Monday 23 November 2015

മൂന്നക്ഷരത്തില്‍ എരിയുന്ന സ്വപ്‌നങ്ങള്‍ ; മോഡേന്‍ ആകുന്ന വിവാഹ മോചനങ്ങള്‍



തിരുവനന്തപുരം ; വേഗതയേറിയ പുത്തന്‍ ലോകത്ത് എല്ലാം വിരല്‍ തുമ്പില്‍ ലഭ്യമാകുമ്പോള്‍ വിവാഹവും വിവാഹ മോചനവും ഒരു ചുവടു മാത്രം വ്യത്യാസത്തില്‍ സംഭവിക്കുകയാണ് . ഇക്കഴിഞ്ഞ ഒക്ടോബര്‍ ഏഴിന് ദേശീയമാധ്യമങ്ങളില്‍ വന്ന വാര്‍ത്ത : എന്‍ ആര്‍ ഐ യുവാക്കള്‍ വ്യാപകമായി വിവാഹമോചനം നടത്തുന്നു അതും വാട്സ് അപ് വഴി ! 21 വയസുകാരിക്ക് ഭര്‍ത്താവ്തലാഖ് നല്‍കിയത് വാട്സ് അപ്പിലൂടെ . വിവാഹം കഴിഞ്ഞ് പത്തു ദിവസത്തിന്ശേഷം വധുവിന്റെ പഠനം തുടരുന്നതിന് നാട്ടില്‍ നിര്‍ത്തിയ ശേഷം വരന്‍ ദുബായിക്ക് പോയി . മൂന്നു ആഴ്ചക്ക് ശേഷം തലാഖ് മൊബൈല്‍ ഫോണ്‍ വഴി വന്നു .വാട്സ് അപ് ഗ്രൂപ്പ് സന്ദേശത്തില്‍ വരന്‍ പറയുന്നത് ഇങ്ങനെ അവള്‍
ഉപയോഗിക്കപ്പെട്ട ഒരു ആപ്പിള്‍ ആണ് എനിക്കിനി അവളെ വേണ്ട , ഇനി ആര്‍ക്കും വേണ്ടി വരികയും ഇല്ല” . സംഭവം  വനിതാ കമ്മിഷന്റെ മുന്നിലെത്തി .
പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പത്തു ലക്ഷം രൂപയായും എണ്‍പത് പവന്‍ സ്വര്‍ണമായും നല്‍കിയാണ്‌ വിവാഹം കഴിച്ചു നല്‍കിയത് എന്ന് വനിതാ
കമ്മിഷനില്‍ അറിയിച്ചു . തലാഖിനു ശേഷം ഭര്‍തൃ വീട്ടുകാര്‍ ഒഴിവാക്കിയതിനാല്‍ കുട്ടി സ്വന്തം വീട്ടില്‍ എത്തി . ദന്തല്‍ കോളേജിലെ പഠനവും നിന്നു എന്ന് കാണിച്ചു കോട്ടയത്ത് പാലായില്‍ നടന്ന വനിതാ കമ്മിഷന്‍ അദാലത്തില്‍ പരാതി നല്‍കി . വൈക്കം സ്വദേശിയായ 27 കാരന്റെ വാട്സ് അപ് തലാഖില്‍ തീരുമാനം എടുക്കാന്‍ അയാള്‍ വിദേശത്ത് നിന്നും നാട്ടില്‍ വരണം . അതിനായി പോലിസ് സഹായം തേടിയിരിക്കുകയാണ് ഇപ്പോള്‍ വനിതാകമ്മിഷന്‍ . ഇരുവരെയും വിളിച്ചിരുത്തി കാര്യങ്ങള്‍ അന്വേഷിച്ചാല്‍ മാത്രം
പോര ഇത്തരം കേസുകളില്‍ മത പണ്ഡിതന്‍മാരുടെയും നിയമജ്ഞാരുടെയും അഭിപ്രായം കൂടി കണക്കില്‍ എടുക്കേണ്ടതുണ്ട്‌ . സാധാരണ കേസുകളില്‍ കോടതി നിയമങ്ങള്‍ മാത്രം നോക്കേണ്ടി വരുമ്പോള്‍ ഇവിടെ ശരീഅത്ത് നിയമങ്ങള്‍ കൂടി കടന്നു
വരുന്നു . മുസ്ലീം വിവാഹ മോചനങ്ങള്‍ മറ്റൊരു തലത്തില്‍ തന്നെയാണ് നടന്നു വരുന്നത് . എന്നാല്‍ ഇവിടെ നിയമത്തിന്റെ പാതയാണ് നീതിക്കായി പെണ്‍കുട്ടിയും വീട്ടുകാരും തെരഞ്ഞെടുത്തിരിക്കുന്നത് . ഇത് ഒരു വാര്‍ത്ത . എന്നാല്‍ ഇത് പോലെ പുറം ലോകം അറിയാതെ ഒട്ടനവധി വാട്സ് അപ് , ഫെസ്ബുക്ക്‌ , ഇമെയില്‍ വിവാഹ മോചനങ്ങള്‍ കേരളത്തിലും ഇന്ത്യയിലും നടന്നിട്ടുണ്ട് .
