Friday 13 November 2015

ചിതറാല്‍ - ചിതലരിക്കാത്ത ജൈന സംസ്കൃതി !




തിരുവനനതപുരം ; ദൂരെ പൊട്ട് പോലെ കാണുന്ന പട്ടണങ്ങള്‍ , പള്ളിമേടകള്‍ , ആശുപത്രികള്‍ , അങ്ങിങ്ങ് പാദസരം പോലെ നീരുറവകള്‍ , താഴെ പച്ചപ്പുതപ്പില്‍ തഴുകുന്ന മഞ്ഞലകള്‍ , നീണ്ടു നേര്‍ത്ത നീര്ച്ചാല് പോലെ താമ്രപര്‍ണി നദിയും കുഴിത്തുറ പുഴയും മറ്റു ചെറിയ നദികളും അവയുടെ കൈവഴികളും അങ്ങകലെ പശ്ചിമഘട്ട മലനിരകളും .... എല്ലാം ചേര്‍ത്തൊരു അവിസ്മരണീയ കാഴ്ചയാണ് ചിതറാല്‍ മല സമ്മാനിക്കുന്നത് .തിരുവനന്തപുരം കന്യാകുമാരി റൂട്ടില്‍ മാര്‍ത്താണ്ഡത്ത് നിന്ന് ആറു കിലോമീറ്റര്‍ അകലെയാണ് ചിതറാല്‍ ജൈന ക്ഷേത്രം . ഈ സ്ഥലം ചരിത്രപരമായി അറിയപ്പെടുന്നത്‌ തിരുച്ചരണാത്തുപള്ളി എന്നാണ് .  ചിതറാല്‍ മല തദ്ദേശീയരുടെ ഭാഷയില്‍ മലൈ കൊവിലാണ് .മലമുകളില്‍ ഒന്‍പതാം നൂറ്റാണ്ടിലെതെന്ന് കരുതപ്പെടുന്ന കല്‍ നിര്‍മിതമായ ഈ ക്ഷേത്രം കോട്ടം തട്ടാതെ ഇന്ന് ഭാരത സര്‍ക്കാരിന്റെ പുരാവസ്തു വകുപ്പ് സംരക്ഷിച്ചു വരുന്നു . നൂറ്റമ്പതു ഏക്കറോളം വരുന്ന ഈ മലമ്പ്രദേശം വേലികള്‍ കെട്ടി തിരിച്ചിട്ടുണ്ട് .മലയുടെ താഴ്വാരത്ത് വരെ മാത്രമേ വാഹനങ്ങള്‍ കയറൂ . ഇവിടെ നിന്ന് ഒന്നര കിലോമീറ്റര്‍ കയറി വേണം ക്ഷേത്രത്തില്‍ എത്താന്‍ . കരിങ്കല്ലുകള്‍ പാകി മനോഹരമാക്കിയ വീഥിയില്‍ ഇടയ്ക്കിടയ്ക്ക് നിരപ്പായ സ്ഥലങ്ങളും ഇടയ്ക്കിടയ്ക്ക് പടികളും ഉണ്ട് . മല കയറി ക്ഷീണിതരായവര്‍ക്ക് ഇരിക്കാന്‍ വീഥിയുടെ ഇരു വശവും കരിങ്കല്ല് കൊണ്ട് ഇരിപ്പിടങ്ങള്‍ നിര്‍മിച്ചും തണലിനായി ബദാം പോലുള്ള മരങ്ങള്‍ നട്ടും സൌകര്യം ഒരുക്കിയിട്ടുണ്ട് .കുന്നിന്റെ മുകള്‍ഭാഗം വരേക്കും കരിങ്കല്ലു പാകിയ വഴിയുണ്ട്‌. വലിയ പാറക്കെട്ടുകള്‍ നിറഞ്ഞതാണ്‌ ചിതറാല്‍ മല .