Thursday 8 October 2015

ജന്മപുണ്യം പേറുന്ന കിള്ളിക്കുറിശ്ശിമംഗലം !


പാലക്കാട് ; “ നമ്പിയാരെന്നു ചോദിച്ചു
നമ്പിയാരെന്നു ചൊല്ലി ഞാന്‍
നമ്പി കേട്ടഥ കോപിച്ചു
തമ്പുരാനെ പൊറുക്കണേ !” എന്ന് ചൊല്ലുവാന്‍ കുഞ്ചന്‍ നമ്പ്യാര്‍ക്ക് മാത്രമേ സാധിക്കൂ . ഒരു വാക്കും അനേകം അര്‍ത്ഥങ്ങളും ഉച്ചാരണ വ്യത്യാസങ്ങളും ചേര്‍ത്ത് ബദ്ധ ശത്രുവായ നമ്പിക്ക് നല്ല മറുപടി നല്‍കിയ സരസകവി കുഞ്ചന്‍ നമ്പ്യാര്‍ . നര്‍മത്തിനും ആക്ഷേപഹാസ്യതിനും പര്യായം കേരളക്കരക്ക് എന്നും കുഞ്ചന്‍ നമ്പ്യാര്‍ മാത്രമാണ് . കര്‍മം കൊണ്ട് അമ്പലപ്പുഴക്കാരന്‍ ആണെങ്കിലും ജന്മം കൊണ്ട് കിള്ളിക്കുറിശ്ശി മംഗലമാണ് . പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്തിനു സമീപം ലക്കിടിയിലെ കിള്ളിക്കുറിശ്ശി മംഗലത്ത് കലക്കത്ത് ഭവനമാണ് കുഞ്ചന്‍ നമ്പ്യാരുടെ ജന്മഗൃഹം . നമ്പ്യാരുടെ ജീവിതത്തെ കുറിച്ച് കൂടുതല്‍ രേഖകള്‍ ലഭ്യമല്ല എങ്കിലും പതിനെട്ടാം നൂറ്റാണ്ടില്‍ ആണ് അദ്ദേഹം ജീവിച്ചിരുന്നത് എന്ന് ചരിത്രം പറയുന്നു .അമ്പലപ്പുഴയില്‍ വച്ച് ചാക്യാരുടെ കൂത്തിന് മിഴാവ് കൊട്ടുന്നതിനിടെ മയങ്ങിപ്പോയ കുഞ്ചന്‍ നമ്പ്യാരെ സദസില്‍ വച്ച് ചാക്യാര്‍ അസാരം പരിഹസിചെന്നും വിഷണ്ണനായ നമ്പ്യാര്‍ ഒറ്റ രാത്രികൊണ്ട്‌ ഒരു കലാരൂപം ഉണ്ടാക്കി ചാക്യാരുടെ കൂത്തിനു സമീപം തന്നെ അവതരിപ്പിചെന്നും ജനങ്ങള്‍ ചാക്യാരെ വിട്ടു നമ്പ്യാരെ അസ്സലായി ആസ്വദിച്ചു എന്നതും കഥ . എന്ത് തന്നെ ആയാലും ഓട്ടന്‍ തുള്ളല്‍ എന്ന കലാരൂപം മലയാളികള്‍ക്ക് ഏറെ പ്രിയങ്കരം തന്നെ . അനേകം വിദേശീയരും ഇപ്പോള്‍ തുള്ളലിനെ കുറിച്ച് പഠിക്കാന്‍ എത്തുന്നുണ്ട് . കല കലയ്ക്കു കൂടെ സമൂഹ നന്മക്കും എന്ന സിദ്ധാന്തമാണ്‌ കുഞ്ചന്‍ നമ്പ്യാരിലൂടെ കേരളത്തിന്‌ ലഭിച്ചത് .1976 ലാണ് മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ ജന്മ ഗൃഹമായ കലക്കത്ത് ഭവനം സാംസ്കാരികവകുപ്പ് ഏറ്റെടുക്കുന്നത് . ഇപ്പോള്‍ കലക്കത്ത് ഭവനം കുഞ്ചന്‍ സ്മാരകമായി ഉയര്‍ത്തി . പറയന്‍, ഓട്ടന്‍ , ശീതങ്കന്‍ തുള്ളലുകളും നൃത്ത രൂപങ്ങളും സംസ്കൃത ക്ലാസുകളും ഇവിടെ നടക്കുന്നുണ്ട് . കുഞ്ചന്‍ സ്മാരകം സാധാരണയായി കണ്ടു വരാറുള്ള വെറും കെട്ടിട സ്മാരകമല്ല . അനുഗ്രഹീതമായ  തുള്ളല്‍ എന്ന കലയെ പോഷിപ്പിക്കുന്ന ഒരിടമാണ് . എല്ലാ വര്‍ഷവും കുഞ്ചന്‍ സ്മാരകത്തില്‍ നവരാത്രി ആഘോഷങ്ങളും നടന്നു വരുന്നു .