്റി ഒഴുകുന്നു. സാഹസിക സഞ്ചാരികള്‍ ട്രക്കിങ്ങിനും മറ്റുമായി എത്തുന്ന ഇവിടെ ഒരു വിദഗ്ദനായ വഴികാട്ടിയുടെ ആവശ്യകതയുണ്ട് . അതിനാല്‍ ഇവിടെ തന്നെ വസിക്കുന്ന കാടിന്റെ ഗന്ധമുള്ള ആദിവാസി വിഭാഗങ്ങളെ ചുമതലപ്പെടുത്തിയിരിക്കുന്നു . ഈ വഴികാട്ടികള്‍ ഇല്ലാതെ കടുവാ സാങ്കേതത്തില്‍ വാഹനം ഓടിക്കുന്നത് ശിക്ഷാര്‍ഹാമാണ് . ഇവിടത്തെ നീരുരവകളിലും മറ്റും സഞ്ചരിക്കാന്‍ പവര്‍ ബോട്ടുകള്‍ ലഭ്യമല്ല എന്നാല്‍ ഇവിടെ വസിക്കുന്ന ആദിവാസി വിഭാഗങ്ങള്‍ക്ക് അവരുടെ പരമ്പരാഗതമായ കേട്ട് വള്ളങ്ങളില്‍ യാത്ര ചെയ്യുകയും മീന്‍ പിടിക്കുകയും ചെയ്യാം – കാരണം അവര്‍ പ്രകൃതിയെ നോവിക്കുകയില്ല എന്ന് നിശ്ചയം ഉണ്ട് . സമീപത്തെ തുണക്കടവ് വില്ലേജിലെ കണ്ണിമാറ തേക്ക് പ്രശസ്തമാണ് . ഏഷ്യയിലെ തന്നെ ഏറ്റവും വലിയ തേക്കാണ് ഇത് . 39 ല്‍ പരം വര്‍ഗം സസ്തനികള്‍ 16 ഇനം ഉരഗ വര്‍ഗ ജീവികള്‍ 268 ഇനം  പക്ഷികള്‍ 61 വര്‍ഗം ഉരഗങ്ങള്‍ , 1049 ഇനം ഷഡ്പദങ്ങള്‍ 47 ഇനം മത്സ്യങ്ങള്‍ 124 ഇനം പൂമ്പാറ്റകള്‍ എന്നിങ്ങനെ ഒരു ബൃഹത്തായ ജൈവ സമ്പത്ത് തന്നെ പറമ്പിക്കുളത്തുണ്ട് . സിംഹവാലന്‍ കുരങ്ങുകള്‍ , നീലഗിരി ഥാറുകള്‍ , ആനകള്‍ , ബംഗാള്‍ കടുവകള്‍ , ഇന്ത്യന്‍ പുള്ളിപ്പുലികള്‍ , കാട്ടാടുകള്‍ , തുടങ്ങിയവ ഈ വന്യ മൃഗ സമരക്ഷണ കേന്ദ്രത്തിന്റെ ആകര്‍ഷകങ്ങള്‍ ആണ് . രാജവെമ്പാല , ശംഖുവരയന്‍ , ചെമ്പല്ലി ,ചീങ്കണ്ണി , വംശനാശ ഭീഷണി നേരിടുന്ന 17 വര്‍ഗം മീനുകള്‍ പശ്ചിമഘട്ടത്തില്‍ മാത്രം കാണുന്ന 18 തരം പക്ഷികള്‍ 134 ഇനം അപൂര്‍വയിനത്തില്‍ പെടുത്തിയ പക്ഷികള്‍ 34 ഇനം വംശ നാശ ഭീഷണി നേരിടുന്ന ശലഭങ്ങള്‍ എന്നിവ പറമ്പിക്കുളത്തിന്റെ സ്വന്തമാണ് . തേക്കുകള്‍ , ചന്ദനം , വേപ്പ് തുടങ്ങിയവ ധാരാളമായി വളരുന്നു . ഇവിടത്തെ കണ്ണിമാറ തെക്കിന് 450 വര്ഷം പഴക്കവും 6.8 മീറ്റര്‍ വണ്ണവും 162 അടി ഉയരവും ഉണ്ട് കേന്ദ്ര സര്‍ക്കാര്‍ മഹാവൃക്ഷ പുരസ്കാരം നല്‍കി വൃക്ഷരാജനെ ആദരിച്ചിട്ടുണ്ട് . മദ്യം , പ്ലാസ്റ്റിക് , തുടങ്ങിയവ പറമ്പിക്കുളത്ത് കയറ്റരുത് .കാട്ടു തീയാണ് പ്രധാനമായും അനുഭവിക്കുന്ന ഒരു ഭീഷണി . 2007 ഏപ്രില്‍ മാസത്തില്‍ ഉണ്ടായ കാട്ടു തീയില്‍ പറമ്പിക്കുളം വന്യമൃഗസംരക്ഷണ കേന്ദ്രവും നെല്ലിയാമ്പതി വന മേഖലയും നൂറു കണക്കിന് ഏക്കറാണ് കത്തി നശിച്ചത് . കേന്ദ്രത്തില്‍ ഉടനീളം മാലിന്യ ശേഖരണത്തിനായി മാലിന്യ പാത്രങ്ങള്‍ വച്ചിട്ടുണ്ട് . പരിസരം മലിനമാക്കുന്ന തരത്തില്‍ എന്തെങ്കിലും വലിചെരിയുകയാണ് എങ്കില്‍ ശിക്ഷ ഉറപ്പാക്കാന്‍ നിയമം അനുശാസിക്കുന്നു . വനാന്തരങ്ങളിലേക്ക് ഇപ്പോഴും ആളുകളെ കയറ്റി വിടുന്നില്ല . വന്യ മൃഗങ്ങളുടെ സ്വൈര്യ വിഹാരത്തിന് തടസം നേരിടാതിരിക്കാനും അവയുടെ ആവാസ വ്യവസ്ഥയില്‍ മാറ്റം ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് ഇത് . വിനോദ സഞ്ചാര മേഖല അല്പം കൂടി വിശാലമാക്കണം എന്ന ആവശ്യം ഏറെ നാളായി ഉന്നയിക്കുന്നുണ്ട്‌ എന്നാല്‍ മാറി മാറി വരുന്ന സര്‍ക്കാരുകള്‍ ഒന്നും തന്നെ ഈ ജൈവ സമ്പത്ത് കാത്തു സൂക്ഷിക്കുന്നതില്‍ പ്രതിജ്ഞാ ബദ്ധരായതിനാല്‍ ആവശ്യം അംഗീകരിച്ചിട്ടില്ല . 19 ആം നൂറ്റാണ്ടില്‍ രണ്ടു വലിയ വിഭാഗങ്ങളില്‍ ആയാണ് പറമ്പിക്കുളം കാട് ഉണ്ടായിരുന്നത് . സുന്ഗം ഫോറെസ്റ്റ് റിസര്‍വും പറമ്പിക്കുളം ഫോറെസ്റ്റ് റിസര്‍വും .1907 ലെ ട്രാം വെ ഇവിടെ ഒരു നാഴികക്കല്ലായി .ഈ വഴി കാടിനകത്തേക്ക്‌ കടക്കാനാകുകയും അനാവശ്യമായി കിടന്നിരുന്ന ഭീഷണിയാകുന്ന മരങ്ങള്‍ അത്രയും ചാലക്കുടിയിലേക്ക് എത്തിക്കുവാന്‍ സാധിച്ചു . 1951 ല്‍ പി നാരായാണന്‍ നായര്‍ അധ്യക്ഷനായ പ്രത്യേക സാമ്പത്തിക സമിതി രൂപികരിച്ചു . 1962 ല്‍ സുന്ഗം ഫോറെസ്റ്റ് ഡിവിഷന്‍ പറമ്പിക്കുളം വന്യമൃഗസംരക്ഷണ കേന്ദ്രത്തോട് ചേര്‍ത്തു . പീരുമേട് ആസ്ഥാനമായുള്ള സംസ്ഥാന വന്യമൃഗസംരക്ഷണ ഓഫീസറുടെ മേല്‍നോട്ടത്തിലായിരുന്നു ഇതിന്റെ പ്രവര്‍ത്തനം . പശ്ചിമഘട്ടത്തിലെ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന  വന്യമൃഗസംരക്ഷണ കേന്ദ്രമാണ് പറമ്പിക്കുളം . കേരളത്തില്‍ നിന്നും തമിഴ്നാടില്‍ നിന്നും ഇവിടേയ്ക്ക് കടക്കാം . 34 ഓളം സംരക്ഷണ കേന്ദ്രങ്ങള്‍ ഉള്ള പശ്ചിമഘട്ടത്തിലെ ഏറ്റവും ആകര്‍ഷണം പറമ്പിക്കുളം ആണ് എന്ന് പറഞ്ഞാല്‍ അതിശയോക്തിയാകില്ല . പ്രകൃതിയുടെ വാസസ്ഥാനം എന്ന് ഇരട്ടപ്പേരുള്ള ഇവിടെ എത്തുന്ന സഞ്ചാരികള്‍ വീണ്ടും വീണ്ടും എത്താന്‍ കൊതിക്കുന്നു .