ഈ പാറക്കെട്ടുകള്‍ പലതും യാത്രികരില്‍ അത്ഭുതം നിറയ്ക്കും . എത്രയെത്ര രൂപ ഭാവങ്ങള്‍ ഓരോ പാറക്കും സങ്കല്പിച്ചു നല്‍കാനാകുമെന്നോ ! മലയുടെ മുകള്‍ ഭാഗത്ത് ക്ഷേത്രത്തിലേക്ക് ഉള്ള വഴിയില്‍ ചെറിയൊരു പൂന്തോട്ടവും കല്‍ ബഞ്ചുകളും ഉണ്ടാക്കിയിട്ടുണ്ട് . മരത്തിന്റെ കുറ്റികളും മറ്റും ഇരിക്കുന്നതിനുതകുന്ന രീതിയില്‍ നിര്മിചെടുതിട്ടുണ്ട് . ക്ഷേത്രത്തിലേക്കുള്ള വീഥി ആദ്യകാലത്ത് കരിങ്കല്ല് പാകിയതായിരുന്നില്ല . ഏഴു വര്‍ഷങ്ങള്‍ക്കു മുന്‍പാണ് ഇവിടെ കരിങ്കല്ല് പാകി മനോഹരമാക്കിയത് . ഇവിടെയുള്ള വലിയ പാറകള്‍ പൊട്ടിച്ചെടുത്ത് ആണ് വീഥിയുടെ നിര്‍മിതി . വീഥിയുടെ ഇരു വശത്തും പ്രകൃതി രമണീയമായ ദൃശ്യങ്ങള്‍ ആണ് .ദൂരെ പൊട്ട് പോലെ കാണുന്ന സമീപ പട്ടണങ്ങള്‍ , അകലെ ഒഴുകുന്ന താമ്രപര്‍ണി നദിയും കുഴിത്തുറ പുഴയും   എല്ലാം വിസ്മയത്തോടെ കാണാം . മല കയറി മുകളില്‍ എത്തുമ്പോള്‍ നിറയെ ശിഖരങ്ങള്‍ ഉള്ള ഒരു പേരാല്‍ കാണാം . രണ്ടു വലിയ പാറകള്‍ക്കരികെ നില്‍ക്കുന്ന പേരാല്‍ മരത്തിന്റെ തണലില്‍ കല്‍ബഞ്ചുകള്‍ ക്രമീകരിച്ചിരിക്കുനു. പേരാല്‍ ചുവട്ടില്‍ നിന്ന് കുറച്ചു പടികള്‍ കയറിയാല്‍ ജൈനമാതൃകയില്‍ കല്ലില്‍ നിര്‍മിച്ചു ചുണ്ണാമ്പുകൂട്ടുകൊണ്ടു പൊതിഞ്ഞ ക്ഷേത്ര ഗോപുരമാണ് ആദ്യം കാണാനാകുക. എന്നാല്‍ ഇതിന്റെ കവാടത്തില്‍ എത്താന്‍ രണ്ടു വലിയ പാറകള്‍ക്കിടയിലെ വലിയ വിടവിലൂടെ അപ്പുറത്തേക്ക് കടക്കണം .ഈ വഴിയുടെ ആദ്യഭാഗത്തു കല്ലുകൊണ്ടുള്ള ഒരു കവാടം ഉണ്ട്‌. ഈ കവാടം കടന്ന്, പാറകളുടെ വിടവിലൂടെ നടന്ന് അപ്പുറത്ത് എത്താം . ഇതില്‍ ഒരു പാറയുടെ മുകളില്‍ പണി പൂര്‍ത്തിയാവാത്ത ഒരു ചെറിയ മണ്ഡപം ഉണ്ട്‌. ഇത് വഴി ക്ഷേത്രത്തിന്റെ മുന്‍ വശത്ത് എത്തിച്ചേരാം . ധ്യാനിച്ചിരിക്കുന്ന ജൈന സന്യാസിമാരുടെ വിവിധ രൂപങ്ങള്‍ പാറയുടെ ഒരു വശത്ത് കൊത്തി വച്ചിരുന്നു . ഇത് കൂടാതെ വിവിധ  സ്ത്രീ പുരുഷ സന്യാസിമാരുടെ ശില്പങ്ങളും സിംഹത്തിന്റെ സമീപത്തു നില്‍ക്കുന്ന ഒരു ദേവിയുടെ ശില്‍പവും ഉണ്ട് . നൂറ്റാണ്ടുകളായി നില്‍ക്കുന്ന ഈ പ്രതിമകള്‍ വെയിലും മഴയും ഏറ്റിട്ടും കേടുപാടുകള്‍ ഇല്ലാതെ നില നില്‍ക്കുമ്പോള്‍ അന്നത്തെ കൊത്ത് പണികളുടെ  പരിപൂര്‍ണത എടുത്തു പറയേണ്ടതാണ്. മുഴുവനായും കല്ലില്‍ തീര്‍ത്ത ഒരു ക്ഷേത്രവും, ബലിപീഠവും ഇവിടെ ഉണ്ട്‌. ക്ഷേത്രത്തിന്റെ ഇടതു വശത്തായി ചെറിയ ഒരു നാഗരാജ പ്രതിഷ്ഠയും കാണാം. ഒരു വലിയ പാറയെ ശിരസില്‍ വഹിക്കുന്ന രീതിയില്‍ ആണ് നാഗ ക്ഷേത്രം നില്‍ക്കുന്നത് എന്ന് തോന്നും. മഞ്ഞള്‍ പൊടിയില്‍ ആറാടി നില്‍ക്കുന്ന നാഗ വിഗ്രഹങ്ങള്‍ ! ഇനി ഇടത്തോട്ടു തിരിഞ്ഞാല്‍ ക്ഷേത്രത്തിന്റെ മുന്‍ വശമായി . തറയ്ക്ക് ഏകദേശം ഏഴടി ഉയരമുണ്ട് . പടികള്‍ കയറിയാല്‍ കൊത്തുപണികള്‍ ഉള്ള കൂറ്റന്‍ കരിങ്കല്‍ തൂണുകള്‍ കാണാം . പ്രധാന ക്ഷേത്രത്തിന്റെ ഉള്ളിലുള്ള മണ്ഡപത്തില്‍ പതിനാറു കല്‍ത്തൂണുകളുണ്ട്. അതില്‍ 8 കല്‍ത്തൂണുകള്‍ ചിത്രാലംകൃതമാണ്. അവിടെ മൂന്നു മുനികളുടെ ഗുഹകള്‍ ഒന്നിനൊന്നായി ചേര്‍ന്നിരിക്കുന്നു.നടുവില്‍ മഹാവീരതീര്‍ത്ഥങ്കരന്റേയും,വലത് ഭാഗത്ത് പത്മാവതിദേവിയുടേയും,ഇടത് ഭാഗത്ത് പാര്‍ശ്വനാഥന്റേയും ശ്രീകൊവിലുകള്‍ ആണ് . മൂന്നു ശ്രീകൊവിലുകള്‍ക്ക് മുന്നിലും ചെന്നാലാണ് പ്രതിഷ്ഠകള്‍ ബഹുദൂരം അകത്താണ് എന്ന് മനസിലാകുക.ആയിരത്തോളം വര്‍ഷം പഴക്കം കല്‍പ്പിക്കപ്പെടുന്ന ഈ ക്ഷേത്രം ഒരിക്കല്‍ തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാള്‍ പുനരുദ്ധരിച്ചു. പ്രാചീനകാലം തൊട്ടേ തിരുച്ചാരണത്ത് മല ഭാരതത്തിലെ സുപ്രധാന ജൈന സങ്കേതങ്ങളിലൊന്നായി പ്രസിദ്ധി നേടിയിരുന്നു.1913 ല്‍ തിരുവിതാംകൂര്‍ രാജാവായ ശ്രീമൂലം തിരുനാള്‍ പദ്മാവതി ദേവിയെ മാറ്റി ഭഗവതിയെ കുടിയിരുത്തി. അന്നു മുതല്‍ ഈ സ്ഥലം ഭക്തരുടെ പ്രിയപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ്‌. നിത്യേന വൈകിട്ട് അഞ്ച് മണിവരെ പൂജകള്‍ ഉണ്ടെന്നും ഈ നേരം വരെ നട തുറന്നിരിക്കും എന്നും വീണ്ടും വൈകിട്ട് എട്ടരക്ക് തുറക്കുമെനും  ഒരു പ്രദേശ വാസി പറഞ്ഞു .