 മുസ്ലീം വിവാഹ മോചനങ്ങള്‍ ഈ കാലത്ത് ഏറി വരികയാണ് എന്ന് മുസ്ലീം ട്രൈബ്യുന്‍ . ഒ ആര്‍ ജി എന്ന വെബ്സൈറ്റ് പറയുന്നു . വിദേശ രാജ്യങ്ങളായ അമേരിക്ക , കാനഡ , ആസ്ട്രേലിയ , യു കെ തുടങ്ങിയ ഇടങ്ങളില്‍ മുസ്ലീം വിവാഹ മോചനങ്ങള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ട് എന്നും അവയില്‍ ഭൂരിഭാഗവും ഇത്തരം ഓണ്‍ ലൈന്‍ വിവാഹ മോചനങ്ങള്‍ ആണെന്നും വെബ് സൈറ്റ് പറയുന്നു . വടക്കേ അമേരിക്കയില്‍ മുസ്ലീം വിവാഹ മോചനങ്ങള്‍ 31 ശതമായി വര്‍ദ്ധിച്ചിരിക്കുന്നു . കാലിഫോര്‍ണിയയിലാണ് ഏറ്റവും കൂടുതല്‍ ഓണ്‍ ലൈന്‍ വിവാഹ മോചനങ്ങള്‍ നടക്കുന്നത് . എന്നാല്‍ ഇതിനെക്കാളും ഒക്കെ ഭയപ്പെടെണ്ടാത് ഇന്ത്യയില്‍ നടന്നു കൊണ്ടിരിക്കുന്ന വിവാഹ മോചനങ്ങള്‍ ആണ് എന്നും ഓണ്‍ ലൈന്‍ സേവനങ്ങള്‍ ധാരാളമായി ഉപയോഗപ്പെടുത്തി വിവാഹ മോചനങ്ങള്‍ എളുപ്പം നേടിയെടുക്കുന്നതില്‍ ഇന്ത്യക്കാര്‍ മുന്നെറിക്കൊണ്ടിരിക്കുകയാണ് എന്നും വെബ്സൈറ്റില്‍ പറയുന്നു .ഇതോടെ ധാര്‍മികമായ പക്വത വിവാഹം എന്നാ സംസ്കാരത്തില്‍ നശിച്ചു കൊണ്ടിരിക്കുകയാണ് എന്നും ഇണയെ തെരഞ്ഞെടുക്കുമ്പോള്‍ ഇന്നത്തെ യുവാക്കള്‍ മറ്റു പലതിനും അമിത പ്രാധാന്യം നല്‍കുകയാണ് എന്നും ന്യൂ യോര്‍ക്ക്‌ സ്റ്റേറ്റ് യുണിവേഴ്സിറ്റിയിലെ സോഷ്യോളജി പ്രൊഫസര്‍ ഡോ ഇല്യാസ് ബാ യുനുസ് നടത്തിയ പഠനങ്ങളില്‍ പറയുന്നു.
