Tuesday 29 September 2015

താളമേളങ്ങളുമായി ഒരു ഗ്രാമം



പാലക്കാട് ; എഴുപതോളം കലാരൂപങ്ങളുടെ വിളനിലമായ പാലക്കാടിന് ഇവക്കെല്ലാം താളമിടുന്ന ഒരു ഒരു ഗ്രാമത്തിന്റെ കഥ കൂടി പറയാനുണ്ട് . ചെണ്ടയും മദ്ദളവും തബലയും മൃദംഗവും എല്ലാം ജീവന്‍ വെക്കുന്ന ഗ്രാമം – പെരുവെമ്പ് . പാട്ടും നൃത്തവും പൂര്‍ണതയില്‍ എത്താന്‍ വാദ്യങ്ങളും വേണം . വാദ്യങ്ങളുടെ പൂര്‍ണത ഈ ഗ്രാമത്തിലാണ് . പഠിച്ചെടുക്കാന്‍ വിഷമമെന്ന പോലെ നിര്‍മിക്കാനും വിഷമമാണ് വാദ്യങ്ങള്‍ . സംഗീതവുമായി ഇഴുകിച്ചേര്‍ന്ന് നിന്നെ നിര്‍മാണം സാധ്യമാകൂ . ഒരു സാധനപോലെ , കലപോലെ , ഉപജീവന മാര്‍ഗം പോലെ , അറിവും പരിചയവും പോലെ പാരമ്പര്യമായി ഇവിടത്തുകാര്‍ വാദ്യങ്ങള്‍ നിര്‍മിച്ചു കൊണ്ടിരിക്കുന്നു. പരിഷ്കാര ലോകത്തെ പുത്തന്‍ വാദ്യങ്ങളും പുതിയ സംഗീതവും അരങ്ങു വാഴുമ്പോഴും പാരമ്പര്യം വിടാതെ ചെണ്ടയും മദ്ദളവും തബലയുമെല്ലാo മാറോടു ചേര്‍ക്കുന്ന ഒരു ജനത ഇന്നുമുണ്ട് . കേരളത്തിലെ ഉത്സവപ്പരംപുകളിലും പരമ്പരാഗത അനുഷ്ടാന വേദികളിലും പാരമ്പര്യ കലകളുടെ ഉപാസനയിലും എല്ലാം ഇവ കൂടിയേ തീരൂ . പെരുവേമ്പില്‍ ചെന്ന് കയറുമ്പോള്‍ പല വീടുകളുടെയും മുറ്റത്ത് ഉണക്കാനിട്ട തോലുകള്‍ വാദ്യോപകരണ നിര്‍മാണ രംഗത്ത് ഈ ഗ്രാമത്തിന്റെ സംഭാവന വിളിച്ചോതും . വീടുകളോടും ചേര്‍ന്ന പണിശാലകള്‍ കാണാം . ചെണ്ട , മദ്ദളം , ഇടക്ക ,തിമില , മൃദംഗം തബല തുടങ്ങിയ തുകല്‍ വാദ്യങ്ങള്‍ നിര്‍മിക്കുന്ന ഇരുപതിലധികം കുടുംബങ്ങള്‍ ഇവിടെ ഉണ്ട് .മികവരും വാദ്യങ്ങള്‍ നിര്‍മിക്കുന്നത് കുടില്‍ വ്യവസായം എന്ന നിലക്കാന് . വാദ്യോപകരണങ്ങള്‍ നിര്‍മിക്കുന്നത് കൊല്ലന്‍ , കടയ സമുദായത്തില്‍ പെട്ടവരാണ് . നിര്‍മാണം കഠിനമായ ഒരു സാധനയാണ്‌ . വാദ്യം നിര്‍മിക്കാനും താളം പൂര്നമാകാനും ഏറെ ശ്രമകരമായ കടമ്പകള്‍ ഉണ്ട്. അപശ്രുതി വീഴാതെ ശ്രദ്ധയോടെ ഓരോ വാദ്യങ്ങളും ഇവിടെ ജനിച്ചു കൊണ്ടേ ഇരിക്കുന്നു . മൃഗങ്ങളുടെ തോലുകള്‍ കൊണ്ടാണ് വാദ്യങ്ങള്‍ നിര്‍മിക്കുന്നത് . പ്ലാവ് , കണിക്കൊന്ന തുടങ്ങിയ മരങ്ങളും നിര്‍മാണത്തിന് ഉപയോഗിക്കുന്നുണ്ട് . അറവുശാലകളില്‍ നിന്ന് കൊണ്ട് വരുന്ന തോലുകള്‍ ഉപ്പിടാതെ വെയിലത്ത് ഉണക്കിയെടുക്കും  . മൃദംഗവും തബലയും  ആടിന്റെയും എരുമയുടെയും തോലുകൊണ്ടും മദ്ദളം എരുമയുടെ തോലുകൊണ്ടും നിര്‍മിക്കും . വൃത്തിയാക്കിയ തോലുകള്‍ ആവശ്യാനുസരണം മുറിചെടുക്കും . ശ്രുതി ചേരുന്ന തരത്തില്‍ വാദ്യങ്ങളുടെ തലക്കല്‍ വരിഞ്ഞു മുറുക്കി കെട്ടി വെക്കും . ദേവ നാദവും ആസുര നാദവും വരുന്നതിനു സാധാനാപൂര്‍വം കെട്ടിയുറപ്പിക്കും .പിന്നീട് എല്ലാ ഭാഗത്തും കൃത്യമായി ശ്രുതി ചേരുന്ന തരത്തില്‍ മയപ്പെടുത്തി എടുക്കും . മൃദംഗം ഉണ്ടാക്കാന്‍ പ്ലാവിന്റെ തടി ചെത്തി മിനുക്കി അകം തുറന്നു ദിവസങ്ങളോളം വെയിലത്ത് ഉണക്കി എടുക്കണം പോത്തിന്റെ തൊലി നീളത്തില്‍ മുറിച്ചു വാറുകള്‍ നിര്‍മിക്കുന്നു .ചെണ്ട നിര്‍മിക്കാന്‍ മാടിന്റെ തോലും ചെണ്ട കുറ്റി ഉണ്ടാക്കാന്‍ പ്ലാവും ഉപയോഗിക്കുന്നു . പ്ലാവിന്റെ കമ്പ് ഇരുപതോളം ദിവസം നെല്ലിനോപ്പം വച്ച് പുഴുങ്ങിയാണ് ചെണ്ട നിര്മുക്കാന്‍ ഉപയോഗിക്കുന്നത് . വാദ്യങ്ങള്‍ പല തൂക്കത്തിലും ലഭ്യമാകും . മദ്ദളവും മൃദംഗവും എല്ലാം വ്യത്യസ്ത തൂക്കങ്ങളില്‍ ലഭ്യമാണ് . കാലപ്പഴക്കം ചെന്ന പുരാണക്കിട്ടം എന്ന കല്ലാണ് വാദ്യങ്ങളുടെ നടുവിലെ മഷിയിടാന്‍ ഉപയോഗിക്കുന്നത് . ഈ കല്ലില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ് . ഇവ ഇടിച്ചും അരച്ചും പരുവപ്പെടുത്തി എടുത്ത് ചോറിനൊപ്പം ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പല പ്രാവശ്യം തേച്ചു പിടിപ്പിക്കും .  ഏറെ പണിപ്പെട്ടു ഉണക്കി എടുത്ത് ശ്രുതി ചേര്‍ത്ത് വരുമ്പോഴെക്കു ആഴ്ചകള്‍ നീളും . തുകല്‍ ഉണങ്ഗാല്‍ വെയില്‍ തന്നെ വേണം എന്നതിനാല്‍ മഴ വന്നാല്‍ പണിയുമില്ല . ഓര്‍ഡറുകള്‍ കിട്ടുന്ന മുറക്ക് വാദ്യങ്ങള്‍ തയാറാക്കി നല്‍കണം . ഇതിനു ആഴ്ചകളോളം സമയം ആവശ്യമായി വരുന്നു . ഉത്സവം പ്രമാണിച്ചും വിദ്യാരംഭം പ്രമാണിച്ചും ധാരാളം ഓര്‍ഡറുകള്‍ ലഭിക്കും . എന്നാലും ചെയ്ത് തീര്‍ക്കാന്‍ സമയം എടുക്കും . ഇത്രയധികം അത്യധ്വാനം ചെയ്തു ഓരോ വാദ്യവും തയാരാക്കുമ്പോഴും ഓരോ വാദ്യതിനും ലഭിക്കുന്ന വില കുറവാണ് എന്ന് പറയാതെ വയ്യ . എന്നായാലും കലാസ്വാദകാരായ ഇവര്‍ക്ക് ഇതൊരു വലിയ പരാതിയായി പറയാനും സാധ്യമല്ല . നിര്‍മാണത്തിന് ചെലവിടുന്ന