Friday 10 October 2014

ഞാന്‍ ഞാനല്ലാതാകുമ്പോള്‍ ......................


കൊച്ചി 10 ഒക്ടോബര്‍
ഞാന്‍ ആരാണ് , എന്താണ് , എവിടെയാണ് , എനിക്ക് ചുറ്റുമുള്ള നിങ്ങള്‍ ആരാണ് , ഞാന്‍ എന്താണ് ചെയ്യുന്നത് ....... എനിക്ക് എന്നെ തന്നെ അറിയനാകാത്ത അവസ്ഥ, നിയന്ത്രിക്കാന്‍ ആകാത്ത അവസ്ഥ , ഇത്രനാളും എന്റെയെന്നു ധരിച്ചിരുന്ന പലതിനെ കുറിച്ചും അവബോധം ഇല്ലാത്ത അവസ്ഥ ...... സ്കിസോഫ്രെനിയയുടെ ഏറ്റവും ഭീകരമായ മുഖം

ഇന്ന് ലോക മാനസികാരോഗ്യ ദിനം . ഇക്കൊല്ലത്തെ വിഷയം ലിവിങ്‌ വിത്‌ സ്‌കീസോഫ്രീനിയ.
തികച്ചും സാധാരണ ജീവിതം നയിച്ചിരുന്നവര്‍ യാഥാര്‍ത്യ ലോകത്ത് നിന്ന് വിടപറയുമ്പോള്‍ ... മിഥ്യാധാരണകളുടെയും അകാരണ സംശയങ്ങളുടെയും ആധികളുടെയും വേദനകളുടെയും ലോകത്തേക്കുള്ള യാത്ര ... പൊട്ടിപ്പിളര്‍ന്ന മനസുമായി സ്വയവും മറ്റുള്ളവര്‍ക്കും തീരാനോവും ആശങ്കകളും നല്‍കുകയാനവര്‍ , സ്വയമറിയാതെ .


75% പേര്‍ ആത്മഹത്യയെക്കുറിച്ചു ചിന്തിക്കുന്നു, 50% പേര്‍ ജീവനൊടുക്കാന്‍ ശ്രമിക്കുന്നു, 15% പേര്‍ ആത്മാഹുതി ചെയ്യുന്നു ചിലരെങ്കിലും മറ്റുള്ളവരുടെ ജീവനെടുക്കാനും ശ്രമിക്കുന്നു എന്നു ലോകാരോഗ്യ സംഘടന. 


ഇന്ത്യയില്‍ ഒരു കോടിയിലേറെ ജനങ്ങള്‍ക്ക്‌ ഈ രോഗമുണ്ടെന്നാണു കണക്കുകള്‍. കേരളത്തില്‍ മൂന്നു ലക്ഷത്തിലേറെ പേര്‍ക്കും. തുടക്കത്തില്‍ തന്നെ കണ്ടെത്തി കൃത്യമായ ചികില്‍സ നല്‍കിയാല്‍ രോഗത്തെ നിയന്ത്രിച്ചു നിര്‍ത്താവുന്നതാണ്‌. അങ്ങനെയാകുമ്പോള്‍  30-40% പേര്‍ക്കു പൂര്‍ണ മുക്‌തി നേടാം. ശേഷിക്കുന്നതില്‍ 30-40% പേര്‍ക്കു ചികില്‍സയുടെ സഹായത്തോടെതന്നെ ജീവിതം തുടരാം. 