സാമൂഹികവും സാംസ്കാരികവുമായ അപചയത്തിലേക്ക് നയിക്കുന്നതില്‍ വിവാഹ മോചനങ്ങള്‍ ഏറിയ പങ്കു വഹിക്കുന്നുണ്ട് . ഏതാനും അക്ഷരങ്ങള്‍ പെറുക്കി വച്ച ഒരു കുറിപ്പിലോ ഒരു മൊഴിയിലോ അവസാനിക്കുന്നതാണോ ഇസ്ലാമിക വിവാഹ മോചനങ്ങള്‍ ? ഒരാള്‍ മാത്രം നിശ്ചയിച്ച് തീരുമാനിക്കുന്നതാണോ വിവാഹ മോചനം ? വിവാഹത്തിന് ആചാരങ്ങളും അനുഷ്ടാനങ്ങളും നിയമവും കൊടുക്കല്‍ വാങ്ങലുകളും നടത്തുമ്പോള്‍വിവാഹ മോചനത്തിന് ഇതൊന്നും ബാധകമല്ല എന്നുണ്ടോ ?
 ഇല്ല /അല്ല എന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് , ഇത്തരം അനീതികള്‍ക്കെതിരെ പോരാടുകയാണ് ഇന്നത്തെ വനിതകള്‍ . മുസ്ലീം മഹിളാ ആന്തോളന്‍എന്ന എന്‍ ജി ഒ ഈ വിഷയത്തില്‍ രാജ്യത്ത് പത്ത് സംസ്ഥാനങ്ങളില്‍ നടത്തിയ സര്‍വെയില്‍ ഈ മുത്തലാക്കിനെ എതിര്‍ക്കുകയും നീതിക്കായി കോടതിയെ സമീപിക്കുകയും ചെയ്യുമെന്നാണ് 92.1 ശതമാനം യുവതികളും അഭിപ്രായം അറിയിച്ചത്.
“വിവാഹം എന്നത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള അഗാധമായ സൌഹൃദമാണ് . അത് പണത്തിന്റെയോ സൌന്ദര്യതിന്റെയോ മറ്റെന്തിന്റെയെങ്കിലും അടിസ്ഥാനത്തില്‍ മാത്രമാകുമ്പോഴാണ് ബന്ധങ്ങള്‍ക്ക് എളുപ്പം പുതുമ നഷ്ടപ്പെടുന്നത് . ദിവസങ്ങള്‍ക്കുള്ളില്‍ പെണ്‍കുട്ടിയെ മടുത്തു എന്നും വിവാഹമോചനം നല്‍കിയിരിക്കുന്നു എന്നും പറയുക . അതും യാതൊരു അടിസ്ഥാനവുമില്ലാതെ വാട്സ് ആപ് പോലുള്ള മാധ്യമങ്ങള്‍ വഴി ! യുവാക്കളുടെ ഇത്തരം പ്രവണതകള്‍ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല . ഒരു സാധാരണ മനുഷ്യന് ഇങ്ങനെ ഒക്കെ ചെയ്യാന്‍ സാധിക്കുമോ എന്നതാണ് ഇപ്പോള്‍ സംശയം . വനിതാ കമ്മിഷന് മുന്നില്‍ എത്തിയ കുട്ടിക്ക്  കമ്മിഷന്‍ സാധ്യമായ എല്ലാ സഹായങ്ങളും ചെയ്തു നല്‍കണം എന്ന് തന്നെയാണ് പറയാനുള്ളത് . ഇത്തരത്തില്‍ സ്ത്രീയെ ഉപഭോഗ വസ്തു എന്നതിനപ്പുറം കാണാന്‍ സാധിക്കാത്ത പുരുഷന് തക്കതായ ശിക്ഷ നല്‍കണം” ---
ആക്ടിവിസ്റ്റ്  ശാന്തി സതീഷ്‌ പറഞ്ഞു .
മുന്‍പ് മുഖദാവില്‍ പറഞ്ഞിരുന്ന തലാഖുകള്‍ ഇപ്പോള്‍ വാക്കുകള്‍ പോലും ഇല്ലാതെ പുത്തന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ ആയ സ്കൈപ് , വാട്സ് അപ്പ് , ഇമെയില്‍ , ഫെസ് ബുക്ക്‌ എന്നിവയിലൂടെയായി . ഇതിനു എന്ത് ഔപചാരികതയാണ് ഉള്ളത് എന്ന് തിട്ടപ്പെടുത്തിയിട്ടില്ല . ഇത്തരം വിവാഹ
മോചനങ്ങള്‍ കേരളത്തില്‍ വര്ഷം തോറും വര്‍ദ്ധിച്ചു വരുന്നു എന്നതാണ് ആശങ്കാ ജനകമായ വസ്തുത .