തുക കണക്കാക്കുമ്പോള്‍ എന്തായാലും ലഭിക്കുന്ന തുക അതിനേക്കാള്‍ ഒട്ടും കൂടുതലല്ല . വില്പനയ്ക്ക് സൌകര്യങ്ങള്‍ ഏറെ ഇല്ലാത്തതും ഏറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു . നബാര്‍ഡ് ഒരു സഹായം എന്ന നിലയില്‍ തുകല്‍ വാദ്യോപകരണ നിര്‍മാണ സംഘം എന്ന പേരില്‍ സംഘടന രൂപികരിച്ചിട്ടുണ്ട് . പ്രശസ്തനായ മണി അയ്യര്‍ അടക്കമുള്ള സംഗീത പ്രതിഭകളുടെ നാടായ പാലക്കാട്ടെ മിക്ക സംഗീതജ്ഞരും അയല്‍ ജില്ലകളിലെ സംഗീത പ്രേമികളും ഇന്നും പെരുവേമ്പില്‍ എത്തുന്നു എന്നതും വാദ്യങ്ങള്‍ വാങ്ങുന്നു എന്നതും മാത്രമാണ് ആകെ ഒരു ആശ്വാസം .


Saturday 26 September 2015

കഥകളിയുടെ ഈറ്റില്ലം , ഈ ഗ്രാമം ....




പാലക്കാട് ; കേരളീയ സംസ്കാരത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച കലാരൂപമാണ്‌ കഥകളി .. ആ കഥകളിയുടെ ഈറ്റില്ലമായി– വെള്ളിനേഴി .. ആ പേരിനു തന്നെ ഒരു ചന്തമുണ്ട് ... ആഘോഷപരവും അനുഷ്ടാനപരവുമായ നിരവധി കലകള്‍ കൊണ്ട് അനുഗ്രഹീതമാണ് ഇവിടം.  ലോകപ്രശസ്തരായ അനേകം കഥകളി ഉപാസകര്‍ തലയെടുപ്പോ ചമയങ്ങളോ ഇല്ലാതെ വെറും സാധാരണക്കാരായി നാട്ടു വഴികളിലൂടെ നടന്നു നീങ്ങുന്ന ഒരു പാലക്കാടന്‍ ഗ്രാമം . വെള്ളിനേഴിയിലെ സ്ഥാപനാധിഷ്ടിതമായ വിദ്യാഭ്യാസത്തിനു 150 ഓളം വര്ഷം പഴക്കമുണ്ട് . കഥകളി വിദ്യാഭ്യാസം പഴയകാലത്ത് മിക്ക വീടുകളിലും ഒരാളെങ്കിലും നേടിയിരുന്നു . എല്ലാ വീടുകളിലും നല്ല കഥകളി ആസ്വാദകര്‍ .. ഇന്നും ഇന്ത്യയിലെ തന്നെ നല്ല കഥകളി കലാകാരന്മാരും കഥകളി പ്രേമികളും വെള്ളിനെഴിക്കാര്‍ തന്നെയാണ് . വള്ളുവനാടന്‍ സംസ്കാരത്തിന്റെ തിറയും പൂതനും പറയടിയും കഥകളിക്കൊപ്പം ഗ്രാമത്തെ മായിക ലോകത്ത് എത്തിക്കുന്നു . കഥകളി രംഗത്തെ ആചാര്യനായ പട്ടിക്കാം തൊടി രാവുണ്ണി മേനോന്‍ , ഇട്ടി രാരിച്ച മേനോന്‍ , ചുവന്ന താടി വേഷങ്ങളുടെ തമ്പുരാന്‍ വെള്ളിനേഴി നാണ് നായര്‍ , കഥകളി സംഗീതലോകത്തെ കലാമണ്ഡലം ഉണ്ണി കുറുപ്പ് , ചെണ്ട വിദ്വാന്‍ കൃഷ്ണന്‍കുട്ടി പെരുമാള്‍ , അച്ചുണ്ണി പെരുമാള്‍ കഥകളി കോപ്പ് നിര്‍മാണ രംഗത്തെ വിദഗ്ദനായ കൊതാവില്‍ കൃഷ്ണന്‍ ആശാരി തുടങ്ങി കഥകളിയുടെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച ഒട്ടേറെ പ്രഗത്ഭര്‍ ഈ ഗ്രാമത്തിലാണ് . പ്രശസ്ത കവി ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ തറവാടായ ഒളപ്പമണ മന ഇന്ന് കഥകളി പഠന കേന്ദ്രവും ഷൂട്ടിംഗ് കേന്ദ്രവുമാണ് . കഥകളിയോടൊപ്പം സംരക്ഷിക്കേണ്ട ഒരു ഗ്രാമവും ഒരു സംസ്കാരവുമാണ്‌ വെള്ളിനേഴി എന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍ 2012 ല്‍ വെള്ളിനെഴിയെ കലാഗ്രാമമായി പ്രഖ്യാപിക്കുന്നത് . ദേശീയ അന്തര്‍ ദേശീയ സംസ്ഥാന തലങ്ങളില്‍ കഥകളിപുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ പേരിലോ വിലാസത്തിലോ വെള്ളിനേഴി എന്ന നാലക്ഷരം ഉള്ള ഒരാളെങ്കിലും വര്‍ഷാവര്‍ഷം ഉണ്ടാകും . പദ്മ പുരസ്കാരങ്ങള്‍ കഥകളിയില്‍ ഏറ്റവും കൂടുതല്‍ വാരിക്കൂടിയത് ഇന്നാട്ടുകാരാണ്. വാഴേങ്കട കുഞ്ചു നായര്‍ , കീഴ്പ്പടം കുമാരന്‍ നായര്‍ , കര്‍മം കൊണ്ട് വെള്ളിനെഴിക്കാരന്‍ ആയ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയാശാന്‍ എന്നിവര്‍ക്ക് പദ്മ ശ്രീയും കലാമണ്ഡലം രാമന്കുട്ടിനയര്‍ക്ക് പദ്മ ഭൂഷനും ലഭിച്ചു.കലയെ അനുഷ്ടാനത്തില്‍ നിന്ന് വേറിട്ട്‌ നിര്‍ത്താന്‍ ആകില്ല . ഒരു പ്രത്യേക വേദിയില്‍ ഒരു നിശ്ചിത സമയത്ത് ആടിതീര്‍ക്കേണ്ടതല്ല അനുഷ്ഠാന കലകളെന്ന ബോധ്യതിലാണ് വെള്ളിനേഴി കലാഗ്രാമത്തില്‍ ലിവിംഗ് മ്യുസിയം എന്നാ ആശയം നടപ്പാക്കുന്നത് . ഒളപ്പമണ മനയിലെ ഒരു സാംസ്കാരിക സായാഹ്നത്തില്‍  ഉടലെടുത്ത കാലാഗ്രാമം എന്ന ആശയം സര്‍ക്കാരും ആവേശത്തോടെ സ്വീകരിച്ചു . ടൂറിസം വകുപ്പ് അനുവദിച്ച ഒരു കോടി രൂപയും ഷോര്‍ണൂര്‍ എം എല്‍ എ .കെ. എസ സലീഖയുടെ ആസ്തി വികസന ഫണ്ടിലെ ഒരു കോടി രൂപയും ചേര്‍ത്ത് കലാഗ്രാമത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വെള്ളിനേഴി സര്‍ക്കാര്‍ സ്കൂളിനു സമീപം ആരംഭിച്ചു .മണ്‍മറഞ്ഞ കലാകാരന്മാരുടെ സ്മാരകങ്ങള്‍, ഫലകങ്ങള്‍, ശില്‍പ്പങ്ങള്‍ തുടങ്ങിയവ ഗ്രാമത്തിലുടനീളം സ്ഥാപിക്കും  പരിചമുട്ട് കളി, കോപ്പ് നിര്‍മാണം, കഥകളിവേഷം, കഥകളി ചുട്ടി, ചെണ്ട, കഥകളി സംഗീതം, പഞ്ചവാദ്യം(തിമില), ശാസ്താംപാട്ട്, കര്‍ണ്ണാടക സംഗീതം, ചിത്രരചന തുടങ്ങിയവയുടെ കളരികളും കുട്ടികള്‍ക്കായി കഥകളി, ചെണ്ട