മേയ് അഞ്ചിന് കുഞ്ചന്‍ നമ്പ്യാര്‍ ജന്മദിനവും വിപുലമായി ആഘോഷിച്ചു വരുന്നു . നര്‍മത്തില്‍ കലര്‍ന്ന സാമൂഹ്യ വിമര്‍ശനങ്ങള്‍ നടത്തി അദ്ദേഹം സ്വയം സമൂഹത്തിനു നേരെ പിടിച്ചൊരു കണ്ണാടിയായി മാറുകയായിരുന്നു .ചന്ദ്രികാ വീഥി , ലീലാവതി വീഥി തുടങ്ങിയ രൂപകങ്ങളും വിഷ്ണു വിലാസം രാഘവീയം എന്നി മഹാകാവ്യങ്ങളും ശിവശതകം എന്നാ ഖന്ധ കാവ്യവും രാസക്രീഡ വൃത്തവാര്‍ത്തികം  എന്ന് ഛന്ദ ശാസ്ത്ര ഗ്രന്ഥങ്ങളും എല്ലാം അദ്ദേഹത്തിന്റേതായി കണക്കാക്കപ്പെടുന്നു . കിള്ളിക്കുറിശ്ശി മംഗലത്തെ കലക്കത്ത് ഭവനത്തില്‍ നമ്പ്യാര്‍ അധികം വസിചിട്ടില്ല എന്ന് ചരിത്ര രേഖകള്‍ പറയുന്നു .ബാല്യകാല വിദ്യാഭ്യാസത്തിനു ശേഷം അദ്ദേഹം അച്ഛനൊപ്പം പിതൃദേശമായ കിടങ്ങൂരിലെത്തി ചെമ്പകശ്ശേരി രാജാവിന്റെ ആശ്രിതനാകുകയായിരുന്നു . അതുകൊണ്ട് തന്നെയാണ് നമ്പ്യാരെ കുറിച്ചുള്ള കഥകളില്‍ എല്ലാം തന്നെ അമ്പലപ്പുഴയും ചെമ്പകശ്ശേരി ദേശവും എല്ലാം കടന്നു വരുന്നത് . എന്നാല്‍ കഥകളില്‍ ഒരിടത്തും തന്നെ കലക്കത്ത് ഭവനത്തെയോ ലക്കിടിയിലെ കിള്ളിക്കുറിശ്ശി മംഗലതെയോ കുറിച്ച് അധികം പരാമര്‍ശങ്ങള്‍ കടന്നു വന്നിട്ടില്ല . ഏറെ കാലം അമ്പലപ്പുഴയില്‍ ആണ് അദ്ദേഹം ജീവിച്ചത് .അവിടെ പ്രസിദ്ധമായ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ അദ്ദേഹത്തിന്റേത് എന്ന് കരുതപ്പെടുന്ന മിഴാവ് ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട് . ചെമ്പകശ്ശേരി രാജാവായ ദേവ നാരായണനെ 1746 ല്‍ മാര്ത്താന്‍ഡ വര്‍മ പരാജയപ്പെടുത്തിയപ്പോള്‍ അദ്ദേഹം തിരുവനന്തപുരത്ത് വേണാട് രാജാക്കന്മാരുടെ ആശ്രിതനായി താമസിച്ചു . എന്നാല്‍ പ്രായത്തിന്റെ അസ്വസ്ഥതകളില്‍ അദ്ദേഹം അവസാനാകാലത്ത് അമ്പലപുഴയില്‍ തന്നെ തുടര്‍ന്നു . ഒരിടത്തും കലക്കത്ത് ഭവനത്തില്‍ അദ്ദേഹം ഏറെ നാള്‍ താമസിച്ചതായോ ആ വീടുമായി എന്തെങ്കിലും പ്രത്യേക അടുപ്പം നിലനിര്തിയിരുന്നതായോ കേട്ട് കേള്‍വി ഇല്ല .