Tuesday 3 November 2015

കുമ്മാട്ടി വിശേഷങ്ങള്‍ !

പാലക്കാട് ; ദേവ പ്രീതിക്കായും വിളവെടുപ്പിനോട് അനുബന്ധിച്ചും ഓണത്തപ്പനെ വരവേല്‍ക്കാനും കാലടോഷങ്ങള്‍ തീര്‍ക്കാനും കുട്ടികള്‍ക്ക് നന്മ നേരാനും എത്തുന്ന നാടന്‍ കലാരൂപമാണ്  കുമ്മാട്ടി . ഇത് പാലക്കാട് ജില്ലയിലെ ഒട്ടു മിക്ക ഭാഗങ്ങളിലും തൃശൂര്‍ വയനാട് ജില്ലകളിലെ ചില ഭാഗങ്ങളിലും പ്രചാരത്തിലുണ്ട് . നന്മ നേരാന്‍ എത്തുന്ന കുമ്മാട്ടിക്കു പുരാണവുമായി ബന്ധമുണ്ടെന്നു പറയപ്പെടുന്നു . പാന്ധവരുടെ വനവാസസമായത് ശത്രു നിഗ്രഹത്തിനായി ശക്തി ലഭിക്കാന്‍ തപസു ചെയ്ത അര്‍ജുനന്റെ മുന്നില്‍ പരമശിവന്‍ കാട്ടാള രൂപത്തില്‍ കിരാത മൂര്തിയായി അവതരിച്ചു എന്നും ഇരുവരും ഒരു കാട്ട് പന്നിയെ നിഗ്രഹികാന്‍ തുനിയുകയും ചെയ്തു എന്നാല്‍ പന്നിയെ ആര് കൊന്നു എന്നതിന് വാഗ്വാദം ഉണ്ടാകുകയും അത് യുദ്ധത്തില്‍ കലാശിക്കുകയും ചെയ്തു . ഒടുവില്‍ കാട്ടാളനോട് അര്‍ജുനന്‍ അടിയറവു പറഞ്ഞു . ഉടന്‍ ശിവന്‍ താനെ സ്വരൂപം കാണിച്ചു ദിവ്യമായ പാശുപതാസ്ത്രം നല്‍കി എന്നാണു കഥ . കുമ്മാട്ടിക്കളി തൃശൂരിലെത്തുമ്പോള്‍ പ്രശസ്തമായ വടക്കുന്നാഥ ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഐതിഹ്യം . ഇവിടെ ശ്രീ പാര്‍വതിക്ക് ഭൂതഗണങ്ങളുടെ നൃത്തവും പാട്ടും കാണണം എന്നാ ആഗ്രഹം ശിവനോട് പറയുകയും അത് പ്രകാരം കുമ്മാട്ടി അവതരിക്കുകയും ചെയ്തു എന്ന് പറയപ്പെടുന്നു . കുനിശേരിയില്‍ എത്തുമ്പോള്‍ അവിടത്തെ പൂക്കുളങ്ങര ഭഗവതി ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഐതിഹ്യം .കോഴിക്കോട് സാമൂതിരി രാജാവ് നാടുകള്‍ കീഴടക്കി മുന്നോട്ടു പോയ്ക്കൊണ്ടിരുന്നപ്പോള്‍ കുനിശ്ശേരിയും പിടിച്ചടക്കാന്‍ ആഗ്രഹിച്ചു . കുനിശേരിയിലെ രാജാവ് നാട്ടുകാരുടെ സഹായത്തോടെയാണ് പോരിനിരങ്ങിയത് . നാല് നാള്‍ കഴിഞ്ഞിട്ടും പരിചയ സമ്പന്നരായ സാമൂതിരിയുടെ പടയാളികള്‍ക്ക് കുനിശേരിയുടെ മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ ആയില്ല . ഉടന്‍ സാമൂതിരി ദേവിയെ ശരണം പ്രാപിച്ചു . സാമൂതിരിയുടെ പ്രാര്‍ഥനയില്‍ സഹതാപം തോന്നിയ പൂക്കുളത്തമ്മ സമൂതിരിപ്പടക്ക് രക്ഷയായി . ഒടുവില്‍ സാമൂതിരി സൈന്യം വിജയം കണ്ടു . ഇതോടനുബന്ധിച്ച് സാമൂതിരി രാജാക്കന്മാര്‍ നടത്തുന്ന പൂക്കുളത്തമ്മയുടെ പിറന്നാള്‍ ആഘോഷം പിന്നീട് കുമ്മാട്ടി മാമാങ്കം എന്ന് അറിയപ്പെട്ട് തുടങ്ങി . കുമ്മാട്ടിയെ ഏറ്റവും മനോഹരമാക്കുന്നത് അതിന്റെ വേഷം തന്നെ . പുല്ലു കൊണ്ട് നെയ്ത വസ്ത്രങ്ങളാണ് കുമ്മാട്ടി