Tuesday 27 October 2015

അമ്പതു ശതമാനം വനിതാ സംവരണം ലോകസഭ യിലും വേണം – ദാഗുപതി പുരന്തെശ്വരി



തിരുവനന്തപുരം; ആന്ധ്ര പ്രദേശിലെ ആദ്യത്തെ കോണ്‍ഗ്രസ്സേതര  മുഖ്യ മന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടിയുടെ സ്ഥാപക നേതാവുമായ എന്‍ ടി രാമറാവുവിന്റെ മകള്‍.  യു പി ഏ യുടെ രണ്ടാം ഊഴത്തില്‍  മാനവ വിഭവ ശേഷി സഹമന്ത്രി.  കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍  വിശാഖപട്ടണം മണ്ഡലത്തില്‍ കോണ്‍ഗ്രസ്‌ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് ബിജെപിയില്‍ ചേക്കേറി . നിലവില്‍ ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്ച്ചയുടെ ചുമതലയുള്ള പാര്‍ട്ടിയുടെ ദേശീയ  നിര്‍വാഹക സമിതി അംഗം . അതാണ്‌ പുരന്തെശ്വരി.  ഹിന്ദുസ്ഥാന്‍ സമാചാര്‍ ലേഖിക ശാലിനി ടി എസ്സ്  നടത്തിയ  അഭിമുഖത്തില്‍ നിന്ന് ...
 ചോ : ദക്ഷിണേന്ത്യയിലെ  ഒരു പ്രബല രാഷ്ട്രീയ കുടുംബത്തില്‍ ജനനം . തെലുങ്ക് ദേശം പാര്‍ട്ടിയുടെ സ്ഥാപക നേതാവ് എന്‍ ടി രാമറാവുവിന്റെ മകള്‍ . കൊണ്ഗ്രെസ് ടിക്കറ്റില്‍ നിന്ന് ജയിച്ചു മന്‍മോഹന്‍ മന്ത്രിസഭയില്‍ അംഗം .  ഇപ്പോള്‍ ബിജെപി നേതാവ്. ഈ മൂന്നു പാര്‍ട്ടി  കളെയും എങ്ങിനെ വിലയിരുത്തുന്നു ?
ഉ :  ഭാരതീയ ജനതാപാര്‍ട്ടി  മറ്റു രാഷ്ട്രിയ പാര്‍ട്ടികളില്‍  നിന്നും തികച്ചും വ്യത്യസ്തമാണ്. ഒരുപക്ഷേ  മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്  ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ നില അത്ര മെച്ചമായിരിക്കില്ല. എന്നാല്‍ മറ്റു പാര്‍ട്ടികളുടെ പൊള്ളത്തരങ്ങളില്‍ മനംമടുത്ത ജനം ഇപ്പോള്‍  ബിജെപിയിലേക്ക്  അടുത്തുകൊണ്ടിരിക്കുന്നു. . ഇന്ത്യ മാറ്റതിന്റെയും മുന്നേറ്റത്തിന്റെയും പാതയിലാണ് . ആ മാറ്റത്തില്‍ , ആ പുരോഗതിയില്‍ ഒരു ഭാഗമാകാന്‍ ബിജെപി തന്നെയാണ് മികച്ച മാര്‍ഗം . ആന്ധ്രയിലെ ജനങ്ങളുടെ  മനംമാറ്റം മനസിലാക്കാന്‍ കൊണ്ഗ്രെസിനായില്ല .
ചോ : ആന്ധ്രാ വിഭജനത്തെ എങ്ങനെ നോക്കി കാണുന്നു?
ഉ : കൊണ്ഗ്രെസ് ആന്ധ്രാ പ്രദേശിനെ രണ്ടായി  പകുത്തു . അവര്‍ ഒരിക്കലും പൊതുജന ജന വികാരം മാനിച്ചില്ല . ഇപ്പോഴും ആ മുറിവ് അവിടത്തെ ഭൂരിഭാഗം ജനങ്ങളുടെയും മനസ്സില്‍ ഉണ്ട് . അധികാര തിമര്‍പ്പ് കൊണ്ഗ്രെസിനെ കൊണ്ട് തെറ്റ് ചെയ്യിക്കുകയായിരുന്നു . തെലങ്കാന സംസ്ഥാനം ഉണ്ടായാല്‍  കുറെ വോട്ടു തങ്ങള്‍ക്കു ചോര്‍ന്നു കിട്ടുമെന്നും  അതുവഴി അധികാരത്തില്‍ വരാമെന്നും കൊണ്ഗ്രെസ് വ്യാമോഹിച്ചു . ഈ അതിമോഹത്തിനു തക്കതായ തിരിച്ചടിയാണ് കൊണ്ഗ്രെസിനു  കിട്ടിയത് .ബിജെപിക്ക് അധികാരത്തെക്കാള്‍  രാജ്യത്തിന്‍റെ പുരോഗതിയാണ് മുഖ്യം.

