Monday 12 October 2015

ആര്‍പ്പു വിളികളും ആരവങ്ങളുമായി തിറയും പൂതനും



പാലക്കാട് ; ഓരോ നാടിനും ഓരോ സംസ്കാരങ്ങള്‍ ഉണ്ട് . അതിനെല്ലാം ബന്ധപ്പെട്ട് കുറെ കലാരൂപങ്ങളും .വള്ളുവനാടന്‍ സംസ്കാരത്തിന്റെ പ്രതീകമായി തിറയും പൂതനും നിറഞ്ഞാടുകയാണ് . ദേശത്തിന്റെ ജീവിത സാഹചര്യങ്ങള്‍ക്ക് അനുസരിച്ചാണ് ഈ അനുഷ്ടാന കലകള്‍ രൂപം കൊള്ളുന്നത്‌ . ഭഗവതി ക്ഷേത്രങ്ങളിലും കാവുകളിലും ആണ് ഇവ കൂടുതലായും കണ്ടു വരുന്നത് .  വേഷ ഭൂഷാധികള്‍ , അലങ്കാര പണികള്‍ എല്ലാം വര്‍ണാഭമാന് . നേരിയ മരപ്പലക കൊണ്ട് ഉണ്ടാക്കിയ അര്‍ദ്ധ വൃത്താകൃതിയിലുള്ള മുടികള്‍ തലയില്‍ വച്ചിരിക്കും . പലതരം കൊത്തു വേലകള്‍ ഉണ്ടായിരിക്കും .രണ്ടു വശത്തും തുണിയുണ്ടകള്‍ തൂക്കിയിട്ടിരിക്കും . പൂതത്തിനു മുഖം മൂടിയും ഉണ്ടാകും . കാവുകളില്‍ നിന്ന് ഇറങ്ങുന്ന പൂതവും തിറയും വീടുകളിലും എത്താറുണ്ട് . വീടുകളില്‍ വിളക്ക് വച്ച് സ്വീകരിച്ചു നെല്ല് , അരി , പണം എന്നിവ നല്‍കും . തുടിയും ഉടുക്കും ചിലമ്പും എല്ലാമായി ശബ്ദ മുഖരിതമായാണ് പൂതം പുറപ്പെടുക . പൂതം ചിലപ്പോള്‍ ഒറ്റക്കും ചിലപ്പോള്‍ തിറക്കൊപ്പവും ഇറങ്ങാറുണ്ട്‌ .പണ്ട് കാലം മുതല്‍ക്കേ ആഹാരം കഴിക്കാത്ത ഉണ്ണികളേ പൂതത്തെ പറഞ്ഞു പേടിപ്പിച്ചു ആഹാരം കൊടുക്കുന്ന അമ്മമാര്‍ ധാരാളമായിരുന്നു . പൂതങ്ങളും കുട്ടികളും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ട് . പൂതപ്പാട്ട്‌ എന്ന കവിതയില്‍ ഇടശ്ശേരി ഇത് വ്യക്തമാകിയതാണ് . വീടുകളില്‍ കളിക്കാന്‍ പോകുന്ന പൂതങ്ങള്‍ ഉണ്ണികളേ പ്രത്യേകം അന്വേഷിക്കുകയും അവരെ കളിയാക്കുകയും പേടിപ്പിക്കുകയും ചെയ്യുക പതിവാണ് . കുട്ടികളുടെ പേടി മാറ്റാനും മറ്റും പൂതത്തെ കൊണ്ട് തോടുവിക്കുന്നതും അത് ഉപദ്രവിക്കില്ലെന്ന കാര്യം മനസിലാക്കി കുട്ടിയുടെ പേടിയകാലുന്നതും പണ്ട് മുതല്‍ പ്രചാരത്തില്‍ ഉണ്ടായിരുന്നു . പൂരനാളുകളില്‍ ആണ് പ്രധാനമായും പൂതനും തിറയും ഇറങ്ങുന്നത് . മണ്ണാന്‍ സമുദായക്കാരാണ് പ്രധാനമായും പൂതന്‍ കെട്ടിയിരുന്നത് . ചിലമ്പും അലങ്കാരങ്ങളും തലയിലെ ഭാരമേറിയ മുടിയും എല്ലാമായി മേയ്വഴക്കത്തോടെ മന്ത്രങ്ങള്‍ക്കൊപ്പം  താളമിട്ടു ചുവടു വച്ച് പൂതങ്ങള്‍ കാവുകളും വീടുകളും ആഘോഷമാക്കി മാറ്റുന്നു . കണ്ണുരുട്ടി നാക്ക് നീട്ടി