Saturday 11 October 2014

………………………….കാരണം ഞാന്‍ ഒരു പെണ്‍കുട്ടിയാണ്



കൊച്ചി 11 ഒക്ടോബര്‍ ;  “........ അന്ന് എന്നെ കൊന്നു കളയാന്‍ അമ്മയോട് ഒരു ബന്ധു ആവശ്യപ്പെട്ടു  , കാരണം ഞാന്‍ ഒരു പെണ്‍കുട്ടിയാണ് . പക്ഷെ കടുത്ത എതിര്‍പ്പുകളെ അവഗണിച്ചു അമ്മ എന്നെ ജീവനും സംരക്ഷണവും പ്രോത്സാഹനവും നല്‍കി വളര്‍ത്തി. അതിനാല്‍ ഞാന്‍ ഇന്ന് ഇവിടെ നില്‍ക്കുന്നു” കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രിയും അഭിനേത്രിയുമായ സ്മൃതി ഇറാനി.
രാജ്യാന്തരതലത്തില്‍ പെണ്‍കുട്ടികളുടെ അവകാശസംരക്ഷണത്തെക്കുറിച്ച്‌ ഒര്‍മപ്പെടുത്തുന്നതിനാണ്‌ ഐക്യരാഷ്‌ട്ര സംഘടന ഒക്‌ടോബര്‍ 11 പെണ്‍കുട്ടികളുടെ ദിനമായി പ്രഖ്യാപിച്ചിട്ടുള്ളത്‌. കൗമാരക്കാരുടെ ശാക്‌തീകരണവും പീഡനചക്രത്തിന്റെ അവസാനവും എന്നതാണ്‌ ഈ വര്‍ഷത്തെ പ്രമേയം
സ്ത്രീ മാനിക്കപ്പെടണമെന്ന് വിളിച്ചോതുന്ന ആര്‍ഷ ഭാരത സംസ്കാരo നഷ്ട്ടമായിട്ടു കാലങ്ങളായി . ഇന്ത്യയില്‍ ഒരു പെണ്‍കുട്ടിയെങ്കിലും ക്രൂരമായി പീഡിപ്പിക്കപെടാത്ത ഒരു ദിവസം പോലും ഇല്ലെന്നതു പച്ചയായ യാഥാര്‍ത്ഥ്യം ! 
ഭ്രുനഹത്യയും , ശിശു മരണവും , വിദ്യാഭ്യാസ നിഷേധവും , ശൈശവ വിവാഹവും ലൈംഗിക ചൂഷണവും വരെ എത്തി നില്‍ക്കുന്നു അവളോടുള്ള ക്രൂരത .
വളയിട്ട കൈകള്‍ ഭരണ ചക്രം തിരിച്ചിട്ടുണ്ട് , രാഷ്ട്രപതിയും പ്രധാനാമാന്ത്രിയുമായി ഭാരതത്തില്‍ ... ഭാരത സ്ത്രീകള്‍ എത്തിപ്പിടിക്കാത്ത മേഖലകള്‍ ഇല്ല, എന്നാല്‍ വിരിയും മുന്‍പേ കൊഴിഞ്ഞടിയുന്ന പൂവുകളാണ് ഇന്നെറെയും .

കുറെ അരുതുകള്‍ കേട്ടാണ് ഓരോ പെണ്‍കുട്ടിയും ഭുമിയിലേക്ക് പിറന്നു വീഴുന്നത് തന്നെ . ആഹാരo , വസ്ത്രo  തുടങ്ങി പ്രാഥമിക ആവശ്യങ്ങള്‍  മുതല്‍ ജീവിക്കാനുള്ള അവകാശം വരെ ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയിലാണ് ഇവിടെ പെണ്‍കുട്ടികള്‍ .  സഞ്ചാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന തെരുവുകള്‍ .. ഇരുളിലും പകലിലും വിടാതെ പിന്തുടരുന്ന കഴുകന്‍ കണ്ണുകള്‍ .. പെണ്‍കുട്ടികളുടെ പേടി സ്വപ്നമാവുകയാണ് ഇന്ത്യ ...