ചോ :  സ്ത്രീ ശാക്തീകരണത്തിനു ബിജെ പി എ യുടെ അജെണ്ടയില്‍ എത്ര പ്രാധാന്യം ഉണ്ട്?  
ഉ : ബിജെപി വനിതകള്‍ക്ക് ഏറെ പ്രാധാന്യം നല്‍കി വരുന്നു . വനിതകളെ തരം തിരിച്ചു നിര്‍ത്താന്‍ ഒരിക്കലും ബിജെപി തയാറല്ല. നാള്‍ക്കു നാള്‍ ഏറി വരുന്ന സ്ത്രീ പീഡനങ്ങള്‍ , പെണ് ഭ്രൂണ ഹത്യകള്‍ തുടങ്ങിയവ ഇന്ത്യയുടെ ശാപമാണ് . ഇത് തിരിച്ചറിഞ്ഞു പെണ്‍കുട്ടികള്‍ക്ക് തങ്ങളുടെ ഉള്ളിലെ ആത്മ സ്തൈര്യം ഉണര്‍ത്താനും ഉയര്‍ച്ചയിലേക്ക് അവരെ നയിക്കാനും ബിജെപി പദ്ധതികള്‍ ആവിഷ്കരിക്കുന്നുണ്ട് . ബേട്ടി ബച്ചാവോ ബേട്ടി പഠവോ പദ്ധതി ഇതിനുദാഹരണമാണ്. കുട്ടികള്‍ പഠിക്കണം . ആണ്‍ പെണ് വ്യത്യാസമില്ലാതെ , പറയത്തക്ക ലിംഗപരമായ വേര്‍തിരിവുകള്‍ ഇല്ലാതെ സമൂഹ പുരോഗതിയുടെ ഭാഗമാകാന്‍ സ്ത്രീകള്‍ക്കും അവകാശമുണ്ട്‌ എന്ന് ലോകത്തിനു കാണിച്ചു കൊടുക്കാന്‍ ആകും . സാധുക്കളായ അമ്മമാര്‍ക്ക് പെണ്‍കുട്ടികള്‍ ഉണ്ടാകുമ്പോള്‍ ധനപരമായ സഹായങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട് .വിദ്യ നല്‍കിയതുകൊണ്ട് മാത്രം ഒരു പെണ്‍കുട്ടി ഉയരങ്ങള്‍ കീഴടക്കുന്നില്ല . ജീവിത വിജയം കൈവരിക്കാനും സ്വന്തം അവകാശങ്ങള്‍ സംരക്ഷിക്കാനും തനിക്കെതിരെ ഉള്ള അനീതികള്‍ക്കെതിരെ പോരാടാനും അവളെ പ്രാപ്തയാക്കണം. മോദി സര്‍ക്കാര്‍ പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് വേണ്ടി വിവിധ പദ്ധതികള്‍ ആവിഷ്കരിക്കുകയും നടപ്പാക്കുകയും ചെയ്യുന്നു . അവരുടെ വിവാഹത്തിനും പഠനത്തിനും ആവശ്യമായ സഹായങ്ങള്‍ നല്‍കുന്നു. സുകന്യ സമൃദ്ധി യോജന ഇതിനുദാഹരനമാണ് . ചുരുങ്ങിയ തുക മകളുടെ പേരില്‍ നിക്ഷേപിച്ചു പ്രായപൂര്‍ത്തിയായ മകള്‍ക് ആറു ലക്ഷം വരെ തുക ലഭിക്കുന്ന പദ്ധതി ബിജെപി സര്‍ക്കാരിന്റെ സമ്മാനമാണ് .
ചോ :  പാര്‍ട്ടിയില്‍ സ്ത്രീകള്‍ക്ക് അര്‍ഹിക്കുന്ന  പ്രാതിനിധ്യം  ലഭിക്കുന്നില്ല   എന്ന് ആരോപണം ഉണ്ടല്ലോ ?
