Thursday 16 October 2014

ലോകത്തിനു അന്നം നല്കി ഭുമിയെ സംരക്ഷിക്കാം .....


കൊച്ചി 16 ഒക്ടോബര്‍ ; വിശപ്പിനു മുന്നില്‍ മനുഷ്യന്‍ ഭ്രാന്തനാകും ... സകല മൂല്യങ്ങളും ഉടഞ്ഞു തകരും .... അന്നന്നത്തെ അന്നത്തിനു വേണ്ടിയാണ് നാം ഇക്കാനുന്നതെല്ലാം കാട്ടി കൂട്ടുന്നത്‌ എന്നത് ഒരു യാധാര്ത്യമാണ് . ലോകത്ത് വികസിത , വികസ്വര , ദരിദ്ര രാജ്യങ്ങള്‍ എല്ലാം ഒരു പോലെ അനുഭവിക്കുന്ന ശാപമാണ് പട്ടിണി.
ദൈനംദിന ചിലവിന് രണ്ടു ഡോളര്‍ പോലുമില്ലാതെ കഷ്ടപ്പെടുന്ന ഒരു കോടിയിലധികം ആള്‍ക്കാര്‍ അമേരിക്കയിലുണ്ടെന്ന് ബ്രൂക്കിങ്ങ്‌സ് ഇന്‍സ്റ്റിറ്റിയൂഷന്‍ അടുത്തിടെ പുറത്തു വിട്ട ഒരു സര്‍വെ വെളിപ്പെടുത്തുന്നു . സര്‍ക്കാരിന്റെ സൗജന്യ ഭക്ഷണ പദ്ധതി, മറ്റു ക്ഷേമപദ്ധതികള്‍, ചാരിറ്റി സൊസൈറ്റികളുടെ സഹായം എന്നിവയൊക്കെ ആശ്രയിച്ചാണ് ഇവരില്‍ ബഹുഭൂരിപക്ഷവും ജീവന്‍ നിലനിര്‍ത്തുന്നത്. 
അങ്ങ് ചന്ദ്രനിലും ചൊവ്വയിലും ചെന്ന് തൊട്ട സ്പേസ് ടെകനോളജിയും അനുദിനം വികസിക്കുന്ന വ്യവസായ സംരംഭങ്ങളും മാത്രമല്ല അമേരികയില്‍ ഉള്ളത് .

എട്ട് ഡോളറില്‍ താഴെ മാത്രം പ്രതിദിന ചിലവുള്ളവരുടെ എണ്ണം രണ്ടു കോടിയാണ്. പതിനാറ് ഡോളറിന് താഴെയുള്ളവര്‍ 4.6 കോടിയും. യൂറോപ്പിലെ പലരാജ്യങ്ങളിലെയും ദരിദ്രരുടെ എണ്ണത്തേക്കാള്‍ കൂടുതലാണിത്. ഈ കണക്കുകള്‍ നോക്കുമ്പോള്‍ അമേരിക്കയില്‍ മൂന്നിലൊരാള്‍ കൊടും ദാരിദ്രം അനുഭവിക്കുന്നു . കടുത്ത സാമ്പത്തിക അസമത്വമാണ് ഇവിടെ നിലനില്‍ക്കുന്നത് . ധനികന്‍ അത്യധികം ധനികനും ദരിദ്രന്‍ കൊടും ദരിദ്രനും ആകുന്ന അവസ്ഥ . അമേരിക്കന്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ ക്ഷേമപദ്ധതികളൊന്നും തന്നെ വേണ്ടത്ര താഴേത്തട്ടിലേക്ക് എത്തുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട് .
ഇന്ന് ലോക ഭക്ഷ്യ ദിനം . `സകുടുംബം കൃഷി: ലോകത്തിന്‌ അന്നം, ഭൂമിക്കു സംരക്ഷണം` എന്നതാണ്‌ ഇത്തവണത്തെ വിഷയം. വാനം മുട്ടുന്ന വികസനങ്ങളും കുമിഞ്ഞു കൂടുന്ന സമ്പത്തും ദിനം പ്രതി വാര്‍ത്തയാകുമ്പോള്‍ ഏറി വരുന്ന പട്ടിണി മരണങ്ങളും വാര്‍ത്തയാണ് പക്ഷെ ഇന്ത്യയിലടക്കം ലോകത്തെവിടെയും ആ വാര്‍ത്തകള്‍ ആരും ശ്രദ്ധിക്കാറില്ല എന്നതും വസ്തുതയാണ് .
