Thursday 1 October 2015

ഏകാന്തം ...


തിരുവനന്തപുരം ; നിറം മങ്ങിയ സായാഹ്നങ്ങള്‍ ആണ് മിക്കവാറും എല്ലാ വൃദ്ധ ജനങ്ങള്‍ക്കും ചൂണ്ടിക്കാനിക്കാനുള്ളത് . നല്ല കാലം മുഴുവന്‍ സകല സമ്മര്‍ദ്ദങ്ങളും പേറി ഇല്ലായ്മയും വല്ലായ്മയും കുടുംബത്തെ അറിയിക്കാതെ രാപകല്‍ കഷ്ടപ്പെട്ട് ഊണും ഉറക്കവും ഉപേക്ഷിച്ചു അന്ത്യയാമത്തില്‍ എത്തുമ്പോള്‍ ഒറ്റപ്പെടുന്ന അവസ്ഥയാണ് മിക്കവാറും എല്ലാവര്ക്കും ഉള്ളത് . പെന്‍ഷനും ആനുലൂല്യങ്ങളും ലഭിക്കുന്ന മുറക്ക് അല്ലെങ്കില്‍ ആ ദിവസങ്ങളില്‍ മാത്രം അതുമല്ലെങ്കില്‍ സ്വത്തുക്കള്‍ വീതം വെക്കുന്ന വരെ ഒക്കെ മാത്രമേ വൃദ്ധരായ മാതാപിതാക്കള്‍ക്ക് രാജകീയ പ്രൌഡി ഉള്ളൂ എന്നത് വാസ്തവമാണ് . നാള്‍ക്കു നാള്‍ മുളച്ചു പൊന്തുന്ന വൃദ്ധസദനങ്ങള്‍ കേരളത്തില്‍ ഇന്ന് വാര്‍ത്തയല്ല എന്നാല്‍ നാള്‍ക്കു നാള്‍ വര്‍ദ്ധിച്ചു വരുന്ന വയോജന ആത്മഹത്യകളെ കുറിച്ച് ഇരുത്തി ചിന്തിക്കേണ്ട അവസ്ഥയാണ് അതോടൊപ്പം വൃദ്ധ സദനങ്ങളുടെ ഗുണനിലവാരവും പരിശോധിക്കേണ്ടതുണ്ട് . സൌരഭ്യം പരത്തുന്ന സുന്ദരമായ പൂന്തോട്ടങ്ങളും കൃത്രിമ തടാകങ്ങളും തണലേകാന്‍ ഫല വൃക്ഷങ്ങളും വിഭവ സമൃദ്ധമായ ഭക്ഷണവും ഡോക്ടര്‍മാരും ഒക്കെയായി രാജകീയ പ്രൌഡിയിലുള്ള വൃദ്ധസദനങ്ങള്‍ ഉണ്ട് എന്നാല്‍ കൂട്ടില്‍ അടച്ചിട്ടു പട്ടാള ചിട്ടയില്‍ ആണ് ഇവിടെ കാര്യങ്ങളുടെ പോക്ക് .. പൂങ്കാവനത്തിലെക്ക് വയോജനങ്ങളെ കടത്തി വിട്ടു അവിടം നശിപ്പിക്കാനോ ഭംഗി ആസ്വദിച്ചു നടന്നു വീണു പരിക്ക് പറ്റി ഭാരമാകാനോ ഇവിടങ്ങളില്‍ ഒന്നും അധികാരികള്‍ വൃദ്ധരെ അനുവദിക്കാറില്ല . ചില്ല് കൂട്ടിലിരുന്നു എന്ത് ആസ്വാദനമാണ് ? കനക കൂട്ടിലെ പക്ഷി ആകാശ നീലിമ ആസ്വദിക്കുന്നപോലെ . ഇനി രണ്ടാമതൊരു ഇടമുണ്ട് . ഇല്ലായ്മകളും വല്ലായ്മകളും ഉള്ള വൃദ്ധ സദനങ്ങള്‍ ഇതിലും മെച്ചം നരകതുല്യമായ തങ്ങളുടെ വീട് തന്നെയാണ് എന്ന് വൃദ്ധ ജനങ്ങളെ ചിന്തിപ്പിക്കുന്ന ഇടം . രണ്ടായാലും മാനസികമായി തകര്‍ന്നു തരിപ്പണമാകുന്ന അവസ്ഥ. 90 വയസകുന്നവര്‍ പോകും ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണ് കേരളത്തില്‍ .. മരണം കാത്തു കിടന്നു സ്വയം ശപിച്ചും ഈശ്വരനെ പ്രാകിയും പരിതപിച്ചും ദിനങ്ങള്‍ തള്ളുന്നവര്‍ ... എന്തിനാണ് ഇതൊക്കെ ? പഴയൊരു മരവിയില്‍ അല്പം ഭക്ഷണം മൂലക്കിരുത്തി അച്ഛനും അമ്മയ്ക്കും വിളമ്പിയ ദമ്പതികളുടെ ചെയ്തികള്‍ വീക്ഷിച്ച അഞ്ചു വയസുകാരന്റെ ചിന്തകള്‍  കഥയായി ലോകം മുഴുവന്‍ പല ഭാഷയില്‍ പല രൂപത്തില്‍ പ്രസിദ്ധമാണ് .