എന്നിവയുടെ കലാപഠനക്ലാസുകളും സെമിനാറുകളും ഗ്രാമത്തില്‍ സംഘടിപ്പിക്കും . കേരളത്തിന്റെ അഭിമാനമുയര്ത്താന്‍ ഉതകുന്ന തരത്തില്‍ ആണ് കലാഗ്രാമം രൂപ കല്‍പ്പന ചെയ്യുന്നത് . ഇതിനായി 85 കോടി രൂപയുടെ രൂപരേഖയും തയ്യാറായി കഴിഞ്ഞു. സാംസ്കാരിക സമുച്ചയം, ഉന്നത പഠന ഗവേഷണ കേന്ദ്രം, സാംസ്കാരിക കേന്ദ്രങ്ങള്‍, പുരാതന ഗുഹകള്‍, അരയാല്‍ മരങ്ങള്‍, കുളങ്ങള്‍ എന്നിവയുടെ സംരക്ഷണം തുടങ്ങിയവയാണ് രൂപരേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഉയര്‍ന്നു നില്‍ക്കുന്ന കൊണ്ക്രീട്റ്റ് സ്തൂപങ്ങള്‍ക്കും വലിയ കെട്ടിടങ്ങള്‍ക്കും കലാകേന്ദ്രം എന്ന ബോര്‍ഡ് മാത്രമേ സംഭാവന ചെയ്യാനാകൂ . എന്നാല്‍ പാരമ്പര്യത്തെ ഒട്ടും കൈവിടാതെ സംരക്ഷിക്കാന്‍ ഉതകുന്ന നിലയില്‍ ആണ് വെള്ളിനേഴി കലാഗ്രാമം രൂപ കല്പന ചെയ്യുന്നത്  എന്നതില്‍ നമുക്ക് ആശ്വസിക്കാം . കലകളെ കുറിച്ചുള്ള പഠനത്തിനു ഉതകുന്ന ഒരു തുറന്ന മ്യുസിയമാണ് ഈ ഗ്രാമം വിഭാവനം ചെയ്യുന്നത് . ഇന്നാട്ടുകാര്‍ അതില്‍ നിന്ന് പിന്മാരുകയില്ല. എല്ലാ പ്രതിസന്ധികളും തരണം ചെയ്തു ഒരുനാള്‍ നല്ലൊരു കലാഗ്രാമം വെള്ളിനേഴിയില്‍ ഉണ്ടാകും .കലയെ സ്നേഹിക്കുന്ന ഇവര്‍ ഹൃദയം കൊണ്ട് എടുത്ത തീരുമാനമാണ് ഇത് ...  

Friday 25 September 2015

നിളാതീരത്തെ പട്ടു ഗ്രാമം ...


പാലക്കാട് ; നിളയുടെ കുളിര്‍ക്കാറ്റെറ്റ് ഒരു കസവ് ഗ്രാമം . ഇന്ത്യയിലുടനീളവും വിദേശ രാജ്യങ്ങളിലും പ്രിയമേറിയ കൈത്തറി വസ്ത്രങ്ങളുടെ നാട് കുത്താംപുള്ളി....പരമ്പരാഗതമായ സമൂഹ ജീവിതവും തറികളും , നെയ്തു ശാലകളും ഒക്കെയായി പഴമ വിടാത്ത ഒരു നെയ്തു ഗ്രാമം . കസവ് സാരികള്‍ , ഡബിള്‍ മുണ്ടുകള്‍ , വേഷ്ട്ടി , സെറ്റ് മുണ്ട് , മംഗല്യ വസ്ത്രങ്ങള്‍ , പാവ് മുണ്ടുകള്‍ തുടങ്ങി എല്ലാം ഈ തറികളില്‍ ശോഭ വിരിയിക്കുന്നു . കുത്താംപുള്ളിയിലെ നെയ്ത്തുകാര്‍  കര്‍ണാടകയില്‍ നിന്ന് കുടിയേറിയ ദേവാംഗ സമുദായത്തില്‍ പെട്ടവരാണ്. 