പെരുകി വരുന്ന ജനസംഖ്യയും , തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വങ്ങളും കാരണം വിശന്നു കരയുകയാണ് ലോകം . പണം മുഴുവന്‍ ചില പ്രത്യേക വിഭാഗങ്ങളുടെ കൈവശം അമരുമ്പോള്‍ , കാര്‍ഷിക വൃത്തിക്ക് കാര്യമായ കോട്ടം തട്ടുമ്പോള്‍ , വികസനം എന്നാല്‍ വ്യാപാരവും വ്യവസായവും അടിസ്ഥാനമാക്കി മാത്രം ഉള്ളതാണെന്ന് വരുമ്പോള്‍ എങ്ങനെ ജനങ്ങള്‍ വിശപ്പകറ്റും?
ഇനിയൊരു ലോകമഹായുദ്ധം ഉണ്ടാകുക ഭക്ഷണത്തിനും വെള്ളത്തിനും ശുദ്ധവായുവിനും വേണ്ടിയാകുമെന്നു പറഞ്ഞാല്‍ അതിശയോക്തിയകില്ല. 
ആളു കൂടുംതോറും അന്നം കുറയുകയും ഭക്ഷ്യോത്പാദന മേഖല പൂര്‍ണമായും അരക്ഷിതാവസ്ഥയിലേക്ക് നീങ്ങുകയും ചെയ്യുന്നു എന്ന്  യുഎന്നിന്റെ വേള്‍ഡ്‌ ഹംഗര്‍ റിപ്പോര്‍ട്ട്‌.
ഭക്ഷ്യ ഇറക്കുമതിയെ മാത്രം ആശ്രയിച്ചു കഴിയുന്ന ആഫ്രിക്കന്‍ രാജ്യങ്ങളുടെ അവസ്ഥ ഇപ്പോള്‍ തന്നെ ദയനീയമാണ് . സോമാലിയയിലെ കുഞ്ഞുങ്ങളുടെ വിശന്ന നിലവിളികള്‍ ലോകത്തിന്റെ കണ്ണ് നനക്കാന്‍ തുടങ്ങിയിട്ട് കാലമേറെയായി . കൊടും ദാരിദ്രത്തിനു പുറമേ രോഗങ്ങളും കൂടി ആഫ്രിക്കന്‍ രാജ്യങ്ങളെ പിടി മുറുക്കുകയാണ് . ഇപ്പോള്‍ എബോളയും ഉറക്കം കെടുത്തുന്നു .
ലോകജനസംഖ്യയില്‍ ആറിലൊന്നോളം കടുത്ത വിശപ്പിന്റെ നിഴലിലാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നു. ജനപ്പെരുപ്പത്തിന്റെ ഫലമായി ഓരോ വര്‍ഷവും എട്ടു കോടി പേര്‍ക്കാണു കൂടുതലായി ഭക്ഷണം വേണ്ടിവരുന്നത്‌. വികസ്വര രാജ്യങ്ങളില്‍ ഈ നൂറ്റാണ്ടു പകുതിയോടെ പട്ടിണിയിലേക്ക്‌ നീങ്ങും .
ഭക്ഷ്യ കാര്‍ഷിക സംഘടനയുടെ കണക്കനുസരിച്ച്‌ പട്ടിണിയിലേക്ക്‌ നീങ്ങുന്ന  മനുഷ്യരുടെ എണ്ണം ഓരോ വര്‍ഷവും കൂടിക്കൊണ്ടിരിക്കുകയാണ്‌. 2008ല്‍ ഇത്‌ 8.5 കോടി ആയിരുന്നെങ്കില്‍ 2010 ഓടെ 9.25 കോടിയായി ഉയര്‍ന്നു.
2015 ഓടെ ലോകത്തില്‍ പട്ടിണിയനുഭവിക്കുന്ന ജനങ്ങളുടെ അനുപാതം പകുതിയായി കുറയ്‌ക്കുക എന്നതാണ്‌ ഐക്യരാഷ്‌ട്രസംഘടനയുടെ ഒരു ലക്ഷ്യം. എന്നാല്‍ ഭക്ഷ്യപ്രതിസന്ധിയും പോഷകാഹാരക്കുറവും ഇതിനു വിലങ്ങുതടിയകുന്നു .