സ്കിസോഫ്രെനിയയെ കുറിച്ച് പറയുമ്പോള്‍ രണ്ടു കഥകള്‍ പറയാതെ വയ്യ ... തളത്തില്‍ ദിനേശനെ മലയാളികള്‍ ആരും മറക്കാനിടയില്ല ... അതു കണ്ടു മണ്ണ് കപ്പിചിരിച്ച പോലെ അല്ല , ജീവിതത്തില്‍ പാരനോയിഡ് സ്കിസോഫ്രെനിയയുമായി ജീവിക്കുന്നവരുടെ , കൂടെ ജീവിക്കുന്നവരുടെ അവസ്ഥ .. ഒരു പക്ഷെ പൊതുജനത്തിനെ പറഞ്ഞു മനസിലാക്കാന്‍ പോലും കഴിയാത്ത നിസാഹായവസ്ഥ.....ആര്‍കും എപ്പോഴും വരാവുന്ന ഈ അവസ്ഥ ചികിത്സിച്ചു പൂര്‍ണമായും മാറ്റുക പ്രയാസമാണ് . സംശയരോഗം കൂടുന്നതിനു പിന്നില്‍ മദ്യപാനം, ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഫോണിന്റെയും സ്വാധീനം എന്നിങ്ങനെ പലതും നമുക്ക് ചൂണ്ടിക്കാണിക്കാനുണ്ട് .   ശിഥിലമായ കുടുംബ ബന്ധങ്ങളില്‍ ഭാരമിറക്കാന്‍ ആകാതെ ഇന്റര്‍ നെറ്റിലെ ഫെക് ഐഡികളോടും  കാണാ കൂട്ടുകാരോടും എല്ലാം ഷെയര്‍ ചെയ്തു ചെയ്തു ....... മനസ് സ്വയമറിയാതെ പിടി വിട്ടു പോകുകയാണ് ....ബന്ധങ്ങള്‍ കൂടുതല്‍ കൂടുതല്‍ ശിഥിലമാകുന്നു ....സമ്മര്‍ദ്ദങ്ങള്‍ ഏറുമ്പോള്‍ കഥകള്‍ മെനഞ്ഞു ഭാവനാ ലോകത്ത് ചിറകു വിരിച്ചു പറക്കുകയാണ് .. മൂഡ്‌ ഡിസോഡര്‍, സ്കിസോഫ്രെനിയ , വ്യക്തിത്വ വൈകല്യം (പേഴ്സനാലിറ്റി ഡിസോഡര്‍) എല്ലാം ഇഴ പിരിച്ചെടുക്കുക അല്പം പ്രയാസമുള കാര്യമാണ് .. അന്തര്‍ മുഖരെയും ബഹീര്‍ മുഖരെയും ഒരുപോലെ ബാധിക്കുന അവസ്ഥയാണ് ഇവയെല്ലാം ... പലപ്പോഴും പലതിനും അടിമപെടുകയാനിവര്‍ ... സാങ്കല്പികമായ ലോകം , വിചിത്രമായ ഭാവനകള്‍ , ചിന്തകള്‍ , കാണാ കാഴ്ചകളും , കേള്‍ക്കാ സ്വരങ്ങളും സ്വന്തം .... ഒറ്റ നോട്ടത്തില്‍ ഇവരില്‍ പലര്‍ക്കും പലപ്പോഴും യാതൊരു പ്രശ്നവും ഉള്ളതായി തോന്നില്ല   . മനോഹരമായ, ശക്തമായ ,വായനക്കാരെ പിടിച്ചുലക്കുന്ന കവിതകള്‍ എഴുതിയ സില്‍വിയ പ്ലാതിനെ പോലെ .... ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുകയും എഴുതുകയും വായിക്കുകയും ബുദ്ധി ജീവിച്ചമയുകയും സമൂഹങ്ങളില്‍ ഇറങ്ങ പ്രവര്‍ത്തിക്കുകയും ഒക്കെ ചെയുന്നവരും ഇതിനിരയാണ് എന്നതാണ് യാഥാര്‍ത്ഥ്യം  ഇവരെ തിരിച്ചറിയുക പ്രയാസo .  മുകള്‍ ശാന്തമായി അടിയൊഴുക്കുകള്‍ ശക്തമായ കടല്‍ പോലെ ....

തിരുവനതപുരം കരുണ സായി മെന്റല്‍ ഹെല്‍ത്തിലെ ഡോക്ടര്‍ എല്‍ ആര്‍ മധുജന്‍
തലച്ചോറിലെ ന്യൂറോണുകള്‍ തമ്മില്‍ സന്ദേശങ്ങള്‍ കൈമാറാന്‍ സഹായിക്കുന്ന ന്യൂറോ ട്രാന്‍സ്‌മിറ്ററുകളിലൊന്നായ ഡോപമിന്റെ അളവിലെ വ്യതിയാനമാണ്‌ സംശയരോഗത്തിന്‌ ഇടയാക്കുന്നത്‌. ഒരാളില്‍ സംശയ രോഗങ്ങളില്‍ ഏതെങ്കിലുമൊന്നു മാത്രം കാണപ്പെടുന്നതാണ്‌ ഡെല്യൂഷണല്‍ ഡിസോഡര്‍ . മറ്റു പല മാനസിക രോഗങ്ങളോടൊപ്പവും സംശയ രോഗങ്ങള്‍ കാണപ്പെടാം എന്ന് മാത്രം .

