Thursday 30 October 2014

"സ്ത്രീ ഒരിക്കലും ഇരയല്ല, ലാഭവിഹിതം പറ്റുന്നവളാണ്"


വിപ്ലവ പ്രസ്ഥാനങ്ങളും വിമോചന മുന്നണികളും സ്ത്രീ സ്വാതന്ത്ര്യം എന്ന് ആര്‍ത്തു വിളിച്ചു ചരിത്രം ഏറെക്കുറെ മാറ്റിയെഴുതിയിട്ടും അവളിന്നും സ്വതന്ത്രയായില്ല . അനേകം സ്ത്രീ പ്രസ്ഥാനങ്ങള്‍ പിറന്നെങ്കിലും നില നില്പില്ലാതെ മിക്കതും കുറ്റിയറ്റു പോയി . എത്രകണ്ട് സ്ത്രീ പ്രസ്ഥാനങ്ങള്‍ ഉണ്ടാകുന്നുവോ അത്ര കണ്ടു കൂടുകയാണ് സ്ത്രീകള്‍ക്കെതിരായ അക്രമങ്ങളും. സ്ത്രീ നൊമ്പരങ്ങളെ അക്ഷരങ്ങളാക്കിയ ലളിതാംബിക അന്തര്‍ജ്ജനം എന്ന ഒരു മുത്തശ്ശി വെട്ടിയൊതുക്കിയ പാതയിലേക്ക് പിന്നെയും എത്രയോ പേര്‍ വന്നു പോയ.
തനതായ ശൈലിയിലൂടെ മലയാള പെണ്ണെഴുത്ത് പ്രസ്ഥാനത്തില്‍ സ്വന്തമായി ഒരിടം നേടാന്‍ ശ്രമിക്കുന്ന ഇന്ദു മേനോന്‍ ഹിന്ദുസ്ഥാന്‍ സമാചാറുമായി പങ്കു വച്ച വേറിട്ട ചില സ്ത്രീ ചിന്തകള്‍.
 ചോ : ഇന്ത്യയില്‍ സ്ത്രീകളോടുള്ള കാഴ്ചപ്പാട് ദിനം തോറും മോശമായി വരികയാണ് എന്ന് പരക്കെ ആക്ഷേപമുണ്ട്. ഒരു സാഹിത്യകാരി എന്നാ നിലയില്‍ ഇതിനെ എങ്ങിനെ കാണുന്നു?
 ഉ : ആരാണ് ഇന്ത്യയിൽ സ്ത്രീകളെ സ്നേഹിച്ചിരുന്നത്?ആരാണ് അവരെ ബഹുമാനിച്ചിരുന്നത്?ആർക്കാണ് ഇന്ത്യയിൽ സ്ത്രീകളെ ആദരിച്ചു വശമാവാൻ താത്പര്യം തോന്നിയിരുന്നത്?
ഒരു കാലത്തും സ്ത്രീ എന്നതിന്റെ പേരിൽ സ്നേഹമോ ബഹുമാനമോ ഒരാൾക്കും കിട്ടിയതായിട്ട് എനിക്കറിയില്ല.സ്ത്രീ എന്നാൽ കേവല ശരീരമോ സുഖസമൃദ്ധികളുടെ മാംസസുഷിരമോ വംശവർദ്ധനവിനുള്ള  പ്രസവയന്ത്രമോ വിശപ്പടക്കലിനുള്ള രുചികരമായ ആഹാരമോ രോഗകാലത്ത് ഉറക്കമിളക്കാനും കൂട്ടിരിക്കാനുമുള്ള യന്ത്രമോ ആണ് ...എക്കാലത്തും വിയർത്തു വിയർത്തു പണിയെടുക്കാനും കണ്ണുനീറിയടുപ്പിലൂതാനും പുരുഷന്റെ വിഴുപ്പുകള്‍ അലക്കി വെടിപ്പാക്കാനും ചൂടിട്ടു നിവർത്താനുമുള്ള ഒരുവെട്ടുവേലക്കാരി ..... അതാണ് സ്ത്രീ...ബഹുമാനിക്കയൊന്നും വേണ്ട ബലാത്സംഗം ചെയ്യാതിരുന്നാൽ മതി.

