Saturday 3 October 2015

ഇത് പൈതൃകഗ്രാമം !



പാലക്കാട് ; ഐ എ എസുകാരും  സിവില്‍ സര്‍വീസിലെ മറ്റു ഉന്നത ഉദ്യോഗസ്ഥരും സംഗീത നാട്യ രംഗങ്ങളിലെ അനവധി പ്രശസ്തരും നടന്നു നീങ്ങിയ വഴികള്‍ ... അവരുടെ കാല്‍പാട് പതിഞ്ഞ വഴികള്‍ ... എന്നും ഒട്ടും മാറാത്ത ആചാരാനുഷ്ടാനങ്ങള്‍ പാലിച്ച് പഴമയും എളിമയും കൈവിടാതെ ഒരു ഗ്രാമം . ലോക വിനോദ സഞ്ചാര ഭൂപടത്തില്‍ ഇടം നേടി യുനെസ്കോ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ച കല്പാത്തി ... പാലക്കാട് ജില്ലയില്‍ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന അഗ്രഹാര തെരുവ് ... ബ്രാഹ്മണ അഗ്രഹാരങ്ങളും , സംഗീത സാന്ദ്രമായ വീഥികളും തമിഴ് ശൈലിയിലെ ക്ഷേത്രങ്ങളും ഐശ്വര്യത്തിന്റെ ലക്ഷണമായ കോലങ്ങളും രഥോത്സവങ്ങളും സര്‍വോപരി കല്പാത്തി പുഴയും വേറിട്ട്‌ നിര്‍ത്തുന്ന ഒരു ഗ്രാമം . അടുത്തടുത്തായി നിര്‍മിച്ച കൊച്ചുവീടുകള്‍ നിരനിരയായി റോഡിനു ഇരുവശങ്ങളിലും നിരന്നു കിടക്കുന്നു ഓരോ വീടിന്റെയും പൂമുഖത്ത് ലക്ഷ്മിയെ വരവേല്‍ക്കാന്‍ കോലങ്ങള്‍ ... എവിടെ നിന്നും മുല്ലപ്പൂവിന്റെയും പിച്ചിപ്പൂവിന്റെയും ചന്ദനം കുംകുമം തുടങ്ങിയവയുടെ സുഗന്ധം .. ഇതെല്ലാം കല്പാത്തിയുടെ പ്രത്യേകതകള്‍ ആണ് . ഇന്ത്യക്ക് അകത്തും പുറത്തുമുള്ള അനേകര്‍ കല്പാത്തിയിലെത്തുന്നു . പഴയ കാല ഗൃഹങ്ങളുടെ വാസ്തുശില്പം കാണാന്‍ ... അഗ്രഹാരം അവിടത്തെ ആചാരങ്ങള്‍ , സര്‍വോപരി കല്‍പ്പാത്തി വിശ്വനാഥനെ വണങ്ങാന്‍ , ചരിത്രം പഠിക്കാന്‍ അങ്ങനെ ആവശ്യങ്ങള്‍ പലതാണ് .ഇപ്പോള്‍ പഴയ കല്പ്പാത്തിയെന്നും പുതിയ കല്‍പ്പാത്തി എന്നും രണ്ടു അഗ്രഹാര തെരുവുകള്‍ ഉണ്ട് . വിശ്വ പ്രസിദ്ധമായ കല്പാത്തി രഥോത്സവം നടക്കുന്നത് ലക്ഷി സമേത വിശ്വനാഥ ക്ഷേത്രത്തില്‍ ആണ് . ക്ഷേത്രത്തിനു പുറകിലാണ് കല്പാത്തി പുഴ . പാലക്കാട് കണ്ടവര്‍ കല്പാത്തി കണ്ടില്ലെങ്കില്‍ ഒരു പൂര്‍ണത വരില്ല എന്ന് പറയാം . കല്പാത്തിക്ക് ദക്ഷിണ കാശി എന്നും പേരുണ്ട് . കാശിയില്‍ പോകുന്നതിന്റെ പാതി പുണ്യം കല്പാത്തി വിശ്വനാഥനെ വണങ്ങിയാല്‍ കിട്ടുമെന്നാണ് വിശ്വാസം . ശത്രുക്കളുടെ ആക്രമണത്തില്‍ നിന്ന് രക്ഷതേടി തമിഴ് ബ്രാഹ്മണര്‍ കൂട്ടത്തോടെ കേരളത്തിലേക് വന്നതാണ് എന്നും പാണ്ട്യ രാജാവ് മാരവര്മന്‍ മരിച്ചതോടെ ശത്രുക്കള്‍ രൂക്ഷമായി ആക്രമണം തുടങ്ങി എന്നും അങ്ങനെ നിരവധി ബ്രാഹ്മണര്‍ കല്പാത്തി പുഴയുടെ തീരത്ത് താമസം ഉറപ്പിക്കുകയും ചെയ്തു എന്നാണു ഐതിഹ്യം . ശേഖരീ പുരത്തും കല്പാത്തിയിലും നിറയെ തമിഴ് അഗ്രഹാരങ്ങള്‍ ഉണ്ട് . കല്പാത്തി പുഴയും ഈ ഗ്രാമത്തോളം പറയാനുണ്ട് . കല്ല്‌ വെട്ടിയാണ് കല്പാത്തി പുഴ നിര്‍മ്മിച്ചത്‌ എന്ന് വിശ്വസിക്കുന്നു .എ ഡി 1425 ല്‍ കല്പാത്തി വിശ്വനാഥ ക്ഷേത്രം ഉണ്ടെന്നു ചരിത്ര രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നു . അനേകം സംഗീതജ്ഞരും ഉന്നത സ്ഥാനങ്ങളില്‍ സേവനം ചെയ്യുന്നവരും കല്പാത്തിയുടെ സംഭാവനയാണ് . സാമൂഹികവും സാംസ്കാരികവും വിദ്യാഭ്യാസ പരവുമായി ഏറെ മുന്നിലാണ് കല്പാത്തിക്കാര്‍ . സസ്യാഹാരം കഴിച്ചു സാത്വികരായി പുരാണ കഥകളും മന്ത്രങ്ങളും വേദങ്ങളും ഒക്കെയായി കഴിയുന്ന കല്പാത്തിയിലെ ജനങ്ങളുടെ വസ്ത്രധാരണം ആചാരങ്ങള്‍ അനുഷ്ടാനങ്ങള്‍ ആഹാര രീതികള്‍ എല്ലാം വ്യത്യസ്തമാണ് . മലയാളത്തോട് ബന്ധപ്പെട്ടല്ല തമിഴുമായി ബന്ധപ്പെട്ടാണ് ഇവര്‍ ജീവിക്കുന്നത് . നെയ്യും വെണ്ണയും ചേര്‍ത്ത് ഉണ്ടാക്കുന്ന മധുര പലഹാരങ്ങള്‍ , മുറുക്കുകള്‍ , കഠിന മധുരം ചേര്‍ത്ത പായസങ്ങള്‍ , അരിയും ഉഴുന്നും ചേര്‍ത്ത് ഉണ്ടാക്കുന്ന പലഹാരങ്ങള്‍ , ഇഡ്ഡലി , ദോശ , വിവിധതരം പപ്പടങ്ങള്‍ , വടകള്‍ , പലതരം വറ്റലുകള്‍ തുടങ്ങി വ്യത്യസ്തമായ രുചിപ്പെരുമയും ഉണ്ട്  . പഴമയുടെ സൌന്ദര്യം നഷ്ടമാകാതിരിക്കാനും ചരിത്ര ശേഷിപ്പുകള്‍ ഇല്ലാതാകാനും ഈ ഗ്രാമത്തെ യുനെസ്കോ പൈതൃക ഗ്രാമമായി പ്രഖ്യാപിച്ചു . കേരളത്തിലെ ഒരേ ഒരു പിതൃക ഗ്രാമമായ കല്പാത്തി എന്നും സഞ്ചാരികള്‍ക്ക് ആകര്‍ഷണം തന്നെയാണ് .


No comments:

Post a Comment