Saturday 24 October 2015

നന്മയിലെക്കൊരു നടത്തം.....



തിരുവനന്തപുരം ; ഒരു സ്കൂളിന്റെ പ്രശ്നം നില നില്പിന്റെയും പ്രകൃതി സംരക്ഷണത്തിന്റെയും സാമൂഹ്യ പ്രതിബദ്ധതയുടെയും അതിജീവനത്തിന്റെയും ഒക്കെ ആകുമ്പോള്‍  പ്രതിഷേധങ്ങളും പ്രതികരണങ്ങളും പ്രവര്‍ത്തനങ്ങളും എല്ലാം വ്യത്യസ്തമായ ഒരു മാനം കൈവരിക്കും . തിരുവനന്തപുരം നഗരത്തിലെ കിഴക്കേ കോട്ട അപകടങ്ങള്‍ക്കും അലക്ഷ്യമായ വാഹന പാര്‍ക്കിങ്ങിനും പൊട്ടിപൊളിഞ്ഞ റോഡുകള്‍ക്കും അശാസ്ത്രീയമായ വികസന രൂപ രേഖക്കും ഉദാഹരണമാണ് . ആദ്യമായി കിഴക്കേ കോട്ടയില്‍ കാലു കുത്തുന്ന ആര്‍ക്കും തനിക്കു പോകേണ്ടയിടതെക്കുള്ള ബസ് എവിടെയാണ് എന്നും എവിടെ നിര്‍ത്തുമെന്നും ഒന്നും മനസിലാകില്ല . തലങ്ങും വിലങ്ങും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുകയാണ് . അത് പോലെ തന്നെയാണ് വാഹനങ്ങളുടെ മരണപ്പാച്ചിലും . റോഡുകളാകട്ടെ പാതാളത്തെ അനുസ്മരിപ്പിക്കും . നല്ല ഒരു ബസ് സ്റ്റാന്ഡ് ഇവിടെ അത്യാവശ്യം തന്നെ , ആരും അത് സമ്മതിക്കുകയും ചെയ്യും എന്നാല്‍ അത് നിലവിലെ സ്റ്റാന്റ് എന്ന് പറയുന്ന സംവിധാനതിനടുത്തുള്ള അട്ടക്കുളങ്ങര സെന്‍ട്രല്‍ ഹൈസ്കൂള്‍ തകര്‍ക്കുന്ന തരത്തില്‍ ആകുമ്പോള്‍ ആണ് പ്രശ്നം . ട്രിവാന്‍ഡ്രം ഡവലപ്മെന്റ്റ് അതോറിറ്റി (ട്രിഡ) കെ എസ ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനായി കണ്ടെത്തിയത് വളരെ പഴക്കം ചെന്ന ഈ സ്കൂളിന്റെ മുറ്റമാണ് . കേരളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ വൃക്ഷങ്ങള്‍ ഉള്ള ഒരു സ്കൂള്‍ അങ്കണം ഇതാണ് . അപൂര്‍വയിനം മരങ്ങളും ഔഷധ സസ്യങ്ങളും ശലഭങ്ങളും പക്ഷികളും ഒക്കെ ഇവിടെയുണ്ട് . ഈ സ്കൂള്‍ അങ്കണത്തില്‍ കടക്കുമ്പോള്‍ തന്നെ ഒരു തരം നനുനനുത്ത തണുപ്പാണ് സ്വാഗതം ചെയ്യുക . സീമാറ്റിന്റെ ഒരു കേന്ദ്രം ഈ സ്കൂള്‍ അങ്കണത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട് . അന്‍പതിലേറെ വര്ഷം പഴക്കമുള്ള പൈതൃക കെട്ടിടങ്ങള്‍ ഇവിടെയുണ്ട് . വളരെ സാധാരണക്കാരായ ആളുകളുടെ കുട്ടികള്‍ മാത്രമാണ് ഇവിടെ പഠിക്കുന്നത് കേരളത്തില്‍ തമിഴ് മീഡിയം ഉള്ള സ്കൂളുകളില്‍ ഒന്നാണ് .