കുഞ്ചന്‍ നമ്പ്യാര്‍ക്ക് അമ്പലപ്പുഴയിലും ഒരു സ്മാരകം ഉണ്ട് . സാധാരണ ജനങ്ങള്‍ക്കൊപ്പം സഞ്ചരിക്കാന്‍ ആഗ്രഹിച്ച നമ്പ്യാര്‍ കൃതികളില്‍ തനിക്കുള്ള അഗാധമായ സംസ്കൃത പാണ്ഡിത്യം കടന്നു വരാതിരിക്കാനും സാധാരണക്കാരന് നന്നായി മനസിലാകാനും ആസ്വദിക്കാനും സാധ്യമാകുന്ന ഭാഷ തെരഞ്ഞെടുക്കുകയും ചെയ്തു . ഫലിത പരിഹാസങ്ങളിലൂടെ സാമൂഹ്യ വിമര്‍ശനം നടത്തി അധികാരികളുടെ കണ്ണ് തുറപ്പിച്ച നമ്പ്യാരെ മഹാകവി എന്നും ജനകീയ കവി എന്നും ജനം വിശേഷിപ്പിച്ചു . പതിനെട്ടാം ദശകത്തില്‍ നില നിന്നിരുന്ന സാമൂഹ്യ വ്യവസ്ഥിതിയിലേക്ക് വെളിച്ചം വീശുന്ന നമ്പ്യാരുടെ കൃതികളില്‍ സ്വര്‍ഗ്ഗ-പാതാളങ്ങള്‍ അമ്പലപ്പുഴയോ തിരുവനന്തപുരമോ ആയി മാറുന്നു . ആ കാല ഘട്ടത്തിലെ ഭൂപ്രകൃതി , സസ്യ ജന്തു ജാലങ്ങള്‍ ആഹാര രീതികള്‍ സംസാര – വിദ്യാഭ്യാസ രീതി നാട്ടു സംഗീതം തുടങ്ങി എല്ലാം ഉള്‍ക്കൊള്ളിച്ചിരുന്നു എങ്കിലും അതിലൊന്നിലും മലബാറിന്റെ പ്രത്യേകിച്ച് വള്ളുവനാടിന്റെ ആത്മാംശങ്ങള്‍ ഉണ്ടായിരുന്നില്ല .വരേണ്യ വര്‍ഗത്തെ മാത്രം പരിഹസിച്ച നമ്പ്യാര്‍ എന്നും അധ:കൃത വര്‍ഗതോടൊപ്പം നിന്നു .ഇവിയിലെല്ലാം തിരുവിതാം കൂറിലെ ജാതി വ്യവസ്ഥയും ജന്മിത്ത വ്യവസ്ഥയും കടന്നു വന്നപ്പോള്‍ ജന്മദേശമായ പാലക്കാടിന്റെ അവസ്ഥ തീരെ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയാം . എങ്കിലും പാലക്കാട് ജനിച്ച നമ്പ്യാരുടെ സ്മരണാര്‍ത്ഥം പാലക്കാടിനും തൃശൂരിനും ഇടക്കുള്ള ചൂലനൂരിലെ മയില്‍ സംരക്ഷണ കേന്ദ്രത്തിലെ 200 ഹെക്ടര്‍ സ്ഥലം കുഞ്ചന്‍ സ്മൃതിവനം ആയി പ്രഖ്യാപിച്ചിട്ടുണ്ട് . കിള്ളിക്കുറിശ്ശി മംഗലത്തിനു ഏതാനും കിലോമീറ്ററുകള്‍ മാറിയാണ് ഈ സ്മൃതിവനം . കുട്ടികള്‍ക്ക് സംസ്കൃതവും നൃത്തരൂപങ്ങളും തുള്ളലുകളും പഠിക്കാന്‍ ഒരു സരസ്വതീക്ഷേത്രം എന്ന നിലയില്‍ പഴക്കം വിടാതെ കേടുപാടുകള്‍ തീര്‍ത്ത് സംരക്ഷിചിരിക്കുകയാണ് നമ്പ്യാരുടെ ജന്മഗൃഹത്തെ സര്‍ക്കാര്‍ . കുഞ്ചന്‍ സ്മാരകത്തെ തുഞ്ചന്‍ പറമ്പിലെ മലയാള സര്‍വകലാശാലയുടെ പഠന ഗവേഷണ കേന്ദ്രമാക്കി മാറ്റാന്‍ പദ്ധതി ഉണ്ടെന്നു സാംസ്കാരിക വകുപ്പ് മന്ത്രി കെ സി ജോസഫ്‌ അറിയിച്ചിരുന്നു . കിള്ളിക്കുറിശ്ശി മംഗലത്ത് എല്ലാ വര്‍ഷവും വിപുലമായ രീതിയില്‍ കുഞ്ചന്‍ ദിനാഘോഷം സംഘടിപ്പിച്ചു വരുന്നു .സാംസ്കാരിക വകുപ്പ് മന്ത്രിയും സാംസ്കാരിക നായകന്മാരും എഴുത്തുകാരും ചിത്രകാരന്മാരും നര്‍ത്തകരും ഓട്ടന്‍ തുള്ളല്‍ കലാകാരന്മാരും നാട്ടുകാരുമായി ഒട്ടനേകം പേര്‍ സംബന്ധിക്കും . കലക്കത്ത് ഭവനം നിലവിലുള്ള രീതിയില്‍ തന്നെ സംരക്ഷിച്ചു പുരാവസ്തു വകുപ്പിന്റെ സംരക്ഷണത്തില്‍ വിടണമെന്ന് സര്‍ക്കാര്‍ തീരുമാനം എടുത്തു . മലയാള സാഹിത്യ രംഗത്തെ തീര്ത്ഥാടന കേന്ദ്രമാക്കി കുഞ്ചന്‍ സ്മാരകത്തെ മാറ്റാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട് . അതിനുള്ള പദ്ധതികള്‍ പുരോഗമിച്ചു വരുന്നു . 