ചോ :  തങ്ങളുടെ ഇടപെടലുകള്‍ കൊണ്ട് സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഏറെ കുറഞ്ഞിട്ടുണ്ട് എന്നു കേരളത്തിലെ സ്ത്രീ സംഘടനകള്‍ അവകാശപ്പെടുന്നു. ഇതില്‍ എത്രകണ്ട് സത്യം ഉണ്ട്?
  
ഉ : അധികാരത്തിന്റെയും പണത്തിന്റെയും ജാതികളുടെയും മേനിയില്‍ നിൽക്കുന്ന ഒരു സ്ത്രീക്ക് സമൂഹം ബഹുമാനം കൊടുത്തുകാണും..അത് അവൾക്കു മാത്രമുള്ള ബഹുമാനമല്ല.അവളെ സംരക്ഷിക്കുന്ന പുരുഷാധിപത്യാധികാരത്തിനുള്ള ബഹുമാനമാണ്. സാമ്പത്തികമായും സാമൂഹികമായും താണ തട്ടിൽ നിൽക്കുന്ന ഒരു സ്ത്രീക്ക് കയ്പ്പേറിയ അനുഭവങ്ങളാകും അധികവും കിട്ടുക. അത്തരക്കാര്‍ക്കിടയിലെക്ക് ആണ് ഇത്തരം സംഘടനകള്‍ ഇറങ്ങി ചെല്ലേണ്ടത് .


ചോ : കേരളത്തിലെ സ്ത്രീകള്‍ വിദ്യാ സമ്പന്നരാണ് ,സ്വന്തം കാലില്‍ നില്ക്കാന്‍ കെല്‍പ്പുള്ളവരാന് എന്നിട്ടും ചതിക്കപ്പെടുന്നു .. ?

ഉ : സ്ത്രീ അമ്മ ,ദേവി,ഭൂമി എന്നൊക്കെ കേൾക്കുമ്പോൾ ആ കള്ളത്തരത്തിനു പുറകിലെ അജെണ്ടകളെപറ്റിയോറ്ക്കുമ്പോൾ ആ‍ധിയാണ് അത് മാത്രമാണ് പെരുകുക. സ്ത്രീ എന്നത് മംസനിർമ്മിതമായ അഴകളവ് മാത്രമാണ്..പണിയെടുക്കനുള്ള ഉപകരണവും .പ്രിവിലേജ്ജ്ഡ് ആയ ഒരു വിഭാഗം സ്ത്രീകളെ മാറ്റി നിർത്തിയാൽ ഈ ലോകം ഒരു കാലത്തും ഒരു സ്ത്രീയെയും യഥാർത്ഥമായി സ്നേഹിച്ചിട്ടേ ഇല്ല.ചൂഷണത്തിനു പറ്റിയ ചരക്ക് മാത്രമായി കണ്ട ചരിത്രമേ നമുക്കുള്ളൂ.

ചോ : കുട്ടികള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ ഏറെ വര്‍ധിച്ചിട്ടുണ്ട് ഈയിടെ . അധികം എതിര്‍ക്കാതെയും കഷ്ട്ടപ്പെടാതെയും ദുര്‍ബലരായ ഇവരില്‍ തന്റെ വെറികള്‍ ഇറക്കി വെക്കാം എന്നുള്ള വികലമായ ഒരു മാനസിക വ്യാപാരമാണോ ഇതിനു പിന്നില്‍ ?