Monday 12 October 2015

ആര്‍പ്പു വിളികളും ആരവങ്ങളുമായി തിറയും പൂതനും



പാലക്കാട് ; ഓരോ നാടിനും ഓരോ സംസ്കാരങ്ങള്‍ ഉണ്ട് . അതിനെല്ലാം ബന്ധപ്പെട്ട് കുറെ കലാരൂപങ്ങളും .വള്ളുവനാടന്‍ സംസ്കാരത്തിന്റെ പ്രതീകമായി തിറയും പൂതനും നിറഞ്ഞാടുകയാണ് . ദേശത്തിന്റെ ജീവിത സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഈ അനുഷ്ടാന കലകള്‍ രൂപം കൊള്ളുന്നത്‌ . ഭഗവതി ക്ഷേത്രങ്ങളിലും കാവുകളിലും ആണ് ഇവ കൂടുതലായും കണ്ടു വരുന്നത് .  വേഷ ഭൂഷാധികള്‍ , അലങ്കാര പണികള്‍ എല്ലാം വര്‍ണാഭമാന് . നേരിയ മരപ്പലക കൊണ്ട് ഉണ്ടാക്കിയ അര്‍ദ്ധ വൃത്താകൃതിയിലുള്ള മുടികള്‍ തലയില്‍ വച്ചിരിക്കും . പലതരം കൊത്തു വേലകള്‍ ഉണ്ടായിരിക്കും .രണ്ടു വശത്തും തുണിയുണ്ടകള്‍ തൂക്കിയിട്ടിരിക്കും . പൂതത്തിനു മുഖം മൂടിയും ഉണ്ടാകും . കാവുകളില്‍ നിന്ന് ഇറങ്ങുന്ന പൂതവും തിറയും വീടുകളിലും എത്താറുണ്ട് . വീടുകളില്‍ വിളക്ക് വച്ച് സ്വീകരിച്ചു നെല്ല് , അരി , പണം എന്നിവ നല്‍കും . തുടിയും ഉടുക്കും ചിലമ്പും എല്ലാമായി ശബ്ദ മുഖരിതമായാണ് പൂതം പുറപ്പെടുക . പൂതം ചിലപ്പോള്‍ ഒറ്റക്കും ചിലപ്പോള്‍ തിറക്കൊപ്പവും ഇറങ്ങാറുണ്ട്‌ .പണ്ട് കാലം മുതല്‍ക്കേ ആഹാരം കഴിക്കാത്ത ഉണ്ണികളേ പൂതത്തെ പറഞ്ഞു പേടിപ്പിച്ചു ആഹാരം കൊടുക്കുന്ന അമ്മമാര്‍ ധാരാളമായിരുന്നു . പൂതങ്ങളും കുട്ടികളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് . പൂതപ്പാട്ട്‌ എന്ന കവിതയില്‍ ഇടശ്ശേരി ഇത് വ്യക്തമാകിയതാണ് . വീടുകളില്‍ കളിക്കാന്‍ പോകുന്ന പൂതങ്ങള്‍ ഉണ്ണികളേ പ്രത്യേകം അന്വേഷിക്കുകയും അവരെ കളിയാക്കുകയും പേടിപ്പിക്കുകയും ചെയ്യുക പതിവാണ് . കുട്ടികളുടെ പേടി മാറ്റാനും മറ്റും പൂതത്തെ കൊണ്ട് തോടുവിക്കുന്നതും അത് ഉപദ്രവിക്കില്ലെന്ന കാര്യം മനസിലാക്കി കുട്ടിയുടെ പേടിയകാലുന്നതും പണ്ട് മുതല്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു . പൂരനാളുകളില്‍ ആണ് പ്രധാനമായും പൂതനും തിറയും ഇറങ്ങുന്നത് . മണ്ണാന്‍ സമുദായക്കാരാണ് പ്രധാനമായും പൂതന്‍ കെട്ടിയിരുന്നത് . ചിലമ്പും അലങ്കാരങ്ങളും തലയിലെ ഭാരമേറിയ മുടിയും എല്ലാമായി മേയ്വഴക്കത്തോടെ മന്ത്രങ്ങള്‍ക്കൊപ്പം  താളമിട്ടു ചുവടു വച്ച് പൂതങ്ങള്‍ കാവുകളും വീടുകളും ആഘോഷമാക്കി മാറ്റുന്നു . കണ്ണുരുട്ടി നാക്ക് നീട്ടി കുട്ടികള്‍ക്കിടയിലേക്ക് ഓടിയെത്തുന്ന മുക്കാന്‍ ചാത്തന്‍ ഒരു ഹരമാണ് . പൂതത്തിന്റെ പറയടി ശബ്ദം കേള്‍ക്കുമ്പോള്‍ ഭയം മാറിയകുട്ടികള്‍ ചുറ്റും കൂടും . ആര്‍പ്പു വിളിച്ചു ആരവത്തോടെ തിറക്കും പൂതതിനും ഒപ്പം വീടുകള്‍ കയറിയിറങ്ങും . കുംഭം മീനം മാസങ്ങളില്‍ അവധിയാഘോഷങ്ങള്‍ക്ക് കൊഴുപ്പെകാനും ഉത്സവങ്ങള്‍ കൂടാനും വള്ളുവനാട്ടില്‍ എത്തുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പൂതനും തിറയും അസുലഭ കാഴ്ചയാണ് . വെയില്‍ നാളങ്ങള്‍ പരക്കുന്ന വയലിലൂടെയും പറമ്പിലൂടെയും പൂതനും തിറയും സംഘവും തുടിയും ഉടുക്കും പറയടിയും വാദ്യ ഘോഷങ്ങളും ആര്‍പ്പു വിളികളും മണിയൊച്ചയും ചിലമ്പോച്ചയുമായി യാത്രയാണ് . മണ്ണാനു പുറമേ പാണ സമുദായക്കാര്‍ കെട്ടുന്ന പാണപ്പൂതവും വീടുകള്‍ കയറി ഇറങ്ങാറുണ്ട്‌ എന്നാല്‍ അതിനു അലങ്കാരങ്ങളും വേഷ വിധാനങ്ങളും കുറവാണ് . എല്ലാ അനുഷ്ടാന കലകളെയും പോലെ അന്യം നിന്ന് പോകുന്ന ഈ കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ പനയൂരിലെ രാമന്‍ സ്മാരക പൂതന്‍ തിറ കളരി സംഘം പരിശീലനം നല്‍കുന്നുണ്ട് . ഉത്സവങ്ങള്‍ക്കും മറ്റും ഇവിടെ നിന്ന് പരിശീലനം നേടിയ യുവാക്കള്‍ വേഷമിടാരുണ്ട് . വാണിയം കുളം പഞ്ചായത്തിലെ പനയൂരിലെ കരുമാന്‍ തോട്ടില്‍ ഉണ്ണികൃഷ്ണന്‍ വൈദ്യരാണ് ഇത് നടത്തുന്നത് . കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം അദ്ദേഹത്തിന്റെ കളരി സംഘത്തിനു ഉണ്ട്. വള്ളുവനാടന്‍ ക്ഷേത്രങ്ങളിലെ പൂരങ്ങളുടെയും ഉത്സവങ്ങളുടെയും വരവരിയിച്ചാണ് സാധാരണ നാട്ടില്‍ പൂതനും തിറയും ഇറങ്ങുന്നത് . മധ്യവേനല്‍ അവധിയും കുട്ടികള്‍ക്ക് ഇതോടൊപ്പം വന്നു ചേരും . കുട്ടികളും മുതിര്ന്നവരുമായി പല പ്രായത്തിലും ഉള്ളവര്‍ വേഷമിടുന്നു . ഉത്സവത്തിനു ഭഗവതി ഇറങ്ങുന്നതിനു മുന്നോടിയായി പൂതവും ഭഗവതിയുടെ സാന്നിധ്യമായി തിറയും ഇറങ്ങും . റിയാലിറ്റി ഷോകളിലും സിനിമാ ഷൂട്ടിങ്ങ്കളിലും മാത്രമായി ഒതുക്കാതെ ഈ കലാരൂപത്തെ സംരക്ഷിക്കാനും മറ്റുള്ളവരില്‍ എത്തിക്കാനും സര്‍ക്കാരുകള്‍ കളരി സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്നുണ്ട് . ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ ഇന്ത്യക്ക് അകത്തും പുറത്തും അഭിമാനത്തോടെ ഈ കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് .