ലോകത്തില്‍ ഉദ്പാദിപ്പിക്കപ്പെടുന്ന പോഷകാഹാരങ്ങളുടെ അറുപതു ശതമാനത്തില്‍ ഏറെയും ഉപയോഗിക്കുന്നത് വികസിത രാജ്യങ്ങള്‍ ആണ് . അവയിലെ ജനസംഖ്യയാകട്ടെ വെറും മുപ്പതു ശതമാനവും . ഏറ്റവും കൂടുതല്‍ പേര്‍ ദാരിദ്രം അനുഭവിക്കുന്ന അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ ഭക്ഷണം വലിചെറിയപ്പെടുന്നതും. സമ്പന്നരും സര്‍ക്കാരും സാധാരണക്കാരനില്‍ നിന്ന് ഏറെ അകലത്തില്‍ ജീവിക്കുന്ന അവസ്ഥയാണു ഇവിടെ .
ലോകത്ത് ഉത്പാദിപ്പിക്കപ്പെടുന്ന ഭക്ഷണത്തിന്റെ മൂന്നില്‍ ഒരു ഭാഗം പാഴായി പോകുന്നു . ലോകത്ത് ഓരോ വര്‍ഷവും ഉത്പാദിപ്പികപ്പെടുന്ന ഭക്ഷ്യവസ്തുക്കളുടെ 25-33 ശതമാനം, അതായത് ഏതാണ്ട് 4൦൦ കോടി ടന്‍ ഭക്ഷണം പഴാവുന്നു എന്ന് ലോകബാങ്ക് നടത്തിയ പഠനത്തില്‍  വ്യക്തമാണ്  . ആകെ പാഴാവുന്ന ഭക്ഷണത്തിന്റെ 56 ശതമാനവുo വികസിത് രാജ്യങ്ങളിലാണ് . അമേരിക്കയും കാനഡയുമാണ് ഇകാര്യത്തില്‍ മുന്നില്‍ . 2൦5൦ ആകുമ്പോള്‍ ലോക ജനസംഖ്യ ആയിരം കോടി തികയുമെന്നാണ് കണക്കുകള്‍ . ഇത്രയും ജനങ്ങളുടെ വിശപ്പകറ്റാന്‍ ലോകത്തിന്റെ കൂട്ടായ ശ്രമമാണ് ആവശ്യം .
കുടുംബ കൃഷി അല്പമെങ്കിലും പ്രാബല്യത്തില്‍ വരുത്തിയ റഷ്യ , ക്യുബ , ബ്രസീല്‍ , ഉക്രൈന്‍ തുടങ്ങി ചില രാജ്യങ്ങളില്‍ ദാരിദ്രവും താരതമ്യേന കുറവാണ് .
റഷ്യയിലെ മൊത്തം കാര്‍ഷിക ഉത്പാദനത്തിന്റെ 56 ശതമാനവും കുടുംബ കൃഷിയില്‍ അധിഷ്ട്ടിതമാണ്‌ . മൊത്തം കൃഷിയില്‍ ഭുരിഭാഗവും പച്ചക്കറികളാണ് , 55 ശതമാനം പാലും 39 ശതമാനം മാസവും ആണ് .
ബ്രസീലിലും  ഭുരിഭാഗവും പച്ചക്കറി – പഴവര്‍ഗ ഉത്പാദനമാണ് . 67 ശതമാനം ആട്ടിന്‍ പാലും  58 ശതമാനം പശുവിന്‍ പാലും  ഉത്പാദിപ്പിക്കുന്നു  . 59 ശതമാനം പന്നിയിറച്ചി , 5൦ ശതമാനം കോഴിയിറച്ചി 46 ശതമാനം ധാന്യങ്ങള്‍ 38 ശതമാനം കാപ്പി 33.8 ശതമാനം അരി എന്നിങ്ങനെ ആണ് ഉത്പാദനം .
ക്യുബയിലാകട്ടെ ഉത്പാദനത്തിന്റെ സിംഹഭാഗവും പഴങ്ങളാണ് .8൦ ശതമാനം ധാന്യങ്ങള്‍ ആണ്. 75 ശതമാനം ഇറച്ചിക്കും 65 ശതമാനം പച്ചക്കറിക്കും 55 ശതമാനം പാലിനും 35 ശതമാനം അരിക്കും നീക്കി വച്ചിരിക്കുന്നു .