ക്ഷേത്രത്തിനു മുന്നില്‍ ചില പൂച്ചെടികളും  ചെറിയ മരങ്ങളും വച്ച് പിടിപ്പിച്ചിട്ടുണ്ട് . ബലിക്കല്ലിനു സമീപം ഒരു വേപ്പ് മരം തണല്‍ വിരിച്ചു നില്‍ക്കുന്നു .അവിടെ നിന്ന് കുറച്ചു പടികള്‍ ഇറങ്ങിയാല്‍ വലിയൊരു പാറയും അവിടെ പ്രകൃത്യാ തന്നെ രൂപപ്പെട്ട ഒരു കുളവും കാണാം . ഇതിലെ വെള്ളം ഒരിക്കലും വറ്റാരില്ലത്രേ ! കുളത്തിലെ വെള്ളം കണ്ണീരു പോലെ തെളിഞ്ഞതും ശുദ്ധവുമാണ് . ഒരു വലിയ ശംഖില്‍ നിന്ന് ധാര യൊഴുകുന്ന പോലെ കുളത്തില്‍ നിന്ന് വെള്ളം ഒരു ഭാഗത്ത് കൂടി ഒലിച്ചിരങ്ങുന്നത് കാണാം .കുളം കഴിഞ്ഞാല്‍, ഒരു വലിയ പാറയുടെ അപ്പുറം ചെങ്കുത്തായ താഴ്‌വരയാണ്‌. ക്ഷേത്ര പരിസരം വളരെ വൃത്തിയായി സംരക്ഷിച്ചിരിക്കുനതു കണ്ടപ്പൊള്‍ സന്തോഷം തോന്നി . ക്ഷേത്രത്തിന്റെ പരിസരം മാത്രമല്ല ഒന്നര കിലോമീറ്റര്‍ നടന്നു കയറുന്ന ഇടമെല്ലാം അത്യധികം വൃത്തിയായി സംരക്ഷിച്ചിട്ടുണ്ട് .ക്ഷേത്രത്തിന്റെ  വലതു ഭാഗത്തായി ഒരു മടപ്പള്ളി ഉണ്ട്. ഇവിടെയാണ്‌ ഭക്തര്‍ നിവേദ്യം ഉണ്ടാക്കുന്നത്‌. ചെറിയ അടുപ്പുകള്‍ ഇവിടെ കാണാം . ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും എത്തി ദേവിക്ക് പൊങ്കാലയിടാം എന്ന് പ്രദേശ വാസികള്‍ പറഞ്ഞു. ഇതിനടുത്തായി ഒരു പാറയില്‍ പ്രാചീന ലിപിയില്‍ ശിലാ ശാസനങ്ങള്‍ എഴുതിയിരിക്കുന്നു . ഇപ്പോള്‍ ഹിന്ദുക്കളുടെ ആരാധനാമൂര്‍ത്തിയായി തീര്‍ന്നിരിക്കുന്ന തിരുച്ചാരണത്ത് ഭഗവതി കൊല്ലവര്‍ഷം അഞ്ചാം ശതകാരംഭം വരെ തിരുച്ചാരണത്ത് ഭട്ടാരിയാര്‍ എന്ന പേരില്‍ പ്രസിദ്ധമായിരുന്ന പത്മാവതീദേവിയാണെന്ന് പാറയില്‍ കാണപ്പെടുന്ന ഒരു ലിഖിതത്തില്‍ നിന്നും മനസ്സിലാക്കാം.