Tuesday 20 October 2015

സംസ്കാരം കൈവഴികളില്‍ ഒഴുകി നിള ...



പാലക്കാട് ; എല്ലാ ദേശങ്ങളിലും സംസ്കാരം തഴച്ചു വളര്‍ന്നത്‌ ഓരോ നദീ തീരങ്ങളിലാണ് . ഹാരപ്പയും സിന്ധു നദിതട സംസ്കാരവും നൈല്‍ നദീതടങ്ങളും എല്ലാം മകുടോദാഹരണമാകുമ്പോള്‍ അത്ര തന്നെ വലുതല്ലെങ്കിലും നിളക്കും ഉണ്ട് അവകാശപ്പെടാന്‍ ഏറെ . വള്ളുവനാടന്‍ സംസ്കാരത്തെ കുറിച്ച് പറയുമ്പോള്‍ ഭാരതപ്പുഴ എന്ന നിളയാണ്  മലയാളികളുടെ മനസിലേക്ക് ഓടിയെത്തും . പുഴകളും മലകളും വയലേലകളും ചന്തമോരുക്കിയ പാലക്കാടിന്റെ നട്ടെല്ല് കൂടിയാണ് നിള . പുഴകള്‍ എല്ലാം തന്നെ ജീവനാഡിയും ആവേശവും ആണ് . പഴയപോലെ ആരവങ്ങളും കാല്‍പന്തു കളിയും സാഹിത്യ ചര്‍ച്ചകളും പരദൂഷണം പറഞ്ഞുള്ള അലക്കലും കുളിയും ഒന്നുമില്ലെങ്കിലും തീവണ്ടിയിലോ ബസിലോ നിളക്ക് കുറുകെ പായുമ്പോള്‍ കണ്ണും മനസും നദിയിലുടക്കുമെന്നത് തീര്‍ച്ച. മെലിഞ്ഞ് ശോഷിച്ച് കാലം മായ്ച്ചു കൊണ്ടിരിക്കുന്ന പുഴയ്ക്ക് നിവര്‍ത്തികേടിന്റെ ഒരു നിശ്വാസം മാത്രമാണ് മലയാളികള്‍ ഇന്ന് നല്‍കുന്നത് . ഓരോ ദേശത്തിനും സ്വന്തമായ ജീവനും ഓജസും വിലാസവും സംസ്കാരവും നല്‍കിയ ഒട്ടേറെ ഗ്രാമാമങ്ങളും മഹാമഹങ്ങളും പ്രസ്ഥാനങ്ങളും ജീവാത്മാക്കളും ഒക്കെ ഇവിടെ  ഉണ്ടായിരുന്നു . അനേകായിരം ജനി  മൃതികള്‍ ഏറ്റു വാങ്ങി നിളയങ്ങനെ കാലങ്ങളായി ഒഴുകുകയാണ് . ഈ പുഴയുടെ വെള്ളവും ഓജസും വളരാനുള്ള വഴിയായി കണ്ടാണത്രേ കര്‍ണാടകയിലെ ദേവാംഗ വംശം ഈ തീരങ്ങളില്‍ താമസമാക്കിയത് . അങനെ ആണ് കുത്താമ്പുള്ളി ഗ്രാമവും ദേവാങ്കപുറം ഗ്രാമവും ഒക്കെ ഉണ്ടാകുന്നത് . കുത്താമ്പുള്ളിയോട് ചേര്‍ന്നാണ് ഗായത്രി പുഴ ഭാരതപ്പുഴയോട് ചേരുന്നത് . ഉത്ഭവം തമിഴ് നാട്ടില്‍ ആണെങ്കിലും ഭൂരിഭാഗവും ഒഴുകി തീര്‍ക്കുന്നത് കേരളത്തിലെ പാലക്കാട് ജില്ലയിലൂടെയാണ് . വില്വാദ്രി നാഥന്‍റെ തിരുനടയില്‍ ജന്മ ജന്മാന്തരങ്ങളുടെ കര്‍മ ബന്ധത്തിന് സാക്ഷിയായാവളാണ് നിള. ഇന്ന് ഐവര്‍മഠത്തിനു ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനു സമീപം അത് വെറും കണ്ണീര്‍ ചാല് മാത്രം . മഹാഭാരത യുദ്ധത്തിനു ശേഷം പഞ്ച പാന്ധവന്മാര്‍ പിതൃക്കള്‍ക്ക് ബലിയിടാന്‍ എത്തിയത് ഈ തീരങ്ങളില്‍ ആണെന്ന് ഐതിഹ്യം . ആ കണ്ണീര്‍ ചാലില്‍ പൂക്കളും അരിയും എള്ളും വാഴയിലയും ദിശയറിയാതെ വിഷമിച്ചു കൊണ്ടിരുന്നു . ഇത് ഇന്ന്, എന്നാല്‍ ഒരു മുപ്പതു കൊല്ലം മുന്‍പ് അങ്ങേക്കര കാണാന്‍ പറ്റാത്ത വിധം നിറഞ്ഞു കവിഞ്ഞ സമൃദ്ധമായ നിളയെ പലര്‍ക്കും ഓര്‍മയുണ്ട് . ലക്കിടിയിലെത്തുമ്പോഴും പുഴയുടെ ആരോഗ്യത്തിനു മാറ്റമൊന്നുമില്ല . കവിയുടെ കാല്പാടുകള്‍ പതിഞ്ഞ മണല്‍ പരപ്പുകള്‍ , കവിയുടെ ജീവനും പ്രാണനും സഹയാത്രികയും എല്ലാമായ പുഴ . പുഴയുടെ കുളിരും കാറ്റും എത്ര ഏറ്റു വാങ്ങിയിട്ടുണ്ട് പി കുഞ്ഞിരാമന്‍ എന്ന പി യുടെ നിശ്വാസങ്ങള്‍ . നിലാവ് വീണ നിളയുടെ മടിത്തട്ടും വില്വാദ്രി നാഥന്റെ തിരുനടയിലെ വിശ്രാന്തിയും ആണ് പി എന്നും ആഗ്രഹിച്ചിരുന്നത് . ഒരു കൂട്ടം മഹദജനങ്ങളുടെ ജനനത്തിനും സര്‍ഗ ശക്തിക്കും പ്രചോദനമാണ്  ഈ പുഴ . കിള്ളിക്കുരിശിയില്‍  കുഞ്ചന്‍ നമ്പ്യാര്‍ മുതല്‍  ഇങ്ങോട്ട് ഒട്ടനവധി പേര്‍ . മഹാകവി വള്ളതോളിനും പ്രിയങ്കരിയിവള്‍ . അശ്രാന്ത പരിശ്രമത്തിനൊടുവില്‍ കലാമണ്ഡലം എന്ന വന്‍ പ്രസ്ഥാനം ഉണ്ടാക്കാന്‍ അദ്ദേഹം തിരഞ്ഞെടുത്തത് ഭാരതപ്പുഴയുടെ തീരം തന്നെ . അദ്ദേഹം ഉറങ്ങിയതും ഉണര്‍ന്നതും ജനിച്ചതും മരിച്ചതും സമാധി സ്ഥലവും എല്ലാം ഈ തീരങ്ങളില്‍ തന്നെ . നിളാ തീരത്തെ ഏറ്റവും ഭംഗിയാര്‍ന്ന ഗ്രാമം തൃത്താലയാണ് . കലയുടെയും കാവ്യത്തിന്റെയും എന്നാ പോലെ ആയുര്‍വേദവും സംസ്കൃതവും ഇവിടെ പരന്നോഴുകുകയാണ് . വൈദ്യ മഠം മാത്രമല്ല ചെറുതും വലുതുമായ പാരമ്പര്യ ചികിത്സകര്‍ , കഥകളി ആചാര്യന്മാര്‍ , എഴുത്തുകാര്‍ തുടങ്ങി ഒട്ടനേകം പേര്‍ ഇവളെ ആവാഹിച്ചു ജീവിച്ചു . പുരാതന ക്ഷേത്രങ്ങള്‍ , പാടങ്ങള്‍ എല്ലാം ചന്തമോരുക്കുന്ന കാഴ്ചകള്‍ തന്നെ . മലയാളിക്ക് എന്നും നിളയെ അറിയാന്‍ ഏറെ ആഗ്രഹം എം ടി യിലൂടെയാണ് . ജനനം ഇവളുടെ തീരങ്ങളില്‍ എങ്കില്‍ മരണവും ഇവിടെ തന്നെ എന്ന് അദ്ദേഹം പറയും . അവാഹിച്ചും കണ്ടും കേട്ടും മതി വന്നിട്ടില്ല അദ്ദേഹത്തിന് നിളയെ . എന്നും ആവേശവും അതില്‍ കൂടുതല്‍ അഹങ്കാരവുമായിരുന്നു ഈ പുഴ അദ്ദേഹത്തിന് . അറിയാത്ത അത്ഭുതങ്ങളെ ഗര്‍ഭത്തില്‍ വഹിക്കുന്ന മഹാസമുദ്രങ്ങളെക്കാള്‍ കൂടുതല്‍ അറിയുന്ന നിളാനദിയെ ആണ് എനിക്കിഷം എന്ന് അദ്ദേഹം  പറഞ്ഞതും അതിനാലാണ് . മലപ്പുറം , തൃശൂര്‍ , പാലക്കാട് ജില്ലകളിലൂടെ ഒഴുകി പരക്കുന്ന പുഴ മൂന്നു ദേശക്കാര്‍ക്കും സ്വകാര്യ അഹങ്കാരമാണ് .പിത്രുമോക്ഷത്തിന്റെ ശാന്തതയും മാമാങ്കത്തിന്റെ ഹുങ്കാരവും തിരുനാവായ നാവാമുകുന്ദന്റെ സമക്ഷം നിളയില്‍ അലിഞ്ഞ വികാരങ്ങളാണ് . മാമാങ്ക സ്മാരകങ്ങള്‍ , നിലപാട് തറകള്‍ , മൃതദേഹങ്ങള്‍ ആനകളെ കൊണ്ട് ചവിട്ടി താഴ്ത്തിയിരുന്ന മണിക്കിണര്‍ , മരുന്നരകള്‍ എല്ലാം വീര സ്മൃതികളെ ഉണര്‍ത്തുന്നു . ഓത്തും വേദവും അന്യോന്യവും എല്ലാം അന്യം നില്‍ക്കുന്ന ഈ വേളയിലും ഈ തീരങ്ങളില്‍ അതിഥികളായി എങ്കിലും ഇത്തരം പഴയ ആചാരങ്ങള്‍ വന്നും പോയുമിരിക്കുന്നു . വെള്ളി നൂല് പോലെ നേര്‍ത്ത്‌ പോയെങ്കിലും നിളാ സംസ്കാരം സ്വര്‍ണ ലിപികളില്‍ ഇപ്പോഴുമുണ്ട് . നിളയെ അറിയാനും കാണാനും പഠിക്കാനും അടുത്തറിയാനും സര്‍ക്കാര്‍ എന്തെല്ലാം പദ്ധതികള്‍ ആണ് ആസൂത്രണം ചെയ്തിരിക്കുന്നത് ? നിളാ സംസ്കാരം അടുത്തറിയാന്‍ യാത്രകള്‍ വിവിധ പാക്കേജുകള്‍ , കഥകളി , പുള്ളുവന്‍ പാട്ട് , കളരികള്‍ , ഓട്ട് പാത്ര നിര്‍മാണവും മണ്‍പാത്ര നിര്‍മാണവും വാദ്യോപകരണ നിര്‍മാണവും നെയ്തും ആയുര്‍വേദവും എല്ലാം ചേര്‍ന്ന് സഞ്ചാരികളെ ആകര്‍ഷിക്കുന്നു . കെ ടി ഡി സി യുടെയും സ്വകാര്യ സംഘടനകളുടെയും ഇത്തരം വിനോദ സഞ്ചാര പാക്കേജുകളുടെ ഭാഗമായാണ് എങ്കിലും നിളയെ സ്നേഹിക്കാനും അറിയാനും ആളുകള്‍ എത്തുന്നുണ്ട് .


No comments:

Post a Comment