Friday 9 October 2015

നെയ്തില്‍ പുതിയ പരീക്ഷണങ്ങളുമായി ദേവാങ്കപുരം ഗ്രാമം




പാലക്കാട്  ; പാലക്കാടിന്റെ നെയ്തു ഗ്രാമങ്ങളില്‍ പ്രധാനമാണ് ചിറ്റൂര്‍ . ഒരു സമുദായത്തിന്റെ പേരില്‍ അറിയപ്പെട്ടു തുടങ്ങിയ ഇവിടത്തെ ഒരു ഗ്രാമം ഇന്ന് കൈത്തറി വസ്ത്രങ്ങള്‍ക്ക് പെരുമയേകുന്നു . കര്‍ണാടകയില്‍ നിന്ന് കുടിയേറിയ ദേവാങ്ക സമുദായം കൂട്ടത്തോടെ വന്നു താമസിച്ച ചിറ്റൂരില്‍ അവരുടെ കുലത്തൊഴില്‍ ആയ നെയ്തു വേരുറച്ചു . പാലക്കാടും തൃശൂരും സമീപ ജില്ലകളിലും എല്ലാം ഓണത്തിനും വിഷുവിനും നെയ്തു വസ്ത്രങ്ങളുമായി ദേവാങ്കപുരത്തുകാര്‍ എത്തും . സാധാരണ കൈത്തറി വസ്ത്രങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ കുറവായതിനാല്‍ കച്ചവട സാധ്യത മുന്‍ നിര്‍ത്തി കൈത്തറിയിലും യന്ത്ര തറിയിലും നെയ്തെടുക്കുന്ന വസ്ത്രങ്ങളില്‍ ഇപ്പോഴത്തെ പരിഷ്കാരം അനുസരിച്ച് ഡിസൈനുകളും ചിത്രതുന്നലുകളും എല്ലാം ചെയ്തു മനോഹരമാക്കുന്നു . തൃശൂര്‍ , എറണാകുളം , കൊല്ലം , പത്തനംതിട്ട , തിരുവനന്തപുരം , മലപ്പുറം , കോഴിക്കോട് തുടങ്ങിയ ജില്ലകളിലെക്കാന് ദേവാങ്ക പുറം കൈത്തറി കൂടുതലും കയറ്റി അയക്കുന്നത് . പാലക്കാട് തത്തമംഗലം , കരിമ്പുഴ എന്നിവിടങ്ങളിലും തൃശൂരിലെ കുത്താമ്പുള്ളി , തിരുവനനതപുരം ബാലരാമപുരം തുടങ്ങിയവയും ആണ് കൈത്തറി വസ്ത്രങ്ങള്‍ വിപണിയില്‍ ഇറക്കുന്നത് . പരമ്പരാഗതമായ പാവ് മുണ്ടുകള്‍ക്കും സെറ്റ് മുണ്ടുകള്‍ക്കും പുറമേ ഷര്‍ട്ട്‌ , സാരി , കുറത്ത , ചുരിദാര്‍ , പാവടകള്‍ , തുടങ്ങിയവയും വിപണിയില്‍ ഇറക്കുന്നുണ്ട് . പാലക്കാട് തമിഴാടിന്റെ അതിര്‍ത്തി ഗ്രാമമായതിനാല്‍ തന്നെ തമിഴ് ഉത്സവങ്ങള്‍ക്കും ദേവാങ്ക പുരം കൈത്തറിക്ക് ആവശ്യക്കാര്‍ ഏറെയാണ്‌ . തമിഴ് ശൈലിയിലും മലയാള ശൈലിയിലും നിരവധി പട്ടു വസ്ത്രങ്ങള്‍ ദേവാങ്കപുരത്ത് നിര്‍മിക്കുന്നു . കോയമ്പത്തൂര്‍ , സോമാനൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും നൂലുകള്‍ എത്തിക്കുന്നത് . സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ മനോഹരമായ വസ്ത്രങ്ങള്‍ നെയ്ത് കേരളത്തില്‍ ഉടനീളം കയറ്റി അയക്കുന്നുണ്ട് . കുടുംബാംഗങ്ങള്‍ മുഴുവന്‍ ഒരുമിച്ചു അധ്വാനിച്ചു ലാഭവും നഷ്ടവും പങ്കിടുകയാണ് ഇവിടെ . കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്ഥിരം രീതികള്‍ വിട്ട് പുത്തന്‍ ആശയങ്ങളും രീതികളും സ്വീകരിച്ചു ദേവാങ്കപുരത്തുകാര്‍ നിര്‍മിച്ച പട്ടു വസ്ത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു . ഫാഷന്‍ ലോകത്ത് ഇതോടെ ദേവാങ്കപുരം കൈത്തറി ഇടം നേടി .പട്ടു വസ്ത്രങ്ങള്‍ക് പുറമേ വെല്‍വെറ്റ് , പെന്‍റെക്സ് തുടങ്ങിയവയിലും പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട് .പുതിയ കുട്ടികള്‍ക്ക് കൈത്തറി വസ്ത്രങ്ങള്‍ പരമ്പരാഗതമായ രീതിയില്‍ ധരിക്കാന്‍ താല്പര്യമില്ലാത്തതിനാല്‍ അവര്‍ക്ക് ആവശ്യമായ രീതിയില്‍ സാരിയിലും ചുരിദാറിലും , ഷര്‍ട്ടിലും ഒക്കെയായി പരീക്ഷണങ്ങള്‍ നടത്തി നല്‍കുന്നുണ്ട് . പൂരങ്ങള്‍ , ഉത്സവങ്ങള്‍ , ഓണം , വിഷു , വിവാഹ സീസണുകള്‍ , കേരളപ്പിറവി , വിശേഷാവസരങ്ങള്‍ തുടങ്ങിയ വേളകളില്‍ കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നു . ആ ദിവസങ്ങളില്‍ യന്ത്ര തറികളുടെ ശബ്ദമായിരിക്കും രാവും പകലുമിവിടെ . ഏറെ കാലമായി പാരമ്പര്യം വിടാതെയും പൈതൃകം കാത്തു സൂക്ഷിച്ചും പുത്തന്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചും ഇവര്‍ മുന്നോട്ടു പോകുകയാണ് . 

നിഗൂഡതയും സൗന്ദര്യവും നിറച്ച് സൈരന്ധ്രി വനം



പാലക്കാട് ; സൈരന്ധ്രി വനം എന്ന പേര് കേള്‍ക്കുമ്പോള്‍ അധികമാര്‍ക്കും അത് നിശബ്ദതയുടെ താഴ്വര എന്നറിയപ്പെടുന്ന സൈലന്റ് വാലിയെ കുറിച്ചാണ് എന്ന് അറിയാന്‍ തരമില്ല .പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിന്ന് ഉദ്ദേശം 40 കിലോമീറ്റര്‍ അകലെയാണ് സൈലന്റ് വാലി ദേശീയോദ്യാനം . ഉഷ്ണമേഖലാ മഴക്കാടുകളും ലോകത്ത് മറ്റെവിടെയും കാണാന്‍ സാധ്യമല്ലാത്ത അപൂര്‍വയിനം പക്ഷി മൃഗാദികളും വൃക്ഷ ലതാദികളും കൊണ്ട് സമ്പന്നമാണ് ഇവിടം . മലയാളികള്‍ക്ക് ഈ താഴ്വാരം ഇല്ലാതെ മറ്റൊന്ന് സ്വകാര്യ അഹങ്കാരമായി പറയാന്‍ ഉണ്ടാകില്ല . നീലഗിരി പീഠഭൂമിക്കും മണ്ണാര്‍ക്കാടിനും ഇടയ്ക്കു സ്ഥിതിചെയ്യുന്ന സൈരന്ധ്രിവനത്തില്‍  ചീവീടുകള്‍ ഇല്ലെന്നതിനാല്‍ ആണ് നിശബ്ദതയുടെ താഴ്വര എന്ന പേര് ലഭിച്ചത് .ചീവീടുകള്‍ ഇല്ലെങ്കിലും ജൈവ വൈവിധ്യത്തിന്റെ കലവറയായ ഇവിടെ ആസ്വാദനത്തിനും പഠനത്തിനും വിനോദത്തിനും ഫോട്ടോഗ്രാഫിക്കും പുറമേ പത്ര മാധ്യമ പ്രവര്‍ത്തകരും കവികളും ചിത്രകാരന്മാരും സാഹസികയാത്രികളും ചരിത്രാന്വേഷികളും പരിസ്ഥിതി പ്രവര്‍ത്തകരും നിത്യേന സന്ദര്‍ശനം നടത്തുന്നുണ്ട് . സസ്യ ശാസ്ത്രജ്ഞനായ റോബര്‍ട്ട് വൈറ്റാണ് സൈലന്റ് വാലിയിലെ ജൈവ സമ്പത്ത് ആദ്യമായി കണ്ടെത്തിയത് . ചിത്രസഹിതം അദ്ദേഹം ആറു വാള്യങ്ങളില്‍ പുസ്തകം പ്രസിദ്ധീകരിച്ചിരുന്നു .110 ലധികം ജാതി ഓര്‍ക്കിഡുകളും പുഷ്പിക്കുന്നതും ഫലമുണ്ടാകുന്നതുമായ ആയിരത്തില്‍ പരം ജാതി സസ്യങ്ങളും 34 ലധികം സസ്തനി വര്‍ഗങ്ങളും 200 ലധികം ജാതി ചിത്രശലഭങ്ങളും 16 തരം വര്‍ഗം പക്ഷികളും ഉണ്ടത്രേ . കുന്തിപ്പുഴയുടെ ലാളനയേറ്റ് ഹരിതാഭമായി നിലകൊള്ളുകയാണ് സൈലന്റ് വാലി . സൈലന്റ് വാലിയിലെ നിബിഡവനങ്ങളില്‍ എങ്ങും കുന്തിപ്പുഴ ജീവധാരപോലെ  പല കൈവഴികളായി ഒഴുകി നടക്കുന്നത് കാണാം . തണുത്ത അന്തരീക്ഷമുള്ള കാടുകള്‍ നീരാവിയെ മഴയായി പെയ്യിക്കാന്‍ കെല്‍പ്പുള്ളതാണ് അതിനാല്‍ മഴയും സുലഭം . സൈലന്റ് വാലിയിലേക്ക്‌ പ്രവേശിക്കും മുന്പ് പതിനൊന്നോളം ഹെയര്‍പിന്‍ വളവുകള്‍ ഉള്ള അട്ടപ്പാടി ചുരം കടക്കണം . മുക്കാലി ഫോറസ്റ്റ് ഓഫീസാണ് സൈലന്റ് വാലിയുടെ പ്രവേശന കവാടം . മുക്കാലി ഇന്‍ഫോര്‍മേഷന്‍ സെന്ററില്‍ മറ്റു വാഹനങ്ങള്‍ പ്രവേശിക്കാന്‍ പാടില്ല . ഇക്കോ ഡവലപ്മെന്റ്റ് കമ്മിറ്റിയുടെ വാഹനത്തില്‍ ഗൈഡിന്റെ കൂടെ സഞ്ചാരികളെ ബഫര്‍ സോണിലൂടെ 24 കിലോമീറ്റര്‍ കൊണ്ട് പോകും . വെങ്ങാചോല മരം ഇവിടെ ആകര്‍ഷണമാണ് .കടുവയുടെ നഖപ്പാടുകള്‍ ഈ മരത്തില്‍ കാണാം. കടുവ ഇരപിടിച്ചു കഴിഞ്ഞ ശേഷം ഈ മരത്തില്‍ മാന്തും . ഇരപിടിക്കുമ്പോള്‍ സംഭവിക്കുന്ന മുറിവുകള്‍ക്ക് ഈ മരത്തിന്റെ നീര് ഔഷധമത്രേ . ഏതാണ്ട് അഞ്ചു കോടി വര്ഷം കൊണ്ടാണ് സൈലന്റ് വാലി ഉണ്ടായത് എന്ന് ചരിത്രം പറയുന്നു .ഒരു തെറ്റായ തീരുമാനം കൊണ്ട് എന്നെന്നേക്കുമായി വെള്ളക്കെട്ടില്‍ അമര്‍ന്നു പോകുമായിരുന്ന ഈ വന സൌന്ദര്യം കാത്തു സൂക്ഷിക്കാന്‍ സുഗതകുമാരി ടീച്ചറും ശോഭീന്ദ്രന്‍ മാഷും ഒക്കെ നടത്തിയ ഇടപെടലുകള്‍ മഹത്തരം തന്നെ . പോരാട്ടത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും സമര്‍പ്പണമാണ് സൈലന്റ് വാലി . 1973 ല്‍ പ്ലാനിംഗ് കമ്മിഷന്‍ അനുമതി ലഭിച്ചു 24.88 കോടി രൂപ ചെലവില്‍ 240 മെഗാവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കെ എസ ഇ ബി സൈലന്റ് വാലിയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ തീരുമാനിക്കുന്നത് . എന്നാല്‍ ഇതോടെ ഈ വന സൗന്ദര്യം നശിച്ചു പോകുന്ന അവസ്ഥ പരിസ്ഥിതി വാദികള്‍ മുന്നോട്ടു വച്ചു . ഇതോടെ സര്‍ക്കാര്‍ പദ്ധതി റദ്ദ് ചെയ്തു സൈലന്റ് വാലിയെ സംരക്ഷിച്ചു .കെ എഫ് ആര്‍ ഐ യിലെ ഡോ വി എസ വിജയന്‍ എന്ന വ്യക്തി നടത്തിയ സമഗ്രമായ പഠനങ്ങള്‍ സൈലന്റ് വാലി അണക്കെട്ടിന്റെ ദോഷങ്ങള്‍ ആദ്യമായി കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍ പെടുതിയതും വഴിത്തിരിവായി . ഇതിനൊക്കെ അപ്പുറം സാഹിത്യ സാംസ്കാരിക നായകന്മാരും സന്നദ്ധ സംഘടനകളും പരിസ്ഥിതി പ്രവര്‍ത്തകരും ഒത്തൊരുമിച്ചു പ്രവര്‍ത്തിച്ചു . ഡോ എം എസ സ്വാമിനാഥനും സൈലന്റ് വാലി സംരക്ഷണത്തെ അനുകൂലിച്ചു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത് നാഴികക്കല്ലായി . 1972 ല്‍ സ്റ്റോക്ക് ഹോമില്‍ നടന്ന ഐക്യരാഷ്ട്ര സംഘടനയുടെ പരിസ്ഥിതി സമ്മേളനത്തില്‍ സൈലന്റ് വാലിയെ കുറിച്ച് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി നടത്തിയ പരാമര്‍ശങ്ങള്‍ മാര്‍ഗ ദര്‍ശകമാണ് .1984 നവംബര്‍ 15 നു  സൈലന്റ് വാലി ദേശീയ ഉദ്യാന്മായി പ്രഖ്യാപിച്ചു . പിറ്റേ കൊല്ലം പ്രധാനമന്ത്രി രാജീവ് ഗാന്ധി ദേശീയോദ്യാനം രാഷ്ട്രത്തിന് സമര്‍പ്പിച്ചു . നിശബ്ദതയുടെ താഴ്വര കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ ഒരു സ്വകാര്യ അഹങ്കാരമാണ് എന്ന് സമ്മതിക്കാതെ വയ്യ .
 