ഉ : സ്ത്രീകള്‍ക്ക് ഭരണത്തില്‍ പ്രാതിനിധ്യം നല്‍കുന്നതില്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് ബിജെപി വളരെയേറെ മുന്നിലാണ്  . മികച്ച നേതാക്കള്‍ ബിജെപിയില്‍ ഉണ്ട് . അവരെ മാറ്റി നിര്‍ത്തുക അസാധ്യമായ സംഭവമാണ് . നോക്കൂ മറ്റു പാര്‍ട്ടികളില്‍ സ്ത്രീകളുടെ പ്രാധാന്യം എന്താണ് ? കൊണ്ഗ്രെസില്‍ ആകട്ടെ ഇന്ദിരാഗാന്ധി മാത്രമാണ് എടുത്തു പറയത്തക്കതായ ഒരു നേതാവുള്ളത് . ഇപ്പോള്‍ സോണിയാ ഗാന്ധിയുണ്ട് എന്നാല്‍ ബിജെപിയുടെ സ്ഥിതി അതല്ല . ഇപ്പോഴെത്തെ മന്ത്രിസഭാ പരിശോധിക്കൂ . സുഷമ സ്വരാജ് , സ്മൃതി ഇറാനി , നജ്മ ഹെപ്ത്തുള്ള , നിര്‍മല സീതാരാമന്‍, മനേക ഗാന്ധി  തുടങ്ങിയ പ്രഗത്ഭകള്‍ തന്ത്ര പ്രധാനമായ വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നുണ്ട്  . സുഷമ സ്വരാജ് വിദേശ മന്ത്രിയായും നിര്‍മല സീതാരാമന്‍ വാണിജ്യ വ്യവസായ മന്ത്രിയായും നേട്ടങ്ങള്‍ ഉണ്ടാക്കിയില്ലേ ? അപ്പോള്‍ ബിജെപിയില്‍ എവിടെയാണ് സ്ത്രീകളെ മാറ്റി നിര്‍ത്തുന്ന ഒരു അവസ്ഥ ഉള്ളത് ?
ചോ : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ അമ്പതു ശതമാനം പ്രാതിനിധ്യം ഉണ്ട് . ലോക്സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് അമ്പതു ശതമാനം സംവരണം എന്ന ആവശ്യത്തിനായി നിലകൊള്ളുമോ ?
ഉ : എന്റെ അച്ഛന്‍ എന്‍ ടി രാമറാവു ആണ് ആദ്യം ദക്ഷിണേന്ത്യയില്‍  തദ്ദേശ സ്ഥാപനങ്ങളില്‍  പത്ത് ശതമാനം സ്ത്രീ സംവരണം നടപ്പാക്കിയത് . അതിപ്പോള്‍ രാജ്യത്താകമാനം അമ്പതു ശതമാനമായി. ഇതൊരു ശുഭ സൂചനയാണ് . സ്ത്രീകള്‍ക്കും പുരുഷന്മാരുക്കും തുല്യ പദവി . രാജ്യ പുരോഗതിയില്‍ അവരും പങ്കാളികള്‍ ആകുന്ന അവസര സമത്വം . എന്നാല്‍ ദേശീയ തലത്തില്‍ ഈ തുല്യത നടപ്പായിട്ടില്ല എന്നത് ദുഖകരം തന്നെ . വനിതാ സംവരണ ബില്‍ പാസാക്കാന്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും കൂട്ടായ ഇടപെടല്‍ ആവശ്യമാണ്‌ . ബിജെപിക്ക് ഈ തുല്യത നടപ്പാക്കുന്നതില്‍ എതിര്‍പ്പില്ല . മന്ത്രിസഭയില്‍ പ്രധാന വകുപ്പുകള്‍ നല്‍കി മറ്റു പാര്‍ട്ടികളെ അപേക്ഷിച്ച് കൂടുതല്‍ വനിതാ പ്രാതിനിധ്യം നല്‍കിയ ബിജെപിക്ക് എന്ത് എതിര്‍പ്പാണ് ഈ കാര്യത്തില്‍ ഉണ്ടാകാന്‍ ഇടയുള്ളത് ? എല്ലാ പാര്‍ട്ടികളും ഒന്നിച്ചു ശ്രമിച്ചാല്‍ നടക്കും . അവിടെയും തുല്യത വരണം എന്ന് തന്നെയാണ് എനിക്ക് പറയാനുള്ളത് .രാജ്യസഭയില്‍ ഒരു വട്ടം പാസായ വനിതാ സംവരണ ബില്‍ ലാപ്സാകില്ല . ഇനി അത് അവിടെ നില നില്‍ക്കും ലോക്സഭയില്‍ കൂടി പാസാക്കുക എന്ന കടമ്പ മാത്രമാണ് ബാക്കിയുള്ളത് .
