Monday 2 March 2015

വീരസ്മൃതികള്‍ ഉറങ്ങുന്ന പാലക്കാട് കോട്ട ....

പാലക്കാട് ; ഇന്ത്യയിലെ കോട്ടകളില്‍ ഏറ്റവും ഭംഗിയായി സംരക്ഷിക്കപ്പെടുന്ന കോട്ടകളില്‍ ഒന്നാണ് പാലക്കാട് കോട്ട അഥവാ ടിപ്പുവിന്റെ കോട്ട . കേരളത്തിന്റെ ഏറ്റവും മധ്യഭാഗത്ത്‌ സ്ഥിതിചെയ്യുന്ന പാലക്കാടിന്റെ  നഗര ഹൃദയത്തിലാണ് ഈ സുന്ദരന്‍ കോട്ട . കൂറ്റന്‍ കരിങ്കല്‍ കഷ്ണങ്ങളാലുള്ള കരുത്തുറ്റ നിര്‍മ്മിതിയാണ് കോട്ടക്ക്
ഇതിന് ചുറ്റുമുള്ള കിടങ്ങുകളും കോട്ടയുടെ ഉയരവും ബലവും രൂപ ഘടനയും എല്ലാം നിര്മിതിക്ക് പിന്നിലെ സൈനിക വക്രബുദ്ധി വിളിച്ചോതുന്നു . ഗ്രാനൈറ്റ് കല്ലുകള്‍ കൊണ്ട് നിര്‍മിച്ച കരുത്തുറ്റ ഈ കോട്ട അനേകം രക്ത രൂക്ഷിത വിപ്ലവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്‌ .
1900 ത്തിന്റെ തുടക്കത്തിൽ കോട്ട ഒരു താലൂക്ക് ഓഫീസായി രൂപാന്തരപ്പെടുത്തി. നിർമ്മിച്ചിട്ടു നൂറ്റാണ്ടുകൾ കഴിഞ്ഞു എങ്കിലും,കരിങ്കല്ലുകൾ കൊണ്ട് പടുത്തുയർത്തിയ വീക്ഷണ ഗോപുരങ്ങളും കൂറ്റൻ മതിൽക്കെട്ടുകളും ഇപ്പോഴും ഒരു പോറൽ പോലും ഏല്‍ക്കാതെ നിൽക്കുന്നത് ശരിക്കും അത്ഭുതപ്പെടുത്തുന്നു . ഇപ്പോൾ പാലക്കാട് സ്പെഷൽ സബ് ജെയിൽ പ്രവർത്തിക്കുന്നത് ഈ കോട്ടയ്ക്കുള്ളിലാണ്. കോട്ടയുടെ ചുറ്റിലും പത്തു മീറ്ററോളം വീതിയുള്ള, വെള്ളം നിറഞ്ഞു നിൽക്കുന്ന കൂറ്റൻ കിടങ്ങാണുള്ളത്. കോട്ടയിലേക്ക് പ്രവേശിക്കാൻ ഒരു കവാടം മാത്രമാണുള്ളത്. ഇതിനകത്തേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ കവാടത്തിനടുത്തായി ഒരു ചെറിയ ഹനുമാൻക്ഷേത്രമുണ്ട്. ദിനം പ്രതി ധാരാളം സന്ദർശകരും ചരിത്രാന്വേഷികളും എത്തിച്ചേരുന്നു. കോട്ടയുടെ കിടങ്ങിനു ചുറ്റിലുമായി സന്ദേശകർക്ക് നടക്കാനുള്ള ട്രാക്കും, അതിനിരുവശത്തുമായി പുൽത്തകിടികളും ഒരുക്കിയിരിക്കുന്നു. കൂടാതെ കോട്ടയുടെ പടിഞ്ഞാറ് വശത്തായി കലാ സാംസ്കാരിക പരിപാടികൾ നടത്തുന്നതിനുള്ള 'രാപ്പാടി'എന്ന ഓപ്പൺ എയർ തീയേറ്ററും, കോട്ടയ്ക്കു സമീപമായി വാടിക എന്ന ഒരു പാർക്കും സജ്ജമാക്കിയിരിക്കുന്നു.