Thursday 8 October 2015

ജന്മപുണ്യം പേറുന്ന കിള്ളിക്കുറിശ്ശിമംഗലം !


പാലക്കാട് ; “ നമ്പിയാരെന്നു ചോദിച്ചു
നമ്പിയാരെന്നു ചൊല്ലി ഞാന്‍
നമ്പി കേട്ടഥ കോപിച്ചു
തമ്പുരാനെ പൊറുക്കണേ !” എന്ന് ചൊല്ലുവാന്‍ കുഞ്ചന്‍ നമ്പ്യാര്‍ക്ക് മാത്രമേ സാധിക്കൂ . ഒരു വാക്കും അനേകം അര്‍ത്ഥങ്ങളും ഉച്ചാരണ വ്യത്യാസങ്ങളും ചേര്‍ത്ത് ബദ്ധ ശത്രുവായ നമ്പിക്ക് നല്ല മറുപടി നല്‍കിയ സരസകവി കുഞ്ചന്‍ നമ്പ്യാര്‍ . നര്‍മത്തിനും ആക്ഷേപഹാസ്യതിനും പര്യായം കേരളക്കരക്ക് എന്നും കുഞ്ചന്‍ നമ്പ്യാര്‍ മാത്രമാണ് . കര്‍മം കൊണ്ട് അമ്പലപ്പുഴക്കാരന്‍ ആണെങ്കിലും ജന്മം കൊണ്ട് കിള്ളിക്കുറിശ്ശി മംഗലമാണ് . പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനു സമീപം ലക്കിടിയിലെ കിള്ളിക്കുറിശ്ശി മംഗലത്ത് കലക്കത്ത് ഭവനമാണ് കുഞ്ചന്‍ നമ്പ്യാരുടെ ജന്മഗൃഹം . നമ്പ്യാരുടെ ജീവിതത്തെ കുറിച്ച് കൂടുതല്‍ രേഖകള്‍ ലഭ്യമല്ല എങ്കിലും പതിനെട്ടാം നൂറ്റാണ്ടില്‍ ആണ് അദ്ദേഹം ജീവിച്ചിരുന്നത് എന്ന് ചരിത്രം പറയുന്നു .അമ്പലപ്പുഴയില്‍ വച്ച് ചാക്യാരുടെ കൂത്തിന് മിഴാവ് കൊട്ടുന്നതിനിടെ മയങ്ങിപ്പോയ കുഞ്ചന്‍ നമ്പ്യാരെ സദസില്‍ വച്ച് ചാക്യാര്‍ അസാരം പരിഹസിചെന്നും വിഷണ്ണനായ നമ്പ്യാര്‍ ഒറ്റ രാത്രികൊണ്ട്‌ ഒരു കലാരൂപം ഉണ്ടാക്കി ചാക്യാരുടെ കൂത്തിനു സമീപം തന്നെ അവതരിപ്പിചെന്നും ജനങ്ങള്‍ ചാക്യാരെ വിട്ടു നമ്പ്യാരെ അസ്സലായി ആസ്വദിച്ചു എന്നതും കഥ . എന്ത് തന്നെ ആയാലും ഓട്ടന്‍ തുള്ളല്‍ എന്ന കലാരൂപം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരം തന്നെ . അനേകം വിദേശീയരും ഇപ്പോള്‍ തുള്ളലിനെ കുറിച്ച് പഠിക്കാന്‍ എത്തുന്നുണ്ട് . കല കലയ്ക്കു കൂടെ സമൂഹ നന്മക്കും എന്ന സിദ്ധാന്തമാണ്‌ കുഞ്ചന്‍ നമ്പ്യാരിലൂടെ കേരളത്തിന്‌ ലഭിച്ചത് .1976 ലാണ് മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ ജന്മ ഗൃഹമായ കലക്കത്ത് ഭവനം സാംസ്കാരികവകുപ്പ് ഏറ്റെടുക്കുന്നത് . ഇപ്പോള്‍ കലക്കത്ത് ഭവനം കുഞ്ചന്‍ സ്മാരകമായി ഉയര്‍ത്തി . പറയന്‍, ഓട്ടന്‍ , ശീതങ്കന്‍ തുള്ളലുകളും നൃത്ത രൂപങ്ങളും സംസ്കൃത ക്ലാസുകളും ഇവിടെ നടക്കുന്നുണ്ട് . കുഞ്ചന്‍ സ്മാരകം സാധാരണയായി കണ്ടു വരാറുള്ള വെറും കെട്ടിട സ്മാരകമല്ല . അനുഗ്രഹീതമായ  തുള്ളല്‍ എന്ന കലയെ പോഷിപ്പിക്കുന്ന ഒരിടമാണ് . എല്ലാ വര്‍ഷവും കുഞ്ചന്‍ സ്മാരകത്തില്‍ നവരാത്രി ആഘോഷങ്ങളും നടന്നു വരുന്നു .മേയ് അഞ്ചിന് കുഞ്ചന്‍ നമ്പ്യാര്‍ ജന്മദിനവും വിപുലമായി ആഘോഷിച്ചു വരുന്നു . നര്‍മത്തില്‍ കലര്‍ന്ന സാമൂഹ്യ വിമര്‍ശനങ്ങള്‍ നടത്തി അദ്ദേഹം സ്വയം സമൂഹത്തിനു നേരെ പിടിച്ചൊരു കണ്ണാടിയായി മാറുകയായിരുന്നു .ചന്ദ്രികാ വീഥി , ലീലാവതി വീഥി തുടങ്ങിയ രൂപകങ്ങളും വിഷ്ണു വിലാസം രാഘവീയം എന്നി മഹാകാവ്യങ്ങളും ശിവശതകം എന്നാ ഖന്ധ കാവ്യവും രാസക്രീഡ വൃത്തവാര്‍ത്തികം  എന്ന് ഛന്ദ ശാസ്ത്ര ഗ്രന്ഥങ്ങളും എല്ലാം അദ്ദേഹത്തിന്റേതായി കണക്കാക്കപ്പെടുന്നു . കിള്ളിക്കുറിശ്ശി മംഗലത്തെ കലക്കത്ത് ഭവനത്തില്‍ നമ്പ്യാര്‍ അധികം വസിചിട്ടില്ല എന്ന് ചരിത്ര രേഖകള്‍ പറയുന്നു .ബാല്യകാല വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം അച്ഛനൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനാകുകയായിരുന്നു . അതുകൊണ്ട് തന്നെയാണ് നമ്പ്യാരെ കുറിച്ചുള്ള കഥകളില്‍ എല്ലാം തന്നെ അമ്പലപ്പുഴയും ചെമ്പകശ്ശേരി ദേശവും എല്ലാം കടന്നു വരുന്നത് . എന്നാല്‍ കഥകളില്‍ ഒരിടത്തും തന്നെ കലക്കത്ത് ഭവനത്തെയോ ലക്കിടിയിലെ കിള്ളിക്കുറിശ്ശി മംഗലതെയോ കുറിച്ച് അധികം പരാമര്‍ശങ്ങള്‍ കടന്നു വന്നിട്ടില്ല . ഏറെ കാലം അമ്പലപ്പുഴയില്‍ ആണ് അദ്ദേഹം ജീവിച്ചത് .അവിടെ പ്രസിദ്ധമായ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അദ്ദേഹത്തിന്റേത് എന്ന് കരുതപ്പെടുന്ന മിഴാവ് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട് . ചെമ്പകശ്ശേരി രാജാവായ ദേവ നാരായണനെ 1746 ല്‍ മാര്ത്താന്‍ഡ വര്‍മ പരാജയപ്പെടുത്തിയപ്പോള്‍ അദ്ദേഹം തിരുവനന്തപുരത്ത് വേണാട് രാജാക്കന്മാരുടെ ആശ്രിതനായി താമസിച്ചു . എന്നാല്‍ പ്രായത്തിന്റെ അസ്വസ്ഥതകളില്‍ അദ്ദേഹം അവസാനാകാലത്ത് അമ്പലപുഴയില്‍ തന്നെ തുടര്‍ന്നു . ഒരിടത്തും കലക്കത്ത് ഭവനത്തില്‍ അദ്ദേഹം ഏറെ നാള്‍ താമസിച്ചതായോ ആ വീടുമായി എന്തെങ്കിലും പ്രത്യേക അടുപ്പം നിലനിര്തിയിരുന്നതായോ കേട്ട് കേള്‍വി ഇല്ല .