ഇല്ലാ , സിഹാര്‍ എന്നിവ തലാഖിന്റെ വക ഭേദങ്ങള്‍ ആണ് . ഭര്‍ത്താവിനു ഭാര്യയെ സ്വന്തം താല്പര്യം അനുസരിച്ച് തലാഖ് ചെയ്യാം എന്നുണ്ട് . എന്നാല്‍ ഭാര്യക് ആ സ്വാതന്ത്ര്യം ഇല്ല . ഖുല , മുബാരത്ത് തുടങ്ങിയ വിഭാഗങ്ങളില്‍ ഭാര്യക്ക് വിവാഹ മോചനം തേടാം എന്ന് വ്യവസ്ഥ ചെയ്യുന്നുണ്ട് എങ്കിലും ഈ വിഭാഗത്തിലെ വിവാഹ മോചനങ്ങള്‍ തുലോം കുറവാണ് .1939 നു മുന്‍പ് സ്ത്രീകള്‍ക്ക് വിവാഹ മോചനം അനുവദിച്ചിരുന്നില്ല . പീഡനം , മൃഗീയത , ഷന്ധത്വം എന്നി അവസ്ഥകളില്‍  മാത്രമാണ് സ്ത്രീകള്‍ക് വിവാഹ മോചനം അനുവദിച്ചിരുന്നത് എങ്കില്‍ പുരുഷന് ഏതൊരു നിസാര കാര്യത്തിനും തലാഖ് ലഭിക്കുമായിരുന്നു എന്ന് ലീഗല്‍ സര്‍വീസ് അതോറിറ്റിയുടെ വെബ് സൈറ്റില്‍ പറയുന്നു .
വാട്സ് അപ്പ് വഴി തലാഖ് ചൊല്ലുന്നതിനെ ഒരു വിഭാഗം മുസ്ലീം മത നേതാക്കള്‍ ശക്തമായി എതിര്‍ക്കുമ്പോള്‍ ഒരു വിഭാഗം അനുകൂലിക്കുന്നുമുണ്ട് . വിവാഹ മോചനം എങ്ങനെ , ഏതു മാധ്യമത്തില്‍ കൂടിയായാലും സാധുതയുള്ളതാണ് . പുരുഷനും സ്ത്രീയും അവരുടെ കുടുംബാംഗങ്ങളും തമ്മില്‍ സംസാരിച്ച ശേഷം നടത്തുന്ന വിവാഹ മോചനം ആണ് സാധാരണ നടക്കുന്നത്.
അത് ഏതു മാധ്യമത്തില്‍ കൂടി വന്നു എന്നത് വിഷയമല്ല .ഈ വിഷയത്തില്‍ സ്ത്രീക്ക് എന്ത് അഭിപ്രായം ഉണ്ടായാലും ഭര്‍ത്താവിനു ഭാര്യയെ വേണ്ട എന്ന നിലപാടില്‍ അദ്ദേഹം ഉറച്ചു നില്‍ക്കുകയാണ് എങ്കില്‍ വിവാഹമോചനം അനുവദിക്കപ്പെടുക തന്നെ ചെയ്യും എന്ന് സമസ്ത കേരള ജമീയതുല്‍ ഉലമ അംഗം സയീദ്‌ ആറ്റക്കോയ തങ്ങള്‍ പറയുമ്പോള്‍ വാട്സ് അപ്പിലൂടെയുള്ള വിവാഹ മോചനം നിയമപരമാണ് എന്ന് തോന്നുന്നില്ല എന്നും ശരിയായ വിധത്തില്‍ വിവാഹ മോചനം നടത്തുന്നത് മുഖത്തോടു മുഖം നോക്കിയാണ്  എന്നാല്‍ എല്ലാ സമയത്തും ഇത് സാധ്യമാകില്ല . ആ അവസരങ്ങളില്‍ ശരിയായ ഡോക്യുമെന്റുകളില്‍ പുരുഷനും സ്ത്രീയും സ്വന്തം സമ്മതത്തോടെ ബന്ധപ്പെട്ടവരുടെ മുന്നില്‍ വച്ച് ഒപ്പിട്ടു നല്‍കിയ പ്രമാണം മുന്‍ നിര്‍ത്തിയും വിവാഹ മോചനം ആകാം എന്നും സംസ്ഥാന ഹജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടമല ബാപ്പു മുസലിയാര്‍ പറയുന്നു.