ഇന്‍ഫിഡിലിറ്റി ഡെല്യൂഷന്‍
ഭാര്യയുടെ , ഭര്‍ത്താവിന്റെ നേരെയുള്ള സംശയം . ഭാര്യയുടെ ചാരിത്ര ശുദ്ധിയില്‍ തുടങ്ങുന്ന ആധി കലര്‍ന്ന സംശയം ജീവനെടുക്കുന്നത് വരെ എത്തുന്ന ഭീകരാവസ്ഥ ഉണ്ടാക്കിയേക്കാം .


ഹൈപ്പോപോണ്‍ട്രിയാക്കല്‍ ഡെല്യൂഷന്‍
ഗുരുതര രോഗമുണ്ടെന്നു വിശ്വസിക്കുന്ന അവസ്‌ഥ. ഏതു രോഗമാണെന്ന്കൃത്യമായി ആള്‍ പറയുമെന്നതാണു പ്രത്യേകത. ഡോക്‌ടറെ കണ്ട്‌ പരിശോധനകള്‍ നടത്തി രോഗമില്ലെന്നു തെളിഞ്ഞാലും തൃപ്‌തിയാകില്ല. ഡോക്ടര്‍മാരെ മാറി മാറി കണ്ടു ഡോക്ടര്‍ ഷോപ്പിംഗ്‌ നടത്തിക്കളയും ഇവര്‍ .

പെഴ്‌സിറ്റിയൂട്ടറി ഡെല്യൂഷന്‍
ആരോ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നു എന്ന തോന്നലാണ്‌ ഇതില്‍ പ്രധാനം.

ഇറോട്ടോമാനിക്‌ ഡെല്യൂഷന്‍
മറ്റുള്ളവരോട് പ്രത്യേകിച്ചും സെലിബ്രിട്ടികളോട്  അന്ധമായ ആരാധനയും അവര്‍ തന്നെയും സ്‌നേഹിക്കണമെന്ന നിര്‍ബന്ധവുമാണ്‌ ഈ അവസ്‌ഥ.

ജോലികളിലും ദിനം ദിന ജീവിതത്തിലും പൊറുക്കാനാകാത്ത താളപ്പിഴകള്‍ വരും . സംശയ നിവൃത്തി മാത്രമായിരിക്കും  ലക്‌ഷ്യം . കൂടെക്കൂടെ ഇമെയില്‍, മെസേജ്‌, ഫെയ്‌സ്‌ബുക്ക്‌ എന്നിവ പരിശോധിക്കുക . മറ്റുള്ളവരുടെ പ്രൊഫൈലുകള്‍ പരതുക , ഭാര്യ വീട്ടിലുണ്ടോ എന്ന് ലാന്ഡ് ഫോണില്‍ വിളിച്ചു അന്വേഷിക്കുക , നിരന്തരം ഫോണ ചെയ്തു സംശയ നിവൃത്തി വരുത്തുക തുടങ്ങി മറ്റുള്ളവര്‍ക്ക് വിചിത്രമായി തോന്നുന്ന പലതും ചെയ്തേക്കും . ഇത്തരക്കാര്‍ പൊതുവേ സാധാരണ ജീവിതം നയിക്കും എന്നാല്‍ ഒരേ ഒരു കാര്യത്തില്‍ മാത്രമായിരികും സംശയം . അതിനാല്‍ തന്നെ ഡോക്ടറുടെ അടുതെതിക്കുക വലിയ പ്രയാസവുമാകും .

"രോഗി പറയുന്നത് സത്യമാണോ  ആണെങ്കില്‍ എത്രമാത്രം ശരിയുണ്ട് എന്ന് തിട്ടപ്പെടുതുകയാന് ഡോക്ടറുടെ ആദ്യ കടമ്പ . സാധാരണ മാനസിക നിലയുള്ള ഒരാള്‍ ഇത്തരമൊരു സംശയം വന്നാല്‍ അതിന്‌ കൃത്യമായ വിശദീകരണം ലഭിക്കുന്നതോടെ തൃപ്‌തനാവുന്നു. എന്നാല്‍ രോഗാവസ്‌ഥയിലാവുമ്പോള്‍ സംശയിക്കാനുള്ള മറ്റു സാധ്യതകള്‍ തേടി കണ്ടു പിടിക്കും.പങ്കാളിയുടെ അവിഹിത ബന്ധങ്ങളെ പറ്റി പല കഥകളും പറയും ചിലത് കേള്‍ക്കുമ്പോള്‍ വിചിത്രമായി തോന്നാം . ചിലപ്പോള്‍ വന്നിരിക്കുന്ന ആളാണോ രോഗി അതോ പങ്കാളിയുടെ ശരിയായ പ്രവര്തിയാണോ പറയുന്നത് .. ഇനി പങ്കാളിയാണോ രോഗി എന്നിങ്ങനെ ഉള്ള സംശയങ്ങള്‍ ചികിത്സകന്‍ നിവര്തിക്കേണ്ടത് അനിവാര്യമാനിവിടെ .  മദ്യപിക്കുന്നവരില്‍ സംശയരോഗത്തിനുള്ള സാധ്യത പലമടങ്ങ്‌ കൂടുതലാണ്‌.
ഡോക്‌ടറില്‍ വിശ്വാസമുണ്ടാക്കുക എന്നതാണ്‌ ഏറ്റവും പ്രധാനം. ആന്റി സൈക്കോട്ടിക്‌ മരുന്നുകള്‍ ദീര്‍ഘകാലം കഴിക്കേണ്ടതുണ്ട്‌. പങ്കാളി വളരെ കരുതലോടെ പരിചരിക്കണം. സംശയരോഗിയെന്നു വിളിച്ചു കുറ്റപ്പെടുത്തരുത്‌. എന്നാല്‍ അയാള്‍ പറയുന്ന കാര്യങ്ങള്‍ സമ്മതിച്ചു കൊടുക്കുകയുമരുത്‌. തന്ത്രപരമായ സമീപനമാണു വേണ്ടത്‌.- ഡോ മധുജന്‍ പറയുന്നു

ദ്‌ ബ്യൂട്ടിഫുള്‍ മൈന്‍ഡ്‌ എന്ന ചിത്രം പറയുന്നതു പ്രശസ്ത ഗണിത ശാസ്ത്രജ്ഞനായ ജോണ്‍ നാഷിന്റെ കഥയാണ്‌. ലോകത്ത് ഇത്രയും അധികം പേര്‍ കണ്ടിട്ടുള്ള ഏറ്റവും മോഹരമായി സ്കിസോഫ്രെനിയയെ വരച്ചു ചേര്‍ത്ത മറ്റൊരു ചിത്രം ഇല്ലെന്നു തന്നെ പറയാം . ഭുമിയില്‍ തന്നെ ഇല്ലാത്ത പലതിനെയും , പലരെയും കാണുകയും കേള്‍ക്കുകയും അവര്‍ പറഞ്ഞതനുസരിച്ച് ജീവ്ക്കുകയും ചെയ്ത ജോണ് നഷ കാല്പനികതയുടെ ലോകം ഭംഗിയായി കേട്ടിപ്പടുക്കുകയായിരുന്നു . സ്വന്തം കുഞ്ഞിന്റെ ജീവനു പോലും ഭീഷണിയാകുന്ന രീതിയില്‍ അതു വളരുമ്പോള്‍ ഭാര്യ വീടുവിട്ടുപോകാനൊരുങ്ങുന്നു. അപ്പോഴാണ്‌ ജോണ്‍ പറയുന്നത്‌.. താന്‍ കാണുന്ന, സംസാരിക്കുന്ന അവര്‍ക്ക് പ്രായമാകുന്നില്ല എന്ന് . അങ്ങനെയാരും ഇല്ലെന്നു ചുറ്റുമുള്ളവരെല്ലാം പറയുന്ന ആ അവര്‍, അവര്‍ക്കു പ്രായമേറുന്നില്ല.  അപ്പോഴാണു ജോണ്‍ തന്റെ രോഗത്തെ ഉള്‍ക്കൊള്ളാന്‍ ആരംഭിക്കുന്നത്‌. ഭാര്യയുടെയും സുഹൃത്തുക്കളുടെയും സഹായത്തോടെ ജോണ്‍ ജീവിക്കുന്നു, ആ രോഗത്തോടൊപ്പം തന്നെ. നൊബേല്‍ സമ്മാന വേദിയില്‍ പുരസ്‌കാരം ഏറ്റുവാങ്ങി മടങ്ങുമ്പോഴും അദ്ദേഹം അവരെ കാണുന്നുണ്ട്‌, തന്റെ സാങ്കല്‍പിക ലോകത്തെ കൂട്ടുകാരെ. പക്ഷേ, അതു സങ്കല്‍പമാണെന്നു അല്പമെങ്കിലും അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു എന്നതാണ് സത്യം .