കുഞ്ചന്‍ നമ്പ്യാര്‍ക്ക് അമ്പലപ്പുഴയിലും ഒരു സ്മാരകം ഉണ്ട് . സാധാരണ ജനങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹിച്ച നമ്പ്യാര്‍ കൃതികളില്‍ തനിക്കുള്ള അഗാധമായ സംസ്കൃത പാണ്ഡിത്യം കടന്നു വരാതിരിക്കാനും സാധാരണക്കാരന് നന്നായി മനസിലാകാനും ആസ്വദിക്കാനും സാധ്യമാകുന്ന ഭാഷ തെരഞ്ഞെടുക്കുകയും ചെയ്തു . ഫലിത പരിഹാസങ്ങളിലൂടെ സാമൂഹ്യ വിമര്‍ശനം നടത്തി അധികാരികളുടെ കണ്ണ് തുറപ്പിച്ച നമ്പ്യാരെ മഹാകവി എന്നും ജനകീയ കവി എന്നും ജനം വിശേഷിപ്പിച്ചു . പതിനെട്ടാം ദശകത്തില്‍ നില നിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയിലേക്ക് വെളിച്ചം വീശുന്ന നമ്പ്യാരുടെ കൃതികളില്‍ സ്വര്‍ഗ്ഗ-പാതാളങ്ങള്‍ അമ്പലപ്പുഴയോ തിരുവനന്തപുരമോ ആയി മാറുന്നു . ആ കാല ഘട്ടത്തിലെ ഭൂപ്രകൃതി , സസ്യ ജന്തു ജാലങ്ങള്‍ ആഹാര രീതികള്‍ സംസാര – വിദ്യാഭ്യാസ രീതി നാട്ടു സംഗീതം തുടങ്ങി എല്ലാം ഉള്‍ക്കൊള്ളിച്ചിരുന്നു എങ്കിലും അതിലൊന്നിലും മലബാറിന്റെ പ്രത്യേകിച്ച് വള്ളുവനാടിന്റെ ആത്മാംശങ്ങള്‍ ഉണ്ടായിരുന്നില്ല .വരേണ്യ വര്‍ഗത്തെ മാത്രം പരിഹസിച്ച നമ്പ്യാര്‍ എന്നും അധ:കൃത വര്‍ഗതോടൊപ്പം നിന്നു .ഇവിയിലെല്ലാം തിരുവിതാം കൂറിലെ ജാതി വ്യവസ്ഥയും ജന്മിത്ത വ്യവസ്ഥയും കടന്നു വന്നപ്പോള്‍ ജന്മദേശമായ പാലക്കാടിന്റെ അവസ്ഥ തീരെ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം . എങ്കിലും പാലക്കാട് ജനിച്ച നമ്പ്യാരുടെ സ്മരണാര്‍ത്ഥം പാലക്കാടിനും തൃശൂരിനും ഇടക്കുള്ള ചൂലനൂരിലെ മയില്‍ സംരക്ഷണ കേന്ദ്രത്തിലെ 200 ഹെക്ടര്‍ സ്ഥലം കുഞ്ചന്‍ സ്മൃതിവനം ആയി പ്രഖ്യാപിച്ചിട്ടുണ്ട് . കിള്ളിക്കുറിശ്ശി മംഗലത്തിനു ഏതാനും കിലോമീറ്ററുകള്‍ മാറിയാണ് ഈ സ്മൃതിവനം . കുട്ടികള്‍ക്ക് സംസ്കൃതവും നൃത്തരൂപങ്ങളും തുള്ളലുകളും പഠിക്കാന്‍ ഒരു സരസ്വതീക്ഷേത്രം എന്ന നിലയില്‍ പഴക്കം വിടാതെ കേടുപാടുകള്‍ തീര്‍ത്ത് സംരക്ഷിചിരിക്കുകയാണ് നമ്പ്യാരുടെ ജന്മഗൃഹത്തെ സര്‍ക്കാര്‍ . കുഞ്ചന്‍ സ്മാരകത്തെ തുഞ്ചന്‍ പറമ്പിലെ മലയാള സര്‍വകലാശാലയുടെ പഠന ഗവേഷണ കേന്ദ്രമാക്കി മാറ്റാന്‍ പദ്ധതി ഉണ്ടെന്നു സാംസ്കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ്‌ അറിയിച്ചിരുന്നു . കിള്ളിക്കുറിശ്ശി മംഗലത്ത് എല്ലാ വര്‍ഷവും വിപുലമായ രീതിയില്‍ കുഞ്ചന്‍ ദിനാഘോഷം സംഘടിപ്പിച്ചു വരുന്നു .സാംസ്കാരിക വകുപ്പ് മന്ത്രിയും സാംസ്കാരിക നായകന്മാരും എഴുത്തുകാരും ചിത്രകാരന്മാരും നര്‍ത്തകരും ഓട്ടന്‍ തുള്ളല്‍ കലാകാരന്മാരും നാട്ടുകാരുമായി ഒട്ടനേകം പേര്‍ സംബന്ധിക്കും . കലക്കത്ത് ഭവനം നിലവിലുള്ള രീതിയില്‍ തന്നെ സംരക്ഷിച്ചു പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തില്‍ വിടണമെന്ന് സര്‍ക്കാര്‍ തീരുമാനം എടുത്തു . മലയാള സാഹിത്യ രംഗത്തെ തീര്ത്ഥാടന കേന്ദ്രമാക്കി കുഞ്ചന്‍ സ്മാരകത്തെ മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട് . അതിനുള്ള പദ്ധതികള്‍ പുരോഗമിച്ചു വരുന്നു . 40 വര്ഷം മുന്‍പ് കലക്കത്ത് ഭവനം ഇന്നുള്ള കുഞ്ചന്‍ സ്മാരകമായി ഉയര്‍ന്നിരുന്നില്ല . വീടിന്റെ പടിപ്പുര തകര്‍ന്നു ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്ന അവസ്ഥക്കെതിരെ പി ശിവദാസന്‍ എന്ന സ്കൂള്‍ അദ്ധ്യാപകന്‍ ശക്തമായി പ്രതികരിച്ചു. മാധ്യമ ശ്രദ്ധയും ജനശ്രദ്ധയും തിരിച്ചു വിട്ടതോടെ സര്‍ക്കാര്‍ കലക്കത്ത് ഭവനം ഏറ്റെടുത്തു കുഞ്ചന്‍ സ്മാരകമാക്കി മാറ്റി . പിന്നീട് 1987 ല്‍ ഈ അധ്യാപകന് സര്‍ക്കാര്‍ മികച്ച അധ്യാപകനുള്ള പുരസ്കാരം നല്‍കി . പാലക്കാട് ഡി ടി പി സി നേരത്തെ തന്നെ കുഞ്ചന്‍ സ്മാരകം വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയര്‍ത്താന്‍ പദ്ധതി തായാരാക്കിയിരുന്നു . കൌണ്ടര്‍ ദക്ഷിന്‍ എന്ന കണ്സല്‍ട്ടിംഗ് കമ്പനി കലക്കത്ത് ഭവനം സന്ദര്‍ശിച്ചു പദ്ധതി തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു . കൂത്തമ്പലം , തുള്ളല്‍ ആസ്വാദകര്‍ക്ക് പ്രത്യേകമായ ഇരിപ്പിടങ്ങള്‍ , ഗ്രന്ഥപ്പുര , തുള്ളലുമായി ബന്ധപ്പെട്ട വിവിധ ഗ്രന്ഥങ്ങള്‍ , പവലിയന്‍ , കാന്റീന്‍ , ഭരണ നിര്‍വഹണ കേന്ദ്രം തുടങ്ങിയവ പൂര്‍ണമായും വസ്തു ശില്പ മാതൃകയില്‍ തയാറാക്കുകയാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം . നിലവില്‍ ഓട്ടന്‍ , പറയന്‍, ശീതങ്കന്‍ തുള്ളലുകള്‍ക്ക് പുറമേ മോഹിനിയാട്ടം , മൃദംഗം , ശാസ്ത്രീയ സംഗീതം തുടങ്ങിയവയും സംസ്കൃതവും അഭ്യസിപ്പിക്കുന്നുണ്ട് . പത്തോളം അധ്യാപകരും നൂറ്റി അന്പതോളം വിദ്യാര്തികളും ഉണ്ട് . പൂര്‍ണമായും സൌജന്യമായാണ് ഇവിടെ അധ്യയനം നടത്തുന്നത് . അധ്യാപകര്‍ക്ക് ശമ്പളവും വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പെന്‍ഡും സര്‍ക്കാര്‍ നല്‍കുന്നുണ്ട് . കലക്കത്ത് ഭവനം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് , പ്രത്യേകിച്ചു വിദേശീയര്‍ക്കു ഇവിടത്തെ അധ്യാപകരും വിദ്യാര്‍ഥികളും തുള്ളലിനെ കുറിച്ച് ആവശ്യമായ വിവരണങ്ങള്‍ നല്‍കുകയും അവര്‍ക്കായി പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യാറുണ്ട് .