ദില്ലിയിലെ നിര്‍ഭയ കൊടും പീഡനതിനു ഇരയായി കൊല്ലപ്പെട്ടതു  ലോകം മുഴുവന്‍ ഞെട്ടലോടെയാണ് കേട്ടത് എന്നാല്‍ രണ്ടു വയസുകാരി നാടോടി ബാലികയെ ക്രൂരമായി പീഡിപ്പിച്ചത് അഭ്യസ്ത വിദ്യരെന്നു ഊറ്റം കൊള്ളുന്ന കേരളതിലാണ് .
പെണ്‍കുട്ടികളെ ഉപഭോഗ വസ്തുവായി മാത്രം  കാണുന്ന അവസ്ഥയിലേക്ക് തരം  താഴ്തപ്പെട്ടിരിക്കുന്നു സമൂഹം  . ഗുരുവിനെ ദൈവതിലുപരിയായി കാണുന്ന ഭാരതത്തില്‍  അടുത്തിടെയാണ് ബാംഗ്ലൂരില്‍ ആര് വയസുകാരി അധ്യാപകരുടെ  ക്രൂരമായ ലൈംഗിക പീഡനത്തിനിരയകുനത് . സ്കൂളുകളില്‍ വര്‍ധിച്ചു വരുന്ന ലൈംഗിക പീഡനങ്ങള്‍ , പീഡന ശ്രമങ്ങള്‍ എല്ലാം എങ്ങോട്ടാണ് വിരല്‍ ചൂണ്ടുന്നത് ?
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ അവകാശത്തിനായുള്ള മലാല യൂസഫ്‌സായ്‌യുടെ പോരാട്ടം നൊബേല്‍ സമ്മാനത്തിന്‌ അര്‍ഹമായതിന്റെ പിറ്റേന്നാണ്‌ ഇക്കുറി പെണ്‍കുട്ടികളുടെ ദിനം.
സ്വന്തം അച്ഛനാലും ഗുരുവിനാലും സഹോദരനാലും ബന്ധുവിനാലും ഒക്കെയാണ് പെണ്‍കുട്ടികള്‍ ഏറ്റവും അധികം പീഡിപ്പിക്കപ്പെടുന്നത് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്  .
ഇന്ത്യയില്‍ അമ്മമാരും രണ്ടാനമ്മമാരുമാണ് പെണ്‍കുട്ടികളെ ഏറ്റവും കൂടുതല്‍ ശാരീരികമായി ഉപദ്രവിക്കുന്നത് എന്ന് കഴിഞ്ഞ മാസം യുനിസെഫ്‌ പുറത്തു വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു . മര്യാദ പഠിപ്പിക്കാന്‍ ക്രൂരമായ ശിക്ഷകള്‍ വരെ കൊടുക്കുന്നു . 15 നും 19 നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ 41 ശതമാനം പേരും അമ്മമാരുടെയും രണ്ടാനമ്മമാര്ടെയും  കൈയില്‍ നിന്ന് ശാരീരിക ഉപദ്രവങ്ങള്‍ ഏറ്റു വാങ്ങുന്നു . എന്നാല്‍ അച്ഛന്മാരാലോ  രണ്ടാനച്ചന്മാരാലോ  ഉപദ്രവിക്കപ്പെടുന്നവര്‍  വെറും 18 ശതമാനo  മാത്രമാണ് . 19൦ രാജ്യങ്ങളില്‍ യുനിസെഫ്‌ നടത്തിയ പഠനങ്ങളിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്  . 25 ശതമാനം പേര്‍ സഹോദരങ്ങളില്‍ നിന്നും ദേഹോപദ്രവം സഹിക്കുംപോള്‍  വിവാഹിതരായ പെണ്‍കുട്ടികളില്‍ 33 ശതമാനം പേര്‍ ഭര്‍ത്താവില്‍ നിന്നും പീഡനം എല്ക്കുന്നു . എന്നാല്‍  ഒരു ശതമാനത്തിന്  മാത്രമാണ് അമ്മായിഅമ്മയുടെ അടുത്ത് നിന്ന് ദേഹോപദ്രവം ഏല്‍ക്കേണ്ടി വരുന്നവര്‍ .