അടച്ചു പൂട്ടാന്‍ നിവൃത്തിയില്ലാത്തതിനാല്‍ സര്‍ക്കാര്‍ സ്കൂളിനെ നില നിര്‍ത്തി കൊണ്ട് പോകുകയാണ് . എല്ലാവര്‍ഷവും നൂറു മേനി വിജയം കൊയ്യുന്ന സ്കൂള്‍ പത്ത് വര്‍ഷമായി ഹയര്‍ സെക്കണ്ടറി ക്ലാസുകള്‍ തുടങ്ങണം എന്നാ ആവശ്യവുമായി വിദ്യാഭ്യാസ വകുപ്പിനെ സമീപിക്കുന്നു എന്നാല്‍ ഇതുവരെ അക്കാര്യത്തില്‍ ഒരു നീക്ക് പോക്കും ഉണ്ടായില്ല . ഒരു വര്ഷം മാത്രം വിദ്യാര്തികളുടെ എണ്ണത്തില്‍ കുറവുണ്ടായ സാഹചര്യം വന്നപ്പോള്‍ സ്കൂള്‍ പൂട്ടാമെന്ന സര്‍ക്കാര്‍ തീരുമാനം പൂര്‍വ വിദ്യാര്തികളെയും നാട്ടുകാരെയും ഒന്നടങ്കം രംഗത്തിറക്കി . അശ്രാന്ത പരിശ്രമത്തിനൊടുവില്‍ സ്കൂള്‍ സംരക്ഷണ സമിതിയും സന്നദ്ധ സംഘടനകളും ഇരട്ടി കുട്ടികളെ സ്കൂളില്‍ എത്തിച്ചു ഇതോടെ വീണ്ടും സ്കൂള്‍ പൂട്ടുക എന്ന പദ്ധതി ഇല്ലാതായി . വിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുള്ള ഭൂമി ഏകദേശം അഞ്ചു ഏക്കറിന് മുകളില്‍ വരും . ഈ ഭൂമിയില്‍ ഏതെങ്കിലും തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വന്നാല്‍ അത് കുട്ടികള്‍ക്കും സ്കൂളിനും ഗുണകരമാകും . ഒറ്റ മരം പോലും ഇതിനായി വെട്ടി മാറ്റുകയും വേണ്ട . എനാല്‍ ബസ് സ്റ്റാന്ഡ് എന്ന ആവശ്യത്തിനു മറ്റൊരിടം ഇല്ലെന്ന ട്രിഡയുടെ നിലപാടിനെതിരെ സന്നദ്ധ സംഘടനകള്‍ രംഗത്തിറങ്ങി . തിരുവനന്തപുരത്ത് കിഴക്കേ കൊട്ടയോടു ചേര്‍ന്ന് അഞ്ചിടങ്ങളില്‍ ഇതിനായി വിവിധസര്‍ക്കാര്‍ ഭൂമികള്‍ നിര്‍ദേശിച്ചു എന്നാല്‍ പിന്നീട് കോടതി ഇടപെടേണ്ട അവസ്ഥയിലായി കാര്യങ്ങള്‍ .വിദ്യാഭ്യാസ വകുപ്പിന്റെ ഉടമസ്ഥതയിലുള്ള സ്ഥലം റവന്യു വകുപ്പിനും അത് വ്യാവസായിക വകുപ്പിനും അത് കെ എസ ആര്‍ ടി സിക്കും കൈമാറി സര്‍ക്കാര്‍ ബസ് സ്റ്റാന്ഡ് എന്ന ആവശ്യവുമായി മുന്നോട്ടു പോകുകയാണ് . സ്കൂളിന്റെ മുന്‍ ഭാഗത്ത് കൂറ്റന്‍ ബസ് സ്റ്റാണ്ടും ഷോപ്പിംഗ്‌ കൊമ്പ്ലെക്സുകളും വരുമ്പോള്‍ മരങ്ങള്‍ മുഴുവന്‍ വെട്ടി മാറ്റുകയും കുട്ടികളുടെ സുരക്ഷ ത്രാസിലാകുകയും ചെയ്യും . ഒടുവില്‍ മൂന്നു ഏക്കര്‍ സ്ഥലം സ്കൂളിനനുവദിച്ചു കോടതി ഉത്തരവായി . അമ്പതു ബസുകള്‍ പാര്‍ക്ക് ചെയ്യാന്‍ സാധിക്കുന്ന രൂപത്തില്‍ സ്റ്റാന്ഡ് രൂപ കല്പന ചെയ്യണം എങ്കില്‍ ഇപ്പോള്‍ പദ്ധതിക്ക് ലഭിച്ചിരിക്കുന്ന ഒന്നര ഏക്കര്‍ സ്ഥലം പോര . നിലവില്‍ എങ്ങനെ പദ്ധതി നടപ്പാക്കണം എന്ന് ട്രിഡക്ക് ഒരു രൂപവും ഇല്ല . കൊമ്പ്ലെക്സിന്റെയോ സ്റ്റാണ്ടിന്റെയോ പദ്ധതി സംബന്ധിച്ച് ഒരു രൂപ രേഖയോ പ്ലാനോ ട്രിഡ ഇതുവരെ ഉണ്ടാക്കിയിട്ടില്ല . കുട്ടികള്‍ക്ക് സുരക്ഷിതത്വം നഷ്ടമാകാതെയും കളികള്‍ക്കും അസംബ്ലിക്കും ആവശ്യമായ സ്ഥലം വിട്ടു നല്‍കിയും പത്ത് മരം മുറിക്കുമ്പോള്‍ പച്ചപ്പ്‌ വിടാതെ മുപ്പതു മരങ്ങള്‍ നട്ടു പരിപാലിച്ചും പൊളിക്കുന്ന സ്കൂള്‍ കെട്ടിടങ്ങള്‍ക്ക് പകരം പുത്തന്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചു നല്‍കിയും പദ്ധതിയുമായി മുന്നോട്ടു പോകാം എന്നാണു കോടതി കഴിഞ്ഞ ദിവസം വിധിച്ചത് . ഇപ്പോഴത്തെ സ്കൂളിന്റെ ഒരു കെട്ടിടം അല്പം കൂടി നീട്ടി പണിഞ്ഞു നല്‍കാമെന്നു ട്രിഡ സ്കൂള്‍ അധികൃതരെ അറിയിച്ചു അപ്പോഴും മരങ്ങള്‍ മുറിക്കേണ്ടി വരും . ഔഷധ സസ്യങ്ങള്‍ നഷ്ടമാകും . കുട്ടികളുടെ സ്വകാര്യത ഇല്ലാതാകും സ്റ്റാണ്ടും ഷോപ്പിംഗ്‌ കൊമ്പ്ലെക്സും വരുമ്പോള്‍ വെട്ടുണ്ണ്‍ മരങ്ങളുടെ മൂന്നിരട്ടി വച്ച് പിടിപ്പിക്കുക എന്നത് പ്രായോഗികമല്ല താനും . “ എന്തായാലും ട്രീവാക് എന്ന സംഘടന സ്കൂളിനായി പോരാട്ടം തുടരുക തന്നെ ചെയ്യും . സ്കൂള്‍ കെട്ടിടം ആവശ്യത്തിനു സ്ഥലം വിട്ടു നല്‍കി നില നിര്‍ത്താന്‍ സഹായിക്കുന്ന പുതിയ വിധി അല്പമെങ്കിലും ഞങ്ങളുടെ പോരാട്ടത്തിന്റെ ശ്രമ ഫലമായാണ് . പൂര്‍വ വിദ്യാര്തികളുടെ കൂട്ടായ്മ സ്കൂള്‍ സംരക്ഷണ സമിതി എന്ന പേരില്‍ പ്രവര്‍ത്തിക്കുന്നുണ്ട് . ഇനിയും കൂടുതല്‍ കുട്ടികളെ സ്കൂളിലേക്ക് എത്തിക്കും . ടാറ്റ ഇന്സ്ട്ടിട്ട്യുട്ടു