500 വര്‍ഷങ്ങള്‍ക്കു മുന്‍പ് കൊച്ചി രാജാവ് രാജകുടുംബങ്ങള്‍ക്കു സ്വന്തമായി മനോഹര വസ്ത്രങ്ങള്‍ നെയ്തുണ്ടാക്കാന്‍ കര്‍ണാടകയില്‍ നിന്ന് കൊണ്ട് വന്ന കുടുംബങ്ങള്‍ ആണ് ഇവിടെ പിന്നീട് വേരുറപ്പിച്ചത് . ഇന്ത്യയിലെ നിലവിലെ സാമൂഹിക അന്തരീക്ഷം മൂലം ദേവാംഗ സമുദായം അന്യം നിന്ന് വരികയാണ് . ഇപ്പോഴുള്ള ചെറുപ്പക്കാരെല്ലാം മറ്റു സമുദായങ്ങളില്‍ നിന്ന് വിവാഹം കഴിക്കുകയും ചെയ്യുന്നു . വിപണികളിലെ ഇപ്പോഴത്തെ സാധ്യതകള്‍ മനസിലാക്കി പരമ്പരാഗതമായ നെയ്തു രീതികള്‍ക്കൊപ്പം എംബ്രോയ്ഡറികള്‍ , ചിത്രങ്ങള്‍ , മ്യൂറല്‍ ആര്‍ട്ട് പോലുള്ള ഡിസൈനുകള്‍ തുടങ്ങിയവയും വസ്ത്രങ്ങളില്‍ ചെയ്തു നല്‍കുന്നുണ്ട് . ഇന്ത്യയില്‍ തന്നെ ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും നല്ല കൈത്തറി വസ്ത്രങ്ങള്‍ ആണ് കുത്താംപുള്ളിയിലേത് . രാപകല്‍ അധ്വാനിച്ചു സ്വന്തം ജോലിയില്‍ മാത്രം ശ്രദ്ധ ചെലുത്തി , മറ്റൊന്നിനെ കുറിച്ചും ആവലാതികള്‍ ഇല്ലാതെ ഇല്ലയമാകളിലും വല്ലായ്മകളിലും അല്ലലും അലട്ടലും ഇല്ലാതെ ഇന്ത്യയിലെ മേക് ഇന്‍ ഇന്ത്യ പദ്ധതിയെ കുറിച്ചോ ആണവ കരാറുകളെ കുറിച്ചോ അടുത്ത അമേരിക്കന്‍ പ്രസിഡന്റ് ആരാകുമെന്നു ആലോചിച്ചോ ആശങ്കപ്പെടുന്നില്ല ഇവര്‍  .തറികളുടെ ശബ്ദ കോലാഹലങ്ങള്‍ക്കിടയില്‍ വിയര്‍പ്പിന്റെ രുചിയില്‍ ജീവിതം നെയ്തു പട്ടു ശോഭ നല്‍കുകയാണ് ഇവിടെ . വീതിയേറിയ കസവുകളില്‍ ഭംഗിയുള്ള ചിത്രപ്പണികളും ഇഴയടുപ്പമുള്ള തുണിയും കുത്താംപുള്ളി സാരികള്‍ ഓരോ വധുവിന്റെയും മനസ്സില്‍ സ്വപ്നമാണ് . 1972 ല്‍ 102 പേര്‍ അംഗങ്ങളായി കുത്താംപുള്ളി ഹാന്‍ഡ്ലൂം ഇന്ടസ്ട്രിയല്‍ കോ ഒപറെറ്റിവ സൊസൈറ്റി രെജിസ്റ്റെര്‍ ചെയ്തു. കന്നഡ കലര്‍ന്ന മലയാളം സംസാരിച്ചു പഴയ തലമുറ കൈമാറിവന്ന കരവിരുത് ചോര്‍ന്നു പോകാതെ സംരക്ഷിക്കുന്ന ഇളമുറക്കാര്‍ക്ക് അവര്‍ അര്‍ഹിക്കുന്ന നേട്ടം കിട്ടുകയും ചെയ്തു . ജോഗ്രഫിക്കല്‍ ഇന്‍ഡിക്കെഷന്‍ ആക്ടില്‍ 2011 ല്‍ കുത്താംപുള്ളി സാരികള്‍ എക്സ്ക്ലൂസിവ് ഇന്‍ടെലക്ച്വല്‍ പ്രോപെര്ടി റൈറ്റ് സ്വന്തമാക്കി . ദിവസങ്ങളോളം , ചിലപ്പോള്‍ മാസങ്ങളോളം കഠിനമായി അധ്വാനിച്ചു ഒരു വസ്ത്രം നിര്‍മിച്ചു ഉടമസ്ഥന് നല്‍കുമ്പോള്‍ ആധിയും ആശങ്കയും ആണ് ഓരോ നെയ്തു കാരന്റെയും ഉള്ളില്‍ എന്നാല്‍ ആ വസ്ത്രം നോക്കി ഉഗ്രന്‍ എന്ന് ആളുകള്‍ പറയുമ്പോള്‍ ലഭിക്കുന്ന ആത്മ നിര്‍വൃതിയോളം വരില്ല ഇവിടത്തുകാര്‍ക്ക് ഒരു സമ്മാനവും ...
