Saturday 24 October 2015

പോകാം , പാവങ്ങളുടെ ഊട്ടിയിലേക്ക് ...


പാലക്കാട് ; ഊട്ടി എന്നും സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ് എന്നാല്‍ പാലക്കാട് ജില്ലയില്‍ ഒരു മിനി ഊട്ടിയുണ്ട് . ഊട്ടിക്കു നെല്ലിയാമ്പതിയോ നെല്ലിയാമ്പതിക്ക് ഊട്ടിയോ ആകാനാകില്ല എങ്കിലും  നെല്ലിയാമ്പതി സഞ്ചാരികളുടെ ഇഷ്ട സ്ഥലം തന്നെ . സുഖകരമായ കാലാവസ്ഥയും ഹരിതാഭയും തേയില , കാപ്പി തോട്ടങ്ങളും , ഓറഞ്ചു മരങ്ങളും ഒക്കെ നെല്ലിയാമ്പതിയിലെ കാഴ്ചകള്‍ ആണ് . പാലക്കാട് ടൗണില്‍ നിന്ന് 60 കിലോമീറ്റര്‍ മാറിയാണ് നെല്ലിയാമ്പതി . ഭാരതപ്പുഴ , ചാലക്കുടി പുഴ എന്നിവയുടെയും കാവേരി നദിയുടെയും വൃഷ്ടി പ്രദേശമാണ് ഇത് . ഊട്ടിയുമായി ഏറെ സാമ്യം ഉള്ളതിനാല്‍ പാവങ്ങളുടെ ഊട്ടി എന്നും അറിയപ്പെടുന്നുണ്ട് .ചോലക്കാടുകളും പുല്‍മേടുകളും ഒക്കെയായി 82 കിലോമീറ്റര്‍ വിസ്തൃതിയുണ്ട് നെല്ലിയാമ്പതിക്ക് .  കൃഷിയും സംസ്കാരവും മണ്ണിനോടും പ്രകൃതിയോടുമുള്ള ആദരവും എല്ലാം ഈ നാടുമായി ബന്ധപ്പെട്ടു പറയാനുണ്ട് . ആദിമ മനുഷ്യര്‍ പ്രകൃതിയെ തന്നെ ആരാധിച്ചിരുന്നു . കാര്‍ഷിക വൃത്തിയും മൃഗ പരിപാലനവുമായിരുന്നു മുഖ്യ മേഖലകള്‍ . അമ്മ ദൈവങ്ങളെ വിവിധ പേരുകളില്‍ ആരാധിച്ചതിനാല്‍ ആകണം നെല്ലി ദേവതയുടെ ഊര് എന്ന രീതിയില്‍ നെല്ലിയാമ്പതി എന്ന പേര് വന്നത് . പോത്തുണ്ടി ഡാം , കൈകാട്ടി പട്ടണം , കേശവന്‍ പാറ തുടങ്ങിയ സ്ഥലങ്ങള്‍ നെല്ലിയാമ്പതിക്കു സമീപം യാത്രികരെ കാത്തിരിക്കുന്നുണ്ട് . കൈകാട്ടി പട്ടണത്തില്‍ നിന്ന് ഒന്‍പതു കിലോമീറ്റര്‍ അകലെ നെല്ലിയാമ്പതി മലയിടുക്കുകളുടെ താഴ്വരയിലാണ് പോത്തുണ്ടി ഡാം . ഇവിടത്തെ വയലുകളില്‍ എല്ലാം ജല സേചനത്തിന് ഉപയോഗിക്കുന്നത് പോതുണ്ടിയിലെ ജലമാണ് . ഡാം കഴിഞ്ഞു നെല്ലിയാമ്പതിയിലേക്ക് കയറുമ്പോള്‍ ധാരാളം ഹെയര്‍ പിന്‍ വളവുകളും തേക്കിന്‍ കാടുകളും ഇടുങ്ങിയ വഴികളും ഒക്കെ കാണാം .മഴക്കാലത്ത് ഇവിടെ ചെറിയ വെള്ളച്ചാട്ടങ്ങളും കാണാം .കൈകാട്ടിക്ക് അടുത്തായി കേശവന്‍ പാറ എന്ന സ്ഥലം ഉണ്ട് . എ വി ടി യുടെ തേയില തോട്ടം ഇവിടെയാണ്‌ . കേരള സര്‍ക്കാരിന്റെ ഓറഞ്ചു തോട്ടങ്ങളും പച്ചക്കറി തോട്ടങ്ങളും ഓഫീസുകളും ഒക്കെ ഇവിടെയുണ്ട് .സീതാര്‍കുണ്ട് ആണ് മറ്റൊരു ആകര്‍ഷണം . സീതയും രാമനും ലക്ഷ്മണനും വനവാസ സമയത്ത് ഇവിടെയാണ്‌ താമസിച്ചത് എന്ന് ഐതിഹ്യം ഉണ്ട് . സീതാര്‍കുണ്ടില്‍ നിന്ന് നോക്കിയാല്‍ ചുള്ളിയാര്‍ , മീങ്കാര അണക്കെട്ടുകളും കൊല്ലങ്കോട്‌ പട്ടണവും കാണാം . കേരളത്തില്‍ ഓറഞ്ചു തോട്ടങ്ങള്‍ ഉള്ള ഒരേ ഒരു വിനോദ സഞ്ചാര കേന്ദ്രമാണ് നെല്ലിയാമ്പതി .