വൃത്തിയും മെനയുമുള്ള വൃദ്ധ സദനങ്ങള്‍ മിക്ക സന്നദ്ധ സംഘടനകളും നടത്തുന്നുണ്ട് എന്നാല്‍ വേണ്ടത്ര വീക്ഷണം ഇല്ലാത്തത് കൊണ്ട് പരാജയമാകുകയാണ് എല്ലാം . വീല്‍ ചെയറുകളോ അവ ഉന്തിക്കൊണ്ടു പോകാന്‍ ചരിഞ്ഞ പ്രദലങ്ങളോ 24 മണിക്കൂറും സേവനം ചെയ്യാന്‍ സാധ്യമാകുന്ന നഴ്സുമാരോ വിളിച്ചാല്‍ ഓടിഎത്താവുന്ന ഡോക്ടര്‍മാരോ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ സൂക്ഷിക്കാനുള്ള സംവിധാനമോ തുടങ്ങി ഒന്നും തന്നെ മിക്കയിടങ്ങളിലും ഇല്ല . ഇതൊക്കെ വലിയ പാളിച്ചകളായി തീരുകയാണ് .2020 ഉം 2026 ഉം ഒക്കെ ആകുമ്പോഴേക്കു വയോജന സംഖ്യ അതിന്റെ ഉച്ചസ്ഥായിയില്‍ എത്തും. അപ്പോള്‍ ഇത്തരം ആലയങ്ങളുടെ പ്രസക്തി എന്താകും എന്ന് നോക്കി കാണുക തന്നെ വേണം . മരുന്നുകളും മന്ത്രങ്ങളും ഒക്കെ ഒഴിവാക്കി മാനസിക ആരോഗ്യം പ്രദാനം ചെയ്യാന്‍ സാധിക്കുന്ന തരം ചികിത്സാ രീതികളും പരിശീലനവും ഒക്കെയാണ് വിദേശ രാജ്യങ്ങളില്‍ ഇപ്പോള്‍ പിന്തുടരുന്നത് . എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും മരുന്നുകള്‍ നല്‍കിക്കൊണ്ടേ ഇരിക്കുന്നു . വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ക്ക് ആവശ്യത്തിനും അനാവശ്യത്തിനും മരുന്നുകള്‍ കഴിച്ചു ക്ഷീണിച്ച ശരീരങ്ങള്‍ ഒന്ന്‍ കൂടി ക്ഷീണിക്കും ;കൂടെ മനസും . എന്ത് പ്രയോജനമാണ് ഇതിലൂടെ നേടുന്നത്? നിയമം മൂലം ഇവയെല്ലാം നിയന്ത്രിക്കാന്‍ പരിമിതികള്‍ ഉണ്ട് . ഓരോരുത്തരുടെയും മനസ്സില്‍ അല്പം ഇടം നല്‍കിയാല്‍ ചിന്തകള്‍ക്ക് അല്പം മാറ്റം വരുത്തിയാല്‍ ഇതെല്ലാം കുറെയേറെ പരിഹരിക്കാവുന്നതെ ഉള്ളൂ . വൃദ്ധ സദനങ്ങള്‍ നടത്തുന്ന എല്ലാവര്‍ക്കും വര്‍ഷത്തില്‍ ഒരിക്കല്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കിയും ആവശ്യമായ സംവിധാനങ്ങള്‍ നടപ്പാക്കുന്നതിന് കര്‍ക്കശമായ രൂപ രേഖകള്‍ ഉണ്ടാക്കി നല്‍കിയും