ചോ : ദേശീയ തലത്തില്‍ വനിതാ സംവരണം അമ്പതു ശതമാനം ആക്കാന്‍ തടസമെന്താണ് ?
ഉ : രാഷ്ട്രീയത്തിനതീതമായി പുരുഷാധിപത്യം തന്നെയാണ് ഇതിനു പിന്നില്‍ രാഷ്ട്രീയ ജീവികളായ ഒരു പാട് പുരുഷന്മാരുടെ സ്ഥാനം ഇതോടെ തുലാസിലാകും . ഇപ്പോള്‍ തന്നെ പഴയ അവസ്ഥയെ അപേക്ഷിച്ച് കൂടുതല്‍ സ്ത്രീകള്‍ രംഗതിരങ്ങുന്നുണ്ട് . ഇവിടെ തിരുവനന്തപുരത്ത് വന്നപ്പോള്‍ നിറയെ സ്ത്രീകളുടെ പോസ്റ്ററുകള്‍ ആണ് . കണ്ടപ്പോള്‍ സന്തോഷം തോന്നി എല്ലാ നാടുകളിലും സ്ത്രീ എന്നാ സങ്കല്പത്തില്‍ അമ്മയും ഭാര്യയും സഹോദരിയും ഒക്കെയുണ്ട് എന്നാല്‍ അതിനുമപ്പുറം അവള്‍ പുരുഷന്റെ കൂട്ടാളിയാണ് . സഹായാത്രികയാണ് . എല്ലാ മേഖലകളിലും അവളെ കൂടി ഉള്‍പ്പെടുത്തണം എന്ന ചിന്ത പുരുഷന്മാര്‍ക്ക് വരേണ്ടതുണ്ട് . ഇക്കാര്യത്തില്‍ രാഷ്ട്രീയത്തിന് രണ്ടാം സ്ഥാനം മാത്രമാണ് ഉള്ളത് .
ചോ : തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ഊര്‍ജിതമായി നടക്കുകയാണ് . ഇടതു വലതു മുന്നണികളും മൂന്നാം മുന്നണിയും ഒരു പോലെ പ്രതീക്ഷയര്‍പ്പിക്കുന്നു . കേരളത്തിലെ ഈ തെരഞ്ഞെടുപ്പു സമയത്തെ എങ്ങനെ നോക്കി കാണുന്നു ?
ഉ : എല്ലാ സീറ്റിലും നമ്മള്‍ തന്നെ വിജയിക്കണം എന്ന് ഓരോ പാര്‍ട്ടിക്കാരും ആഗ്രഹിക്കും . ബിജെപിക്കും അത് തന്നെയാണ് ആഗ്രഹം . പക്ഷെ എല്ലാം തീരുമാനിക്കുന്നത് ജനങ്ങള്‍ ആണ് . നാം നന്നായി പരിശ്രമിക്കുക . ആന്ധ്ര പ്രദേശ്‌ വെട്ടി മുറിക്കുമ്പോള്‍ കൊണ്ഗ്രെസിന്റെ മനസ്സില്‍ ഉണ്ടായിരുന്ന കാര്യങ്ങള്‍ അല്ല തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോള്‍ അവിടെ കണ്ടത് അത് പോലെ ജനം എന്ത് വിലയിരുത്തും എങ്ങനെ വിലയിരുത്തും എന്ന് പറയാനാകില്ല . ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് നന്നായി വേരുറപ്പിക്കാന്‍ ആയിട്ടില്ല  എന്നാല്‍ ഒരു നാള്‍ ഉണ്ടാകും.
ചോ : മാധ്യമങ്ങളുടെ ഇടപെടലുകളെ എങ്ങനെ വിലയിരുത്തുന്നു ?
ഉ : മാധ്യമങ്ങള്‍ക് ഇവിടെ നല്ലൊരു പങ്കുണ്ട് . ആന്ധ്രയില്‍ ഏറ്റവും കൂടുതല്‍ പ്രചാരമുള്ള പത്രങ്ങള്‍ രണ്ടും ടി ഡി പിയെയും കൊണ്ഗ്രെസിനെയും ആണ് പിന്തുണക്കുന്നത് . ദക്ഷിണേന്ത്യയില്‍ ബിജെപിക്ക് നന്നായി വേരുറപ്പിക്കാന്‍ ആയിട്ടില്ല  എന്നാല്‍ ഒരു നാള്‍ ഉണ്ടാകും . ഞങ്ങളുടെ ഭാഗം ഉയര്‍ത്തിക്കാണിക്കാന്‍ ഞങ്ങള്‍ക്ക് വലിയ സര്‍ക്കുലേഷന്‍ ഉള്ള മാധ്യമങ്ങള്‍ ഇല്ല എന്നാല്‍ ജനങ്ങള്‍ ഉണ്ട്. കൂടുതല്‍ കൂടുതല്‍ ജനങ്ങളിലേക്ക് ഇറങ്ങി സാധാരണക്കാരന്റെ ശബ്ദമാകാന്‍ പാര്‍ട്ടി ശ്രമിക്കുന്നു . സാധാരണക്കാരനോട് ഒപ്പം നില്‍ക്കാന്‍ ബിജെപി ആഗ്രഹിക്കുന്നതിനാല്‍ ആണ് മോദിജി മന്‍ കി ബാത്ത് പരിപാടി റേഡിയോയിലൂടെ ആരംഭിച്ചത് . ഇത് ഫലം കണ്ടു .
ചോ: ഇടതു വലതു കക്ഷികള്‍ ബിജെപിക്കെതിരെ അണി നിരക്കുകയാണ് എന്ന് പറയുന്നു , എന്ത് തോന്നുന്നു ?
ഉ : ഇടതു വലതു പക്ഷങ്ങള്‍ ബിജെപിക്കെതിരെ കൂട്ട ആക്രമണം നടത്തുന്നതില്‍ അത്ഭുതമില്ല . ബീഹാറില്‍ എന്താണ് സംഭവിച്ചത് ? രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങള്‍ വ്യത്യസ്തമായ മൂന്നു പാര്‍ട്ടികള്‍ കൂട്ട് കൂടിയത് ബിജെപിക്കെതിരായാണ് . ഇത്തരം അവിശുദ്ധ കൂട്ട് കെട്ടുകള്‍ ജനം ഒരു നാള്‍ തിരിച്ചറിയും . മറ്റൊരു ശക്തിയെ നശിപ്പിക്കാന്‍ തങ്ങളുടെ പ്രത്യയ ശാസ്ത്രങ്ങളുമായി യാതൊരു ബന്ധവും ഇല്ലാത്തവരുമായി കൂട്ട് കൂടുന്നതിന്റെ തിക്തഫലം പിന്നീട് അനുഭവിക്കും . ബിജെപിക്ക് ഇത്തരം അവിശുദ്ധ കൂട്ട് കെട്ടില്‍ വിശ്വാസം ഇല്ല . ഇവിടെ രാജ്യ പുരോഗതിയാണ് പ്രധാനം .
ചോ : കേരളത്തില്‍ നില നില്‍ക്കുന്ന ബിജെപി എസ എന്‍ ഡി പി കൂട്ട് കെട്ടിനെ കുറിച്ച് എന്ത് പറയുന്നു ?
ഉ : ഇടതു വലതു മുന്നണികളുടെ ഭരണം മൂലം ജനം മറിച്ചു ചിന്തിച്ചു തുടങ്ങിയിട്ടുണ്ടാകണം . ബിജെപിക്ക് കേരളത്തില്‍ വേണ്ടത്ര പ്രാധാന്യം ഇപ്പോഴും ലഭിച്ചിട്ടില്ല, എന്നാല്‍ ലഭിക്കും എന്നത് തീര്‍ച്ചയാണ് . ശ്രീ നാരായണ സംഘവുമായുള്ള കൂട്ട് കെട്ടിനെ കുറിച്ച് എനിക്ക്  അത്രകണ്ട് ധാരണയില്ല .
ചോ : കഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പില്‍ ബിജെപി ചരിത്ര വിജയം നേടി .എന്നാല്‍ ഒരു സീറ്റ് പോലും കേരളത്തില്‍നിന്ന്  ലഭിച്ചില്ല . വരാന്‍ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പില്‍  ബിജെപി കേരളത്തില്‍ അക്കൌണ്ട് തുറക്കുമെന്ന് വിശ്വസിക്കുന്നുണ്ടോ ?