വാട്സ് അപ്പിലൂടെ ആയാലും മുഖദാവില്‍ ആയാലും മൂന്നു വട്ടം ചൊല്ലുന്ന മൊഴിക്ക് മതപരമായ കണ്ണില്‍ തന്നെ സാധുതയുണ്ടോ എന്നത് ചിന്തിക്കേണ്ടതാണ് . മതഗ്രന്ഥമായ ഖുര്‍ ആനില്‍ കുടുംബം എന്ന വ്യവസ്ഥയെ കുറിച്ചാണ് ഏറിയ പങ്കും പറഞ്ഞിട്ടുള്ളത് .
" അല്ലയോ മനുഷ്യരേ,നിങ്ങളുടെ റബ്ബിനെ ഭയപ്പെടുവീന്‍ ഒരൊറ്റ ആത്മാവില്‍ നിന്ന്   നിങ്ങളെ സൃഷ്ടിക്കുകയും അതെ ആത്മാവില്‍  നിന്ന്‌അതിന്റെ ഇണയെ സൃഷ്ടിക്കുകയും അവ രണ്ടില്‍നിന്നുമായി പെരുത്ത് സ്ത്രീപുരുഷന്മാരെ ലോകത്ത്‌  പരത്തുകയും ചെയ്തവനത്രേ അവന്‍ .ഏതൊരുവനെ മുന്‍നിര്‍ത്തിയാണോ നിങ്ങള്‍ പരസ്പരം അവകാശങ്ങള്‍ ചോദിക്കുന്നത്‌ആ അല്ലാഹുവിനെ ഭയപ്പെടുവീന്‍. കുടുംബബന്ധങ്ങള്‍ശിഥിലമാകുന്നത് സൂക്ഷിക്കുകയും ചെയ്യുവീന്‍. തീര്‍ച്ചയായും അല്ലാഹു നിങ്ങളെ സദാനിരീക്ഷിക്കുന്നുവെന്നു കരുതിയിരിക്കുക."(4: 1) എന്ന് ഖുര്‍ ആന്വചനം.

 മത ഗ്രന്ഥം പരിശോധിക്കുകയാണ് എങ്കില്‍ ഇസ്ലാം സ്ത്രീക്ക് ഇണയെ തെരഞ്ഞെടുക്കാനുള്ള അവകാശം നല്‍കിയിരുന്നു എന്നും  കാണാന്‍ സാധിക്കും . “വിധവയോട് അനുവാദം ചോദിക്കാതെ  അവളെ വിവാഹംചെയ്തു കൊടുക്കരുത്. കന്യകയോട്‌ സമ്മതം  ആവശ്യപ്പെടാതെ അവളുടെ വിവാഹം നടത്തരുത്” എന്ന് നബി പറഞ്ഞിട്ടുണ്ട് . തനിക്കു വേണ്ടി കണ്ടെത്തിയ പുരുഷനെ ഇഷ്ടമായില്ലെങ്കില്‍ തുറന്നു പറയാനുള്ള അവകാശം മതം സ്ത്രീക്ക് നല്‍കിയിട്ടുണ്ട് എന്നത് ഇവിടെ സ്പഷ്ടമാണ് . അപ്പോള്‍ ഇന്നത്തെ മുസ്‌ലിം സമൂഹത്തില്‍ നടക്കുന്ന വിവാഹ മോചനങ്ങള്‍ പലതും മതത്തിന്റെ കണ്ണിലും നിയമത്തിന്റെ കണ്ണിലും സാധുതയില്ലാത്തതാണ് എന്നെ സമര്‍ഥിക്കാന്‍ സാധിക്കൂ .