മസ്‌തിഷ്‌കത്തിലെ ജീവരാസവ്യവസ്‌ഥയുടെ അസന്തുലിതാവസ്‌ഥ, പ്രത്യേകിച്ചു നാഡീകോശങ്ങള്‍ തമ്മില്‍ സന്ദേശം കൈമാറുന്നതിനുള്ള ഡോപ്പമിന്‍ എന്ന രാസപദാര്‍ഥത്തിന്റെ അളവ്‌ കൂടുന്നതാണു സ്‌കീസോഫ്രീനിയയുടെ അടിസ്‌ഥാന കാരണം. ചിന്ത, പെരുമാറ്റം, പ്രവര്‍ത്തനശേഷി, വികാരങ്ങള്‍ എന്നിവയെയെല്ലാം ബാധിക്കുന്ന രോഗം ക്രമേണയാണു വളരുന്നത്‌. 
എം ജി യുണിവേഴ്സിറ്റി ബെഹെവിയറല്‍ സയന്‍സ് ഡിപാര്‍ട്ട്മെന്റിലെ പ്രൊഫസര്‍ ഡോക്ടര്‍ കെ മുഹമ്മദ് മുസ്തഫ സംസാരിക്കുന്നു
ഒന്നിനും താല്‍പര്യമില്ലായ്‌മ, സമൂഹത്തില്‍ നിന്നുള്ള ഒറ്റപ്പെടല്‍, സംശയം, തെറ്റായയും വികലമായതുമായ ചിന്തകള്‍, മറ്റാരും കാണാത്ത കാഴ്‌ചകള്‍ കാണുകയും കേള്‍ക്കാത്ത ശബ്‌ദങ്ങള്‍ കേള്‍ക്കുകയും ചെയ്യുന്ന മിഥ്യാനുഭവങ്ങള്‍, അര്‍ഥമില്ലാത്ത സംസാരം, വൈകാരികമായ ഭാവമാറ്റങ്ങള്‍, അനാവശ്യഭയവും ഉത്‌കണ്‌ഠയും, അല്ലെങ്കില്‍ നിര്‍വികാരത, അലസത തുടങ്ങിയവയാണു പ്രധാന ലക്ഷണങ്ങള്‍.
പല  തരം സ്കിസോഫ്രെനിയകള്‍ ഉണ്ട് . ലോകാരോഗ്യ സംഘടനയുടെ നിര്‍വചനപ്രകാരം പരനോയിഡ , ഡിസ ഓര്‍ഗനൈസ്ഡകാറ്റാടോനിക് , സിമ്പിള്‍ , അണ്‍ ദിഫെരെന്ഷിയെറ്റഡ , രേസിഡിയല്‍ എന്നിങ്ങനെ .
മനസ്സിന്റെ സുസ്‌ഥിരമായ വൈകാരിക താളമാണു ഭാവം (മൂഡ്‌). ഇതിനു താളപ്പിഴ വന്നാല്‍ മദ്യപാനപ്രശ്‌നങ്ങള്‍, ആത്മഹത്യ, ലഹരിക്കടിമപ്പെടല്‍, പെരുമാറ്റവൈകല്യങ്ങള്‍ തുടങ്ങിയവയിലേക്കു വീണുപോകാം. വ്യക്‌തി - കുടുംബ - സാമൂഹിക ജീവിതം തകരാറിലുമാകാം.
ഉല്‍സാഹമില്ലായ്‌മ, ഉന്മേഷക്കുറവ്‌, അരുചി, ക്ഷീണം, ലൈംഗിക വിരക്‌തി, ഉറക്കക്കുറവ്‌ അല്ലെങ്കില്‍ ഉറക്കക്കൂടുതല്‍, മാറാത്ത തലവേദനയും  ശരീരവേദനയും ,രോഗങ്ങള്‍ ഉണ്ടെന്ന ശക്തമായ തോന്നല്‍ ,  മടുപ്പ്‌, വെറുപ്പ്‌, അക്ഷമ, ദേഷ്യം , സംശയം , സ്‌ത്രീകളില്‍ ഭക്ഷണപ്രിയം, ഏകാഗ്രതക്കുറവ്‌, ആത്മഹത്യ - കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള പ്രവണത , നിരാശ തുടങ്ങി ലക്ഷണങ്ങള്‍ പലതാണു .ഇവയോടൊപ്പം കുറ്റബോധം, നഷ്‌ടബോധം, പരാജയബോധം, നിസ്സഹായതാബോധം തുടങ്ങിയവയും ഉണ്ടാകാം . എല്ലാ ലക്ഷണങ്ങളും ഒരേ സമയത്ത്‌ ഉണ്ടാകണമെന്നില്ല. ജീവിതസാഹചര്യം, സ്‌ഥലകാലം, സാംസ്‌കാരിക പശ്‌ചാത്തലം, വിദ്യാഭ്യാസ നിലവാരം, ജീവിത സാഹചര്യങ്ങള്‍ എന്നിവയ്‌ക്ക്‌ അനുസരിച്ചാകും ഒരാളില്‍ ലക്ഷണങ്ങള്‍ പുറത്തു വരിക ഡോ മുസ്തഫ പറയുന്നു