ഉ : ബിജെപിക്ക് കേരളത്തില്‍ നിന്ന് ഒരു എം പി യോ എം എല്‍ എ യോ ഇല്ല എന്നത് ശരിയാണ് . കേരളത്തില്‍ മാത്രമല്ല ദക്ഷിനെന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്ക് കാര്യമായ പ്രാധാന്യം ഉണ്ടായിരുന്നില്ല .എന്നാല്‍ പാര്‍ട്ടി അധികം വൈകാതെ കേരളത്തിലും താമര വിരിയും . ഒരു എം പി യോ എം എല്‍ എ യോ ഇല്ലാഞ്ഞിട്ടും കേരളത്തിന്‌ മോദി സര്‍ക്കാര്‍ എന്തെല്ലാം നല്‍കി കരമന കഴക്കൂട്ടം ബൈപാസ് , വിഴിഞ്ഞം പദ്ധതി , കേന്ദ്ര സര്‍വകലാശാലകള്‍ , വിമാന താവളങ്ങള്‍ , റോഡ്‌ വികസനത്തിന്‌ തന്നെ 34000 കോടി രൂപ ഐ ഐ ടി എന്തെല്ലാം കേരളത്തിന്‌ എന്‍ ഡി എ സര്‍ക്കാര്‍ നല്‍കി അപ്പോള്‍ ഒരു എം എല്‍ എ യോ എം പി യോ ഉണ്ടെങ്കില്‍ ഉള്ള അവസ്ഥ എന്താണെന്ന് ആലോചിച്ചു നോക്കിയാല്‍ മനസിലാകും . ഇത് ജനങ്ങള്‍ മനസിലാക്കുകയാണ് വേണ്ടത് . ബിജെപി വിരുദ്ധ സമീപനം കൊണ്ട് ഒന്നും നടക്കില്ല എന്ന് തിരിച്ചറിയുകയാണ് വേണ്ടത് . ഞാന്‍ മാനവ വിഭവ ശേഷിമന്ത്രിയായിരുന്ന കാലത്ത് കൊണ്ഗ്രെസ് സര്‍ക്കാരിനോട് കേരളത്തില്‍ ഒരു ഐ ഐ ടി വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു . രണ്ടു തവണ യു പി എ സര്‍ക്കാര്‍ ഭരിച്ചു . നടപ്പായില്ല . ഇപ്പോള്‍ ബിജെപിയാണ്‌ ഐ ഐ ടി കൊണ്ട് വന്നത് . ഇനിയും ഏറെ വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാന്‍ കേന്ദ്രം തയാറാണ് എന്നാല്‍ അതിനു ഇവിടെ ഭരിക്കുന്നവര കൂടി സഹകരിക്കേണ്ടതുണ്ട് . കേരളത്തില്‍ എയിംസ് നടപ്പാക്കാന്‍ മോദി സര്‍ക്കാര്‍ തയാരാണ് എന്നാല്‍ അതിനുള്ള സാഹചര്യം ഇവിടെയാണ്‌ ഒരുക്കേണ്ടത് .വിഴിഞ്ഞം എത്രകാലമായി ആവശ്യപ്പെടുന്നതാണ് എന്നാല്‍ എന്തുണ്ടായി ? കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന ഈ പദ്ധതിക്ക് ഒടുവില്‍ ബിജെപി സര്‍ക്കാര്‍ ആണ് പുതുജീവന്‍ നല്‍കിയത് .
ചോ : മോദി സര്‍ക്കാരിന്റെ ഒരു വര്ഷം കടന്നു പോയി . ആരോപണങ്ങളും പ്രത്യാരോപണങ്ങളും ധാരാളമുണ്ട് . എങ്ങനെ വിലയിരുത്തുന്നു
ഉ : മോദിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവര്‍ സ്വയം എന്തെല്ലാം ചെയ്തു എന്ന് വിലയിരുത്തണം . എത്രഏറെ കാര്യങ്ങള്‍ ആണ് അദ്ദേഹം നടപ്പാക്കുന്നത് . പ്രവര്തിക്കുന്നവര്‍ക്ക് നേരെ മാത്രമേ വിമര്‍ശനങ്ങള്‍ ഉണ്ടാകൂ . സാധുക്കളായ ആളുകള്‍ക്ക് ഒരു ബാങ്കില്‍ പോകുക എന്നത് സ്വപ്നം മാത്രമായിരുന്നു എന്നാല്‍ ഇന്ന് അതല്ല എല്ലാവര്ക്കും ബാങ്ക് അക്കൌണ്ടുകള്‍ നല്‍കി . പന്ത്രണ്ടു രൂപയ്ക്കു ലക്ഷക്കണക്കിന്‌ രൂപയുടെ ഇന്ഷുറന്സ് സംവിധാനം ഉണ്ടാക്കി . സാധാരണക്കാരെ കൂടി കണ്ടെന്നു നടിച്ചുള്ള വികസനമാണ് എന്‍ ഡി എ ലക്‌ഷ്യം വെക്കുന്നത് . മേക് ഇന്‍ ഇന്ത്യ പദ്ധതിയും ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയും ലോക ശ്രദ്ധ പിടിച്ചു പറ്റി. പെന്ഷനുകള്‍ കാലാനുസൃതമായി പരിഷ്കരിക്കുകയും കൃതമായി വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട് . ക്ലീന്‍ ഇന്ത്യ പദ്ധതിയും ഗ്രാമങ്ങളുടെ വികസനത്തിന് പ്രധാനമന്ത്രി സന്സാദ് ആദര്‍ശ് ഗ്രാം യോജനയും നടപ്പാക്കി . മറ്റൊരാളും സഞ്ചരിക്കാത്ത വഴികളിലൂടെ അതിശയകരമായ ഫലങ്ങള്‍ തേടിയാണ് അദ്ദേഹം യാത്ര ചെയ്യുന്നത് .