Saturday 3 October 2015

ഇത് പൈതൃകഗ്രാമം !



പാലക്കാട് ; ഐ എ എസുകാരും  സിവില്‍ സര്‍വീസിലെ മറ്റു ഉന്നത ഉദ്യോഗസ്ഥരും സംഗീത നാട്യ രംഗങ്ങളിലെ അനവധി പ്രശസ്തരും നടന്നു നീങ്ങിയ വഴികള്‍ ... അവരുടെ കാല്‍പാട് പതിഞ്ഞ വഴികള്‍ ... എന്നും ഒട്ടും മാറാത്ത ആചാരാനുഷ്ടാനങ്ങള്‍ പാലിച്ച് പഴമയും എളിമയും കൈവിടാതെ ഒരു ഗ്രാമം . ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടി യുനെസ്കോ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച കല്പാത്തി ... പാലക്കാട് ജില്ലയില്‍ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന അഗ്രഹാര തെരുവ് ... ബ്രാഹ്മണ അഗ്രഹാരങ്ങളും , സംഗീത സാന്ദ്രമായ വീഥികളും തമിഴ് ശൈലിയിലെ ക്ഷേത്രങ്ങളും ഐശ്വര്യത്തിന്റെ ലക്ഷണമായ കോലങ്ങളും രഥോത്സവങ്ങളും സര്‍വോപരി കല്പാത്തി പുഴയും വേറിട്ട്‌ നിര്‍ത്തുന്ന ഒരു ഗ്രാമം . അടുത്തടുത്തായി നിര്‍മിച്ച കൊച്ചുവീടുകള്‍ നിരനിരയായി റോഡിനു ഇരുവശങ്ങളിലും നിരന്നു കിടക്കുന്നു ഓരോ വീടിന്റെയും പൂമുഖത്ത് ലക്ഷ്മിയെ വരവേല്‍ക്കാന്‍ കോലങ്ങള്‍ ... എവിടെ നിന്നും മുല്ലപ്പൂവിന്റെയും പിച്ചിപ്പൂവിന്റെയും ചന്ദനം കുംകുമം തുടങ്ങിയവയുടെ സുഗന്ധം .. ഇതെല്ലാം കല്പാത്തിയുടെ പ്രത്യേകതകള്‍ ആണ് . ഇന്ത്യക്ക് അകത്തും പുറത്തുമുള്ള അനേകര്‍ കല്പാത്തിയിലെത്തുന്നു . പഴയ കാല ഗൃഹങ്ങളുടെ വാസ്തുശില്പം കാണാന്‍ ... അഗ്രഹാരം അവിടത്തെ ആചാരങ്ങള്‍ , സര്‍വോപരി കല്‍പ്പാത്തി വിശ്വനാഥനെ വണങ്ങാന്‍ , ചരിത്രം പഠിക്കാന്‍ അങ്ങനെ ആവശ്യങ്ങള്‍ പലതാണ് .ഇപ്പോള്‍ പഴയ കല്പ്പാത്തിയെന്നും പുതിയ കല്‍പ്പാത്തി എന്നും രണ്ടു അഗ്രഹാര തെരുവുകള്‍ ഉണ്ട് . വിശ്വ പ്രസിദ്ധമായ കല്പാത്തി രഥോത്സവം നടക്കുന്നത് ലക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തില്‍ ആണ് . ക്ഷേത്രത്തിനു പുറകിലാണ് കല്പാത്തി പുഴ . പാലക്കാട് കണ്ടവര്‍ കല്പാത്തി കണ്ടില്ലെങ്കില്‍ ഒരു പൂര്‍ണത വരില്ല എന്ന് പറയാം . കല്പാത്തിക്ക് ദക്ഷിണ കാശി എന്നും പേരുണ്ട് . കാശിയില്‍ പോകുന്നതിന്റെ പാതി പുണ്യം കല്പാത്തി വിശ്വനാഥനെ വണങ്ങിയാല്‍ കിട്ടുമെന്നാണ് വിശ്വാസം . ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷതേടി തമിഴ് ബ്രാഹ്മണര്‍ കൂട്ടത്തോടെ കേരളത്തിലേക് വന്നതാണ് എന്നും പാണ്ട്യ രാജാവ് മാരവര്മന്‍ മരിച്ചതോടെ ശത്രുക്കള്‍ രൂക്ഷമായി ആക്രമണം തുടങ്ങി എന്നും അങ്ങനെ നിരവധി ബ്രാഹ്മണര്‍ കല്പാത്തി പുഴയുടെ തീരത്ത് താമസം ഉറപ്പിക്കുകയും ചെയ്തു എന്നാണു ഐതിഹ്യം . ശേഖരീ പുരത്തും കല്പാത്തിയിലും നിറയെ തമിഴ് അഗ്രഹാരങ്ങള്‍ ഉണ്ട് . കല്പാത്തി പുഴയും ഈ ഗ്രാമത്തോളം പറയാനുണ്ട് . കല്ല്‌ വെട്ടിയാണ് കല്പാത്തി പുഴ നിര്‍മ്മിച്ചത്‌ എന്ന് വിശ്വസിക്കുന്നു .എ ഡി 1425 ല്‍ കല്പാത്തി വിശ്വനാഥ ക്ഷേത്രം ഉണ്ടെന്നു ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു . അനേകം സംഗീതജ്ഞരും ഉന്നത സ്ഥാനങ്ങളില്‍ സേവനം ചെയ്യുന്നവരും കല്പാത്തിയുടെ സംഭാവനയാണ് . സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസ പരവുമായി ഏറെ മുന്നിലാണ് കല്പാത്തിക്കാര്‍ . സസ്യാഹാരം കഴിച്ചു സാത്വികരായി പുരാണ കഥകളും മന്ത്രങ്ങളും വേദങ്ങളും ഒക്കെയായി കഴിയുന്ന കല്പാത്തിയിലെ ജനങ്ങളുടെ വസ്ത്രധാരണം ആചാരങ്ങള്‍ അനുഷ്ടാനങ്ങള്‍ ആഹാര രീതികള്‍ എല്ലാം വ്യത്യസ്തമാണ് . മലയാളത്തോട് ബന്ധപ്പെട്ടല്ല തമിഴുമായി ബന്ധപ്പെട്ടാണ് ഇവര്‍ ജീവിക്കുന്നത് . നെയ്യും വെണ്ണയും ചേര്‍ത്ത് ഉണ്ടാക്കുന്ന മധുര പലഹാരങ്ങള്‍ , മുറുക്കുകള്‍ , കഠിന മധുരം ചേര്‍ത്ത പായസങ്ങള്‍ , അരിയും ഉഴുന്നും ചേര്‍ത്ത് ഉണ്ടാക്കുന്ന പലഹാരങ്ങള്‍ , ഇഡ്ഡലി , ദോശ , വിവിധതരം പപ്പടങ്ങള്‍ , വടകള്‍ , പലതരം വറ്റലുകള്‍ തുടങ്ങി വ്യത്യസ്തമായ രുചിപ്പെരുമയും ഉണ്ട്  . പഴമയുടെ സൌന്ദര്യം നഷ്ടമാകാതിരിക്കാനും ചരിത്ര ശേഷിപ്പുകള്‍ ഇല്ലാതാകാനും ഈ ഗ്രാമത്തെ യുനെസ്കോ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചു . കേരളത്തിലെ ഒരേ ഒരു പിതൃക ഗ്രാമമായ കല്പാത്തി എന്നും സഞ്ചാരികള്‍ക്ക് ആകര്‍ഷണം തന്നെയാണ് .


Thursday 1 October 2015

യാത്ര പോകാം അറിവ് ഉറവ പൊട്ടുന്നൊരു മലയിലേക്ക് ....