ബോട്ടിംഗ് സൌകര്യത്തോടുകൂടിയ പോത്തുണ്ടി ഡാം ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്കുള്ള മറ്റൊരു വരദാനമാണ്. പ്രകൃതി സൌന്ദര്യം ആവോളം ആസ്വദിച്ച് ഓളപ്പരപ്പിലൂടെയുടെയുള്ള യാത്ര ഒരിക്കലും മറക്കാനാവില്ല. അനേകായിരം പക്ഷികളും വൈവിധ്യമാര്‍ന്ന പൂക്കളും ഔഷധ സസ്യങ്ങളും നെല്ലിയാമ്പതിയുടെ പ്രത്യേകതയാണ്. നെല്ലിയാമ്പതിയിലെ സീതക്കുണ്ടില്‍ നിന്നുള്ള നെല്‍‌വയലുകള്‍ പച്ചപ്പരവതാനി വിരിച്ചു കാണാം . നെല്ലിയാമ്പതിയിലെ പാദഗിരി മലകളാണ് ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്നത് . നൂറു കണക്കിന് മീറ്റര്‍ ഉയരത്തില്‍ നിന്നുള്ള വെള്ളച്ചാട്ടങ്ങള്‍ കണ്ണിനു ആനന്ദമാണ് . മലകള്‍ക്ക് മേലാപ്പ് കെട്ടുന്ന കോടമഞ്ഞും നനുനുത്ത തണുപ്പും സഞ്ചാരികള്‍ക്ക് പ്രിയങ്കരം തന്നെ .പൂക്കളുടെയും ചിത്രശലഭങ്ങളുടെയും ഭംഗി മാത്രമല്ല വന്യ ജീവികളുടെ സൗന്ദര്യവും ഇവിടെ കാണാനാകും . ഏലം , കാപ്പി , തേയില തോട്ടങ്ങളുടെ  വശ്യത പറയാനാകില്ല . കാപ്പി പൂക്കുമ്പോള്‍ ഇളം നിറത്തിലുള്ള പൂക്കളുടെ താഴ്വരയാകും . മാദകമായ ഗന്ധം ഒഴുകിപരക്കും .ട്രക്കിങ്ങിനും മറ്റും യാത്രികര്‍ ഇവിടെയെത്തുന്നുണ്ട് കാരശൂരി , മിന്നാംപാറ എന്നിവ പ്രധാന ട്രാക്കിംഗ് പോയിന്റുകള്‍ ആണ് . കാര ശൂരിയില്‍ നിന്ന് മിന്നാം പാറയിലേക്കുള്ള യാത്രയില്‍ മഴ മേഘങ്ങളുടെയും ആകാശ നീലിമയുടെയും സൌന്ദര്യം നുകരാം . സാഹസിക യാത്രികര്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന ഇവിടെ നിന്ന് നോക്കിയാല്‍ ആളിയാര്‍ ഡാമിന്റെയും പറമ്പിക്കുളം ഫോറെസ്റ്റ് ഡിവിഷന്റെയും ചില ഭാഗങ്ങള്‍ കാണാം . വരയാടുകള്‍ , കാട്ടു പോത്തുകള്‍ തുടങ്ങിയ മൃഗങ്ങളെ ഇവിടെ കാണാം . ഫോട്ടോ ഗ്രാഫിക്കും സസ്യ ജന്തു ശാസ്ത്ര ഗവേഷകരും  കാലാവസ്ഥ പരിസ്ഥിതി പ്രവര്‍ത്തകരും കുട്ടികളും വിദ്യാര്തികളും സാഹസിക യാത്രികരും എല്ലാം ദിനം പ്രതി നെല്ലിയാമ്പതി സന്ദര്‍ശിക്കുന്നുണ്ട് . കൊല്ലങ്കോട് ഫോറസ്റ്റ് ഡിവിഷനും കര്യാശ്ശുരിയും കാണേണ്ട കാഴ്ച തന്നെയാണ് . മലകള്‍ താഴ്വാരങ്ങള്‍ കര്യാശ്ശൂരി അമ്മന്‍ എന്ന മല ദൈവത്തിന്റെ പ്രതിഷ്ഠ , ശക്തമായ കാറ്റ് തുടങ്ങി നല്ലൊരു അനുഭൂതിയാണ് ഇവിടെ . ഏപ്രില്‍ മാസങ്ങളില്‍ ഇവിടെ ഉത്സവമാണ് . ആദിവാസി വിഭാഗങ്ങളുടെ ഉത്സവമാണ് ഇത് . പലതരം പൂജകള്‍ , ആചാരങ്ങള്‍ , പാട്ട് , നൃത്തം , മല വിഭവങ്ങള്‍ അടങ്ങിയ ഭക്ഷണം , കള്ള് എല്ലാം അതിലും വലിയൊരു അനുഭൂതിയാകും .നെന്മാറയില്‍ നിന്ന് 34 കിലോമീറ്ററോളം മുകളിലാണ് നെല്ലിയാമ്പതി എന്ന ഈ ഊട്ടി .



No comments:

Post a Comment