ഏതെല്ലാം തരം ആധുനിക വസ്ത്രങ്ങള്‍ സ്വന്തം ശേഖരത്തില്‍ ഉണ്ടായാലും എത്ര കിട്ടിയാലും കണ്ടാലും മതിയാക്കാതെ കസവ് വസ്ത്രങ്ങള്‍ എല്ലാ മലയാളി പെണ്കൊടിമാരും മാറോടു ചേര്‍ക്കും . ഗായത്രി പുഴയുടെയും നിളയുടെയും സംഗമ ഭൂമിയാണ്‌ ഈ ഗ്രാമം . ഇവിടത്തെ തറികളുടെ നാദം ഓരോ ജീവിതത്തിന്റെയും സ്പന്ദനം കൂടിയാണ് . നേര്‍ത്ത തുണിയില്‍ ഭംഗിയായ കസവുകളും ചിത്ര ചാതുരിയും മലയാളികളുടെ സൌന്ദര്യ ബോധത്തെ ഒന്ന് കൂടി ഉണര്‍ത്തി . ഒരു ഗ്രാമത്തിലെ മുഴുവന്‍ വീടുകളിലും ചര്ക്കയുടെയും തറിയുടെയും ശബ്ദങ്ങള്‍ .. ഒരേ തൊഴില്‍ ... ഒരേ ജീവിതം ... ഒരുമയുടെ പെരുമകൂടി ഇവിടെ കാണാം . ഇവിടത്തുകാര്‍ക്ക് ഇത് ഒരു ജീവനോപാധിമാത്രമല്ല ഒരു ഉപാസനകൂടിയാണ് . ഒരു കലയാണ്‌ ... ഏറെ ശ്രദ്ധയോടും അര്‍പ്പണത്തോടും നെയ്തെടുക്കുന്ന വസ്ത്രങ്ങള്‍ക്ക് ഒരു നാള്‍ വ്യാജ കൈത്തരികളും വിദേശ വസ്ത്രങ്ങളും കരിങ്കൊടി കാണിച്ചു... അന്നുമുതല്‍ ഇവിടത്തെ വ്യവസായം തകര്‍ന്നു തുടങ്ങി .. എങ്കിലും പാരമ്പര്യം വിടാന്‍ മടിയുള്ള മലയാള ഗന്ധം മനസ്സില്‍ ആവാഹിക്കുന്ന ചിലരെങ്കിലും ഈ ഗ്രാമത്തിന്റെ പടികടന്നു വന്നു . വന്നവര്‍ക്കെല്ലാം മനംനിറഞ്ഞ്‌ സന്തോഷത്തോടെ പട്ടു വസ്ത്രങ്ങള്‍ നിര്‍മിച്ചു നല്‍കി ഇവിടത്തുകാര്‍ . ഓരോ ദിവസവും പ്രാര്‍ഥനാപൂര്‍വ്വം കടന്നു പൊയ്ക്കൊണ്ടിരുന്നു . എന്നാല്‍ ഇന്ന് വീണ്ടും കൈത്തറി വസ്ത്രങ്ങള്‍ നമുക്കിടയില്‍ വീണ്ടും പ്രതാപത്തോടെ സ്ഥാനം പിടിച്ചിരിക്കുന്നു . മാറിമാറി വരുന്ന സര്‍ക്കാരുകള്‍ കൈത്തറി വ്യവസായത്തെ ആകാവുന്നത്ര ഉയര്‍ത്തിപ്പിടിക്കാന്‍ ശ്രമിച്ചു . ഫാഷന്‍ ലോകവും ഇരു കൈയും നീട്ടി സ്വീകരിച്ചു .ഇതോടെ വീണ്ടും കുത്താംപുള്ളി തറികള്‍ സജീവമായി .പാവ് വെള്ളത്തിലും കഞ്ഞി വെള്ളത്തിലും ഇട്ട ശേഷം എടുത്തു ചര്‍ക്കയില്‍ നൂറ്റ നൂലുകള്‍ ആദ്യമേ വെള്ളത്തിലും കഞ്ഞി വെള്ളത്തിലും ഇട്ട് ബലപ്പെടുത്തും പിന്നീട് തറിയില്‍ കോര്‍ക്കും .