പാലക്കാട്‌ ; “ചാരങ്ങൾപോലും പകുത്തുത്തിന്നൊരീ
പ്രേതങ്ങളലറുന്ന നേരം
പേയും പിശാചും പരസ്പരം
തീവെട്ടിപേറി അടരാടുന്ന നേരം
നാദങ്ങളിൽ സർവ്വനാശമിടിവെട്ടുമ്പോള്‍
ആഴങ്ങളിൽ ശ്വാസതന്മാത്ര പൊട്ടുമ്പോള്‍
അറിയാതെ ആശിച്ചുപോകുന്നു ഞാനും
വീണ്ടുമൊരുനാൾ വരും
വീണ്ടുമൊരുനാൾ വരും
എന്റെ ചുടലപറമ്പിലെ തുടതുള്ളുമീ
സ്വാർത്ഥ സിംഹാസനങ്ങളെ കടലെടുക്കും
പിന്നെ ഇഴയുന്ന ജീവന്റെ കനലിൽ നിന്നു
അമരഗീതം പോലെ ആത്മാക്കൾ
ഇഴചേർന്നൊരു അദ്വൈത പദ്മമുണ്ടയ്‌വരുംഅതിലെന്റെ കരളിന്റെ നിറവും സുഗന്ധവും
ഊഷ്മാവുമുണ്ടായിരിക്കും
അതിലെന്റെ താരസ്വരത്തിൻ പരാഗങ്ങൽ
അണുരൂപമാർന്നടയിരിക്കും
അതിനുള്ളിൽ ഒരു കൽപ്പതപമാർന്ന ചൂടിൽനിന്നു
ഒരു പുതിയ മാനവനുയിർക്കും
അവനിൽനിന്നദ്യമായ്‌
വിശ്വസ്വയം പ്രഭാ പടലം
ഈ മണ്ണിൽ പരക്കും
ഒക്കെ ഒരു വെറും ഭ്രാന്തന്റെ സ്വപ്നം
നേരു നേരുന്ന കാന്തന്റെ സ്വപ്നം”
ജാതിക്കൊമരങ്ങള്‍ക്കും അറിവിന്റെയും അധികാരത്തിന്റെയും ഹുങ്കിനും അഹങ്കാരത്തിനും മീതെ,സമൂഹത്തിന്റെ ഉച്ച നീച്ചത്വങ്ങള്‍ക്ക് എതിരെ, അന്ധ വിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ആഭിചാരങ്ങള്‍ക്കും എതിരെ ഉച്ചത്തില്‍ ശബ്ദിച്ച ... അഥവാ ഇവയെ എല്ലാം പരിഹസിച്ചു ആര്‍ത്ത് ചിരിച്ച നാറാണത്ത് , ഭ്രാന്തനല്ല ... അറിവിന്റെ നിറകുടം .. നിറഞ്ഞാലും തുളുമ്പാതെ അതി സാധാരണനായ ഒരു നാടോടി . ഒന്നിനോടും ഭ്രമമില്ല , പ്രത്യേക മമതയോ അടുപ്പമോ ഇല്ല . വീണിടം വിഷ്ണുലോകം ... അതിനാല്‍ ഈ നിസ്വന് കണ്ണീരോ പരിഭവമോ നിരാശയോ ഒന്നും തന്നെയില്ല . വാക്കുകള്‍ മുളക്കാത്ത ആ കുന്നുകളില്‍ കല്ലുരുട്ടി കയറ്റി താഴേക്കു തള്ളിയിട്ട് ആര്‍ത്ത് ചിരിക്കുന്ന നാറാണത്തിന്റെ കഥ വിശ്വ പ്രസിദ്ധമാണ് . ആ മല പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂകിലാണ് . പറയിപെറ്റ പന്തിരുകുലത്തിലെ എല്ലാ മഹാന്മാരെയും കവച്ചു വെക്കുന്ന നാരാണത്തിന്റെ ദിനചര്യയായ ഈ കല്ല്‌ കയറ്റല്‍ രായിരനല്ലൂര്‍ മലയിലായിരുന്നു . ഭ്രാന്തന്‍ മലയെന്നും ആളുകള്‍ വിളിക്കാറുണ്ട് . പട്ടാമ്പിക്കടുത്ത് കൈപ്പുറത്ത് നിന്ന് ഇടത്തോട്ടു തിരിഞ്ഞു ഏകദേശം മൂന്നു കിലോ മീറ്ററോളം പോയാല്‍ മലയുടെ താഴ്വാരതിലെത്താം. കയറിപ്പറ്റാന്‍ വിഷമമുള്ള പാറ കൂട്ടങ്ങള്‍ ഉള്ള ഇവിടെ മഴയയാല്‍ വഴുകും കൂടുതലാണ് . ഒന്നും വക വെക്കാതെയാണ്‌ നാറാനത്ത് കല്ലുരുട്ടി കയറ്റിയിരുന്നത് എന്നത് അതിശയകരം തന്നെ . മല കയറാന്‍ ആരംഭിക്കുന്നിടത്തു നാരാണത്ത് മംഗലം ആമയൂര്‍ മന കാണാം . അവിടെ മുതല്‍ മലയിലേക്കു പടിക്കെട്ടുകള്‍ ഉണ്ട് . മലകയറ്റം ഇവിടെ രസകരമായ ഒരു അനുഭവം തന്നെയാണ് . മലകയറി ഉച്ചിയില്‍ എത്തുമ്പോള്‍ അത്ഭുതപ്പെടുത്തിക്കൊണ്ട് 20 അടിയോളം വലുപ്പമുള്ള നാരാനത്ത് ഭ്രാന്തന്റെ പൂര്‍ണകായ പ്രതിമ കാണാം . ആ പ്രതിമ കല്ലുരുട്ടി താഴെയിടാന്‍ തയാറായി നില്‍ക്കുകയാണ് . താഴെ എങ്ങും പച്ചപ്പ്‌ മാത്രമേ കാണൂ . ഇവിടെ അടുത്ത് കുന്നിന്‍ മുകളില്‍ ഒരു ദുര്‍ഗാദേവിയുടെ ചെറിയ ക്ഷേത്രമുണ്ട് . ദേവിയും നാരാനത്ത് ഭ്രാന്തനുമായി ബന്ധപ്പെട്ടു അനേകം കഥകള്‍ പ്രചാരത്തില്‍ ഉണ്ട് . ചുടല ഭദ്രകാളിയായ ദേവിയോട് ചുടലയില്‍ വച്ച് തെല്ലും ഭയമില്ലാതെ കയര്‍ക്കുകയും ഒടുവില്‍ ദേവിയെ കൊണ്ട് ഇടതു കാലിലെ മന്ത് വലതു കാലിലേക്ക് മാറ്റിക്കുകയും ചെയ്തിരുന്നു . അതുപോലെ ഈ മല മുകളില്‍ വച്ച് ദേവി പ്രത്യക്ഷപ്പെട്ടു നാരാനതിനെ അനുഗ്രഹിച്ചതായും ഐതിഹ്യമുണ്ട് .ആമയൂര്‍ മനക്കാരാണ് കുന്നിന് മുകളില്‍ ദേവീക്ഷേത്രം പണിതതും പൂജനടത്തുന്നതുമൊക്കെ. തുലാം ഒന്നിന്ന് രായിരാംകുന്ന് കയറുന്നത് പുണ്യമാണെന്നാണ് ഭക്തജനവിശ്വാസം. സന്താനസൌഭാഗ്യത്തിനും, മംഗല്യസൌഭാഗ്യത്തിനും, മാറാരോഗനിവാരണത്തിനുമെല്ലാം വഴിപാട് നടത്തി നാറാണത്ത് ഭ്രാന്തനേയും വന്ദിച്ച് കുന്ന് കയറുന്നവരുടെ തിരക്കാണ് തുലാം ഒന്നിന് . സന്താനസൌഭാഗ്യത്തിന് വേണ്ടി മലകയറുന്നവര്‍ ആണ്‍കുട്ടിക്ക് വേണ്ടി കിണ്ടിയും, പെണ്‍കുട്ടിക്ക് വേണ്ടി ഓടവും കമഴ്ത്തി പ്രാര്‍ത്ഥിച്ച് മലയിറങ്ങുകയും സന്താനപ്പിറവിക്ക് ശേഷം അവിടെച്ചെന്ന് കമഴ്ത്തി വെച്ചിരിക്കുന്ന ഈ ഓട്ടുപാത്രങ്ങളില്‍ നെയ്യ് നിറച്ച് മലര്‍ത്തി വെയ്ക്കുകയും വേണമെന്നാണ് വിശ്വാസം.മനുഷ്യന്റെ അഹങ്കാരത്തിന് മുകളിലൂടെയായിരുന്നു നാറാണത്ത് ഭ്രാന്തന്‍ കല്ലുരുട്ടിക്കയറ്റിയിരുന്നത്. താഴേക്ക് ഉരുണ്ട് വീഴുന്ന കല്ലിന് സദൃശ്യമാണ് മനുഷ്യസ്ഥിതി എന്ന് ജനങ്ങളെ ബോധ്യപ്പെടുതുകയായിരുന്നു ഇവിടെ .



ഏകാന്തം ...


