Tuesday 3 November 2015

അന്യം നില്‍ക്കാതെ കരടിയാട്ടം



പാലക്കാട് ; പുരാതനമായ പല അനുഷ്ടാന കലകളും അന്യം നിന്നുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ കരടിയാട്ടം വ്യത്യസ്തമാകുന്നു .ഗോത്ര മേഖലയുമായി ബന്ധപ്പെട്ട പല അനുഷ്ടാന കലകളും കേരളത്തിലെ പല മേഖലകളിലും ഒരുപോലെ കാണപ്പെടുന്നുണ്ട് എന്നാല്‍ കരടിയാട്ടം പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആദിവാസികള്‍ക്കിടയില്‍ മാത്രം പ്രചാരമുള്ള ഒന്നാണ് . കരടിയാട്ടം സാധാരണയായി വിശേഷാവസരങ്ങളില്‍ നടത്തുന്ന ഒരു അനുഷ്ടാന കലയാണ് . പരേതന്റെ ആത്മ മോക്ഷത്തിനും ദൈവ പ്രീതിക്കുമായി ഉത്സവ വേളകളില്‍ അവതരിപ്പിക്കുന്ന ഒന്നാണു ഇത്. സ്ത്രീകളും പുരുഷന്മാരും ഇടകലര്‍ന്ന് ചോടുവച്ചു തീകുണ്ടത്തിനു ചുറ്റും നൃത്ത രൂപത്തില്‍ പാടിക്കളിക്കുകയാണ് ചെയ്യുന്നത് . ഏലേലെ ..........കരടി.........ഏലേലെ എന്ന് തുടങ്ങുന്ന ഒരു പാട്ടും ഇതിനുണ്ട് . ഈ പാട്ടിന്റെ തുടക്കത്തില്‍ സൂചിപ്പിക്കുന്ന പോലെ ഏലേലെക്കരടി എന്നും കരടിയാട്ടത്തിനു പേരുണ്ട് . അഗളി മേഖലയിലാണ് ഈ കലാവിരുന്ന് കൂടുതലായും പ്രചാരത്തില്‍ ഉള്ളത് . അഞ്ഞൂറിലേറെ വര്ഷം പഴക്കമുള്ള കലാരൂപമാണ്‌ കരടിയാട്ടം എന്ന് ചരിത്രകാരന്മാര്‍ പറയുന്നു . സ്ത്രീകളും പുരുഷന്മാരും തുല്യമായ എണ്ണത്തില്‍ പങ്കെടുക്കുന്നു . ലിംഗ ഭേദമില്ലാതെ ഒന്നായി ചോടുവച്ചു , ഒരേ മനസായി , ഒരേ നൂലിലെ മുത്തുകള്‍ പോലെ ഒരുമിച്ച് കത്തിയുയരുന്ന തീജ്വാലകള്‍ക്ക് ചുറ്റും അവര്‍ ആടുന്നു . വീര രസം പ്രകടിപ്പിക്കുന്ന സംഘ നൃത്തമാണ് ഇതെന്ന് പറയാം . അട്ടപ്പാടിയില്‍ അധികവും ഇരുളരും മദുകരും ആണ് ഉള്ളതെങ്കിലും ഈ നൃത്തം ഇരുളര്‍ക്കിടയിലാണ് കൂടുതലും പ്രചാരമുള്ളത് .അട്ടപ്പാടിയിലെ ആദിവാസികളുടെ ഏറ്റവും പ്രധാന ഉത്സവമായ മല്ലീശ്വരം ശിവരാത്രി ദിവസം കരടിയാട്ടം അനുഷ്ടാനം പോലെ നടത്താറുണ്ട്‌ .മല്ലീശ്വര പര്‍വതത്തെ ആകമാനം ശിവലിംഗമായി കണ്ടാണ്‌ ആരാധിക്കുന്നത് .ഏറ്റവും ചുരുങ്ങിയത് പത്ത് പേരെങ്കിലും ഈ നൃത്തത്തില്‍ പങ്കെടുക്കണം . ഇതിലും കൂടുതല്‍ എണ്ണം ആളുകളും പങ്കെടുക്കാറുണ്ട് . അനുഷ്ടാന കലകള്‍ പലപ്പോഴും നല്ല വേഷ വിധാനതോട് കൂടിയതായിരിക്കും എന്നാല്‍ ഏലേല കരടിക്ക് പ്രത്യേക വേഷ വിധാനങ്ങള്‍ ഒന്നുമില്ല . പരമ്പരാഗതമായ ആദിവാസി വസ്ത്രങ്ങള്‍ തന്നെയാണ് ഇവിടെ ഉപയോഗിക്കുന്നത് . ചെണ്ടയാണ് പ്രധാന വാദ്യം . കുറുംകുഴലുകളും തകിലും ചിലപ്പോള്‍ ഉപയോഗിക്കാറുണ്ട് . രാത്രികളില്‍ ആണ് ഏലേലക്കരടി കൂടുതലും നടക്കുന്നതെങ്കിലും പകലും ചിലപ്പോള്‍ കളി നടക്കാറുണ്ട് .മനുഷ്യനും കരടിയും തമ്മിലുള്ള ഒരു ഏറ്റു മുട്ടലാണ് നൃത്തത്തിന്റെ പ്രമേയം . പാട്ടിലും ഇത് തെളിഞ്ഞു വരുന്നു . വീര രസമുള്ള ഈ നൃത്തത്തില്‍ കരടിയുടെ ശല്യം മൂലം അതിനെ വേട്ടയാടാന്‍ പോകുന്നതും ഇരുവരും തമ്മില്‍ ഏറ്റു മുട്ടുന്നതും അവസാനം അതിനെ കൊല്ലുന്നതും വ്യക്തമാക്കുന്നു . താളാത്മകമായ ചുവടുകളും ഇടയ്ക്കിടയ്ക്ക് പോരിനു വിളിക്കുന്നതും അലര്‍ച്ചകളും ഒക്കെ നൃത്തത്തില്‍ ഉണ്ട് . കേരളത്തിലും തമിഴ്നാട് അതിര്‍ത്തിയിലും ഉള്ള പ്രധാന ഗിരിവര്‍ഗമായ ഇരുളരുടെ ജീവിതത്തില്‍ കരടി എന്നും ഉറക്കം കൊല്ലിയാണ് . നിത്യജീവിതവും പ്രകൃതിയുമായും ഇഴ ചേര്‍ന്നുള്ള ഒരു കലാരൂപമാണ്‌ ഇത് .ആദ്യകാലങ്ങളില്‍ ഗുഹകളില്‍ കഴിഞ്ഞിരുന്ന ഇവര്‍ കൃഷിചെയ്തും ചെറു മൃഗങ്ങളെ വേട്ടയാടിയും ആണ് ജീവിച്ചിരുന്നത് . സ്വജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആണ് ഇവരുടെ ആരാധനയിലും കലകളിലും തെളിഞ്ഞു കാണുന്നത് . 

No comments:

Post a Comment