ചോ : കള്ളപ്പണം തിരികെ കൊണ്ട് വരുമെന്ന വാഗ്ദാനം നല്‍കിയാണ്‌ മോദി സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയത്. അത് വിജയം കണ്ടില്ല എന്ന ആരോപണമാണ് ഏറ്റവും മുഴച്ചു നില്‍ക്കുന്നത് . ഇതെക്കുറിച്ച് എന്താണ് പറയാനുള്ളത് .
ഉ : വിദേശരാജ്യങ്ങളില്‍ കള്ളപ്പണം നിക്ഷേപിച്ചിട്ടുണ്ട്‌ എന്നത് തീര്‍ച്ചയാണ് . അവ തിരികെ കൊണ്ട് വരാന്‍ സാധ്യമായതെല്ലാം കേന്ദ്രസര്ക്കാര്‍ ചെയ്യുന്നുണ്ട് . 638 അക്കൌണ്ടുകളില്‍ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു ഇനിയൊരു രൂപ പോലും വിദേശരാജ്യത്തെക്ക് ഒഴുകാതെ സൂക്ഷിച്ചു ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കെട്ടുറപ്പുള്ളതാക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിക്കും . സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്താന്‍ വികസനവും നിക്ഷേപവും മാത്രം പോര , നമ്മുടെ ധനം നമ്മുടെ കൈയില്‍ നിന്ന് ചോരാതെ സംരക്ഷിക്കുക കൂടി വേണം
ചോ : വികസനം എന്നത് കൊണ്ട് മോദി വ്യവസായ വികസനം ആണ് ലക്ഷ്യമിടുനത് എന്നും വിമര്‍ശനം ഉണ്ട് .
ഉ : വ്യാവസായിക വളര്‍ച്ച കൊണ്ട് മാത്രം  ഒരു രാജ്യവും സുസ്ഥിര വികസനം പ്രാപ്തമാക്കില്ല എന്നതിനാല്‍ തന്നെ ബിജെപി സര്‍ക്കാര്‍ ഒരിക്കലും കര്‍ഷക വിരുദ്ധ നിലപാട് സ്വീകരിക്കില്ല . കൃഷിയുടെയും വ്യവസായത്തിന്റെയും വികസനം രാജ്യത്തിന് ആവശ്യമാണ്‌ . എത്ര വിദേശ നിക്ഷേപങ്ങളാന് ഇപ്പോള്‍ ഇന്ത്യയില്‍ എത്തിയത് ? കാര്‍ഷിക വൃത്തിയെ ബിജെപി ഒരിക്കലും കൈവിടില്ല . കൃഷിക്കാരെ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ മോദി സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്
ചോ : കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ കര്‍ഷക വിരുദ്ധമാണ് എന്ന്  ഉയര്‍ത്തിക്കാട്ടിയാണ് ഭൂമി ഏറ്റെടുക്കല്‍ ബില്ലിനെതിരെ സമര പരിപാടികള്‍ നടന്നത് . ലോകസഭ ഇന്നോളം കണ്ടിട്ടില്ലാത്ത വിധം പ്രമുഖ നേതാക്കള്‍ പ്രതികരിച്ചതിനെ കുറിച്ച് .....
ഉ : ഭൂമി ഏറ്റെടുക്കല്‍ ബില്‍ കര്‍ഷക വിരുദ്ധമല്ല  . അത് പ്രധാനമന്ത്രി അടക്കം മുതിര്‍ന്ന നേതാക്കള്‍ എല്ലാം തന്നെ ആവര്‍ത്തിച്ചു അറിയിച്ച കാര്യമാണ് . തുറന്ന ചര്‍ച്ചക്ക് പ്രതിപക്ഷം ഇതുവരെ തയാറായില്ല .