ഈ കോട്ട ഇന്ന് ഭാരത പുരാവസ്തു വകുപ്പിന്റെ (ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ) സംരക്ഷണയിലാണ്. കോട്ടയുടെ പുറത്തു പ്രധാന റോഡിനപ്പുറത്താണ് കോട്ട മൈതാനം സ്ഥിതി ചെയ്യുന്നത്. പ്രതാപ കാലത്ത് ഇവിടെയായിരുന്നത്രേ ആനകളെയും കുതിരകളെയും സൂക്ഷിച്ചിരുന്ന ലായങ്ങൾ സ്ഥിതി ചെയ്തിരുന്നത്. ഇപ്പോൾ കോട്ടമൈതാനം,പ്രസിദ്ധമായ പലവിധ മത്സരങ്ങൾക്കും വിവിധ പൊതു പരിപാടികള്‍ക്കും വേദിയാകുന്നു.
1766 ല്‍ ടിപ്പു സുല്‍ത്താന്റെ പിതാവ് ഹൈദര്‍ അലി നിര്‍മിച്ചതാണ് ഈ കോട്ട .പശ്ചിമ ഘട്ടത്തിന്‍റെ ഇരു വശങ്ങളിലും ആശയ വിനിമയ സൌകര്യം ഒരുക്കുക എന്നതായിരുന്നു ഈ കോട്ട നിര്‍മ്മിച്ചതിലൂടെ ഹൈദരാലി ലക്‌ഷ്യമിട്ടിരുന്നതു . പിന്നീട് ഹൈദരാലിയുടെ പിന്‍ഗാമിയായി രാജ്യഭാരമേറ്റ മകന്‍ ടിപ്പുവിന്‍റെയും പ്രധാന സൈനിക താവളങ്ങളില്‍ ഒന്നായിരുന്നു ഈ കോട്ട. ബ്രിട്ടീഷ് സൈന്യത്തിന് നേരെയുള്ള തന്‍റെ യുദ്ധങ്ങളില്‍ പലതിനും ടിപ്പു ഇവിടെ നിന്ന് നേതൃത്വം നല്‍കിയിരുന്നു. 1799ല്‍ മൈസൂറില്‍ വെച്ച് ബ്രിട്ടീഷ് പടയുമായുള്ള ഏറ്റുമുട്ടലിനിടയില്‍ ടിപ്പു സുല്‍ത്താന്‍ കൊല്ലപ്പെട്ടതോടെയാണ് ഈ കോട്ട ടിപ്പുവിന്‍റെ പേരില്‍ അറിയപ്പെട്ട് തുടങ്ങിയത്.
ചരിത്ര രേഖകള്‍ പരിശോധിച്ചാല്‍ ഈ കോട്ട എത്രയോ കാലങ്ങള്‍ക് മുന്‍പേ ഉണ്ടായിരുന്നു എന്ന് കാണാം എന്നാല്‍ ഇന്ന് കാണുന്ന രീതിയില്‍ ഇത് നിര്‍മിക്കുന്നത് 1766 ലാണ് . സാമൂതിരി വംശത്തിലെ പാലക്കാട് അച്ഛന്‍ എന്നറിയപ്പെടുന്ന ഒരു നാട്ടു രാജാവാണ് കോട്ട നിര്‍മിച്ചതെന്ന് ഐതിഹ്യം .1757ൽ അദ്ദേഹം സാമൂതിരിയുടെ ആക്രമണഭീഷണിയെ ചെറുക്കാൻ മൈസൂർ രാജാവായിരുന്ന ഹൈദരലിയുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ട് ഒരു സംഘം ആളുകളെ അയച്ചു. ഹൈദരലി ഈ അവസരം ഉപയോഗിച്ച് തന്ത്രപ്രധാനമായ പാലക്കാടിന്റെ ഭരണം പിടിച്ചെടുത്തു. അന്നു മുതല്‍1790 വരെ പാലക്കാട് കോട്ട തുടർച്ചയായി മൈസൂർ സുൽത്താന്മാരുടെയോ ബ്രിട്ടീഷുകാരുടെയോ ഭരണത്തിൻ കീഴിലായിരുന്നു.