ഉ :  സ്ത്രീകളൂം കുട്ടികളും മാത്രമല്ല ദളിതരും ന്യൂനപക്ഷങ്ങളും അവശരും ദുർബലരും നിരന്തരം പീഡിപ്പിക്കപ്പെടുക തന്നെയാണ്.. ദുർബലരാണ് എന്നതാണ് കാരണം..പക്ഷെ സ്ത്രീ കുട്ടികൾ എന്നത് ഒറ്റസംഘമല്ല..സ്ത്രീകൾ അവരേക്കാൾ ബലവാന്മാരാൽ പീഡിപ്പിക്കപ്പെടുന്നു.കുട്ടികൾ ബലവാന്മാരാൽ മാത്രമല്ല അവരേക്കാൾ കരുത്തരായ സ്ത്രീകളാലും പീഡിപ്പിക്കപ്പെടുന്നു..പീഡനം എന്നത് അധികാരം ചൂഷണം ചെയ്യാനുള്ള ഭംഗിയായ കഴിവ് എന്നിവയെയെല്ലാം ആശ്രയിച്ചാണ് ഇരിക്കുന്നത് ഹൈറാർക്കിക്കലായി താഴെ പൊസിഷനിൽ നിൽക്കുന്നവർ പീഡിപ്പിക്കപ്പെടുക തന്നെ ചെയ്യും,  ഒരർത്ഥത്തിലല്ലെങ്കിൽ മറ്റൊരർത്ഥത്തിൽ...ഈ ഹൈറാർക്കി സമൂഹികമാവാം സാമ്പത്തികപരമാവാം ആരോഗ്യപരമായാവാം ജാതീയമായാവാം.സൂഷ്മമായ തലത്തിൽ ഒരു വശത്ത് പീഡിപ്പിക്കപ്പെടുന്നവർ മറുവശത്ത് പീഡകരായി മാറുന്ന ഒരവസ്ത്ഥയുണ്ട്...ഒരു ചങ്ങലാക്രമത്തിലാണത് തുടരുന്നത്.
ചോ : പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ നാളെ അവരുടെ ഭാവി ജീവിതത്തെ വരെ വല്ലാതെ ബാധിക്കുന്ന തരത്തിലേക്ക് നീങ്ങിയിരിക്കുകയാണ്  എങ്ങനെ കാണുന്നു ഇത് ?
ഉ : പെൺകുട്ടിയെന്നാൽ നല്ല നാളേക്ക് വേണ്ടി ഭാവിക്ക് വേണ്ടി അടങ്ങിയും ഒതുങ്ങിയും  പാകപ്പെട്ടും വളരേണ്ടവളാണെന്ന പുരുഷാധിപത്യപരമായ പൊതുബോധത്തിന്റെ അനുരണനമായിട്ടാണ് ഞാനീ ചോദ്യത്തെ എടുക്കുന്നത്.ഈ ചോദ്യം അതുപ്രകാരം തന്നെ സ്ത്രീ വിരുദ്ധതയുടെ നിറമുള്ളതാണ്. ആക്രമിക്കപ്പെടുമ്പോൾ ഇരക്ക് ഭാവിജീവിതം മാത്രമാണോ നഷ്ടപ്പെടുന്നത്?മറ്റു നഷ്ടങ്ങൾ ഒന്നുമില്ലെ?ആക്രമിക്കപ്പെടുന്ന ഏതു ജീവിക്കും ഉണ്ടാകുന്ന എല്ലാ വേദ്നകളും വിഷമതകളൂം ഈ പെൺകുട്ടിക്കുമുണ്ടാകും.പുറത്തറിയപ്പെട്ടിട്ടില്ല എന്നത് കൊണ്ട് മാത്രം മുറിവുകൾ മൂറീവുകൾ അല്ലാതാകുമോ?