ആയ് രാജാവായിരുന്ന വിക്രമാദിത്യവരഗുണന്റെ കാലത്ത് സ്ഥാപിക്കപ്പെട്ട ഒരു ശാസനത്തില്‍ ഭട്ടാരിയാര്‍ക്ക്ചില വഴിപാടുകള്‍ നടത്താന്‍ വ്യവസ്ഥ ചെയ്തിരുന്നതായി കാണിച്ചിരിക്കുന്നു.വട്ടെഴുത്തിലാണീ ശാസനം. ക്രിസ്തു വര്ഷം  എട്ടാം നൂറ്റാണ്ടു മുതല്‍ 12-ആം നൂറ്റാണ്ടുവരെ ജൈനരുടെ പ്രമുഖ കേന്ദ്രമായിരുന്നു കന്യാകുമാരി. ക്രിസ്തുവിനു മുന്‍പു  പതിമൂന്നാം നൂറ്റാണ്ടുവരെ ചിതറാല്‍  ക്ഷേത്രം ജൈന ക്ഷേത്രമായിത്തന്നെ നിലനിന്നിരുന്നു. ക്രിസ്തു വര്ഷം  889ലെ ശാസനത്തില്‍ ഒരു ജൈന സന്യാസിനി ഈ സ്ഥലം സന്ദര്‍ശിക്കുകയും ഒരു ഗുഹയില്‍ പത്മാവതി യക്ഷി വിഗ്രഹത്തെ പ്രതിഷ്ഠിക്കുകയും ചെയ്തിരുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഈ പത്മാവതി യക്ഷി വിഗ്രഹമായിരിക്കാം പിന്നീട് ഭഗവതിയായി അറിയപ്പെടാന്‍ തുടങ്ങിയത്. ഇവിടെയുള്ള ഒരു പാറയുടെ മുകളില്‍ യക്ഷ-യക്ഷികളുടേയും തീര്‍ത്ഥങ്കരരുടേയും വിഗ്രഹങ്ങള്‍ കടഞ്ഞെടുത്ത് ക്ഷേത്രത്തിലേക്ക് ദാനം ചെയ്ത വിവരം പ്രാചീന മലയാളം ലിപിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണ ഭാരതത്തിലെ ജൈനരുടെ ശിലാന്യാസങ്ങള്‍ പ്രാചീന മലയാളം ലിപിയിലും, തമിഴ്, കന്നട ഭാഷകളിലുമായിരുന്നു. ശ്വേതാംബരന്മാരും ദിഗംബരന്മാരും എന്ന് രണ്ടു വിഭാഗം ജൈനര്‍ ഉണ്ടെങ്കിലും ദിഗംബരന്മാരുടെ പ്രധാന സ്ഥലമാണ് ഇവിടം . ഇപ്പോഴും വല്ലപ്പോഴുമൊക്കെ ജൈന സന്യാസിമാര്‍ ഇവിടെ വരാറുണ്ട് എന്നും വലിയൊരു തുണികൊണ്ട് വായ മൂടിക്കെട്ടി വഴിനീളെ തൂത്തു വൃത്തിയാക്കിയുമാണ്‌ ജൈന സന്യാസിമാര്‍ പോകുന്നതെന്നും പ്രായം ചെന്ന ഒരു പ്രദേശവാസി പറഞ്ഞു . ജൈന സന്യാസിമാര്‍ വന്നാല്‍ പച്ച അരി, പൂവ് , ജലം , മുന്തിരിപ്പഴം എന്നിവയൊക്കെ  വച്ച് പൂജ കഴിച്ച് ഏറെ നേരം ധ്യാനിച്ചിരുന്നു മടങ്ങിപ്പോകും എന്നും ഇയാള്‍ പറഞ്ഞു .