ബ്രിട്ടീഷുകാർ ഈ കോട്ട ആദ്യമായി പിടിച്ചടക്കിയത്1768 ൽ കേണൽ വുഡ്,ഹൈദരലിയുടെ കോട്ടകൾ ആക്രമിച്ചപ്പോഴാണ്.  എങ്കിലും ഏതാനും മാസങ്ങൾക്കുള്ളിൽ ഹൈദരാലി കോട്ടയുടെ ഭരണം തിരിച്ചു പിടിച്ചു. 1783 ൽ കേണൽ ഫുള്ളർട്ടൺ വീണ്ടും ഈ കോട്ട പിടിച്ചടക്കിയെങ്കിലും അതിനടുത്ത വർഷം അവർ കോട്ടയുടെ നിയന്ത്രണം ഉപേക്ഷിച്ചു. പിന്നീട് കോട്ട സാമൂതിരിയുടെ സൈന്യത്തിനു കീഴിലായി. 1790 ൽ അവസാനമായി ബ്രിട്ടീഷുകാർ കേണൽ സ്റ്റുവാർട്ടിന്റെ നേതൃത്വത്തിൽ ഈ കോട്ട പിടിച്ചടക്കി. ഈ കോട്ട പുനരുദ്ധരിച്ച ബ്രിട്ടീഷുകാർ ശ്രീരംഗപട്ടണം ആക്രമിക്കുവാൻ ഒരു താവളമായി ഈ കോട്ടയെ ഉപയോഗിച്ചു. 19-ആം നൂറ്റാണ്ടിന്റെ പകുതിവരെ ഈ കോട്ട ബ്രിട്ടീഷ് സൈന്യത്തിന്റെ സംരക്ഷണത്തിലായിരുന്നു.


കോട്ടക്ക് ചുറ്റും ടാറിട്ട നടപ്പാതയും അതിനു ഇരുവശവും പുല്‍ത്തകിടികളും നടപ്പാതയുടെ ഇരു വശങ്ങളിലും വിളക്കുകളും ശോഭ നല്‍കുന്നു. അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പറേഷന്‍ ജലസേചന ജോലികള്‍ ഏറ്റെടുത്ത് ഹരിതാഭ സംരക്ഷിച്ചു വരുന്നു .ഹൈദരലിയുടെയുംടിപ്പുസുല്ത്താന്റെയുംസൈനികര്ഉപയോഗിച്ചിരുന്നനടപ്പാതപുരാവസ്തുവകുപ്പ്നേരത്തെവെട്ടുക്കല്ല്പാകിപുനര്നിര്മിച്ചിരുന്നു.കോട്ടയ്ക്കകത്ത്ഒരുഇന്ഫര്മേഷന്ഗാലറിസ്ഥാപിച്ചിട്ടുണ്ട്. ധന വകുപ്പും വിനോദ സഞ്ചാര വകുപ്പുമാണ് കോട്ടയുടെ അറ്റകുറ്റ പണികള്‍ക്കും  മോടിപിടിപ്പിക്കല്‍  പ്രവര്‍ത്തികള്‍ക്കും ധന സഹായം നല്‍കുന്നത് . ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്‌ ജില്ല ടൂറിസം പ്രമോഷന്‍ കൌണ്‍സിലാണ് .ഉല്ലാസയാത്ര സംഘങ്ങളെ എന്ന പോലെ ചരിത്രാന്വേഷികളെയും കോട്ട ആകര്‍ഷിക്കുന്നു. കോയമ്പത്തൂര്‍ വഴി ഊട്ടിയിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികള്‍ പാലക്കാടിനെ തങ്ങളുടെ ഇടത്താവളം ആക്കുകയും കോട്ട സന്ദര്‍ശിക്കുകയും ചെയ്യുന്നു .


No comments:

Post a Comment