ഉക്രൈനിലും ഭുരിഭാഗവും നീക്കി വച്ചിരിക്കുന്നത് പച്ചക്കറി കൃഷിക്ക് തന്നെയാണ് , തേന്‍ , പഴവര്‍ഗങ്ങള്‍ , പാല്‍ എന്നിവയാണ് പ്രധാന ഉത്പാദനങ്ങള്‍ .
ഇത്തരം രാജ്യങ്ങളില്‍ എല്ലാ തരം ഭക്ഷ്യ വസ്തുക്കളും ഒരു പ്രത്യേകാനുപാദത്തില്‍ വികസിപ്പിചെടുക്കുന്നു . എന്നാല്‍ ഇന്ത്യയടക്കം പല രാജ്യങ്ങലിലെയും കൃഷി രീതികള്‍ അങ്ങനെയല്ല . ഈ കണക്കുകള്‍ സൂചിപ്പിക്കുന്നത് കുടുംബസമേതം കൃഷി എന്നാ ആശയം ലോകത്തിനു അന്നം നല്‍കുന്നതില്‍ എത്രത്തോളം പങ്കു വഹിക്കും എന്നത് തന്നെയാണ് .
ഗ്രൈന്‍ (GRAIN) ന്റെ റിപ്പോര്‍ട്ട് പ്രകാരം മണ്ണിനെ സ്നേഹിച്ചു, മനസിലാക്കി കൂടുതല്‍ ഗുണകരമായി കൃഷി ചെയുന്നത് ചെറുകിട കര്ഷകര്‍ ആണ്  . ഇക്കാര്യത്തില്‍ വലിയ കോര്പരെറ്റ് കാര്‍ഷകാര്‍ ഏറെ പിന്നിലാണ്. ലാഭം മാത്രമാണ് ഇവരുടെ ലക്‌ഷ്യം . എന്നാല്‍ ഇത്തരം വന്‍ കിട കര്‍ഷകരുടെ പക്കല്‍ നൂതന ടെകനോളജികള്‍ ഉണ്ടെന്നതും ശ്രദ്ധിക്കേണ്ടതാണ് .
കെനിയയുടെ മൊത്തം കൃഷി ഭുമി ഇത്തരത്തില്‍ ചെറുകിട കര്‍ഷകരുടെ കൈവശം എത്തിച്ചാല്‍ രാജ്യത്തെ  ഭക്ഷ്യോത്പാദനം ഇരട്ടിയാക്കാം , മധ്യ അമേരിക്കയില്‍ ഇത് മൂന്നിരട്ടിയും റഷ്യയില്‍ ഇത് ആരിരട്ടിയും ആക്കാം എന്ന് ഗ്രൈന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു . പക്ഷെ നിര്‍ഭാഗ്യകരമായ  വസ്തുത ഓരോ രാജ്യത്തെയും കൃഷി ഭുമിയില്‍ മുക്കാല്‍ ഭാഗവും ഇത്തരം കോര്പരെട്ടുകളുടെ കൈവശമാണ് എന്നതാണു . കഴിഞ്ഞ അമ്പതു വര്‍ഷമായി ചൈനയിലെ കൃഷി ഭുമിയില്‍ ഭുരിഭാഗവും സോയാബീന്‍ , പാം ഓയില്‍, കരിമ്പ് എന്നിവ മാത്രമാണ്  എന്ന് ഗ്രൈന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു . 842 മില്ല്യന്‍ ജനങ്ങള്‍ കൊടും വിശപ്പും പോഷകാഹാര കുറവും അനുഭവിക്കുന്നു എന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം ഉണ്ട് .

കാര്‍ഷികരാജ്യമായ ഇന്ത്യയുടെ അവസ്‌ഥയും വ്യത്യസ്‌തമല്ല. ഇതിനു പുറമെയാണ് ആഗോളതാപനവും കാലാവസ്‌ഥാ വ്യതിയാനങ്ങളും കൊടുംവരള്‍ച്ചയുമൊക്കെ സൃഷ്‌ടിക്കുന്ന പ്രശ്‌നങ്ങള്‍. താപനിലയിലുണ്ടാവുന്ന ചെറിയ വര്‍ധനപോലും നെല്ല്‌, ഗോതമ്പ്‌ തുടങ്ങിയവയുടെ ഉല്‍പാദനത്തെ ബാധിക്കും.