40 വര്ഷം മുന്‍പ് കലക്കത്ത് ഭവനം ഇന്നുള്ള കുഞ്ചന്‍ സ്മാരകമായി ഉയര്‍ന്നിരുന്നില്ല . വീടിന്റെ പടിപ്പുര തകര്‍ന്നു ആരും തിരിഞ്ഞു നോക്കാനില്ലാതെ കിടന്ന അവസ്ഥക്കെതിരെ പി ശിവദാസന്‍ എന്ന സ്കൂള്‍ അദ്ധ്യാപകന്‍ ശക്തമായി പ്രതികരിച്ചു. മാധ്യമ ശ്രദ്ധയും ജനശ്രദ്ധയും തിരിച്ചു വിട്ടതോടെ സര്‍ക്കാര്‍ കലക്കത്ത് ഭവനം ഏറ്റെടുത്തു കുഞ്ചന്‍ സ്മാരകമാക്കി മാറ്റി . പിന്നീട് 1987 ല്‍ ഈ അധ്യാപകന് സര്‍ക്കാര്‍ മികച്ച അധ്യാപകനുള്ള പുരസ്കാരം നല്‍കി . പാലക്കാട് ഡി ടി പി സി നേരത്തെ തന്നെ കുഞ്ചന്‍ സ്മാരകം വിനോദ സഞ്ചാര കേന്ദ്രമാക്കി ഉയര്‍ത്താന്‍ പദ്ധതി തായാരാക്കിയിരുന്നു . കൌണ്ടര്‍ ദക്ഷിന്‍ എന്ന കണ്സല്‍ട്ടിംഗ് കമ്പനി കലക്കത്ത് ഭവനം സന്ദര്‍ശിച്ചു പദ്ധതി തയാറാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചു . കൂത്തമ്പലം , തുള്ളല്‍ ആസ്വാദകര്‍ക്ക് പ്രത്യേകമായ ഇരിപ്പിടങ്ങള്‍ , ഗ്രന്ഥപ്പുര , തുള്ളലുമായി ബന്ധപ്പെട്ട വിവിധ ഗ്രന്ഥങ്ങള്‍ , പവലിയന്‍ , കാന്റീന്‍ , ഭരണ നിര്‍വഹണ കേന്ദ്രം തുടങ്ങിയവ പൂര്‍ണമായും വസ്തു ശില്പ മാതൃകയില്‍ തയാറാക്കുകയാണ് റിപ്പോര്‍ട്ടിലെ പ്രധാന പരാമര്‍ശം . നിലവില്‍ ഓട്ടന്‍ , പറയന്‍, ശീതങ്കന്‍ തുള്ളലുകള്‍ക്ക് പുറമേ മോഹിനിയാട്ടം , മൃദംഗം , ശാസ്ത്രീയ സംഗീതം തുടങ്ങിയവയും സംസ്കൃതവും അഭ്യസിപ്പിക്കുന്നുണ്ട് . പത്തോളം അധ്യാപകരും നൂറ്റി അന്പതോളം വിദ്യാര്തികളും ഉണ്ട് . പൂര്‍ണമായും സൌജന്യമായാണ് ഇവിടെ അധ്യയനം നടത്തുന്നത് . അധ്യാപകര്‍ക്ക് ശമ്പളവും വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റൈപ്പെന്‍ഡും സര്‍ക്കാര്‍ നല്‍കുന്നുണ്ട് . കലക്കത്ത് ഭവനം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് , പ്രത്യേകിച്ചു വിദേശീയര്‍ക്കു ഇവിടത്തെ അധ്യാപകരും വിദ്യാര്‍ഥികളും തുള്ളലിനെ കുറിച്ച് ആവശ്യമായ വിവരണങ്ങള്‍ നല്‍കുകയും അവര്‍ക്കായി പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യാറുണ്ട് .

No comments:

Post a Comment