തിരുവനന്തപുരം ; നിറം മങ്ങിയ സായാഹ്നങ്ങള്‍ ആണ് മിക്കവാറും എല്ലാ വൃദ്ധ ജനങ്ങള്‍ക്കും ചൂണ്ടിക്കാനിക്കാനുള്ളത് . നല്ല കാലം മുഴുവന്‍ സകല സമ്മര്‍ദ്ദങ്ങളും പേറി ഇല്ലായ്മയും വല്ലായ്മയും കുടുംബത്തെ അറിയിക്കാതെ രാപകല്‍ കഷ്ടപ്പെട്ട് ഊണും ഉറക്കവും ഉപേക്ഷിച്ചു അന്ത്യയാമത്തില്‍ എത്തുമ്പോള്‍ ഒറ്റപ്പെടുന്ന അവസ്ഥയാണ് മിക്കവാറും എല്ലാവര്ക്കും ഉള്ളത് . പെന്‍ഷനും ആനുലൂല്യങ്ങളും ലഭിക്കുന്ന മുറക്ക് അല്ലെങ്കില്‍ ആ ദിവസങ്ങളില്‍ മാത്രം അതുമല്ലെങ്കില്‍ സ്വത്തുക്കള്‍ വീതം വെക്കുന്ന വരെ ഒക്കെ മാത്രമേ വൃദ്ധരായ മാതാപിതാക്കള്‍ക്ക് രാജകീയ പ്രൌഡി ഉള്ളൂ എന്നത് വാസ്തവമാണ് . നാള്‍ക്കു നാള്‍ മുളച്ചു പൊന്തുന്ന വൃദ്ധസദനങ്ങള്‍ കേരളത്തില്‍ ഇന്ന് വാര്‍ത്തയല്ല എന്നാല്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്ന വയോജന ആത്മഹത്യകളെ കുറിച്ച് ഇരുത്തി ചിന്തിക്കേണ്ട അവസ്ഥയാണ് അതോടൊപ്പം വൃദ്ധ സദനങ്ങളുടെ ഗുണനിലവാരവും പരിശോധിക്കേണ്ടതുണ്ട് . സൌരഭ്യം പരത്തുന്ന സുന്ദരമായ പൂന്തോട്ടങ്ങളും കൃത്രിമ തടാകങ്ങളും തണലേകാന്‍ ഫല വൃക്ഷങ്ങളും വിഭവ സമൃദ്ധമായ ഭക്ഷണവും ഡോക്ടര്‍മാരും ഒക്കെയായി രാജകീയ പ്രൌഡിയിലുള്ള വൃദ്ധസദനങ്ങള്‍ ഉണ്ട് എന്നാല്‍ കൂട്ടില്‍ അടച്ചിട്ടു പട്ടാള ചിട്ടയില്‍ ആണ് ഇവിടെ കാര്യങ്ങളുടെ പോക്ക് .. പൂങ്കാവനത്തിലെക്ക് വയോജനങ്ങളെ കടത്തി വിട്ടു അവിടം നശിപ്പിക്കാനോ ഭംഗി ആസ്വദിച്ചു നടന്നു വീണു പരിക്ക് പറ്റി ഭാരമാകാനോ ഇവിടങ്ങളില്‍ ഒന്നും അധികാരികള്‍ വൃദ്ധരെ അനുവദിക്കാറില്ല . ചില്ല് കൂട്ടിലിരുന്നു എന്ത് ആസ്വാദനമാണ് ? കനക കൂട്ടിലെ പക്ഷി ആകാശ നീലിമ ആസ്വദിക്കുന്നപോലെ . ഇനി രണ്ടാമതൊരു ഇടമുണ്ട് . ഇല്ലായ്മകളും വല്ലായ്മകളും ഉള്ള വൃദ്ധ സദനങ്ങള്‍ ഇതിലും മെച്ചം നരകതുല്യമായ തങ്ങളുടെ വീട് തന്നെയാണ് എന്ന് വൃദ്ധ ജനങ്ങളെ ചിന്തിപ്പിക്കുന്ന ഇടം . രണ്ടായാലും മാനസികമായി തകര്‍ന്നു തരിപ്പണമാകുന്ന അവസ്ഥ. 90 വയസകുന്നവര്‍ പോകും ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണ് കേരളത്തില്‍ .. മരണം കാത്തു കിടന്നു സ്വയം ശപിച്ചും ഈശ്വരനെ പ്രാകിയും പരിതപിച്ചും ദിനങ്ങള്‍ തള്ളുന്നവര്‍ ... എന്തിനാണ് ഇതൊക്കെ ? പഴയൊരു മരവിയില്‍ അല്പം ഭക്ഷണം മൂലക്കിരുത്തി അച്ഛനും അമ്മയ്ക്കും വിളമ്പിയ ദമ്പതികളുടെ ചെയ്തികള്‍ വീക്ഷിച്ച അഞ്ചു വയസുകാരന്റെ ചിന്തകള്‍  കഥയായി ലോകം മുഴുവന്‍ പല ഭാഷയില്‍ പല രൂപത്തില്‍ പ്രസിദ്ധമാണ് .വൃത്തിയും മെനയുമുള്ള വൃദ്ധ സദനങ്ങള്‍ മിക്ക സന്നദ്ധ സംഘടനകളും നടത്തുന്നുണ്ട് എന്നാല്‍ വേണ്ടത്ര വീക്ഷണം ഇല്ലാത്തത് കൊണ്ട് പരാജയമാകുകയാണ് എല്ലാം . വീല്‍ ചെയറുകളോ അവ ഉന്തിക്കൊണ്ടു പോകാന്‍ ചരിഞ്ഞ പ്രദലങ്ങളോ 24 മണിക്കൂറും സേവനം ചെയ്യാന്‍ സാധ്യമാകുന്ന നഴ്സുമാരോ വിളിച്ചാല്‍ ഓടിഎത്താവുന്ന ഡോക്ടര്‍മാരോ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനമോ തുടങ്ങി ഒന്നും തന്നെ മിക്കയിടങ്ങളിലും ഇല്ല . ഇതൊക്കെ വലിയ പാളിച്ചകളായി തീരുകയാണ് .2020 ഉം 2026 ഉം ഒക്കെ ആകുമ്പോഴേക്കു വയോജന സംഖ്യ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തും. അപ്പോള്‍ ഇത്തരം ആലയങ്ങളുടെ പ്രസക്തി എന്താകും എന്ന് നോക്കി കാണുക തന്നെ വേണം . മരുന്നുകളും മന്ത്രങ്ങളും ഒക്കെ ഒഴിവാക്കി മാനസിക ആരോഗ്യം പ്രദാനം ചെയ്യാന്‍ സാധിക്കുന്ന തരം ചികിത്സാ രീതികളും പരിശീലനവും ഒക്കെയാണ് വിദേശ രാജ്യങ്ങളില്‍ ഇപ്പോള്‍ പിന്തുടരുന്നത് . എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും മരുന്നുകള്‍ നല്‍കിക്കൊണ്ടേ ഇരിക്കുന്നു . വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ആവശ്യത്തിനും അനാവശ്യത്തിനും മരുന്നുകള്‍ കഴിച്ചു ക്ഷീണിച്ച ശരീരങ്ങള്‍ ഒന്ന്‍ കൂടി ക്ഷീണിക്കും ;കൂടെ മനസും . എന്ത് പ്രയോജനമാണ് ഇതിലൂടെ നേടുന്നത്? നിയമം മൂലം ഇവയെല്ലാം നിയന്ത്രിക്കാന്‍ പരിമിതികള്‍ ഉണ്ട് . ഓരോരുത്തരുടെയും മനസ്സില്‍ അല്പം ഇടം നല്‍കിയാല്‍ ചിന്തകള്‍ക്ക് അല്പം മാറ്റം വരുത്തിയാല്‍ ഇതെല്ലാം കുറെയേറെ പരിഹരിക്കാവുന്നതെ ഉള്ളൂ . വൃദ്ധ സദനങ്ങള്‍ നടത്തുന്ന എല്ലാവര്‍ക്കും വര്‍ഷത്തില്‍ ഒരിക്കല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയും ആവശ്യമായ സംവിധാനങ്ങള്‍ നടപ്പാക്കുന്നതിന് കര്‍ക്കശമായ രൂപ രേഖകള്‍ ഉണ്ടാക്കി നല്‍കിയും ഇടയ്ക്കിടയ്ക്ക് ഇത്തരം ആലയങ്ങള്‍ സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് ശേഖരിച്ചും നടപടികള്‍ എടുത്തും സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ ചുരുക്കം ഇന്നത്തെ ഈ പരിതാപകരമായ അവസ്ഥകള്‍ എങ്കിലും അല്പം മെച്ചപ്പെട്ടെക്കും . മരണം എത്തി പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴും ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്ന വൃദ്ധരുടെ അവസ്ഥ അല്പം ഒന്ന് മാറിയേക്കും . അനവധി നിരവധി പേരുകളില്‍ നാം നിയമങ്ങള്‍ പാസാക്കാറുണ്ട് വയോജനങ്ങള്‍ക്ക് വേണ്ടി ലക്ഷക്കനക്കിനോ കോടിക്കണക്കിനോ ഫണ്ടുകളും പാസക്കാറുണ്ട് . ചെലവുകളുടെ കണക്കുകളും പ്രവര്‍ത്തന രൂപരെഖകളും കടലാസില്‍ കൃത്യമായി കാണാം എന്നാല്‍ ഇതെല്ലാം എങ്ങോട്ടാണ് പോകുന്നത്  എന്നും എത്രകണ്ട് ആവശ്യക്കാരുടെ പക്കല്‍ ഇതെല്ലാം എത്തുന്നുണ്ട് എന്നും ആരെങ്കിലും അന്വേഷിക്കാരുണ്ടോ ? ഇതിലെല്ലാം അപ്പുറമാണ് വയോജനങ്ങള്‍ ശാരീരികവും ലൈംഗികവും ആയി അനുഭവിക്കുന്ന പീഡനങ്ങള്‍ . 70 വയസായ സ്ത്രീയെ മരണത്തിലേക്ക് രണ്ടു ചുവടു കൂടി അടുപ്പിച്ചു വിവസ്ത്രയാക്കി റോഡരികില്‍ തള്ളിയത് കേരളത്തിലാണ് ; മറ്റെവിടെയും അല്ല . പട്ടിയെ കൊണ്ട് കടിപ്പിച്ചും തുടലില്‍ കെട്ടി വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നായകൂട്ടില്‍ കിടത്തിയും അടിച്ചും ചീത്ത വിളിച്ചും പരിഹസിച്ചും മുറിപ്പെടുത്തിയും എല്ലാം ‘ അനുഭവിപ്പിക്കുക’ യാണ് ഇവരെ . ഇതിനു എന്നാണ് അറുതി വരിക ? വയോജനങ്ങള്‍ക്കെതിരെയുള്ള  അതിക്രമങ്ങള്‍ തടയാന്‍ പാസാക്കുന്ന നിയമങ്ങള്‍ കാര്യക്ഷമമായി പ്രാവര്‍ത്തിക മാക്കുന്ന ഒരു സംവിധാനം എന്നാണു നിലവില്‍ വരിക ?ഒരു വേള അകറ്റി നിര്‍ത്തിയ മാതാ പിതാക്കളെയും അപ്പൂപ്പന്‍ അമ്മൂമ്മ മാരെയും ഇന്ന് കൂടെ കൂട്ടുകയാണ് വിദേശ രാജ്യങ്ങള്‍ . എല്ലാത്തിനും പാശ്ചാത്യ രാജ്യങ്ങളെ അനുകരിക്കുന്ന നാം ഇതൊന്നും എന്തെ കണ്ടു പഠിക്കാത്തത് ? മാറണം ഈ അവസ്ഥ ... മാറിയെ തീരൂ ... ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനമാണ് . ഒരു നാള്‍ നമുക്ക് തണലായവരെ ... നമുക്ക് വേണ്ടി ജീവിച്ചവരെ ... നമുക്കായി നിലകൊണ്ടവരെ... നമുക്കായി മനമുരുകി പ്രാര്‍ഥിചവരെ ... ഒറ്റക്കാക്കാതെ കൂടെ കൂട്ടാം...