ഇന്ത്യയില്‍ 77 ശതമാനം പെണ്‍കുട്ടികളെയും ഭര്‍ത്താവോ   അച്ഛനോ  ബന്ധുക്കളോ അധ്യാപകനോ  ലൈംഗികമായി  ചൂഷണം ചെയ്യുന്നു .  3 ശതാമാനം പെണ്‍കുട്ടികള്‍ കാമുകന്മാരാലും 3 ശതമാനം അപരിചിതരാലും ഉപദ്രവിക്കപ്പെടുന്നു ..
സര്‍ക്കാരുകള്‍ക്കോ മാതാപിതാക്കള്‍ക്കോ ഈ അസുഖകരമായ വസ്തുത അറിയാന്‍ വലിയ താല്പര്യമില്ലെന്ന് യുനിസേഫ് ഡയരക്ടര്‍ ആന്റണി ലേക്ക് അന്ന് പറഞ്ഞിരുന്നു . പക്ഷെ ഈ കണക്കുകള്‍ ഞെട്ടിക്കുന്ന സത്യങ്ങള്‍ ആണെന്നും ഒരു കുഞ്ഞിന്റെ ജീവിതം സുരക്ഷിതവും സംരക്ഷിതവും ആകേണ്ടത് അവളുടെ അവകാശമാണെന്നും അദ്ദേഹം പറയുന്നു .  
“അപരിചിതരാല്‍ ലൈംഗിക ചൂഷണം നേരിടേണ്ടി വരുന്നവയാണ് കൂടുതലായും മാധ്യമങ്ങളില്‍ വരുന്നത് . ആ കണക്കുകള്‍ തന്നെ ഞെട്ടിക്കുന്നതാന് . അപ്പോള്‍ അടുപ്പമുള്ളവരാല്‍ ചൂഷണം ചെയ്യപ്പെടുന്നവരുടെ കണക്കുകള്‍ എത്രയായിരിക്കുമെന്ന് ഊഹിക്കാന്‍ പോലും ആകില്ല . അവയില്‍ മിക്കതും കോടതികളില്‍ പോലും എത്തുന്നില്ല . പുറത്തു പറയാനുള്ള ഭയവും ജാള്യതയും ഭാവിയെ കരുതിയുള്ള ആശങ്കയും എല്ലാം ഇതിനൊരു കാരണമാണ് . കുടുംബത്തിന്റെ കേട്ടുരപ്പുകള്‍ തകരാതിരിക്കാന്‍ , സമൂഹത്തില്‍ ഇതുവരെ ഉണ്ടായിരുന്ന മാന്യത കത്ത് സൂക്ഷിക്കാന്‍ , ചേച്ചിയുടെയോ അമ്മയുടെയോ ബന്ധുവിന്റെയോ ഒക്കെ കുടുംബ ജീവിതം തകര്‍ന്നു പോകാതിരിക്കാന്‍ ഒക്കെ നിശബ്ദമായി സഹിക്കുന്ന എത്രയോ ആയിരം പെണ്‍കുട്ടികള്‍ ഉണ്ട് .. നിശബ്ദമായ നിലവിളികള്‍ ആരും കേള്‍ക്കുന്നില്ലെന്നു മാത്രം” ഹൈക്കോടതി അഭിഭാഷകയായ അനില

ഇന്ത്യയില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും അവര്‍ക്ക് വേണ്ടി ശബ്ദമുയര്ത്താനും നിരവധി സംഘടനകള്‍ ഉണ്ടെങ്കിലും പെണ് കുട്ടികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരുമില്ലെന്നു തന്നെ പറയാം . ഇന്ത്യയില്‍ നിലവില്‍ സ്ത്രീകളുടെ പ്രശ്നങ്ങള്‍ എന്നതു  വൈവാഹിക ഗാര്‍ഹിക പീഡനങ്ങളും ലൈംഗികാധിക്രമങ്ങളും മാത്രമായി ചുരുങ്ങിയിരിക്കുകയാണ് . എന്നാല്‍ അതിലും ദയനീയമായ ഒട്ടനവധി ശാരീരിക മാനസിക ലൈംഗിക ചൂഷണങ്ങള്‍ കൊച്ചു കുട്ടികള്‍ അനുഭവിക്കുന്നു എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചു കൂട.