“വിവാഹം എന്നത് കളിയല്ല . പരിശുദ്ധനായ ദൈവം കൂട്ടിയോജിപ്പിച്ച ബന്ധങ്ങള്‍ അറുത്തു മാറ്റുക എന്നത് അത്യന്തം ചിന്തിക്കേണ്ട വിഷയമാണ് . ഖുര്‍ ആനില്‍
തന്നെ വിവാഹ മോചനം എന്നത് ഏറ്റവും മോശപ്പെട്ട ഒരു കാര്യമായി പറയുന്നുണ്ട് . എന്നാല്‍ ചില പ്രത്യേക സാഹചര്യങ്ങളില്‍ വിവാഹ മോചനം എന്തിനെങ്കിലും
പരിഹാരം ആകും എന്നുണ്ടെങ്കില്‍ അത് ആകാമെന്നും വ്യവസ്ഥ ചെയ്യുന്നുണ്ട് . പക്ഷെ തീര്‍ത്തും ഒത്തു പോകാന്‍ സാധിക്കാത്ത സാഹചര്യം വരുമ്പോള്‍ മാത്രമാണ് ഒരു വിവാഹ മോചനത്തെ കുറിച്ച് ചിന്തിക്കാന്‍ സാധിക്കൂ . വാട്സ് അപ്പ് വഴിയുള്ള വിവാഹ മോചനങ്ങളില്‍ വിവാഹ മോചനത്തിന് മുന്‍പ് ചെയ്യേണ്ട
ചില കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നില്ല. ഇത് ഒരു വശത്ത് നിന്ന് മാത്രമുള്ള ഒരു നീക്കമാണ് . മറു വശത്ത് ഉണ്ടാകുന്ന അവസ്ഥയെ കുറിച്ച ചിന്തിക്കേണ്ട ധാര്‍മിക ഉത്തരവാദിത്തം ഇവിടെ കാണുന്നില്ല . പരസ്പര ധാരണയോടും സമ്മതത്തോടും കൂടിയല്ലാത്ത ഒരു വിവാഹ മോചനം ശരിയല്ല” സാമൂഹ്യ പ്രവര്‍ത്തകന്‍ ലബീബ് മുഹമ്മദ്‌ പറഞ്ഞു .
തലാഖ് എന്ന മൂന്നു അക്ഷരം കൊണ്ട് നിഷേധിക്കാവുന്നതല്ല ഒരു സ്ത്രീയുടെയും ജീവിതം . വിവാഹത്തിന് മുന്‍പ് പത്തും നൂറും വട്ടം നിയമവും അന്തസും യോഗ്യതയും ആറ്റിക്കുറുക്കി കിട്ടാനും വാങ്ങാനും ഉള്ളതെല്ലാം കണിശമായി വാങ്ങിയാണ് വധുവിനെ സ്വീകരിക്കുന്നത് . അതെ മര്യാദ എന്തുകൊണ്ട് വേണ്ടെന്നു വെക്കുമ്പോള്‍ ഉണ്ടാകുന്നില്ല എന്നതും പുരുഷന് സ്ത്രീയെ വേണ്ടെന്നു
വെക്കാന്‍ പ്രത്യേകിച്ച് കാരണമൊന്നും കാണിക്കാതെ തലാഖ് ചൊല്ലാം എന്ന് പറയുന്ന പണ്ഡിത സമൂഹം സ്ത്രീക് അസഹനീയനായ ഭര്‍ത്താവിനെ തലാഖ് ചൊല്ലാന്‍ എന്തുകൊണ്ട് ഇത്രയും  ആവേശം നല്‍കുന്നില്ല എന്നതും ഇന്നത്തെ സ്ത്രീ ചോദിക്കുന്നു . തലാഖിനപ്പുറം നിയമപരമായ സംരക്ഷണം തേടുന്നതില്‍ ഇന്ന് മുസ്ലീം സ്ത്രീകള്‍ മുന്നിട്ടു നില്‍ക്കുന്നു . തലാഖിനെക്കാള്‍ നിയമപരമായ വിവാഹ മോചനങ്ങളില്‍ സ്ത്രീകള്‍ക്ക് കുറെ കൂടി ആശ്വാസകരമായ അവസ്ഥ ലഭിക്കുന്നുണ്ട് എന്നാണു പൊതുവില്‍ അഭിപ്രായമുള്ളത് . ഒരു സുപ്രഭാതത്തില്‍ മൂന്നക്ഷരം കൊണ്ട് വിവാഹ ബന്ധം ഇവിടെ ഇല്ലാതാകുന്നില്ല  എന്നത് തന്നെയാണ് പ്രധാനകാരണം .