ചോ : പലപ്പോഴും അതിക്രമങ്ങള്‍ തുറന്നു പറയാനോ ശക്തമായി അരുത് എന്ന് പറയാനോ സ്ത്രീക്ക് കഴിയാറില്ല . ഇത് എന്ത് കൊണ്ട് ? എങ്ങനെ ഇതിനെ മറികടക്കാം ?
ഉ : പലപ്പോഴും അല്ല മിക്കപ്പോഴും അങ്ങനെയാണ്.ചെറുപ്പകാലത്തോ മറ്റോ ബസ്സിൽ വെച്ച് മോശമായി പെരുമാറിയ ഒരാളോട് അരുത് എന്നു പറഞ്ഞു തടയാൻ നോക്കിയതിന്റെ കയപ്പ് ഇന്നുമുണ്ട് മനസ്സിൽ...ആ ബസ്സിലെ സകല യാത്രക്കാരും എന്നോട് മോശമായി പെരുമാറിയവനെ നോക്കുന്നതിനേക്കാൾ മോശമായി എന്നെ നൊക്കി..വൃത്തിയായും മാന്യമായും വസ്ത്രം ധരിച്ച,ഷാൾ
പിന്നുകുത്തി സോ കോൾഡ് അച്ചടക്കത്തിൽ നിൽക്കുന്ന മേക്കപ്പ് ആയി ഒരു പൊട്ടുമാത്രം തൊട്ട ഒരു പതിനാറ് കാരിപ്പെൺകുട്ടിയെ ആ ബസ്സ് മുഴുവൻ തെറ്റുകാരി എന്ന നിലയിലാണ് നോക്കിയത്....തിരക്കിൽ വിശ്രമമില്ലാതെ പ്രവർത്തിച്ച അവന്റെ കൈകൾ പരിശുദ്ധമാകുന്നതും അരുതെന്നു വിലക്കിയവൾ ചീത്തയാകുന്നതുമായ ഒരനുഭവം..ഞാൻ എനിക്കിറങ്ങേണ്ടുന്ന സ്റ്റൊപ്പിനും മുമ്പേ ഇറങ്ങി..പിന്നീടൊരിക്കലും എന്നോട് ആരെങ്കിലും മോശമായി പെരുമാറീയാൽ ഓടി രക്ഷപ്പെടാനല്ലാതെ അവനെ നോക്കുവാൻ പോലും ഞാനെത്രയോ ഭയപ്പെട്ടു… ഈ അനുഭവത്തിലൂടെ കടന്നുപോവാത്ത സ്ത്രീകളില്ലെന്നാണ് എനിക്ക് തോന്നുന്നത്


ചോ : വിവാഹമോചനത്തില്‍  ഇന്ന് സ്ത്രീകളാണ് മുന്‍ കൈ എടുക്കുന്നത് . എന്താണ് പുതിയ ഈ പ്രവണതക്ക് കാരണം ?

ഉ : ആണെങ്കിൽ കണക്കായിപ്പോയി .എനിക്ക് തൊന്നുന്നത് ആരാണോ ദമ്പത്യത്തിൽ  ഏറെ അനുഭവിക്കുന്നത്,അല്ലെങ്കിൽ അതിനകത്തെ കശാപ്പ് മൃഗം സ്വാഭാവികമായും ജീവന്റെ പ്രശ്നമാകയാൽ കുതറലിന്റെ ആക്കം ആ ജീവിയിലായിരിക്കും എന്നതാണ്.പ്രശ്നങ്ങൾ സ്ത്രീക്ക് മാത്രമല്ല ഉള്ളത് എന്നും നമ്മൾ മനസ്സിലാക്കേണ്ടിയിരിക്കുന്നു.

ചോ : ഉപഭോഗ സംസ്കാരം ഇത്തരം അതിക്രമങ്ങളെ സ്വാധീനിക്കുന്നുണ്ടോ ? സ്ത്രീ സ്വയം ഉപഭോഗ സംസ്കാരത്തിന്റെ അടിമയാകാന്‍ ശ്രമിക്കുന്നുണ്ടോ ?

 ഉ : ഒരു വലിയ വിഭാ‍ഗമെങ്കിലും തന്റെ ലൈംഗിക മൂലധനത്തെ വിപണിയിൽ ഇന്വെസ്റ്റ് ചെയ്ത് ജീവിക്കുന്നുണ്ടെന്നാണ് എനിക്ക് തോന്നുന്നത്. സ്വന്തം സെക്ഷ്വൽ കാപിറ്റലിനെ തന്ത്രപൂർവ്വം കമ്പോളത്തിൽ വിറ്റ് ഉപഭോകതാവിനെ സംതൃപ്തരാക്കുന്ന ഉപഭോഗത്തിന്റെ സംസ്കാരം പുതിയതാണെന്നു തോന്നുന്നില്ല. സ്ത്രീ ഇവിടെ ഇരയൊന്നുമല്ല ബോധപൂർവ്വം തന്നെത്തന്നെ വിപണിയിൽ മൂലധനമായി ഇറക്കുന്ന കമ്പോളത്തിന്റെ തന്നെ പ്രതിനിധിയും പ്രയോകതാവും ലാഭവിഹിതം പറ്റുന്നവളാണ്.

No comments:

Post a Comment