ഒരു നൂലില്‍ മറ്റൊരു നൂല്‍ കോര്‍ത്താണ് തറിയില്‍ ബന്ധിപ്പിക്കുന്നത് . രാവിലെ മുതല്‍ രാത്രി വരെ ഇവിടെ ഓരോ വീട്ടിലും നെയ്തു പാട്ടുകളാണ് . ഓണത്തിനും വിഷുവിനും ഉത്സവ വേളകളിലും  ഒരു വീടുകളിലും വിളക്കുകള്‍ അണയാറെ ഇല്ല . ആഘോഷ വേളകളില്‍ അനേകം കുടുംബങ്ങള്‍ ഒന്നിച്ചാണ് ജോലികള്‍ തീര്‍ക്കുന്നത് . കിട്ടുന്ന വേതനം വിഭജിച്ചു എടുക്കുകയും ചെയ്യുന്നു എന്നാല്‍ എടുക്കുന്ന പണിക്കു അനുസരിച്ച് വേതനം ലഭിക്കുന്നില്ല എന്നത് തന്നെയാണ് ഇവര്‍ക്ക് പറയാനുള്ള ഒരേ ഒരു പരാതി . കുത്താംപുള്ളി കൈത്തറികള്‍ വിപണിയില്‍ പ്രിയമെറിവരുന്നത്‌ സന്തോഷം തന്നെ എന്നാല്‍ ഇവയെല്ലാം ചെയ്തു തീര്‍ക്കാന്‍ ആള് വേണം . ഇനി ആളായാല്‍ തന്നെ നല്‍കാന്‍ പണമില്ല ... ഇതൊക്കെയാണ് പ്രധാന പ്രശ്നങ്ങള്‍. സീസണ്‍ അനുസരിച്ച് മാത്രമാണ് തിരക്കും ബഹളവും അപ്പോള്‍ ചിലപ്പോള്‍ ഏറ്റെടുത്ത ചില വര്‍ക്കുകള്‍ നിരാശയോടെ ഒഴിയേണ്ടിയും വരും . സമയമില്ല എന്നതുകൊണ്ട്‌ തന്നെ .. ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ കൈത്തറി ധരിക്കണം എന്ന നിയമം എത്തിയപ്പോള്‍ ആകെ ഒരു ആശ്വാസമായിരുന്നു കുത്താംപുള്ളിക്കാര്‍ക്ക് എന്നാല്‍ ഇപ്പോള്‍ ഈ നിയമം ആരും അനുസരിക്കുന്നെ ഇല്ല . വീണ്ടും നിറം മങ്ങി ജീവിതം .. നെയ്യുന്ന കൈത്തറി വസ്ത്രങ്ങള്‍ക്ക് ഗ്രാന്‍ഡ്‌ നല്‍കുന്നത് വര്‍ദ്ധിപ്പിച്ചും കൂടുതല്‍ വിപണി സാധ്യതകള്‍ കണ്ടെത്തിയും സര്‍ക്കാര്‍ താങ്ങാകണം . ഇതിനായി ഒരു കര്‍മ പദ്ധതി ആവിഷ്കരിക്കുകയും വേണം എന്ന് ഇവിടത്തുകാര്‍ ആവശ്യപ്പെടുന്നു . ഇത് തീര്‍ത്തും ന്യായമാണ് . ജീവിതം നെയ്യുകയാണ് ഇവിടെ ഇവര്‍ . അവര്‍ നല്‍കുന്ന പട്ടു വസ്ത്രം പോലെ തിളക്കം വിടാതെ ആ ജീവിതങ്ങളും നില നില്‍ക്കണം ...