ഇടയ്ക്കിടയ്ക്ക് ഇത്തരം ആലയങ്ങള്‍ സന്ദര്‍ശിച്ചു റിപ്പോര്‍ട്ട് ശേഖരിച്ചും നടപടികള്‍ എടുത്തും സര്‍ക്കാര്‍ മുന്നോട്ടു പോയാല്‍ ചുരുക്കം ഇന്നത്തെ ഈ പരിതാപകരമായ അവസ്ഥകള്‍ എങ്കിലും അല്പം മെച്ചപ്പെട്ടെക്കും . മരണം എത്തി പടിവാതില്‍ക്കല്‍ നില്‍ക്കുമ്പോഴും ആത്മഹത്യ ചെയ്യാന്‍ ഒരുങ്ങുന്ന വൃദ്ധരുടെ അവസ്ഥ അല്പം ഒന്ന് മാറിയേക്കും . അനവധി നിരവധി പേരുകളില്‍ നാം നിയമങ്ങള്‍ പാസാക്കാറുണ്ട് വയോജനങ്ങള്‍ക്ക് വേണ്ടി ലക്ഷക്കനക്കിനോ കോടിക്കണക്കിനോ ഫണ്ടുകളും പാസക്കാറുണ്ട് . ചെലവുകളുടെ കണക്കുകളും പ്രവര്‍ത്തന രൂപരെഖകളും കടലാസില്‍ കൃത്യമായി കാണാം എന്നാല്‍ ഇതെല്ലാം എങ്ങോട്ടാണ് പോകുന്നത്  എന്നും എത്രകണ്ട് ആവശ്യക്കാരുടെ പക്കല്‍ ഇതെല്ലാം എത്തുന്നുണ്ട് എന്നും ആരെങ്കിലും അന്വേഷിക്കാരുണ്ടോ ? ഇതിലെല്ലാം അപ്പുറമാണ് വയോജനങ്ങള്‍ ശാരീരികവും ലൈംഗികവും ആയി അനുഭവിക്കുന്ന പീഡനങ്ങള്‍ . 70 വയസായ സ്ത്രീയെ മരണത്തിലേക്ക് രണ്ടു ചുവടു കൂടി അടുപ്പിച്ചു വിവസ്ത്രയാക്കി റോഡരികില്‍ തള്ളിയത് കേരളത്തിലാണ് ; മറ്റെവിടെയും അല്ല . പട്ടിയെ കൊണ്ട് കടിപ്പിച്ചും തുടലില്‍ കെട്ടി വൃത്തിഹീനമായ അന്തരീക്ഷത്തില്‍ നായകൂട്ടില്‍ കിടത്തിയും അടിച്ചും ചീത്ത വിളിച്ചും പരിഹസിച്ചും മുറിപ്പെടുത്തിയും എല്ലാം ‘ അനുഭവിപ്പിക്കുക’ യാണ് ഇവരെ . ഇതിനു എന്നാണ് അറുതി വരിക ? വയോജനങ്ങള്‍ക്കെതിരെയുള്ള  അതിക്രമങ്ങള്‍ തടയാന്‍ പാസാക്കുന്ന നിയമങ്ങള്‍ കാര്യക്ഷമമായി പ്രാവര്‍ത്തിക മാക്കുന്ന ഒരു സംവിധാനം എന്നാണു നിലവില്‍ വരിക ?ഒരു വേള അകറ്റി നിര്‍ത്തിയ മാതാ പിതാക്കളെയും അപ്പൂപ്പന്‍ അമ്മൂമ്മ മാരെയും ഇന്ന് കൂടെ കൂട്ടുകയാണ് വിദേശ രാജ്യങ്ങള്‍ . എല്ലാത്തിനും പാശ്ചാത്യ രാജ്യങ്ങളെ അനുകരിക്കുന്ന നാം ഇതൊന്നും എന്തെ കണ്ടു പഠിക്കാത്തത് ? മാറണം ഈ അവസ്ഥ ... മാറിയെ തീരൂ ... ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനമാണ് . ഒരു നാള്‍ നമുക്ക് തണലായവരെ ... നമുക്ക് വേണ്ടി ജീവിച്ചവരെ ... നമുക്കായി നിലകൊണ്ടവരെ... നമുക്കായി മനമുരുകി പ്രാര്‍ഥിചവരെ ... ഒറ്റക്കാക്കാതെ കൂടെ കൂട്ടാം...


No comments:

Post a Comment