ഉപയോഗിക്കുന്നത് . തകില്‍ , ചെണ്ട , നാദസ്വരം ,ചേങ്ങില തുടങ്ങിയ വാദ്യങ്ങളുടെ അകമ്പടിയോടെ ചോടുവച്ചു കളിച്ച് വീടുകള്‍ കയറി ഇറങ്ങുന്ന കുമ്മാട്ടി വീട്ടുകാരെ അനുഗ്രഹിച്ചു ആശീര്‍ വദിച്ചു ഉപഹാരങ്ങള്‍ സ്വീകരിച്ചു മടങ്ങും . കുമ്മാട്ടിയുടെ വേഷം പോലെ തന്നെ ആകര്‍ഷകമായ മുഖം മൂടികളും ഉണ്ട് . കമുകിന്‍ പാളകള്‍ ഉപയോഗിച്ചും കനം കുറഞ്ഞ മരത്തടികള്‍ ഉപയോഗിച്ചുമാണ് മുഖം മൂടികള്‍ ഉണ്ടാക്കുന്നത് . ശിവന്‍ , സുഗ്രീവന്‍ , ബാലി , കാളി തെയ്യം , മുത്തശന്‍ , മുത്തശ്ശി , കാട്ടാളന്‍ , കാലന്‍ , ഗരുഡന്‍ , ഗണപതി , കൃഷ്ണന്‍ , ബ്രഹ്മാവ്‌ , ഹനുമാന്‍ , തുടങ്ങിയവയാണ് സാധാരണ കുമ്മാട്ടി രൂപങ്ങള്‍ . പ്ലാവിന്റെ വേര് നെല്ലിലും എണ്ണയിലും ഇട്ട് പുഴുങ്ങി പാകപ്പെടുത്തിയാണ് മുഖം മൂടികള്‍ ഉണ്ടാക്കുന്നത്‌ . പ്രകൃതി ദത്ത നിറങ്ങള്‍ ഉപയോഗിച്ച് ചിത്രപ്പണികള്‍ നടത്തി മ്നോഹരമാക്കും .  പര്‍പ്പടക പുല്ലു വാഴ നാരു വച്ച് കെട്ടിയാണ് വസ്ത്രങ്ങള്‍ തയാറാക്കുന്നത് . ഓണത്തിന് മലബാറിലും വള്ളുവനാടിലും തൃശൂരിന്റെ ചില ഭാഗങ്ങളിലും കുമ്മാട്ടി വരാറുണ്ട് . കുട്ടി കുമ്മാട്ടികളും ഈ സമയത്ത് ധാരാളമായി എത്തുന്നു . കുമ്മാട്ടി കെട്ടുന്ന പുല്ലു ഔഷധ ഗുണമുള്ളതാണ് . സുഗന്ധമുള്ള ഈ പുല്ലു ശരീരത്തില്‍ വച്ച് കെട്ടുമ്പോള്‍ ഓക്സിജന്‍ പ്രവഹിക്കും മറ്റു പുല്ലുകള്‍ ശരീരത്തില്‍ ചൊറിച്ചില്‍ ഉണ്ടാക്കും . ഓണക്കാലത്ത് കുട്ടിക്കുമ്മാട്ടികള്‍ക്ക് വരുത്തുപ്പെരികള്‍ ആണ് ധാരാളമായി നല്‍കുന്നത് . തൃശൂരില്‍ കിഴക്കുംപാട്ട് കര കുമ്മാട്ടിയും പാലക്കാട് കുനിശ്ശേരി പൂക്കുളങ്ങര കുമ്മാട്ടിയുമാണ് പ്രശസ്തം . ഓണനാളുകളില്‍ ഇവിടെ നടക്കുന്ന കുമ്മാട്ടി കളിയില്‍ അന്‍പതോളം കുമ്മാട്ടികള്‍ ആണ് പങ്കെടുക്കുക . കുനിശേരിയില്‍ ഉത്സവ കാലത്ത് നടക്കുന്ന കുമ്മാട്ടിക്കു പത്ത് ഗജ വീരന്മാരുടെ അകമ്പടിയുണ്ടാകും തലേ ദിവസം കണ്യാര്‍ കളിയും ഉണ്ടാകും .
“കുണ്ടന്‍ കിണറ്റില്‍ കുറുവടി പോയാല്‍
കുമ്പിട്ടെടുക്കും കുമ്മാട്ടി
പൊക്കത്തിലുള്ളോരു വാളന്‍ പുളിങ്ങ
എത്തിച്ചു പൊട്ടിക്കും കുമ്മാട്ടി .. എന്ന് തുടങ്ങുന്ന പാട്ട് കുമ്മാട്ടിയെ വരവേല്‍ക്കാന്‍ തകര പാട്ടയും കിണ്ണവും കൊട്ടി കുട്ടികള്‍ പാടുന്നതാണ് . കുട്ടികള്‍ക്ക് എന്നും ഹരവും രസവുമാണ്‌ കുമ്മാട്ടി . അസാധ്യമെന്നു തോന്നുന്ന കൊച്ചു കൊച്ചു കാര്യങ്ങള്‍ അവര്‍ക്ക് സാധിച്ചു കൊടുക്കുന്ന ഒരു സൂപ്പര്‍ ഹീറോ പരിവേഷം കുമ്മാട്ടിക്കു ഉണ്ണികള്‍ അനുവദിച്ചു നല്‍കുന്നു .

No comments:

Post a Comment