Friday 9 October 2015

നെയ്തില്‍ പുതിയ പരീക്ഷണങ്ങളുമായി ദേവാങ്കപുരം ഗ്രാമം




പാലക്കാട്  ; പാലക്കാടിന്റെ നെയ്തു ഗ്രാമങ്ങളില്‍ പ്രധാനമാണ് ചിറ്റൂര്‍ . ഒരു സമുദായത്തിന്റെ പേരില്‍ അറിയപ്പെട്ടു തുടങ്ങിയ ഇവിടത്തെ ഒരു ഗ്രാമം ഇന്ന് കൈത്തറി വസ്ത്രങ്ങള്‍ക്ക് പെരുമയേകുന്നു . കര്‍ണാടകയില്‍ നിന്ന് കുടിയേറിയ ദേവാങ്ക സമുദായം കൂട്ടത്തോടെ വന്നു താമസിച്ച ചിറ്റൂരില്‍ അവരുടെ കുലത്തൊഴില്‍ ആയ നെയ്തു വേരുറച്ചു . പാലക്കാടും തൃശൂരും സമീപ ജില്ലകളിലും എല്ലാം ഓണത്തിനും വിഷുവിനും നെയ്തു വസ്ത്രങ്ങളുമായി ദേവാങ്കപുരത്തുകാര്‍ എത്തും . സാധാരണ കൈത്തറി വസ്ത്രങ്ങള്‍ക്ക് ഇപ്പോള്‍ ആവശ്യക്കാര്‍ കുറവായതിനാല്‍ കച്ചവട സാധ്യത മുന്‍ നിര്‍ത്തി കൈത്തറിയിലും യന്ത്ര തറിയിലും നെയ്തെടുക്കുന്ന വസ്ത്രങ്ങളില്‍ ഇപ്പോഴത്തെ പരിഷ്കാരം അനുസരിച്ച് ഡിസൈനുകളും ചിത്രതുന്നലുകളും എല്ലാം ചെയ്തു മനോഹരമാക്കുന്നു . തൃശൂര്‍ , എറണാകുളം , കൊല്ലം , പത്തനംതിട്ട , തിരുവനന്തപുരം , മലപ്പുറം , കോഴിക്കോട് തുടങ്ങിയ ജില്ലകളിലെക്കാന് ദേവാങ്ക പുറം കൈത്തറി കൂടുതലും കയറ്റി അയക്കുന്നത് . പാലക്കാട് തത്തമംഗലം , കരിമ്പുഴ എന്നിവിടങ്ങളിലും തൃശൂരിലെ കുത്താമ്പുള്ളി , തിരുവനനതപുരം ബാലരാമപുരം തുടങ്ങിയവയും ആണ് കൈത്തറി വസ്ത്രങ്ങള്‍ വിപണിയില്‍ ഇറക്കുന്നത് . പരമ്പരാഗതമായ പാവ് മുണ്ടുകള്‍ക്കും സെറ്റ് മുണ്ടുകള്‍ക്കും പുറമേ ഷര്‍ട്ട്‌ , സാരി , കുറത്ത , ചുരിദാര്‍ , പാവടകള്‍ , തുടങ്ങിയവയും വിപണിയില്‍ ഇറക്കുന്നുണ്ട് . പാലക്കാട് തമിഴാടിന്റെ അതിര്‍ത്തി ഗ്രാമമായതിനാല്‍ തന്നെ തമിഴ് ഉത്സവങ്ങള്‍ക്കും ദേവാങ്ക പുരം കൈത്തറിക്ക് ആവശ്യക്കാര്‍ ഏറെയാണ്‌ . തമിഴ് ശൈലിയിലും മലയാള ശൈലിയിലും നിരവധി പട്ടു വസ്ത്രങ്ങള്‍ ദേവാങ്കപുരത്ത് നിര്‍മിക്കുന്നു . കോയമ്പത്തൂര്‍ , സോമാനൂര്‍ എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും നൂലുകള്‍ എത്തിക്കുന്നത് . സാധാരണക്കാരന് താങ്ങാവുന്ന വിലയില്‍ മനോഹരമായ വസ്ത്രങ്ങള്‍ നെയ്ത് കേരളത്തില്‍ ഉടനീളം കയറ്റി അയക്കുന്നുണ്ട് . കുടുംബാംഗങ്ങള്‍ മുഴുവന്‍ ഒരുമിച്ചു അധ്വാനിച്ചു ലാഭവും നഷ്ടവും പങ്കിടുകയാണ് ഇവിടെ . കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി സ്ഥിരം രീതികള്‍ വിട്ട് പുത്തന്‍ ആശയങ്ങളും രീതികളും സ്വീകരിച്ചു ദേവാങ്കപുരത്തുകാര്‍ നിര്‍മിച്ച പട്ടു വസ്ത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടു . ഫാഷന്‍ ലോകത്ത് ഇതോടെ ദേവാങ്കപുരം കൈത്തറി ഇടം നേടി .പട്ടു വസ്ത്രങ്ങള്‍ക് പുറമേ വെല്‍വെറ്റ് , പെന്‍റെക്സ് തുടങ്ങിയവയിലും പരീക്ഷണങ്ങള്‍ നടത്തുന്നുണ്ട് .പുതിയ കുട്ടികള്‍ക്ക് കൈത്തറി വസ്ത്രങ്ങള്‍ പരമ്പരാഗതമായ രീതിയില്‍ ധരിക്കാന്‍ താല്പര്യമില്ലാത്തതിനാല്‍ അവര്‍ക്ക് ആവശ്യമായ രീതിയില്‍ സാരിയിലും ചുരിദാറിലും , ഷര്‍ട്ടിലും ഒക്കെയായി പരീക്ഷണങ്ങള്‍ നടത്തി നല്‍കുന്നുണ്ട് . പൂരങ്ങള്‍ , ഉത്സവങ്ങള്‍ , ഓണം , വിഷു , വിവാഹ സീസണുകള്‍ , കേരളപ്പിറവി , വിശേഷാവസരങ്ങള്‍ തുടങ്ങിയ വേളകളില്‍ കൂടുതല്‍ ആവശ്യക്കാര്‍ എത്തുന്നു . ആ ദിവസങ്ങളില്‍ യന്ത്ര തറികളുടെ ശബ്ദമായിരിക്കും രാവും പകലുമിവിടെ . ഏറെ കാലമായി പാരമ്പര്യം വിടാതെയും പൈതൃകം കാത്തു സൂക്ഷിച്ചും പുത്തന്‍ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ചും ഇവര്‍ മുന്നോട്ടു പോകുകയാണ് . 

No comments:

Post a Comment