Saturday 26 September 2015

കഥകളിയുടെ ഈറ്റില്ലം , ഈ ഗ്രാമം ....




പാലക്കാട് ; കേരളീയ സംസ്കാരത്തെ ലോകത്തിന്റെ നെറുകയില്‍ എത്തിച്ച കലാരൂപമാണ്‌ കഥകളി .. ആ കഥകളിയുടെ ഈറ്റില്ലമായി– വെള്ളിനേഴി .. ആ പേരിനു തന്നെ ഒരു ചന്തമുണ്ട് ... ആഘോഷപരവും അനുഷ്ടാനപരവുമായ നിരവധി കലകള്‍ കൊണ്ട് അനുഗ്രഹീതമാണ് ഇവിടം.  ലോകപ്രശസ്തരായ അനേകം കഥകളി ഉപാസകര്‍ തലയെടുപ്പോ ചമയങ്ങളോ ഇല്ലാതെ വെറും സാധാരണക്കാരായി നാട്ടു വഴികളിലൂടെ നടന്നു നീങ്ങുന്ന ഒരു പാലക്കാടന്‍ ഗ്രാമം . വെള്ളിനേഴിയിലെ സ്ഥാപനാധിഷ്ടിതമായ വിദ്യാഭ്യാസത്തിനു 150 ഓളം വര്ഷം പഴക്കമുണ്ട് . കഥകളി വിദ്യാഭ്യാസം പഴയകാലത്ത് മിക്ക വീടുകളിലും ഒരാളെങ്കിലും നേടിയിരുന്നു . എല്ലാ വീടുകളിലും നല്ല കഥകളി ആസ്വാദകര്‍ .. ഇന്നും ഇന്ത്യയിലെ തന്നെ നല്ല കഥകളി കലാകാരന്മാരും കഥകളി പ്രേമികളും വെള്ളിനെഴിക്കാര്‍ തന്നെയാണ് . വള്ളുവനാടന്‍ സംസ്കാരത്തിന്റെ തിറയും പൂതനും പറയടിയും കഥകളിക്കൊപ്പം ഗ്രാമത്തെ മായിക ലോകത്ത് എത്തിക്കുന്നു . കഥകളി രംഗത്തെ ആചാര്യനായ പട്ടിക്കാം തൊടി രാവുണ്ണി മേനോന്‍ , ഇട്ടി രാരിച്ച മേനോന്‍ , ചുവന്ന താടി വേഷങ്ങളുടെ തമ്പുരാന്‍ വെള്ളിനേഴി നാണ് നായര്‍ , കഥകളി സംഗീതലോകത്തെ കലാമണ്ഡലം ഉണ്ണി കുറുപ്പ് , ചെണ്ട വിദ്വാന്‍ കൃഷ്ണന്‍കുട്ടി പെരുമാള്‍ , അച്ചുണ്ണി പെരുമാള്‍ കഥകളി കോപ്പ് നിര്‍മാണ രംഗത്തെ വിദഗ്ദനായ കൊതാവില്‍ കൃഷ്ണന്‍ ആശാരി തുടങ്ങി കഥകളിയുടെ എല്ലാ മേഖലകളിലും കഴിവ് തെളിയിച്ച ഒട്ടേറെ പ്രഗത്ഭര്‍ ഈ ഗ്രാമത്തിലാണ് . പ്രശസ്ത കവി ഒളപ്പമണ്ണ സുബ്രഹ്മണ്യന്‍ നമ്പൂതിരിപ്പാടിന്റെ തറവാടായ ഒളപ്പമണ മന ഇന്ന് കഥകളി പഠന കേന്ദ്രവും ഷൂട്ടിംഗ് കേന്ദ്രവുമാണ് . കഥകളിയോടൊപ്പം സംരക്ഷിക്കേണ്ട ഒരു ഗ്രാമവും ഒരു സംസ്കാരവുമാണ്‌ വെള്ളിനേഴി എന്ന തിരിച്ചറിവിലാണ് സര്‍ക്കാര്‍ 2012 ല്‍ വെള്ളിനെഴിയെ കലാഗ്രാമമായി പ്രഖ്യാപിക്കുന്നത് . ദേശീയ അന്തര്‍ ദേശീയ സംസ്ഥാന തലങ്ങളില്‍ കഥകളിപുരസ്കാരങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ പേരിലോ വിലാസത്തിലോ വെള്ളിനേഴി എന്ന നാലക്ഷരം ഉള്ള ഒരാളെങ്കിലും വര്‍ഷാവര്‍ഷം ഉണ്ടാകും . പദ്മ പുരസ്കാരങ്ങള്‍ കഥകളിയില്‍ ഏറ്റവും കൂടുതല്‍ വാരിക്കൂടിയത് ഇന്നാട്ടുകാരാണ്. വാഴേങ്കട കുഞ്ചു നായര്‍ , കീഴ്പ്പടം കുമാരന്‍ നായര്‍ , കര്‍മം കൊണ്ട് വെള്ളിനെഴിക്കാരന്‍ ആയ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടിയാശാന്‍ എന്നിവര്‍ക്ക് പദ്മ ശ്രീയും കലാമണ്ഡലം രാമന്കുട്ടിനയര്‍ക്ക് പദ്മ ഭൂഷനും ലഭിച്ചു.