രോഗസമയത്തു വ്യക്‌തി ഒറ്റപ്പെടുന്നതും അവഗണിക്കപ്പെടുന്നതും തീര്‍ത്തും ഒഴിവാക്കണം . രോഗികള്‍ക്കു പ്രത്യേക പരിചരണവും ശ്രദ്ധയും നല്‍കാന്‍ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും  ആത്മാര്‍ഥമായ ശ്രമം ആവശ്യമാണ് .

 
കുടുംബാംഗങ്ങള്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, ഡോക്‌ടര്‍മാര്‍, സമൂഹം- അങ്ങനെ എല്ലാവരും ഒത്തൊരുമിച്ചു ശ്രമിച്ചാലാണു സ്‌കീസോഫ്രീനിയ രോഗികള്‍ക്ക്‌ ആരോഗ്യകരമായ ജീവിതം നയിക്കാനാകുക. ചിന്തയെയും കാഴ്‌ചയെയും കേള്‍വിയെയും അങ്ങനെ  എല്ലാം സ്‌കീസോഫ്രീനിയ ബാധിക്കും. രോഗികളെ ഒറ്റപ്പെടുത്തുന്നതിനു പകരം ശാസ്‌ത്രീയ മാര്‍ഗത്തിലൂടെയുള്ള ചികില്‍സയ്‌ക്കു പ്രേരിപ്പിക്കുക, പിന്തുണയുമായി ഒപ്പം നിന്ന്‌ അവരെ ജീവിതത്തിലേക്കു തിരികെ കൊണ്ടുവരിക.സ്‌കീസോഫ്രീനിയ രോഗികളില്‍ ചിലര്‍ക്കു ചില രംഗങ്ങളില്‍ മികച്ച കഴിവുകളുണ്ടാകും . അതുകൊണ്ടു തന്നെഅവര്‍ ബുദ്ധിജീവികള്‍ ആയി  വ്യഖ്യാനിക്കപ്പെടാനും ചികിത്സ ലഭ്യമാക്കാന്‍ താമസവും നെരിടാം .  സ്കിസോഫ്രെനിയക്ക്‌ ബോധവല്‍ക്കരണം നല്‍കുക എന്നത് പരമ പ്രധാനമാനാണ് .സര്‍ക്കാര്‍, സ്വകാര്യമേഖലകളിലും സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിലും ക്ലാസുകളും വര്‍ക്‌ ഷോപ്പുകളും സംഘടിപ്പിക്കാറുണ്ട്  . 