ചോ : വിദേശ നിക്ഷേപങ്ങളെ കുറിച്ചും മോദിയുടെ വിദേശ സന്ദര്‍ശനങ്ങളെ കുറിച്ചും ഉയര്‍ന്നു വരുന്ന ആരോപണങ്ങളെ കുറിച്ച് എന്താണ് പറയാനുള്ളത് ?
ഉ : വിദേശ രാജ്യങ്ങള്‍ സന്ദര്‍ശിക്കുന്നത് ഓരോ രാജ്യവുമായി മികച്ച ബന്ധം സ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് . ഒപ്പം തന്നെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥക്ക് മുന്‍ തൂക്കം നല്‍കി ഇന്ത്യയെ പുരോഗതിയിലേക്ക് നയിക്കുക എന്നത് കൂടിയാണ് ലക്‌ഷ്യം . ഇതില്‍ ഇത്ര ആരോപണത്തിന്റെ കാര്യമെന്താണ് ? ഇപ്പോള്‍ എത്ര അധികം രാജ്യങ്ങള്‍ ആണ് ഇന്ത്യന്‍ പുരോഗതിയെ, ഇന്ത്യയുടെ ചുവടുകളെ സശ്രദ്ധം വീക്ഷിക്കുന്നത് ? മുന്‍പ് ഈ അവസ്ഥ ഇല്ലായിരുന്നു എങ്കില്‍ ഇപ്പോഴത്തെ അവസ്ഥയെ മാനിക്കുകയാണ് വേണ്ടത് വിമര്‍ശിക്കുകയല്ല 
ചോ : ദാവൂദ് ഇബ്രാഹിമിനെ ഇന്ത്യയില്‍ തിരികെ എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളെ കുറിച്ച് എന്താണ് പറയുന്നത് ?
ഉ : ഇപ്പോള്‍ നാം ചോട്ടാ  രാജനെ പിടികൂടിയില്ലേ ? ഇതു സ്വപ്നമൊന്നുമല്ല . ദാവൂദിനെ പിടി കൂടാവുന്നതെയുള്ളൂ. ഇത് വരെ അധികാരം കൈയാളിയിരുന്ന ആരും ഇതിനായി ശ്രമിച്ചില്ല എന്നത് തന്നെയാണ് സത്യം . ഇപ്പോള്‍ വിദേശ രാജ്യങ്ങളുമായി മോദിജി ഉണ്ടാക്കിയ ബന്ധം പ്രയോജനപ്പെട്ടത്‌ എങ്ങനെ ആണ് എന്ന് ജനങ്ങള്‍ മനസിലാക്കിയിട്ടുണ്ടാകും . ദാവൂദ് ഇബ്രാഹിമിനെയും ഒരുനാള്‍ ഇന്ത്യയില്‍ എത്തിക്കാനാകും .
ചോ : പാക് സംഘടനയായ ഈദി ഫൌണ്ടേഷന്റെ  നേതൃത്വത്തില്‍ ഗീതയെ ഇന്ത്യയില്‍ തിരികെ എത്തിച്ചത് ഇന്ത്യ പാക് ബന്ധം മെച്ചപ്പെടുന്നതിന്റെ സൂചനയായി കണക്കാക്കാമോ ?
ഉ : ഗീത ഇതുവരെ പാക്കിസ്ഥാനില്‍ ഒരു അനാഥയെ പോലെ ജീവിച്ചു എന്നാല്‍ ഇന്ന് അവള്‍ ഇന്ത്യന്‍ മണ്ണില്‍ കുടുംബത്തിന്റെ സംരക്ഷണയിലേക്കും സ്നേഹത്തിലേക്കും മടങ്ങിയെത്തി . ഇതിനെ മനുഷ്യത്വപരമായ ഒരു ഇടപെടല്‍ ആയി കണ്ടാല്‍ മതി . രാഷ്ട്രീയവുമായി കൂട്ടി കുഴക്കേണ്ട കാര്യമില്ല . വിദേശ രാജ്യങ്ങളുമായി ഉണ്ടാകുന്ന മികച്ച ആശയ വിനിമയം ഇത്തരം ചില നന്മകള്‍ക്ക് വഴിവെക്കും എന്ന് മാത്രമേ ഇതേ കുറിച്ച് പറയാനുള്ളൂ .




No comments:

Post a Comment