കുട്ടികള്‍ക്കിടയിലേക്ക് ഓടിയെത്തുന്ന മുക്കാന്‍ ചാത്തന്‍ ഒരു ഹരമാണ് . പൂതത്തിന്റെ പറയടി ശബ്ദം കേള്‍ക്കുമ്പോള്‍ ഭയം മാറിയകുട്ടികള്‍ ചുറ്റും കൂടും . ആര്‍പ്പു വിളിച്ചു ആരവത്തോടെ തിറക്കും പൂതതിനും ഒപ്പം വീടുകള്‍ കയറിയിറങ്ങും . കുംഭം മീനം മാസങ്ങളില്‍ അവധിയാഘോഷങ്ങള്‍ക്ക് കൊഴുപ്പെകാനും ഉത്സവങ്ങള്‍ കൂടാനും വള്ളുവനാട്ടില്‍ എത്തുന്ന കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും പൂതനും തിറയും അസുലഭ കാഴ്ചയാണ് . വെയില്‍ നാളങ്ങള്‍ പരക്കുന്ന വയലിലൂടെയും പറമ്പിലൂടെയും പൂതനും തിറയും സംഘവും തുടിയും ഉടുക്കും പറയടിയും വാദ്യ ഘോഷങ്ങളും ആര്‍പ്പു വിളികളും മണിയൊച്ചയും ചിലമ്പോച്ചയുമായി യാത്രയാണ് . മണ്ണാനു പുറമേ പാണ സമുദായക്കാര്‍ കെട്ടുന്ന പാണപ്പൂതവും വീടുകള്‍ കയറി ഇറങ്ങാറുണ്ട്‌ എന്നാല്‍ അതിനു അലങ്കാരങ്ങളും വേഷ വിധാനങ്ങളും കുറവാണ് . എല്ലാ അനുഷ്ടാന കലകളെയും പോലെ അന്യം നിന്ന് പോകുന്ന ഈ കലാരൂപങ്ങളെ പുനരുജ്ജീവിപ്പിക്കാന്‍ പനയൂരിലെ രാമന്‍ സ്മാരക പൂതന്‍ തിറ കളരി സംഘം പരിശീലനം നല്‍കുന്നുണ്ട് . ഉത്സവങ്ങള്‍ക്കും മറ്റും ഇവിടെ നിന്ന് പരിശീലനം നേടിയ യുവാക്കള്‍ വേഷമിടാരുണ്ട് . വാണിയം കുളം പഞ്ചായത്തിലെ പനയൂരിലെ കരുമാന്‍ തോട്ടില്‍ ഉണ്ണികൃഷ്ണന്‍ വൈദ്യരാണ് ഇത് നടത്തുന്നത് . കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം അദ്ദേഹത്തിന്റെ കളരി സംഘത്തിനു ഉണ്ട്. വള്ളുവനാടന്‍ ക്ഷേത്രങ്ങളിലെ പൂരങ്ങളുടെയും ഉത്സവങ്ങളുടെയും വരവരിയിച്ചാണ് സാധാരണ നാട്ടില്‍ പൂതനും തിറയും ഇറങ്ങുന്നത് . മധ്യവേനല്‍ അവധിയും കുട്ടികള്‍ക്ക് ഇതോടൊപ്പം വന്നു ചേരും . കുട്ടികളും മുതിര്ന്നവരുമായി പല പ്രായത്തിലും ഉള്ളവര്‍ വേഷമിടുന്നു . ഉത്സവത്തിനു ഭഗവതി ഇറങ്ങുന്നതിനു മുന്നോടിയായി പൂതവും ഭഗവതിയുടെ സാന്നിധ്യമായി തിറയും ഇറങ്ങും . റിയാലിറ്റി ഷോകളിലും സിനിമാ ഷൂട്ടിങ്ങ്കളിലും മാത്രമായി ഒതുക്കാതെ ഈ കലാരൂപത്തെ സംരക്ഷിക്കാനും മറ്റുള്ളവരില്‍ എത്തിക്കാനും സര്‍ക്കാരുകള്‍ കളരി സംഘങ്ങള്‍ക്ക് ധനസഹായം നല്‍കുന്നുണ്ട് . ടൂറിസം പ്രമോഷന്‍ കൌണ്‍സില്‍ ഇന്ത്യക്ക് അകത്തും പുറത്തും അഭിമാനത്തോടെ ഈ കലാരൂപങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട് .

No comments:

Post a Comment