കേരളത്തിലെ അവസ്ഥയും മറിച്ചല്ല , വയനാട്ടിലും  നിലമ്പൂരിലും  അട്ടപ്പാടിയിലും  ഉയരുന്ന അവിവാഹിതരായ ആദിവാസി അമ്മമാരുടെ നിശ്വാസങ്ങള്‍ക്ക് ആര് സമാധാനം പറയും ? അമ്മയും മക്കളും തമ്മില്‍ പത്തോ പതിനച്ചോ വയസില്‍ കൂടുതല്‍ വ്യത്യാസമില്ലാത്ത ദയനീയാവസ്ഥ .. മിക്കവാറും അച്ഛനെ കണ്ടിട്ടില്ല .. അച്ഛനാരെന്നു അറിയില്ല .... അമ്മമാര്‍ക്ക് ചൂണ്ടിക്കാണിച്ചു കൊടുക്കാന്‍ സാധ്യമല്ലാത്ത നിസായത....
“വിദ്യാഭ്യാസമോ വൃത്തിയോ നല്ല ജീവിത സാഹചര്യമോ , മരുന്നോ ഭക്ഷണമോ ഒന്നും  ഇല്ലാത്ത ഒരു വല്ലാത്ത ജീവിതമാണ് മിക്ക പെണ്‍കുട്ടികള്‍ക്കും ആദിവാസി ഊരുകളില്‍ .. സര്‍ക്കാരിന്റെ ധാരാളം പദ്ധതികള്‍ ഉണ്ടെങ്കിലും ഇതേ കുറിച്ച് അവബോധം ഇല്ല.  വിദ്യാഭ്യാസമില്ലത്ത്തത് മൂലം ചൂഷണം ചെയ്തിടത്ത് നിന്ന് വീണ്ടും വീണ്ടും  ചൂഷണം ചെയ്യപ്പെടുന്നു . പല പദ്ധതികളും ഊരുകാണാതെ മടങ്ങും” സാമൂഹ്യ പ്രവര്‍ത്തകയും അധ്യാപികയുമായ ശാന്തി ജോസ് .
ആചാരതിന്റെയോ നാട്ടുനടപ്പിന്റെയോ എന്തിന്റെ പേരിലായാലും ശൈശവവിവാഹം മാനഭംഗത്തിന്‌ തുല്യമാണെന്ന്‌ സുപ്രീംകോടതി . രണ്ടു കോടി നാല്‍പത്‌ ലക്ഷത്തിലധികം ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുള്ള ഇന്ത്യയാണ്‌ ലോകത്ത്‌ ഏറ്റവുമധികം ശൈശവവിവാഹം നടക്കുന്ന രാജ്യങ്ങളില്‍ ഒന്ന് . ശൈശവ വിവാഹത്തിന്റെ കാര്യത്തിൽ ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമെന്ന്   യു.എൻ റിപ്പോർട്ട്. ആദ്യ സ്ഥാനം ബംഗ്ലാദേശിനാണ്. അവിടെ മൂന്നിൽ രണ്ട് വിവാഹങ്ങളിലും പെൺകുട്ടികൾ 18 വയസ്സിനു താഴെയുള്ളവരായിരിക്കും. ഇന്ത്യയ്ക്ക് പിന്നിലാണ്  നേപ്പാളിന്റെയും അഫ്ഗാനിസ്ഥാന്റെയും സ്ഥാനം. ഇന്ത്യയിൽ  2000 മുതൽ 2012 വരെയുള്ള കാലയളവിൽ  ജനനം രജിസ്റ്റർ ചെയ്യാത്ത അഞ്ച് വയസിൽ താഴെയുള്ള ലക്ഷക്കണക്കിന് കുട്ടികൾ ഉണ്ടെന്നും റിപ്പോർട്ടിലുണ്ട്. ജനനം രജിസ്റ്റർ ചെയ്യുന്നതിൽ ഇന്ത്യയിൽ മതവും ഒരു പ്രധാന ഘടകമാകമാണ്. മുസ്ലീങ്ങൾ 39 ശതമാനം ജനനം രജിസ്റ്റർ ചെയ്യുമ്പോർ ഹിന്ദുക്കളിൽ അത് 40 ശതമാനമാണ്.ജൈനർ  87 ശതമാനം ജനനവും  രജിസ്റ്റർ ചെയ്യുന്നുണ്ട്.