മരുന്നുകള്‍, സൈക്കോ തെറാപ്പികള്‍ , ബോധവല്‍കരണം, പുനരധിവാസം തുടങ്ങിയവയാണു സ്‌കീസോഫ്രീനിയ ചികില്‍സയുടെ പ്രധാന ഘട്ടങ്ങള്‍. അലോപ്പതിക്കു പുറമെ യോഗ, ആയുര്‍വേദം, നാച്ചുറോപ്പതി എന്നിവയും ഫലപ്രദമാണെന്ന് പഠനങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു .
രോഗികള്‍ക്കു സമ്മര്‍ദമുണ്ടാകരുതു . പ്രോല്‍സാഹനം, സ്‌നേഹം, കരുതല്‍ എന്നിവയിലൂടെ കുടുംബാംഗങ്ങള്‍ വേണം രോഗിയെ ജീവിതത്തിലേക്ക്‌ തിരികെ നടത്താന്‍ . രോഗിയായി മുദ്രകുത്തി സമൂഹത്തില്‍ നിന്ന് മാറ്റി നിര്ത്തപ്പെടുന്നവര്‍ ധാരാളമാണ് . തിരികെ കുടുംബത്തിലേക്ക് ചെല്ലനാകാത്ത്ത അവസ്ഥ ഉള്ളവരും ധാരാളമാണ് . അവിടെയാണ് പുനരധിവാസത്തിന്റെ പ്രസക്തി . അവരുടെ കഴിവുകളെ വളര്‍ത്തുകയും സമൂഹത്തിനു പ്രയോജനമുള്ള ആളാക്കി തിരികെ നല്‍കാന്‍ ഇത് മൂലം സാധിക്കും . അത് സാധ്യമായില്ലെങ്കില്‍ വീണ്ടും വിഷാദവും മൂഡ്‌ ഡിസോഡറും മാനസിക തകര്‍ച്ചയുമായി പഴയ അവസ്ഥയിലേക്ക് , ഒരു പക്ഷെ ഇനിയൊരിക്കലും തിരിച്ചു വരാനാത്ത വിധത്തില്‍ അവര്‍ ഊളിയിട്ടു മറഞ്ഞെക്കാം- ഡോ മുസ്തഫ പറയുന്നു

മന്ത്രവാദം, ഒറ്റമൂലി ചികില്‍സ , ഭജനമിരിക്കല്‍ , എന്നിങ്ങനെ പലതും  സ്‌കീസോഫ്രീനിയ ഭേദമാക്കാമെന്നു വിചാരിക്കുന്ന എത്രയോ പേര്‍ ഇപ്പോഴും നമ്മുടെ ഇടയിലുണ്ട്‌. ഇതൊരു രോഗം എന്നതിലുപരി  അവസ്ഥയാണെന്നും രോഗി പലപ്പോഴും മനസറിഞ്ഞു ചെയ്യുന്നതല്ലെന്നും ഉള്ള ബോധം സ്വബോധത്തോടെ ജീവിക്കുന്നവര്‍ക്ക് ഉണ്ടാകേണ്ടതു ആവശ്യമാണ്‌ . അഭ്യസ്ത വിദ്യരായ മലയാളിക്ക് മാനസിക രോഗാ ചികിത്സകന്റെ പടിവാതിലില്‍ വരെ പോലും പോകാന്‍ ഇന്നും ഭയവും മടിയും സങ്കോചവും ഉള്ളത് എന്തിനാണെന്ന ചോദ്യം ബാക്കിയാവുകയാണ്  .


No comments:

Post a Comment