പണ്ടുകാലത്തു ജൈനന്മാരുടെ പാഠശാലയായ ഇവിടെ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ വിദ്യാഭ്യാസം നടത്തിയിരുന്നുവത്രേ . തമിഴ്‌ നാടിന്റെ ഈ ഭാഗത്തു ജൈന സ്വാധീനം ഉണ്ടാവാന്‍ ജൈന രാജാവ് മഹേന്ദ്ര വര്‍മന്‍ ആണെന്നും ഇയാള്‍ പറഞ്ഞു . ഏറെ പണ്ട് ആദിവാസി വിഭാഗങ്ങള്‍ ഇവിടെ ഉത്സവം കൊണ്ടാടുമായിരുന്നു എന്നും പതിനൊന്നു ദിവസം നീളുന്ന ഉത്സവത്തില്‍ അവരുടെ തനതു നൃത്തവും പാട്ടും ആട്ടവും രാവേറെ ചെല്ലും വരെ ഉണ്ടായിരുന്നു എന്നും ഇയാളില്‍ നിന്ന് അറിയാനായി എന്നാല്‍ എന്തുകൊണ്ടോ ഒരു വ്യാഴവട്ട കാലമായി ഈ ഉത്സവം നടന്നിട്ട് എന്നും അയാള്‍ നെടുവീര്‍പ്പിട്ടു . ജൈന ക്ഷേത്രം സ്ഥിതി ചെയ്യുന്ന പാറക്കെട്ടുകള്‍ക്ക് താഴെയായി ഉറിഞ്ചിപ്പാറ എന്ന പേരില്‍ അറിയപ്പെടുന്ന ഒരു പാറയുണ്ട്. ഈ പാറയിലെ ഒരു ചെറിയ ദ്വാരത്തില്‍ വാകൊണ്ട് ഉറിഞ്ചിയാല്‍ പാറയ്ക്കുള്ളില്‍ നിന്ന് ജലം പുറത്തുവരും എന്നും ഇയാള്‍ പറഞ്ഞു . ക്ഷേത്രത്തില്‍ നിന്ന് ഇറങ്ങി നടക്കുമ്പോള്‍ പടിക്കെട്ടുകള്‍ക്ക് സമീപം ഉള്ള വലിയ പാറകളില്‍ കയറി നോക്കിയാല്‍ ആണ് നാം എത്രമാത്രം ഉയരെയാണ് എന്ന് മനസിലാകുക ഇത്രയേറെ മനോഹരമായി സംരക്ഷിക്കപ്പെടുന്ന ഈ ക്ഷേത്ര പരിസരത്തും സുന്ദരമായ പാറക്കെട്ടുകളിലും വരച്ചും എഴുതിയും വച്ചത് കണ്ടാല്‍ വിഷമം തോന്നും ശത്രു സ്വന്തം ഉള്ളില്‍ തന്നെയാണ് എന്നും ആ ശത്രുവിനെ കീഴടക്കിയവന്‍ ലോകത്തെ ജയിച്ചവനാണ് എന്നും ജൈന സന്യാസിമാര്‍ വിശ്വസിക്കുന്നു . രാഗ – ദ്വേഷ – മോഹങ്ങളേ ; കര്മങ്ങളെ ജയിച്ചവനാണ് ജൈനന്‍ . പാറക്കെട്ടുകള്‍ക്കു നടുവില്‍ ധ്യാനത്തിലിരിക്കുന്ന ഒരു കരിങ്കല്‍ ക്ഷേത്രവും ചുറ്റും തലം കെട്ടുന്ന നിശബ്ദതയും വീശിയടിക്കുന്ന കുളിരുള്ള കാറ്റും കാലം നമിക്കുന്ന ശില്പഭംഗിയും എല്ലാമാണ് ചിതറാല്‍ എന്ന ജൈന ക്ഷേത്രം .


No comments:

Post a Comment