ലോകത്ത് പത്തിൽ ഒരു പെൺകുട്ടി വീതം ലൈംഗിക പീഡനത്തിന് ഇരയാവുന്നതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോർട്ട്.   2012ൽ മാത്രം ലാറ്റിൻ അമേരിക്കയിലും കരീബിയൻ രാജ്യങ്ങളിലും 95,000 കുട്ടികൾ കൊല്ലപ്പെട്ടതായും ആഗോള തലത്തിൽ കുട്ടികൾക്കെതിരായ അതിക്രമങ്ങൾ ദിനംപ്രതി വർദ്ധിച്ചു വരുന്നതായും റിപ്പോർട്ടിൽ പരാമർശമുണ്ട്. ഇരുപത് വയസിൽ താഴെയുള്ള പെൺകുട്ടികളാണ് കൂടുതലായും പീഡനത്തിന് ഇരയാകുന്നത്. ഇരുപത് വയസ്സിന് താഴെയുള്ള പന്ത്രണ്ട് കോടി കുട്ടികൾ നിർബന്ധിത ലൈംഗികവേഴ്ചയ്ക്ക് വിധേയരാകുന്നു. സ്വിറ്റ്‌സർലണ്ടിൽ മാത്രം  പതിനഞ്ചിനും 17നും ഇടയിൽ പ്രായമുള്ള 22 ശതമാനം പെൺകുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയാവുന്നു.  രണ്ടിനും പതിനാലിനും ഇടയിൽ പ്രായമുള്ള കുട്ടികളിൽ, പത്തിൽ ആറു പേരും  സംരക്ഷിക്കുന്നവരിൽ നിന്ന്  കടുത്ത ശാരീരിക പീഡനങ്ങൾ ഏൽക്കുന്നുണ്ട്. വലിയ തോതിൽ  ബോധവത്കരണം നടക്കുന്നുണ്ടെങ്കിലും കുട്ടികൾക്കെതിരായ അതിക്രമങ്ങളിൽ പലതും പുറത്ത് അറിയാതെ പോവുന്നതായും യുണിസെഫിന്റെ ഒരു റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ്ങളും  പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ഇനിയും ഏറെ മുന്നോട്ട്‌ പോകേണ്ടിയിരിക്കുന്നു എന്ന്‌ ഈ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു .
പെണ്‍കുട്ടികളെ ശാക്തീകരിക്കെണ്ടതു ആദ്യം വീട്ടില്‍ നിന്നും പിന്നെ വിദ്യാലയത്തില്‍ നിന്നും ആണ് . തങ്ങള്‍ക്കു ആവശ്യമുള്ളത് ചോദിക്കാനും അവകാശമുള്ളത് നേടിയെടുക്കാനും ആവശ്യ ഘട്ടങ്ങളില്‍ ശക്തമായി അരുതെന്ന് പറയാനും ആദ്യം അവരെ ശീലിപ്പിക്കണം . കുറെ അരുത് ഉപദേശങ്ങള്‍ക്കൊടുവില്‍ ... കാരണം നീ ഒരു പെണ് കുട്ടിയാണെന്ന് കൂടി ചെര്‍ക്കുന്ന അവസ്ഥയില്‍ നിന്ന് എന്നാണു എനിക്കിത് സാധിച്ചു കാരണം ഞാന്‍ ഒരു പെണ്‍കുട്ടിയാണെന്ന് അഭിമാനത്തോടെ അവള്‍ക്ക് പറയാനാകുക ?










No comments:

Post a Comment