Tuesday 3 November 2015

ആവേശ കാഴ്ചയൊരുക്കുന്ന നെന്മാറ വല്ലങ്ങി വേല

പാലക്കാട് ; പാലക്കാട് എന്ന് പറയുമ്പോള്‍ തന്നെ വേലകളുടെയും
പൂരങ്ങളുടെയും ആവേശ കാഴ്ചകള്‍ ആണ് നമ്മെ ഉണര്‍ത്തുക . പാലക്കാട്
ജില്ലയിലെ ഏറ്റവും പ്രശസ്തമായ വേലയാണ് നെന്മാറ വല്ലങ്ങി വേല . നെന്മാറയും
വല്ലങ്ങിയും രണ്ടു ഗ്രാമങ്ങള്‍ ആണ് . ഇരു വിഭാഗവും ഒത്തു ചേര്‍ന്ന്
നടത്തുന്ന നെല്ലിക്കുളങ്ങര ഭഗവതിയുടെ ഉത്സവം കൂട്ടായ്മയുടെ ഉത്സവം
കൂടിയാണ് . മറ്റു ഉത്സവങ്ങളെ അപേക്ഷിച്ച് ആനക്കും അംബാരിക്കും പുറമേ
കുമ്മാട്ടി , കരിവേല , ആണ്ടി വേല തുടങ്ങിയ നാടന്‍ കലാരൂപങ്ങളും അനുഷ്ടാനം
പോലെ അരങ്ങേറും .വേല ദിവസം മുപ്പതോളം ആനകള്‍ നെറ്റിപ്പട്ടം കെട്ടി അണി
നിരക്കുന്നത് ഒരു ഉജ്വല കാഴ്ച തന്നെയാണ് . കേരളത്തില്‍ തൃശൂര്‍ പൂരം
കഴിഞ്ഞാല്‍ നെന്മാറ വല്ലങ്ങി വേലയാണ് പ്രശസ്തം . വെടിക്കെട്ട്‌ ,
കുടമാറ്റം തുടങ്ങിയ വര്ണ ശബളമായ ദൃശ്യങ്ങളും വേലയുടെ ഭാഗമാണ് .
വര്‍ണങ്ങളും ശബ്ദങ്ങളും വേലയ്ക്കു കൊഴുപ്പേകുന്നു .പഞ്ചവാദ്യം , പഞ്ചാരി
മേളം എന്നിവ വേലയ്ക്കു ആവേശം പകരുന്നു . ശബ്ദ ഘോഷങ്ങള്‍ക്കും വര്ണങ്ങളുടെ
സമ്മേളനങ്ങളും ഗജ വീരന്മാരുടെ എഴുന്നള്ളത്തും എല്ലാം വല്ലങ്ങി പാടത്ത്
സമ്മേളിക്കുമ്പോള്‍ ഇതൊരു ദൃശ്യ വിസ്മയം തന്നെയാണ് . തൃശൂര്‍ പൂരം
മാത്രമല്ല നെന്മാറ വല്ലങ്ങി വേല കാണാനും വിദേശികള്‍ ധാരാളം എത്തുന്നു .
വേലയ്ക്കു രാവിലെ വിവിധ അനുഷ്ടാന ചടങ്ങുകള്‍ നടക്കും  തിടമ്പ് പൂജ ,
വരിയോല വായന , നിറപറ എഴുന്നള്ളിപ്പ് , പറയെടുപ്പ് , ഈടു വെടി
എന്നിവയ്ക്ക് ശേഷമാണ് പഞ്ച വാദ്യവും പഞ്ചാരി മേളവും ഗജ വീരന്മാരുടെ
എഴുന്നള്ളിപ്പും . ഇരു ദേശങ്ങളും ഒരിടത്ത് സന്ധിച്ചു പരസ്പരം വാശിയോടെ
കുടമാറ്റം നടത്തും വര്ണ കാഴ്ചകള്‍ മാനത്ത് കുടയായി വിരിയും . സന്ധ്യക്ക്‌
വെടികെട്ട് ആരംഭിക്കും . വൈകിട്ട് ആറോടെ ഇരു ദേശക്കാരുടെയും
എഴുന്നള്ളിപ്പുകള്‍ കാവ് കയറും . രാവേലകാണാനും പകല്‍ വേല കാണാനും ധാരാളം
ആളുകള്‍ എത്തും . വേല ദിവസം സ്ഥലത്ത് ശക്തമായ പോലിസ് സന്നാഹവും ഗതാഗത
നിയന്ത്രണവും ഉണ്ടാകും . പകലും രാത്രിയും കൊയ്ത്തു കഴിഞ്ഞ പാടങ്ങളില്‍
ഇരു വിഭാഗവും വാശിയോടെ വെടിക്കെട്ട്‌ നടത്തും . ഓരോ വിസ്മയങ്ങള്‍ മാനത്ത്
വിരിയുംപോഴും ഭൂമിയില്‍ ആര്‍പ്പു വിളികള്‍ ഉയരും . പള്ളിവാള്‍ കടയല്‍,
പാണ്ടി മേളം എന്നിവയും വേലയോട് അനുബന്ധിച്ച് ഉണ്ടാകും . ആന ചമയ
പ്രദര്‍ശനങ്ങളും ഇരു വിഭാഗവും നടത്തുന്നത് വാശിയോടെ തന്നെ . താലപ്പൊലി ,
താലപ്പൊലി എഴുന്നള്ളത്ത്‌ , ദീപാലങ്ക്രുതമായ ബഹുനില ആനപ്പന്തലുകള്‍
പറയെടുപ്പ് എന്നിവയും വേലയ്ക്കു മിഴിവേകുന്നു .

No comments:

Post a Comment