കലയെ അനുഷ്ടാനത്തില്‍ നിന്ന് വേറിട്ട്‌ നിര്‍ത്താന്‍ ആകില്ല . ഒരു പ്രത്യേക വേദിയില്‍ ഒരു നിശ്ചിത സമയത്ത് ആടിതീര്‍ക്കേണ്ടതല്ല അനുഷ്ഠാന കലകളെന്ന ബോധ്യതിലാണ് വെള്ളിനേഴി കലാഗ്രാമത്തില്‍ ലിവിംഗ് മ്യുസിയം എന്നാ ആശയം നടപ്പാക്കുന്നത് . ഒളപ്പമണ മനയിലെ ഒരു സാംസ്കാരിക സായാഹ്നത്തില്‍  ഉടലെടുത്ത കാലാഗ്രാമം എന്ന ആശയം സര്‍ക്കാരും ആവേശത്തോടെ സ്വീകരിച്ചു . ടൂറിസം വകുപ്പ് അനുവദിച്ച ഒരു കോടി രൂപയും ഷോര്‍ണൂര്‍ എം എല്‍ എ .കെ. എസ സലീഖയുടെ ആസ്തി വികസന ഫണ്ടിലെ ഒരു കോടി രൂപയും ചേര്‍ത്ത് കലാഗ്രാമത്തിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വെള്ളിനേഴി സര്‍ക്കാര്‍ സ്കൂളിനു സമീപം ആരംഭിച്ചു .മണ്‍മറഞ്ഞ കലാകാരന്മാരുടെ സ്മാരകങ്ങള്‍, ഫലകങ്ങള്‍, ശില്‍പ്പങ്ങള്‍ തുടങ്ങിയവ ഗ്രാമത്തിലുടനീളം സ്ഥാപിക്കും  പരിചമുട്ട് കളി, കോപ്പ് നിര്‍മാണം, കഥകളിവേഷം, കഥകളി ചുട്ടി, ചെണ്ട, കഥകളി സംഗീതം, പഞ്ചവാദ്യം(തിമില), ശാസ്താംപാട്ട്, കര്‍ണ്ണാടക സംഗീതം, ചിത്രരചന തുടങ്ങിയവയുടെ കളരികളും കുട്ടികള്‍ക്കായി കഥകളി, ചെണ്ട എന്നിവയുടെ കലാപഠനക്ലാസുകളും സെമിനാറുകളും ഗ്രാമത്തില്‍ സംഘടിപ്പിക്കും . കേരളത്തിന്റെ അഭിമാനമുയര്ത്താന്‍ ഉതകുന്ന തരത്തില്‍ ആണ് കലാഗ്രാമം രൂപ കല്‍പ്പന ചെയ്യുന്നത് . ഇതിനായി 85 കോടി രൂപയുടെ രൂപരേഖയും തയ്യാറായി കഴിഞ്ഞു. സാംസ്കാരിക സമുച്ചയം, ഉന്നത പഠന ഗവേഷണ കേന്ദ്രം, സാംസ്കാരിക കേന്ദ്രങ്ങള്‍, പുരാതന ഗുഹകള്‍, അരയാല്‍ മരങ്ങള്‍, കുളങ്ങള്‍ എന്നിവയുടെ സംരക്ഷണം തുടങ്ങിയവയാണ് രൂപരേഖയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഉയര്‍ന്നു നില്‍ക്കുന്ന കൊണ്ക്രീട്റ്റ് സ്തൂപങ്ങള്‍ക്കും വലിയ കെട്ടിടങ്ങള്‍ക്കും കലാകേന്ദ്രം എന്ന ബോര്‍ഡ് മാത്രമേ സംഭാവന ചെയ്യാനാകൂ . എന്നാല്‍ പാരമ്പര്യത്തെ ഒട്ടും കൈവിടാതെ സംരക്ഷിക്കാന്‍ ഉതകുന്ന നിലയില്‍ ആണ് വെള്ളിനേഴി കലാഗ്രാമം രൂപ കല്പന ചെയ്യുന്നത്  എന്നതില്‍ നമുക്ക് ആശ്വസിക്കാം . കലകളെ കുറിച്ചുള്ള പഠനത്തിനു ഉതകുന്ന ഒരു തുറന്ന മ്യുസിയമാണ് ഈ ഗ്രാമം വിഭാവനം ചെയ്യുന്നത് . ഇന്നാട്ടുകാര്‍ അതില്‍ നിന്ന് പിന്മാരുകയില്ല. എല്ലാ പ്രതിസന്ധികളും തരണം ചെയ്തു ഒരുനാള്‍ നല്ലൊരു കലാഗ്രാമം വെള്ളിനേഴിയില്‍ ഉണ്ടാകും .കലയെ സ്നേഹിക്കുന്ന ഇവര്‍ ഹൃദയം കൊണ്ട് എടുത്ത തീരുമാനമാണ് ഇത് ...  

No comments:

Post a Comment