ജൈവ വൈവിധ്യ നാശം , ജൈവ സമ്പത്തിന്റെ മോഷണവും ചൂഷണവും എല്ലാം കാര്‍ഷിക രംഗത്തെ ഉലക്കുന്നുണ്ട്‌ . നമ്മുടെ പരമ്പരാഗത കൃഷി വിത്തുകളുടെ പെറ്റന്റുകള്‍ വരെ സ്വന്തമാക്കാന്‍ പല വന്‍കിട കമ്പനികളും നടത്തുന്ന മത്സരങ്ങള്‍ കണ്ടില്ലെന്നു നടിക്കരുത് . ബസ്‌മതി അരിക്ക്‌ റൈസ്‌ടെക്‌ എന്ന വിദേശ കമ്പനി പേറ്റന്റ്‌ എടുത്തതു വിവാദമായത് അടുത്തിടെയാണ് .

ഭക്ഷ്യപ്രതിസന്ധിയും ഭക്ഷ്യവിലസൂചികയിലെ ചാഞ്ചാട്ടങ്ങളും വികസ്വരരാജ്യങ്ങളിലെ പാവങ്ങളെയാണ്‌ ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്‌. ലോകബാങ്ക്‌ റിപ്പോര്‍ട്ടനുസരിച്ച്‌ 2010-2011 കാലത്തുണ്ടായ ഭക്ഷ്യവിലവര്‍ധന ഏതാണ്ട്‌ ഏഴു കോടിയോളം ജനങ്ങളെയാണ്‌ കൊടുംപട്ടിണിയിലേക്കും ദാരിദ്ര്യത്തിലേക്കും തള്ളിവിട്ടത്‌.
ഭക്ഷ്യോത്പാദനം കൂട്ടണം എന്നത് പച്ചയായ സത്യമാണ് , ആവശ്യവുമാണ് എന്നാല്‍ അതിനായി ജനിതക മാറ്റം വരുത്തിയ വിത്തുകളും രാസ വസ്തുക്കളും കണക്കറ്റ് ഉപയോഗിക്കുകയും അതിലൂടെ ലാഭം മാത്രം നേടാന്‍ ശ്രമിക്കുകയും ചെയ്യുന്നവര്‍ നാളെയെ കുറിച്ച് ഒട്ടും ബോധാമില്ലാതതവരാന് . ഇത്തരം പ്രവര്തികളിലൂടെ ഉണ്ടായ ദുരതങ്ങളും ദുരിതങ്ങളും ലോകം കണ്ടുകൊണ്ടിരിക്കുകയാണ്  .
ഇന്ത്യയില്‍ അനുദിനം കുറഞ്ഞു വരികയാണ് കൃഷി ഭുമികള്‍ , ലാഭം ലഭിക്കുന്ന കാര്‍ഷിക വിളകളുടെ ഉത്പാദനം , കയറ്റുമതി എന്നിവക്ക്പുറമെ ആവശ്യമുള്ള വസ്തുക്കള്‍ ഉത്പാദിപ്പിക്കെണ്ടതുണ്ട് . റബര്‍ സംഭരിക്കുന്ന മികവില്‍ , അതിനു നല്‍കുന്ന പ്രാധാന്യത്തില്‍ നെല്ലോ ഗോതമ്പോ സംഭരിചിരുന്നെങ്കില്‍ അന്യം നിന്ന് പോകുന്ന പാടശേഖരങ്ങള്‍  ഉണ്ടാകില്ലായിരുന്നു  . കേരളത്തില്‍ കൃഷിഭുമിയെ ഇല്ലെന്നു പറയാം . ഇന്ത്യയില്‍ ഒരു ഭക്ഷ്യ ക്ഷാമം വന്നാല്‍  ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് കേരളത്തെ ആയിരിക്കും . സ്വന്തമായി അധ്വാനിക്കാതെ , വിശപ്പറിയാതെ ഇത്രയും അലക്ഷ്യവും അനാദരവുമായി ഭക്ഷണം പാഴാക്കുന്ന മാറ്റൊരു സംസ്ഥാനം ഇന്ത്യയിലില്ല . തൊഴിലില്ലായ്മയില്‍ നിന്ന് കരകയറാന്‍ പ്രവാസിയാകാന്‍ ഒരുങ്ങുന്നവര്‍ അക്കര പച്ച കണ്ടു ഭ്രമിക്കുകയാണ് . പത്തായം പെറും ചക്കി കുത്തും അമ്മ വെക്കും ഞാന്‍ ഉണ്ണും എന്നതാണു മലയാളിയുടെ നിലവിലെ അവസ്ഥ . അത് മാറേണ്ടത് അനിവാര്യമാണു .