ഓഫ് സോഷ്യല്‍ സയന്‍സ് (ടിസ്) ലെ അധ്യാപകരും ഗവേഷണ വിദ്യാര്തികളും വിവിധ സന്നദ്ധ സംഘടനകളും ഒറ്റയാള്‍ പോരാളിമാരും എല്ലാം ഞങ്ങളോടോപ്പമുണ്ട്.” – ട്രീവാക് സംഘടനയുടെ അധ്യക്ഷ അനിത പറഞ്ഞു . സ്കൂള്‍ സംരക്ഷിക്കപ്പെടണം . അതാണ്‌ ലക്‌ഷ്യം . ഇതിനെ ഒരു പരിസ്ഥിതി പ്രശ്നമായോ വികസനത്തിന്‌ എതിരെ ഉള്ള പോരാട്ടമായോ അല്ല കാണേണ്ടത് . സ്കൂള്‍ പ്രധാനാധ്യാപകന്‍ സുരേഷ് ബാബുവിന്റെ നേതൃത്വത്തില്‍ ഇന്ന് സ്കൂള്‍ മുറ്റത്ത് ഒരു ചിത്രശലഭ ഉദ്യാനം ഉണ്ടാക്കുകയാണ് . അടുത്ത ദിവസങ്ങളില്‍ പൂന്തോട്ടവും ജന്മദിന തോട്ടവും ഉണ്ടാക്കും . സ്കൂളിലെ ഓരോ കുട്ടിയുടെയും ജന്മ ദിനത്തില്‍ ഓരോ മരം നാടുക . അത് സംരക്ഷിക്കുക ഇതാണ് ലക്‌ഷ്യം .കിഴക്കേ കോട്ടയുടെ തണലും പച്ചപ്പും തണുപ്പും മുഴുവന്‍ ഈ സ്കൂളിലെ മരങ്ങള്‍ ആണ് ഇപ്പോഴും ശാസ്ത്രീയമായ ഒരു രൂപ രേഖപോലും ഇല്ലാതെ പദ്ധതിക്ക് ആവശ്യമായ സ്ഥലം തികച്ചു ലഭിക്കാതെ ട്രിഡ എന്താണ് നിര്‍മിക്കാന്‍ പോകുന്നത് എന്ന് കാത്തിരുന്നു കാണണം .മാധ്യമ പ്രവര്‍ത്തകരുടെയും സ്കൂള്‍ അധികൃതരുടെയും സ്കൂള്‍ സംരക്ഷണ സമിതിയുടെയും ഈ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരം നല്‍കാന്‍ ട്രിഡ അധികൃതര്‍ക്ക് ഇനിയുമാകുന്നില്ല. ചോദ്യങ്ങളില്‍ നിന്നുള്ള ഒഴിഞ്ഞു മാറല്‍ പ്രതിഷേധത്തിനും  സ്കൂള്‍ സംരക്ഷണവുമായി മുന്നോട്ടു പോകുവാനും ഇവര്‍ക്ക് ഊര്‍ജം പകരുകയാണ് .സ്ഥലം എം എല്‍ എ ശിവകുമാറോ വകുപ്പ് മന്ത്രിമാരോ ഒന്നും ഈ  ആവശ്യങ്ങളും വാക്കുകളും ചെവിക്കൊള്ളുന്നില്ല എന്ന് പൂര്‍വ വിദ്യാര്‍ഥിയും സ്കൂള്‍ സംരക്ഷണ സമിതിയുടെ സജീവ പ്രവര്‍ത്തകയുമായ ഗോമതി പറഞ്ഞു .സമരമുറകളും പ്രതിഷേധ പ്രകടനങ്ങളും കരുനീക്കങ്ങളും തുടരും . ഇതൊരു പരിസ്ഥിതി പ്രശ്നം മാത്രമല്ല വരും തലമുറയുടെ ഭാവിയുടെ പ്രശ്നമാണ് . വേറിട്ട വഴികളിലൂടെ സഞ്ചരിച്ച് സ്വന്തം സ്കൂളും അമൂല്യ സമ്പത്തും സംരക്ഷിച്ചു നിര്‍ത്താനുള്ള ഇവരുടെ നടത്തം നന്മയുടെ പാതയിലാണ് .

No comments:

Post a Comment