‘ ഭാര്യ വിരൂപിയും കിഴവിയും സഹവാസം കൊണ്ട് ആനന്ദം നല്കാത്തവളും ആണെങ്കില്‍ പോലും അവളുടെ കൂടെ തന്റെ ആയുസ് ചെലവഴിക്കാന്‍ ഭര്‍ത്താവ് പിശുക്ക് കാണിക്കരുത്’ എന്ന് ഇമാം റംസി പറയുന്നുണ്ട് . ഒറ്റയടിക്ക് മൂന്നും ചൊല്ലുന്ന മൊഴി ഇസ്ലാമികമല്ല എന്ന് മത ഗ്രന്ഥം തന്നെ അനുശാസിക്കുംപോഴും മതത്തെ മറയാക്കി തന്നെയാണ്  മൂന്നു വട്ടം മൊഴി ചൊല്ലി ബന്ധം ഒഴിയുന്നത് .
“വിവാഹ മോചനങ്ങള്‍ എത്രകണ്ട് കേരളത്തില്‍ നടക്കുന്നുണ്ട് എന്ന് അറിയണമെങ്കില്‍ കോടതികളിലെ റെക്കോര്ഡ് നോക്കിയാല്‍ മതി എന്നാല്‍ അതെല്ലാം നിയമപ്രമായതും കോടതി ഇടപെടലുകള്‍ കൊണ്ട് സാധ്യമായവയുമാകും . ഇതിലും എത്രയോ ഇരട്ടിയാണ്
കേരളത്തില്‍ നടന്നു കൊണ്ടിരിക്കുന്ന തലാഖുകള്‍ . അപൂര്‍വ്വം ചില കേസുകള്‍ ഇത്തരം തലാഖുകള്‍ക്കെതിരെ കോടതിയില്‍ എത്തുന്നുണ്ട് . വിദ്യാഭ്യാസ പരമായും സാമൂഹിക പരമായും മുന്നില്‍ നില്‍ക്കുന്ന ചിലരെങ്കിലും യാഥാസ്ഥിതികമായ തലാഖുകള്‍ അല്ലാതെ വിവാഹ മോചനത്തിനായി കോടതിയെ സമീപിക്കുന്നുണ്ട് . എന്നാല്‍ ഈ കണക്കുകള്‍ എടുത്തു കേരളത്തിലെ വിവാഹ മോചനങ്ങള്‍ എത്രയെന്നു പറയുക സാധ്യമല്ല” എന്ന് അഭിഭാഷകയായ ജയന്തി പറയുന്നു
തലാഖിനെതിരെ കോടതിയെ സമീപിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്‌ ഉണ്ടായ സാഹചര്യത്തില്‍ തലാഖുകള്‍ നിരോധിക്കണം എന്നും സ്ത്രീപുരുഷ വിവേചനവും അനീതിയും നിറഞ്ഞതാണ്‌ തലാഖുകള്‍ എന്നും ചൂണ്ടിക്കാട്ടി അടുത്തിടെ കേന്ദ്ര വനിതാ ശിശു ക്ഷേമ കമ്മിഷന്‍ നിയോഗിച്ച നിയമ പരിഷ്കരണ സമിതി ശുപാര്‍ശ ചെയ്തിരുന്നു . തലാഖുകള്‍ ഏക പക്ഷീയമായ നടപടിയാണ് എന്നും സ്ത്രീയുടെ സുരക്ഷയ്ക്ക് ഇത്തരം വിവാഹ മോചനങ്ങള്‍ ഭീഷണിയാണ് എന്നും സമിതി നിരീക്ഷിച്ചു .മുസ്ലീം കൃസ്ത്യന്‍ വിവാഹ നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ സമിതി ശുപാര്‍ശ ചെയ്തിരുന്നു . വിവാഹം പുരുഷനും സ്ത്രീക്കും തുല്യത ഉറപ്പു വരുത്തേണ്ട ഒന്നാണ് എന്ന് സമിതി നിഷ്കര്‍ഷിക്കുന്നുണ്ട് അതിനാല്‍ തന്നെ പുരുഷന്റെ വിവാഹപ്രായം 18 ആക്കണം എന്നും ശുപാര്‍ശ ചെയ്യുന്നു .














No comments:

Post a Comment