ഭക്ഷ്യ കാര്‍ഷികസംഘടന
യുഎന്നിന്റെ ഫുഡ്‌ ആന്‍ഡ്‌ അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍ (എഫ്‌എഒ) ആണ്‌ ലോകഭക്ഷ്യദിനാചരണത്തിനു നേതൃത്വം നല്‍കുന്നത്‌. 1945 ഒക്‌ടോബര്‍ 16നാണ്‌ ഭക്ഷ്യ കാര്‍ഷികസംഘടന നിലവില്‍ വന്നത്‌. അതുകൊണ്ട് 1979ല്‍ ചേര്‍ന്ന എഫ്‌എഒ യോഗത്തില്‍ ഒക്‌ടോബര്‍ 16 ലോകഭക്ഷ്യദിനമായി ആചരിക്കാനുള്ള തീരുമാനമുണ്ടായി . റോം ആണ്‌ സംഘടനയുടെ ആസ്‌ഥാനം. ഭക്ഷ്യോല്‍പാദനം വര്‍ധിപ്പിക്കാനായി രാജ്യാന്തരതലത്തില്‍ കാര്‍ഷികരംഗത്തിനു പ്രോല്‍സാഹനം നല്‍കുക, വികസ്വര രാജ്യങ്ങള്‍ക്കിടയില്‍ ഭക്ഷ്യരംഗവുമായി ബന്ധപ്പെട്ട സാമ്പത്തിക, സാങ്കേതിക സഹകരണം ഉറപ്പുവരുത്തുക, ഭക്ഷ്യസുരക്ഷ കൈവരിക്കാനുള്ള ശ്രമങ്ങളില്‍ സ്‌ത്രീകളുടെയും മൂന്നാം ലോകരാജ്യങ്ങളിലെ താഴെത്തട്ടിലുള്ള ജനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തുക, വികസ്വര രാജ്യങ്ങള്‍ക്കു സാങ്കേതികവിദ്യ കൈമാറുന്നതു പ്രോല്‍സാഹിപ്പിക്കുക, പട്ടിണിയും പോഷകാഹാരക്കുറവും ദാരിദ്ര്യവും നിര്‍മാര്‍ജനം ചെയ്യാനുള്ള യജ്‌ഞങ്ങളില്‍ രാജ്യാന്തര സഹകരണം ഉറപ്പുവരുത്തുക, ഭക്ഷ്യകാര്‍ഷിക മേഖലയിലെ നേട്ടങ്ങള്‍ക്കു കൂടുതല്‍ ഊന്നല്‍ നല്‍കുക എന്നിവയൊക്കെയാണ്‌ ഭക്ഷ്യദിനത്തിന്റെ ലക്ഷ്യങ്ങള്‍.

ഭക്ഷ്യകാര്‍ഷിക രംഗത്തെ പ്രോല്‍സാഹിപ്പിക്കുന്നതിന്‌ സര്‍ക്കാരുകള്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ട്‌. എല്ലാ പ്രകൃതി വിഭവങ്ങളും നമ്മുടെ വരും തല മുറക്ക് കൂടി അവകാശപ്പെട്ടതാണ് എന്നാ ബോധമാണ് ആദ്യം ഉണ്ടാകേണ്ടത് .
ഭക്ഷ്യരംഗത്തെ ഇത്തരം പ്രതിസന്ധികളെക്കുറിച്ച്‌ ആഗോളതലത്തില്‍ അവബോധമുണ്ടാക്കുകയും ഭക്ഷ്യസുരക്ഷിതത്വത്തിലേക്ക്‌ ലോകത്തെ എത്തിക്കാനുള്ള മാര്‍ഗങ്ങള്‍ രൂപപ്പെടുത്തുക എന്നിവയാണ്  ഈ ദിനാചരണവിഷയം ലക്‌ഷ്യം വെക്കുന്നത് .

No comments:

Post a Comment